വിഭാഗം - 9

6:71
  • قُلْ أَنَدْعُوا۟ مِن دُونِ ٱللَّهِ مَا لَا يَنفَعُنَا وَلَا يَضُرُّنَا وَنُرَدُّ عَلَىٰٓ أَعْقَابِنَا بَعْدَ إِذْ هَدَىٰنَا ٱللَّهُ كَٱلَّذِى ٱسْتَهْوَتْهُ ٱلشَّيَـٰطِينُ فِى ٱلْأَرْضِ حَيْرَانَ لَهُۥٓ أَصْحَـٰبٌ يَدْعُونَهُۥٓ إِلَى ٱلْهُدَى ٱئْتِنَا ۗ قُلْ إِنَّ هُدَى ٱللَّهِ هُوَ ٱلْهُدَىٰ ۖ وَأُمِرْنَا لِنُسْلِمَ لِرَبِّ ٱلْعَـٰلَمِينَ ﴾٧١﴿
  • പറയുക: 'അല്ലാഹുവിനു പുറമെ, ഞങ്ങള്‍ക്കു ഉപകാരം ചെയ്യാത്തതും, ഉപദ്രവം ചെയ്യാത്തതുമായ വസ്തുവിനെ ഞങ്ങള്‍ വിളി (ച്ചു പ്രാര്‍ത്ഥി)ക്കുകയോ?! അല്ലാഹു ഞങ്ങളെ സന്മാര്‍ഗ്ഗത്തിലാക്കിയ ശേഷം, ഞങ്ങള്‍ ഞങ്ങളുടെ പിന്‍കാലുകളില്‍ (തന്നെ പിറകോട്ടു) മടക്കപ്പെടുകയുമോ?! [ഇതൊന്നും ഉണ്ടാവാന്‍ പോകുന്നില്ല]. (അതെ വഴി അറിയാതെ) ഭൂമിയില്‍ പരിഭ്രമചിത്തനായിക്കൊണ്ട് പിശാചുക്കള്‍ തെറ്റിച്ചുകൊണ്ടുപോയ ഒരുവനെപ്പോലെ, 'ഞങ്ങളുടെ അടുക്കല്‍ വാ' (എന്നു പറഞ്ഞുകൊണ്ടു) നേര്‍വഴിയിലേക്കു അവനെ വിളിക്കുന്ന ചില കൂട്ടുകാര്‍ അവനുണ്ടായിരിക്കെ (തന്നെ).' പറയുക: നിശ്ചയമായും, അല്ലാഹുവിന്റെ നേര്‍മാര്‍ഗ്ഗം തന്നെയാണു (യഥാര്‍ത്ഥ) നേര്‍മാര്‍ഗ്ഗം. ലോകരക്ഷിതാവിനു കീഴൊതുങ്ങുവാന്‍ ഞങ്ങള്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു താനും;-
  • قُلْ പറയുക أَنَدْعُو ഞങ്ങള്‍ വിളിക്കുമോ, പ്രാര്‍ത്ഥിക്കുകയോ مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ مَا لَا يَنفَعُنَا ഞങ്ങള്‍ക്കു ഉപകാരം ചെയ്യാത്ത വസ്തുവെ وَلَا يَضُرُّنَا ഞങ്ങള്‍ക്കു ഉപദ്രവ (ദ്രോഹ)വും ചെയ്യാത്ത وَنُرَدُّ ഞങ്ങള്‍ മടക്ക (തള്ള) പ്പെടുകയു (മോ) عَلَىٰ أَعْقَابِنَا ഞങ്ങളുടെ പിന്‍കാലു (മടമ്പുകാലു) കളിലായി (വന്നപോലെത്തന്നെ) بَعْدَ إِذْ هَدَانَا ഞങ്ങളെ നേര്‍മാര്‍ഗ്ഗത്തിലാക്കിയതിനുശേഷം اللَّـهُ അല്ലാഹു كَالَّذِي യതൊരുവനെപ്പോലെ اسْتَهْوَتْهُ അവനെ തെറ്റിച്ചു (പിഴപ്പിച്ചു) കൊണ്ടുപോയി الشَّيَاطِينُ പിശാചുക്കള്‍ فِي الْأَرْضِ ഭൂമിയില്‍ حَيْرَانَ പരിഭ്രമചിത്തനായ (അന്തംവിട്ട) നിലയില്‍ لَهُ അവനുണ്ടു, ഉണ്ടായിക്കൊണ്ടു أَصْحَابٌ ചില കൂട്ടുകാര്‍, ആള്‍ക്കാര്‍ يَدْعُونَهُ അവര്‍ അവനെ വിളിക്കുന്നു إِلَى الْهُدَى നേര്‍മാര്‍ഗ്ഗത്തിലേക്കു ائْتِنَا ഞങ്ങളുടെ അടുക്കല്‍ വാ (വരുക) എന്നു قُلْ പറയുക إِنَّ هُدَى നിശ്ചയമായും നേര്‍മാര്‍ഗ്ഗം اللَّـهِ അല്ലാഹുവിന്റെ هُوَ الْهُدَىٰ അതത്രെ (യഥാര്‍ത്ഥ) നേര്‍മാര്‍ഗ്ഗം وَأُمِرْنَا ഞങ്ങള്‍ കല്‍പിക്കപ്പെടുകയും ചെയ്തിരിക്കുന്നു لِنُسْلِمَ ഞങ്ങള്‍ കീഴൊതുങ്ങുവാന്‍ لِرَبِّ രക്ഷിതാവിനു الْعَالَمِينَ ലോകരുടെ
6:72
  • وَأَنْ أَقِيمُوا۟ ٱلصَّلَوٰةَ وَٱتَّقُوهُ ۚ وَهُوَ ٱلَّذِىٓ إِلَيْهِ تُحْشَرُونَ ﴾٧٢﴿
  • 'നിങ്ങള്‍ നമസ്കാരം നിലനിറുത്തുകയും, അവനെ സൂക്ഷിക്കുകയും ചെയ്യണമെന്നും (കല്‍പിക്കപ്പെട്ടിരിക്കുന്നു). യാതൊരുവങ്കലേക്കു നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുമോ അങ്ങിനെയുള്ളവന്‍ അവന്‍തന്നെയാണു താനും.'
  • وَأَنْ أَقِيمُوا നിങ്ങള്‍ നിലനിറുത്തണമെന്നും الصَّلَاةَ നമസ്കാരം وَاتَّقُوهُ അവനെ സൂക്ഷിക്കണമെന്നും وَهُوَ الَّذِي അവന്‍തന്നെയാണു യാതൊരുവനും إِلَيْهِ അവങ്കലേക്കു (തന്നെ) تُحْشَرُونَ നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുന്നു

6:73
  • وَهُوَ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ ۖ وَيَوْمَ يَقُولُ كُن فَيَكُونُ ۚ قَوْلُهُ ٱلْحَقُّ ۚ وَلَهُ ٱلْمُلْكُ يَوْمَ يُنفَخُ فِى ٱلصُّورِ ۚ عَـٰلِمُ ٱلْغَيْبِ وَٱلشَّهَـٰدَةِ ۚ وَهُوَ ٱلْحَكِيمُ ٱلْخَبِيرُ ﴾٧٣﴿
  • അവന്‍ തന്നെയാണ് ആകാശങ്ങളെയും, ഭൂമിയെയും യഥാര്‍ത്ഥ (മുറ) പ്രകാരം സൃഷ്ടിച്ചവനും. അവന്‍ (ഏതൊന്നിനെക്കുറിച്ചും) 'ഉണ്ടാകുക' എന്നു പറയുന്ന ദിവസം അതുണ്ടാകുന്നു. അവന്റെ വാക്കു യഥാര്‍ത്ഥമത്രെ. കാഹളത്തില്‍ ഊതപ്പെടുന്ന ദിവസം രാജാധിപത്യം അവനുതന്നെ. അദൃശ്യവും, ദൃശ്യവും അറിയുന്നവനാണ് (അവന്‍) അവനത്രെ, അഗാജ്ഞനും, സൂക്ഷ്മജ്ഞനുമായുള്ളവന്‍.
  • وَهُوَ الَّذِي അവന്‍ തന്നെയാണ് യാതൊരുവനും خَلَقَ അവന്‍ സൃഷ്ടിച്ചു السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും بِالْحَقِّ യഥാര്‍ത്ഥപ്രകാരം, മുറയനുസരിച്ചു وَيَوْمَ يَقُولُ അവന്‍ പറയുന്ന ദിവസം كُن ഉണ്ടാകുക, ഉണ്ടാവണം (എന്നു) فَيَكُونُ അപ്പോള്‍ (അതു) ഉണ്ടാകുന്നു قَوْلُهُ അവന്റെ വാക്കു, അവന്‍ പറയുന്നത് الْحَقُّ യഥാര്‍ത്ഥ (സത്യ - കാര്യമാണു) وَلَهُ الْمُلْكُ അവനുതന്നെയാണു രാജാധിപത്യവും يَوْمَ يُنفَخُ ഊതപ്പെടുന്ന ദിവസം فِي الصُّورِ കാഹളത്തില്‍, കൊമ്പില്‍ عَالِمُ الْغَيْبِ അദൃശ്യത്തെ അറിയുന്നവനാണു وَالشَّهَادَةِ ദൃശ്യത്തെയും وَهُوَ الْحَكِيمُ അവനത്രെ അഗാജ്ഞനും, യുക്തിമാനും الْخَبِيرُ സൂക്ഷ്മജ്ഞന്‍

സത്യ വിശ്വാസികളെ പഴയ വിഗ്രഹാരാധനയിലേക്കുതന്നെ മടക്കുവാന്‍ ശ്രമം നടത്തിനോക്കുന്ന മുശ്രിക്കുകളോടു പറയേണ്ടുന്ന ചില കാര്യങ്ങളാണ് ആദ്യത്തെ രണ്ടു വചനങ്ങളില്‍ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഓര്‍മ്മിപ്പിക്കുന്നത്. ആ കാര്യങ്ങളുടെ ഒരു വിശദീകരണമാണു മൂന്നാമത്തെ വചനമെന്നു പറയാം. അവരോടു പറയുന്നതിന്റെ സാരം ഇതാണ്: വല്ല മരുഭൂമിയിലൂടെയും യാത്ര ചെയ്യുമ്പോള്‍ കൂട്ടംവിട്ട് വഴിതെറ്റി പരിഭ്രമത്തില്‍പെട്ട ഒരുവനെ അവന്റെ കൂട്ടുകാര്‍ ‘ഇതാ, ഇങ്ങോട്ടുവാ’ എന്നു വിളിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടും അവന്‍ സമനില തെറ്റി ആ ക്ഷണം സ്വീകരിക്കാതെ പിശാചുക്കളുടെ തട്ടിക്കൊണ്ടു പോകലിനു വിധേയനായിത്തീരുന്നതുപോലെ, ഞങ്ങളും ആയിത്തീരണമെന്നാണോ നിങ്ങള്‍ പറയുന്നത്?! ശിര്‍ക്കാകുന്ന ദുര്‍മാര്‍ഗ്ഗത്തില്‍നിന്നു രക്ഷപ്പെടുത്തി ഞങ്ങളെ അല്ലാഹു ഇസ്ലാമാകുന്ന നേര്‍മാര്‍ഗ്ഗത്തിലേക്കു നയിച്ചിരിക്കെ, ഞങ്ങള്‍ക്കു എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്‌വാന്‍ കഴിയാത്ത ആ ദൈവങ്ങളെ വിളിച്ചു പ്രാര്‍ത്ഥിക്കുവാനും, ആരാധിക്കുവാനും എനി ഞങ്ങള്‍ മടങ്ങുകയോ?! അതു സംഭാവിക്കുന്ന കാര്യമല്ല. ലോക രക്ഷിതാവായ അല്ലാഹുവിനു കീഴ്പ്പെട്ടും, അവനെ സൂക്ഷിച്ചും, അവനെ നമസ്കരിച്ചുകൊണ്ടും ജീവിക്കണമെന്നാണു ഞങ്ങളോടു കല്‍പിക്കപ്പെട്ടിരിക്കുന്നത്. അതു ഞങ്ങള്‍ അനുസരിക്കുകതന്നെ ചെയ്യും. അതേ അല്ലാഹുവിന്റെ മുമ്പില്‍ നിങ്ങളും ഹാജരാക്കപ്പെടും. അതുകൊണ്ടു നിങ്ങള്‍ നിങ്ങളെപ്പറ്റിത്തന്നെയാണു പുനരാലോചന ചെയ്യേണ്ടിയിരിക്കുന്നത്. ഞങ്ങള്‍ പഴയ ശിര്‍ക്കിലേക്കു മടങ്ങിയേക്കുമെന്ന പ്രതീക്ഷ നിങ്ങള്‍ വെച്ചുകൊണ്ടിരിക്കേണ്ട.

ആകാശഭൂമികളെ അല്ലാഹു യഥാര്‍ത്ഥ മുറപ്രകാരം സൃഷ്ടിച്ചു (خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ) എന്നു ക്വുര്‍ആനില്‍ പലപ്പോഴും പറഞ്ഞു കാണാം. വളരെ വിപുലമായ അര്‍ത്ഥം ഉള്‍ക്കൊള്ളുന്ന ഒരു വാക്യമത്രെ അത്. കളിയോ വിനോദമോ ആയിട്ടല്ല – അതി മഹത്തായ ഉദ്ദേശ്യ ലക്ഷ്യങ്ങളോടുകൂടിയാണു – അവയെ സൃഷ്ടിച്ചത്. വ്യവസ്ഥാപിതവും യുക്തിപൂര്‍ണ്ണവുമായ നിലയില്‍ ഓരോ കാര്യവും ഇന്നിന്ന പ്രകാരമെന്ന അടുക്കും ചിട്ടയുംവെച്ചു കൊണ്ട് അതി സമര്‍ത്ഥവും അതിവിദഗ്ദവുമായ പരിപാടികളോടുകൂടിയാണത്. അവയും, അവയിലുള്ളതുമെല്ലാം ഇല്ലായ്മയില്‍നിന്നുണ്ടാക്കി രൂപം നല്‍കിയതു അവനാണ്. എല്ലാറ്റിന്റെയും ഉടമസ്ഥതയും അധികാരാവകാശവും അവന്റേതാണ്. എന്നിങ്ങിനെയുള്ള പല തത്വസാരങ്ങളും അതില്‍ അടങ്ങിയിരിക്കുന്നു. ഏതൊരു കാര്യമോ, ഏതൊരു വസ്തുവോ ഉണ്ടാവണമെന്നു അവന്‍ ഉദ്ദേശിച്ചാല്‍ അതു ഉണ്ടാകുവാന്‍ ഒട്ടും പ്രയാസമില്ല. അതുണ്ടാവണമെന്നു പറയുകയേവേണ്ടൂ. അതുണ്ടായിക്കൊളളും. (إِنَّمَآ أَمْرُهُ إِذَآ أَرَادَ شَيْئًا أَن يَقُولَ لَهُ كُن فَيَكُونُ) മറ്റൊന്നിന്റെ സഹായമോ മാദ്ധ്യമമോ അതിനാവശ്യമില്ല. എന്നിരിക്കെ, മനുഷ്യര്‍ക്കു രണ്ടാമതൊരു ജീവിതംകൂടി നല്‍കുക, എല്ലാവരെയും ഒരുമിച്ചുകൂട്ടി വിചാരണ നടത്തി രക്ഷാശിക്ഷകള്‍ നല്‍കുക എന്നിവയൊന്നും അവനെ സംബന്ധിച്ചിടത്തോളം ഒട്ടും ഞെരുക്കപ്പെട്ട കാര്യങ്ങളല്ല. അതു ഏതു ദിവസത്തിലാവണമെന്നാണോ അവന്‍ തീരുമാനിക്കുന്നതെങ്കില്‍ അന്ന് അതു സംഭവിക്കും. ഇതൊക്കെയാണു തുടര്‍ന്നുള്ള വാക്യത്തില്‍ പറഞ്ഞതിന്റെ സാരം.

കാഹളത്തില്‍ ഊതപ്പെടുന്ന ദിവസം (يَوْمَ يُنفَخُ فِي الصُّورِ) എന്നു പറഞ്ഞതു ക്വിയാമത്തു നാളാകുന്നു. ലോകാവസാന സമയത്തും, പിന്നീടു ജീവികളെല്ലാം പുനരെഴുന്നേല്‍പിക്കപ്പെടുന്ന അവസരത്തിലുമായി രണ്ടു പ്രാവശ്യം കാഹളം ഊതപ്പെടുമെന്നു അല്ലാഹു അറിയിച്ചു തന്നിരിക്കുന്നു. ഇതു സംബന്ധിച്ചു കൂടുതല്‍ വിവരം സൂ: നംല് 87ലും, സൂ: സുമര്‍ 68ലും അവയുടെ വ്യാഖ്യാനത്തിലും കാണുക). صُور (സ്വൂര്‍) എന്ന പദത്തിനു ‘കൊമ്പു, കാഹളം’ എന്നൊക്കെയാണു വാക്കര്‍ത്ഥം. ഇസ്രാഫീല്‍ (عليه الصلاة والسلام) എന്ന മലക്കായിരിക്കും കാഹളത്തില്‍ ഊതുക എന്നു ഹദീഥുകളില്‍ വന്നിട്ടുണ്ട്. എന്നാല്‍, ആ കാഹളം എങ്ങിനെയുള്ളതാണെന്നോ, അതിന്റെ സ്വഭാവമെന്താണെന്നോ നമുക്കറിഞ്ഞുകൂടാ. കാഹളത്തിന്റെയും ഊത്തിന്റെയും സ്വഭാവം എന്തായിരുന്നാലും ശരി, ഒന്നാമത്തെ ഊത്തോടുകൂടി ലോകാലോകങ്ങളുടെ ഘടനയെല്ലാം താറുമാറായി നാശമടയുമെന്നും, രണ്ടാമത്തെ ഊത്തോടുകൂടി എല്ലാവരും പുനരുജ്ജീവിക്കുകയും ഒരു പുതിയ അഖിലാണ്ഡ വ്യവസ്ഥ നിലവില്‍ വരുകയും ചെയ്യുമെന്നു ക്വുര്‍ആനില്‍ നിന്ന് ഖണ്ഡിതമായി അറിയപ്പെട്ടിട്ടുള്ളതാണ്. അന്നത്തെദിവം അവനാണു രാജാധിപത്യം (…وَلَهُ الْمُلْكُ) എന്നു പറഞ്ഞതിന്റെ താല്‍പര്യം, നാമമാത്രമെങ്കിലും ഒരധികാരമോ സ്വാധീനമോ അന്നു മറ്റാര്‍ക്കും ഉണ്ടായിരിക്കുകയില്ല എന്നത്രെ. എക്കാലത്തും യഥാര്‍ത്ഥമായ ഭരണാധിപത്യം അല്ലാഹുവിനു തന്നെയാണുള്ളത്. എന്നാലും പരിമിതവും നാമമാത്രവുമായ ചില ഭരണാധികാരികള്‍ സൃഷ്ടികളിലും നിലവിലുണ്ടല്ലോ. അന്ന് അതും ഉണ്ടായിരിക്കയില്ലെന്നര്‍ത്ഥം. لِمَن الْمُلْك الْيَوْم؟ لِلَّهِ الْوَاحِد القَهَّار (അന്നു ആര്‍ക്കാണു രാജാധിപത്യം? ഏകനായ സര്‍വ്വാധികാരിയായ അല്ലാഹുവിനു!).

6:74
  • وَإِذْ قَالَ إِبْرَٰهِيمُ لِأَبِيهِ ءَازَرَ أَتَتَّخِذُ أَصْنَامًا ءَالِهَةً ۖ إِنِّىٓ أَرَىٰكَ وَقَوْمَكَ فِى ضَلَـٰلٍ مُّبِينٍ ﴾٧٤﴿
  • ഇബ്രാഹീം തന്റെ പിതാവ് ആസറിനോട്‌ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): 'താങ്കള്‍ ബിംബങ്ങളെ ആരാധ്യ (ദൈവ) ങ്ങളാക്കുകയോ?! നിശ്ചയമായും ഞാന്‍, താങ്കളെയും, താങ്കളുടെ ജനതയെയും സ്പഷ്ടമായ വഴിപിഴവിലായി കാണുന്നു.'
  • وَإِذْ قَالَ പറഞ്ഞ സന്ദര്‍ഭം إِبْرَاهِيمُ ഇബ്രാഹീം لِأَبِيهِ തന്റെ ബാപ്പയോടു, പിതാവിനോടു آزَرَ ആസര്‍ (എന്ന) أَتَتَّخِذُ താങ്കള്‍ ഉണ്ടാക്കുക (ആക്കുക) യാണോ أَصْنَامًا ബിംബ (വിഗ്രഹ) ങ്ങളെ آلِهَةً ആരാധ്യന്‍മാര്‍, ദൈവങ്ങള്‍ إِنِّي നിശ്ചയമായും ഞാന്‍ أَرَاكَ താങ്കളെ ഞാന്‍ കാണുന്നു وَقَوْمَكَ താങ്കളുടെ ജനങ്ങളെയും فِي ضَلَالٍ വഴിപിഴവില്‍, ദുര്‍മ്മാര്‍ഗ്ഗത്തില്‍ مُّبِينٍ സ്പഷ്ട(വ്യക്ത)മായ
6:75
  • وَكَذَٰلِكَ نُرِىٓ إِبْرَٰهِيمَ مَلَكُوتَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَلِيَكُونَ مِنَ ٱلْمُوقِنِينَ ﴾٧٥﴿
  • അതുപോലെ, ആകാശങ്ങളുടെയും, ഭൂമിയുടെയും 'മലകൂത്തും' [രാജാധിപത്യ രഹസ്യവും] നാം ഇബ്രാഹീമിനു കാണിച്ചു കൊടുത്തിരുന്നു. അദ്ദേഹം ദൃഢവിശ്വാസികളില്‍പെട്ടവനായിരിക്കുവാന്‍ വേണ്ടിയും (കൂടിയാണതു).
  • وَكَذَٰلِكَ അപ്രകാരം, അതുപോലെ نُرِي നാം കാണിച്ചു കൊടുത്തിരുന്നു, കാട്ടികൊടുക്കുന്നു إِبْرَاهِيمَ ഇബ്രാഹീമിനു مَلَكُوتَ രാജാധിപത്യം, മഹാധിപത്യം السَّمَاوَاتِ ആകാശങ്ങളുടെ وَالْأَرْضِ ഭൂമിയുടെയും وَلِيَكُونَ അദ്ദേഹമായിരിക്കുവാനും مِنَ الْمُوقِنِينَ ദൃഢവിശ്വാസികളില്‍പെട്ട(വന്‍)

ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ പിതാവിന്റെ പേര്‍ ആസര്‍ (آزَرَ) എന്നാണെന്നത്രെ ഈ വചനത്തില്‍നിന്നു വ്യക്തമാകുന്നതു. പക്ഷെ, മിക്ക ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും, ചരിത്രകാരന്‍മാരും പറയുന്നതു അദ്ദേഹത്തിന്റെ സാക്ഷാല്‍ പേര്‍ താറഹ് – അഥവാ തേരഹ് (تارح) – എന്നായിരുന്നുവെന്നത്രെ. ബൈബിളിലും അങ്ങിനെത്തന്നെ. ആസര്‍ എന്നത് അദ്ദേഹത്തിന്റെ ഒരു രണ്ടാം പേരോ, സ്ഥാനപ്പേരോ ആയിരുന്നുവെന്നും പലരും പറയുന്നു. (അല്ലാഹുവിനറിയാം). ഏതായാലും അദ്ദേഹം ഒരു വിഗ്രഹാരാധകാനും, ക്ഷേത്രത്തിലെ വലിയ പൂജാരിയുമായിരുന്നു. വിഗ്രഹാരാധകരായ സ്വന്തം പിതാവിനെയും നാട്ടുകാരെയും ഇബ്രാഹീം (عليه الصلاة والسلام) വിമര്‍ശിച്ചതിനെക്കുറിച്ചാണു അല്ലാഹു ഇവിടെ പ്രസ്താവിക്കുന്നത്. ഇതിനെപ്പറ്റി മര്‍യം, അമ്പിയാഉ് മുതലായ സൂറത്തുകളില്‍ കൂടുതല്‍ വിശദമായി വിവരിച്ചു കാണാവുന്നതാണ്.

‘രാജത്വം, രാജാധിപത്യം’ എന്നര്‍ത്ഥമായ مُلْك (മുല്‍കു) ന്റെ അര്‍ഥം കൂടുതല്‍ ശക്തിപ്പെടുത്തിയും മഹത്വപ്പെടുത്തിയും കൊണ്ടുള്ള ഒരു രൂപഭേദമാണ് مَلَكُوت (മലകൂത്ത്) അപ്രകാരം ഇബ്രാഹീമിനു നാം ആകാശഭൂമികളുടെ മലകൂത്ത് കാണിച്ചു കൊടുത്തിരുന്നു (وَكَذَٰلِكَ نُرِي إِبْرَاهِيمَ مَلَكُوتَ السَّمَاوَاتِ وَالْأَرْضِ) എന്നു പറഞ്ഞതിന്റെ സാരം ഇതാണു: ബിംബാരാധനക്കു അടിമപ്പെട്ടിരുന്ന നാട്ടിലും വീട്ടിലും ജനിച്ചു വളര്‍ന്ന അദ്ദേഹം അതു ശിര്‍ക്കാണെന്നും ദുര്‍മ്മാര്‍ഗ്ഗമാണെന്നും മനസ്സിലാക്കിയതുപോലെ, ആകാശഭൂമികളുടെ ഭരണാധികാരം, ഉടമസ്ഥത, അവയില്‍ എകാരാധ്യനായിരിക്കുവാനുള്ള അര്‍ഹത, അവയുടെ രക്ഷാകര്‍ത്തൃത്വം ആദിയായവ അല്ലാഹുവിനു മാത്രമാണെന്ന യാഥാര്‍ത്ഥ്യം – കാര്യകാരണസഹിതം – അല്ലാഹു അദ്ദേഹത്തിനു വേണ്ടത്ര മനസ്സിലാക്കിക്കൊടുത്തിരുന്നു. ചിലര്‍ പ്രസ്താവിച്ചു കാണുന്നതുപോലെ, ആകാശങ്ങളും ഭൂമികളും അവയിലെ വസ്തുക്കളുമെല്ലാം അല്ലാഹു അദ്ദേഹത്തിനു തുറന്നു കാണിച്ചുകൊടുത്തുവെന്നോ, വേറെ ചില പുത്തന്‍ വ്യാഖ്യാനക്കാര്‍ പറയുന്നതുപോലെ ലോകത്തിന്റെ ആധിപത്യം വഹിക്കേണ്ടതു എങ്ങിനെയാണെന്നു കാണിച്ചുകൊടുത്തുവെന്നോ, അഖിലാണ്ഡത്തിന്റെ ഭരണരഹസ്യങ്ങളെല്ലാം മനസ്സിലാക്കിക്കൊടുത്തുവെന്നോ അല്ല ആ പറഞ്ഞതിന്റെ ഉദ്ദേശ്യം. സൂ: അഅ്റാഫില്‍ അല്ലാഹു പറയുന്നു: أَوَلَمْ يَنظُرُوا فِي مَلَكُوتِ السَّمَاوَاتِ وَالْأَرْضِ (ആകാശങ്ങളുടെയും ഭൂമിയുടെയും മലക്കൂത്തില്‍ അവര്‍ നോക്കുന്നില്ലേ – അഥവാ ചിന്തിക്കുന്നില്ലേ?!) ‘മലകൂത്തി’നു പ്രസ്തുത വ്യാഖ്യാനങ്ങളൊന്നും യോജിക്കുകയില്ലെന്നു ഇതില്‍ നിന്നു മനസ്സിലാക്കാവുന്നതാണ്. മേല്‍ സൂചിപ്പിച്ച യാഥാര്‍ത്ഥ്യങ്ങളെപ്പറ്റി ചിന്തിച്ചു മനസ്സിലാക്കുവാനുള്ള ആഹ്വാനമാണു ഈ വാക്യമെന്നു പറയേണ്ടതില്ല. ഇബ്രാഹീം (عليه الصلاة والسلام) നബിക്കു അല്ലാഹു അതെല്ലാം വ്യക്തമായി മനസ്സിലാക്കിക്കൊടുകുകയും, അങ്ങനെ, അദ്ദേഹത്തിന്റെ വിശ്വാസം തികച്ചും സുദൃഢമായിത്തീരുകയും ചെയ്തിരുന്നുവെന്നത്രെ അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. وَلِيَكُونَ مِنَ الْمُوقِنِينَ (അദ്ദേഹം ദൃഢവിശ്വാസികളുടെ കൂട്ടത്തിലാകുവാനും) എന്നു തുടര്‍ന്നു പറഞ്ഞിട്ടുള്ളതും പ്രസ്താവ്യമാണ്. സാധാരണപ്പോലെയുള്ള ഒരു വിശ്വാസമായിരുന്നില്ല അദ്ദേഹത്തിന്റേത്. ഒരു കാരണവശാലും പതറിപ്പോകുകയോ ബലക്ഷയം ബാധിക്കുകയോ ചെയ്യാത്ത വിശ്വാസ്സമായിരുന്നു അദ്ദേഹത്തിന്റേത് എന്നു താല്‍പര്യം. ഇതോടു ബന്ധപ്പെടുത്തിക്കൊണ്ടു അടുത്ത വചനത്തില്‍ അല്ലാഹു വിവരിക്കുന്ന സംഭവം നോക്കുക:-

6:76
  • فَلَمَّا جَنَّ عَلَيْهِ ٱلَّيْلُ رَءَا كَوْكَبًا ۖ قَالَ هَـٰذَا رَبِّى ۖ فَلَمَّآ أَفَلَ قَالَ لَآ أُحِبُّ ٱلْـَٔافِلِينَ ﴾٧٦﴿
  • അങ്ങനെ, അദ്ദേഹത്തിന്റെ മേല്‍ രാത്രി (വന്നു) മൂടിയപ്പോള്‍, അദ്ദേഹം ഒരു നക്ഷത്രം കണ്ടു; അദ്ദേഹം പറഞ്ഞു: 'ഇതു എന്റെ റബ്ബ് (രക്ഷിതാവ്) ആകുന്നു.' എന്നിട്ട് അതു മറഞ്ഞു പോയപ്പോള്‍, അദ്ദേഹം പറഞ്ഞു: 'മറഞ്ഞു പോകുന്നവരെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.'
  • فَلَمَّا جَنَّ അങ്ങനെ മൂടിയ (മറയിട്ട) പ്പോള്‍ عَلَيْهِ അദ്ദേഹത്തിന്റെ മേല്‍ اللَّيْلُ രാത്രി رَأَىٰ അദ്ദേഹം കണ്ടു كَوْكَبًا ഒരു നക്ഷത്രം قَالَ അദ്ദേഹം പറഞ്ഞു هَـٰذَا رَبِّي ഇതു എന്റെ റബ്ബാണു فَلَمَّا أَفَلَ എന്നിട്ടു അതു മറഞ്ഞുപോയപ്പോള്‍ قَالَ അദ്ദേഹം പറഞ്ഞു لَا أُحِبُّ ഞാന്‍ ഇഷ്ടപ്പെടുന്നില്ല الْآفِلِينَ മറഞ്ഞുപോകുന്നവരെ
6:77
  • فَلَمَّا رَءَا ٱلْقَمَرَ بَازِغًا قَالَ هَـٰذَا رَبِّى ۖ فَلَمَّآ أَفَلَ قَالَ لَئِن لَّمْ يَهْدِنِى رَبِّى لَأَكُونَنَّ مِنَ ٱلْقَوْمِ ٱلضَّآلِّينَ ﴾٧٧﴿
  • എന്നിട്ട്, ചന്ദ്രന്‍ ഉദിച്ചുവരുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ഇത് എന്റെ റബ്ബാകുന്നു.' എന്നിട്ട് അതു മറഞ്ഞുപോയപ്പോള്‍, അദ്ദേഹം പറഞ്ഞു: 'എന്റെ റബ്ബ് എനിക്കു മാര്‍ഗ്ഗദര്‍ശനം നല്‍കിയില്ലെങ്കില്‍, നിശ്ചയമായും ഞാന്‍ വഴിപിഴച്ച ജനങ്ങളില്‍പെട്ടവന്‍ തന്നെ ആയിത്തീരുന്നതാണ്.'
  • فَلَمَّا رَأَى എന്നിട്ടു അദ്ദേഹം കണ്ടപ്പോള്‍ الْقَمَرَ ചന്ദ്രനെ بَازِغًا ഉദിച്ചു വരുന്ന (ഉദയം ചെയ്യുന്ന) തായി قَالَ അദ്ദേഹം പറഞ്ഞു هَـٰذَا رَبِّي ഇതു എന്റെ റബ്ബാണു فَلَمَّا أَفَلَ എന്നിട്ടു അതു മറഞ്ഞപ്പോള്‍ قَالَ അദ്ദേഹം പറഞ്ഞു لَئِن لَّمْ يَهْدِنِي എനിക്കു വഴികാട്ടി (മാര്‍ഗ്ഗദര്‍ശനം നല്‍കി) യില്ലെങ്കില്‍ رَبِّي എന്റെ റബ്ബു لَأَكُونَنَّ നിശ്ചയമായും ഞാന്‍ ആയിരിക്ക തന്നെ ചെയ്യും مِنَ الْقَوْمِ ജനങ്ങളില്‍പെട്ട (വന്‍) الضَّالِّينَ വഴിപിഴച്ചവരായ
6:78
  • فَلَمَّا رَءَا ٱلشَّمْسَ بَازِغَةً قَالَ هَـٰذَا رَبِّى هَـٰذَآ أَكْبَرُ ۖ فَلَمَّآ أَفَلَتْ قَالَ يَـٰقَوْمِ إِنِّى بَرِىٓءٌ مِّمَّا تُشْرِكُونَ ﴾٧٨﴿
  • എന്നിട്ട് (പിന്നെ) സൂര്യന്‍ ഉദിച്ചു വരുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ഇതെന്റെ റബ്ബാണു; ഇതു ഏറ്റവും വലുതാകുന്നു.' എന്നിട്ട് അതു മറഞ്ഞുപോയപ്പോള്‍ അദ്ദേഹം പറഞ്ഞു: 'എന്റെ ജനങ്ങളെ, നിശ്ചയമായും ഞാന്‍, (അല്ലാഹുവിനോടു) നിങ്ങള്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നു (ഒക്കെയും) ഒഴിവായവനാകുന്നു.
  • فَلَمَّا رَأَى എന്നിട്ടദ്ദേഹം കണ്ടപ്പോള്‍ الشَّمْسَ സൂര്യനെ بَازِغَةً ഉദിച്ചു വരുന്നതായി قَالَ അദ്ദേഹം പറഞ്ഞു هَـٰذَا رَبِّي ഇതെന്റെ റബ്ബാണു هَـٰذَا أَكْبَرُ ഇതു ഏറ്റവും വലുതാണു فَلَمَّا أَفَلَتْ എന്നിട്ടതു മറഞ്ഞപ്പോള്‍ قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്റെ ജനങ്ങളെ إِنِّي بَرِيءٌ നിശ്ചയമായും ഞാന്‍ ഒഴിവായവനാണു مِّمَّا تُشْرِكُونَ നിങ്ങള്‍ പങ്കു ചേര്‍ക്കുന്നതില്‍ നിന്നു
6:79
  • إِنِّى وَجَّهْتُ وَجْهِىَ لِلَّذِى فَطَرَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ حَنِيفًا ۖ وَمَآ أَنَا۠ مِنَ ٱلْمُشْرِكِينَ ﴾٧٩﴿
  • 'ഞാന്‍, ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിച്ചുണ്ടാക്കിയവനിലേക്ക് ഋജു മാനസനായിക്കൊണ്ട് എന്റെ മുഖം (ഇതാ) തിരിച്ചിരിക്കുന്നു. ഞാന്‍ 'മുശ്രിക്കുകളില്‍' [പങ്കു ചേര്‍ക്കുന്നവരില്‍] പെട്ടവനല്ല താനും.'
  • إِنِّي وَجَّهْتُ നിശ്ചയമായും ഞാന്‍ മുഖം തിരിച്ചു وَجْهِيَ എന്റെ മുഖം لِلَّذِي യാതൊരുവനു فَطَرَ സൃഷ്ടിച്ചുണ്ടാക്കിയ السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും حَنِيفًا ഋജുമാനസനായി (ശുദ്ധ മനസ്കനായി) وَمَا أَنَا ഞാനല്ലതാനും مِنَ الْمُشْرِكِينَ മുശ്രിക്കുകളില്‍, പങ്കുചേര്‍ക്കുന്നവരില്‍പെട്ട(വന്‍)

ഒരു പ്രാചീന രാജ്യമായ ബാബിലോണ്യയിലെ ഊര്‍ എന്ന പട്ടണമായിരുന്നു ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ ജന്മസ്ഥലം. തികച്ചും പരിപൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ തന്നെ വിഗ്രഹങ്ങളളുടെ ഭരണമാണിവിടെ നടന്നിരുന്നത്. ഓരോ ഗോത്രങ്ങള്‍ക്കും, ദേശക്കാര്‍ക്കും പ്രത്യേകം പ്രത്യേകം കുലദൈവങ്ങളും, ദേവീദേവന്മാരുമുണ്ടായിരിക്കും. കല, വാണിജ്യം, വ്യവസായം, തത്വശാസ്ത്രം ആദിയായവയിലെല്ലാം അതിനിപുണമായിരുന്നു ആ നാടെങ്കിലും പുരോഹിത വര്‍ഗ്ഗത്തിന്റെയും ക്ഷേത്രപൂജാരികളുടെയും ചൊല്‍പടിക്കു വിധേയരായിരുന്നു ഭരണകര്‍ത്താക്കള്‍. നാടുഭരിക്കുന്ന രാജാക്കള്‍ വിഗ്രഹദൈവങ്ങളുടെ ആശീര്‍വ്വാദത്തോടുകൂടി രംഗത്തു വരുന്നവരാകകൊണ്ട് അവരും ആരാധ്യന്‍മാരായി ഗണിക്കപ്പെട്ടിരുന്നു. പല നാമങ്ങളിലായി അറിയപ്പെട്ടിരുന്നതും, സൂര്യന്‍, ചന്ദ്രന്‍, ശുക്രന്‍ തുടങ്ങിയ ചില നക്ഷത്രങ്ങളുടെ പേരില്‍ സ്ഥാപിക്കപ്പെട്ടിരുന്നതുമായ പല ദേവീദേവ വിഗ്രഹങ്ങളും അവര്‍ക്കുണ്ടായിരുന്നു. കാമാദേവിയെന്നും മറ്റുമുള്ള ചില പ്രത്യേക പതിഷ്ഠകളും അക്കൂട്ടത്തിലുണ്ടായിരുന്നു. ഓരോന്നിന്റെ പേരും പ്രശസ്തിയും അനുസരിച്ച് ഓരോന്നിനും സ്വത്തുക്കളും, ക്ഷേത്രങ്ങളും, പൂജാരികളും ഉണ്ടായിരിക്കും. ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ പിതാവാകട്ടെ, ഒരു ബിംബവ്യാപാരിയും, പൂജാരി വര്‍ഗ്ഗത്തിലെ നേതാവും കൂടിയായിരുന്നു. ആദ്യമായി അദ്ദേഹം ബിംബാരാധാനയെക്കുറിച്ചു പൊതുവെ സ്വന്തം പിതാവുമായി നടത്തിയ വിമര്‍ശനമാണു 74-ാം വചനത്തില്‍ കണ്ടത്. അനന്തരം സൂര്യചന്ദ്ര നക്ഷത്ര ഗ്രഹങ്ങളുടെ ആരാധനയെ വിമര്‍ശിച്ചുകൊണ്ടു ജനങ്ങളുമായി നടത്തിയ വാദപ്രതിവാദമാണ് ഈ വചനങ്ങളില്‍ കാണുന്നതു.

ഇബ്രാഹീം (عليه الصلاة والسلام) നബിക്കുണ്ടായ ഒരു ചിന്താഗതിയും, അവസാനം അദ്ദേഹം യഥാര്‍ത്ഥ തൗഹീദിലേക്കു എത്തിച്ചേര്‍ന്ന കഥയുമാണോ ഈ വചനങ്ങളുടെ ഉള്ളടക്കം? അതല്ല. വിഗ്രഹാരാധകരായ തന്റെ ജനതയുമായി അദ്ദേഹം നടത്തിയ ഒരു വാദപ്രതിവാദ സംഭവത്തിന്റെ ചിത്രീകരണമാണോ ഇതു? ഇങ്ങിനെ രണ്ടഭിപ്രായം നിലവിലുണ്ട്. രണ്ടാമത്തെ അഭിപ്രായമാണു കൂടുതല്‍ ന്യായമായി തോന്നുന്നതും, ക്വുര്‍ആന്റെ വാക്യങ്ങളോടു കൂടുതല്‍ യോജിച്ചു കാണുന്നതും. الله أعلم

അടുത്ത വചനത്തില്‍ وَحَاجَّهُ قَوْمُهُ (അദ്ദേഹത്തിന്റെ ജനത അദ്ദേഹത്തോടു ന്യായവാദം ചെയ്തു.) എന്നും താഴെ 83-ാം വചനത്തില്‍ وَتِلْكَ حُجَّتُنَا آتَيْنَاهَا إِبْرَاهِيمَ അതു നാം ഇബ്രാഹീമിന്നു നല്‍കിയ ന്യായമാണ്) എന്നും പറഞ്ഞിരിക്കുന്നുവല്ലോ.

ഇബ്നുകഥീര്‍ (رحمه الله) അദ്ദേഹത്തിന്റെ തഫ്സീറില്‍ ഇവിടെ ഒരു ദീര്‍ഘമായ പ്രസ്താവന തന്നെ ചെയ്തു കാണാം. മേല്‍ സൂചിപ്പിച്ചതും അല്ലാത്തതുമായ പല കാര്യങ്ങളും വിവരിച്ചശേഷം അദ്ദേഹം തുടര്‍ന്നു പറയുന്നു: ഇബ്രാഹീം (عليه الصلاة والسلام) തന്റെ ജനങ്ങളുമായി നടത്തിയ ഒരു വാദപ്രതിവാദമാണ് ഇതെന്നുള്ളതത്രെ യഥാര്‍ത്ഥം. ഒന്നാമത്തെ (74-ാം വചനത്തില്‍ വിവരിച്ച) രംഗം, വാനലോകത്തെ മലക്കുകളുടെ പ്രതിമകളായി സ്ഥാപിക്കപ്പെട്ട ഭൗമിക ബിംബങ്ങളെ ആരാധിക്കുന്നതിന്റെ തെറ്റുകള്‍ അവര്‍ക്കു വിവരിച്ചു കൊടുത്തതാണ്. ഈ (വചനങ്ങളില്‍ വിവരിച്ച) രംഗം, ആകാശത്തെ പ്രധാന ഗ്രഹങ്ങളായി ഗണിക്കപ്പെടുന്ന ചന്ദ്രന്‍, ശുക്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, സൂര്യന്‍, ശനി എന്നീ സപ്തഗ്രഹങ്ങളുടെ നാമത്തില്‍ നടത്തപ്പെടുന്ന ക്ഷേത്രാരാധനയുടെ തെറ്റുകള്‍ അവര്‍ക്കദ്ദേഹം വിവരിച്ചു കൊടുത്തതാകുന്നു. ഈ ഗ്രഹങ്ങളില്‍ അവരുടെ അടുക്കല്‍ ഏറ്റവും പ്രധാനപ്പെട്ടതു സൂര്യനും, പിന്നെ ചന്ദ്രനും, പിന്നെ ശുക്രനുമാകുന്നു. അതായതു, ആദ്യം ശുക്രന്‍ ദൈവമായിരിക്കുവാന്‍ കൊള്ളുകയില്ല – അതിനു ഇടവും വളവും തെറ്റുവാനോ, ദിക്കുമാറി സഞ്ചരിക്കുവാനോ, സമയവ്യത്യാസം സ്വീകരിക്കുവാനോ മറ്റോ സ്വാതന്ത്ര്യമില്ലാതെ ഒരു മഹാശക്തിയുടെ നിയന്ത്രണത്തിലാണതു സ്ഥിതി ചെയ്യുന്നത് – എന്നു അദ്ദേഹം സ്ഥാപിച്ചു. പിന്നീടു, ചന്ദ്രനിലേക്കും, അനന്തരം സൂര്യനിലേക്കും തിരിഞ്ഞ് അതേപ്രകാരം തന്നെ സ്ഥാപിച്ചു. ഏറ്റവും പ്രധാനപ്പെട്ട ഈ ഗ്രഹങ്ങള്‍ക്കു ദൈവീകതക്ക് അര്‍ഹതയില്ലാത്ത സ്ഥിതിക്കു മറ്റുള്ളവയുടെ കാര്യം വിശിഷ്യാ പറയേണ്ടതില്ലല്ലോ. അങ്ങിനെ, ഖണ്ഡിതമായ തെളിവ് സഹിതം സത്യം സ്ഥാപിതമായപ്പോള്‍ അദ്ദേഹം പറഞ്ഞു: يَا قَوْمِ إِنِّي بَرِيءٌ مِّمَّا تُشْرِكُونَ ﴿٧٨﴾ إِنِّي وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمَاوَاتِ وَالْأَرْضَ حَنِيفًا ۖ وَمَا أَنَا مِنَ الْمُشْرِكِينَ ﴿٧٩ (എന്റെ ജനങ്ങളെ, നിങ്ങള്‍ പങ്കു ചേര്‍ക്കുന്നതില്‍ നിന്നു ഞാന്‍ ഒഴിവായവനാണു. ഞാന്‍ ആകാശഭൂമികളെ സൃഷ്ടിച്ചുണ്ടാക്കിയവാനിലേക്കു എന്റെ മുഖം തിരിച്ചിരിക്കുന്നു…..)’

ഇബ്നുകഥീര്‍ (رحمه الله) തുടര്‍ന്നു പറയുന്നു: ‘ഇബ്രാഹീം (عليه الصلاة والسلام) ഇങ്ങിനെ ഒരു വിചിന്തനം നടത്തിയതാണു (ഒരു വാദപ്രതിവാദം ജനങ്ങളുമായി നടത്തിയതല്ല) എന്നു എങ്ങിനെ പറയും?! അദ്ദേഹത്തെ സംബന്ധിച്ചാണല്ലോ അല്ലാഹു ഇങ്ങിനെയൊക്കെ പറയുന്നത്: …..وَلَقَدْ آتَيْنَا إِبْرَاهِيمَ رُشْدَهُ مِن قَبْلُ وَكُنَّا بِهِ عَالِمِينَ (ഇബ്രാഹീമിനു അദ്ദേഹത്തിന്റെ തന്റേടം നാം മുമ്പേ നല്‍കിയിട്ടുണ്ട്. അദ്ദേഹത്തെപ്പറ്റി നാം അറിയുന്നവരുമായിരുന്നു. അതായത് അദ്ദേഹം തന്റെ പിതാവിനോടും ജനങ്ങളോടും പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ ഈ ഭജനമിരിക്കുന്ന പ്രതിമകള്‍ എന്താണ്?…… (21: 51-70). إِنَّ إِبْرَاهِيمَ كَانَ أُمَّةً قَانِتًا لِّلَّـهِ …النحل (ഇബ്രാഹീം അല്ലാഹുവിനോട് ഭക്തിയര്‍പ്പിക്കുന്ന ഋജുമാനസനായ ഒരു സമുദായം – ഒരു പ്രത്യേക സമുദായം – ആയിരുന്നു. അദ്ദേഹം ശിര്‍ക്കു ചെയ്യുന്നവരില്‍പെട്ടവനായിരുന്നില്ല ….. (16:120-123). دِينًا قِيَمًا مِّلَّةَ إِبْرَاهِيمَ حَنِيفًا ۚ وَمَا كَانَ مِنَ الْمُشْرِكِينَ – الأنعام (…ചൊവ്വിനു നിലകൊള്ളുന്ന മതം. അതായതു ഋജുമാനസനായിരുന്ന ഇബ്രാഹീമിന്റെ മാര്‍ഗ്ഗം. അദ്ദേഹം ശിര്‍ക്കു ചെയ്യുന്നവരില്‍പ്പെട്ടവനായിരുന്നില്ല. (6:161)…’ (ها ابن كثير)

6:80
  • وَحَآجَّهُۥ قَوْمُهُۥ ۚ قَالَ أَتُحَـٰٓجُّوٓنِّى فِى ٱللَّهِ وَقَدْ هَدَىٰنِ ۚ وَلَآ أَخَافُ مَا تُشْرِكُونَ بِهِۦٓ إِلَّآ أَن يَشَآءَ رَبِّى شَيْـًٔا ۗ وَسِعَ رَبِّى كُلَّ شَىْءٍ عِلْمًا ۗ أَفَلَا تَتَذَكَّرُونَ ﴾٨٠﴿
  • അദ്ദേഹത്തോട് അദ്ദേഹത്തിന്റെ ജനത ന്യായവാദം (തര്‍ക്കം) നടത്തി. അദ്ദേഹം പറഞ്ഞു: 'അല്ലാഹു എന്നെ നേര്‍മാര്‍ഗ്ഗത്തിലാക്കിത്തന്നിരിക്കെ, അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങള്‍ എന്നോടു ന്യായവാദം (തര്‍ക്കം) നടത്തുകയോ?! നിങ്ങള്‍ അവനോടു പങ്കു ചേര്‍ക്കുന്നതിനെ (ഒന്നും തന്നെ) ഞാന്‍ ഭയപ്പെടുന്നില്ലതാനും; (അതെ) എന്റെ റബ്ബു വല്ലതും ഉദ്ദേശിക്കുന്നതായാലല്ലാതെ. എന്റെ റബ്ബ് അറിവുകൊണ്ട് എല്ലാ വസ്തുക്കള്‍ക്കും വിശാലമായിരിക്കുന്നു. [എല്ലാം അവന്റെ അറിവില്‍ അടങ്ങുന്നു]. എന്നാല്‍, നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ?!
  • وَحَاجَّهُ അദ്ദേഹത്തോട് ന്യായവാദം ചെയ്തു (തര്‍ക്കം നടത്തി) قَوْمُهُ അദ്ദേഹത്തിന്റെ ജനത, ജനങ്ങള്‍ قَالَ അദ്ദേഹം പറഞ്ഞു أَتُحَاجُّونِّي നിങ്ങള്‍ എന്നോടു ന്യായവാദം നടത്തുകയോ فِي اللَّـهِ അല്ലാഹുവി(ന്റെ കാര്യത്തി)ല്‍ وَقَدْ هَدَانِ അവന്‍ എന്നെ നേര്‍മാര്‍ഗ്ഗത്തില്‍ ആക്കിയിട്ടുണ്ടെന്നിരിക്കെ وَلَا أَخَافُ ഞാന്‍ ഭയപ്പെടുന്നുമില്ല مَا تُشْرِكُونَ നിങ്ങള്‍ പങ്കു ചേര്‍ക്കുന്നതിനെ بِهِ അവനോടു, അവനില്‍ إِلَّا أَن يَشَاءَ ഉദ്ദേശിക്കുന്നതായാലല്ലാതെ رَبِّي എന്റെ റബ്ബു شَيْئًا വല്ല കാര്യവും وَسِعَ വിശാലമായിരിക്കുന്നു رَبِّي എന്റെ റബ്ബു كُلَّ شَيْءٍ എല്ലാ വസ്തുവിനും عِلْمًا അറിവാല്‍ (അറിവുകൊണ്ടു) أَفَلَا تَتَذَكَّرُونَ അപ്പോള്‍ (എന്നാല്‍) നിങ്ങള്‍ ഉറ്റാലോചിക്കു (ഓര്‍മ്മവെക്കു)ന്നില്ലേ
6:81
  • وَكَيْفَ أَخَافُ مَآ أَشْرَكْتُمْ وَلَا تَخَافُونَ أَنَّكُمْ أَشْرَكْتُم بِٱللَّهِ مَا لَمْ يُنَزِّلْ بِهِۦ عَلَيْكُمْ سُلْطَـٰنًا ۚ فَأَىُّ ٱلْفَرِيقَيْنِ أَحَقُّ بِٱلْأَمْنِ ۖ إِن كُنتُمْ تَعْلَمُونَ ﴾٨١﴿
  • 'നിങ്ങള്‍ പങ്കു ചേര്‍ത്തതിനെ ഞാന്‍ എങ്ങിനെ ഭയപ്പെടും? നിങ്ങള്‍ക്കു അല്ലാഹു യാതൊരു അധികൃത രേഖയും ഇറക്കിത്തന്നിട്ടില്ലാത്തതിനെ നിങ്ങള്‍ അവനോടു പങ്കുചേര്‍ക്കുന്നതിനെക്കുറിച്ചു നിങ്ങള്‍ ഭയപ്പെടുന്നുമില്ല! അപ്പോള്‍, ഇരു വിഭാഗക്കാരില്‍വെച്ചു നിര്‍ഭയതക്കു കൂടുതല്‍ അര്‍ഹതയുള്ളവര്‍ ആരാണ്? നിങ്ങള്‍ക്കു അറിയാമെങ്കില്‍ (ആലോചിച്ചു നോക്കൂ)!'
  • وَكَيْفَ എങ്ങിനെയാണു, എങ്ങിനെ أَخَافُ ഞാന്‍ ഭയപ്പെടും, ഭയപ്പെടുന്നതു مَا أَشْرَكْتُمْ നിങ്ങള്‍ പങ്കു ചേര്‍ത്തതിനെ وَلَا تَخَافُونَ നിങ്ങള്‍ ഭയപ്പെടുന്നുമില്ല (എന്നിരിക്കെ) أَنَّكُمْ أَشْرَكْتُم നിങ്ങള്‍ പങ്കുചേര്‍ത്തതിനെക്കുറിച്ചു بِاللَّـهِ അല്ലാഹുവിനോടു مَا لَمْ يُنَزِّلْ അവന്‍ ഇറക്കിയിട്ടില്ലാത്തതിനെ بِهِ അതിനെപ്പറ്റി, അതിനു عَلَيْكُمْ നിങ്ങള്‍ക്കു سُلْطَانًا ഒരു അധികൃത രേഖ, (തെളിവു) فَأَيُّ അപ്പോള്‍ ഏതാണു (ആരാണു) الْفَرِيقَيْنِ രണ്ടു കൂട്ടരില്‍, വിഭാഗങ്ങളില്‍ أَحَقُّ അധികം അവകാശപ്പെട്ടതു, അര്‍ഹര്‍ بِالْأَمْنِ നിര്‍ഭയതക്ക്, സമാധാനത്തിനു إِن كُنتُمْ നിങ്ങളാണെങ്കില്‍ تَعْلَمُونَ നിങ്ങള്‍ അറിയുന്നു
6:82
  • ٱلَّذِينَ ءَامَنُوا۟ وَلَمْ يَلْبِسُوٓا۟ إِيمَـٰنَهُم بِظُلْمٍ أُو۟لَـٰٓئِكَ لَهُمُ ٱلْأَمْنُ وَهُم مُّهْتَدُونَ ﴾٨٢﴿
  • യാതൊരു കൂട്ടര്‍, വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തോടു യാതൊരു അക്രമത്തെയും അവര്‍ (കൂട്ടി) കലര്‍ത്താതിരിക്കുകയും ചെയ്തുവോ, അക്കൂട്ടര്‍ - അവര്‍ക്കത്രെ നിര്‍ഭയതയുള്ളതു; അവര്‍ നേര്‍മാര്‍ഗ്ഗം പ്രാപിച്ചവരുമാകുന്നു.
  • الَّذِينَ യാതൊരു കൂട്ടര്‍ آمَنُوا അവര്‍ വിശ്വസിച്ചു وَلَمْ يَلْبِسُوا അവര്‍ കലര്‍ത്തിയതുമില്ല إِيمَانَهُم അവരുടെ വിശ്വാസത്തോടു, വിശ്വാസത്തെ بِظُلْمٍ വല്ല അക്രമത്തെയും, അനീതിയുമായി أُولَـٰئِكَ അക്കൂട്ടര്‍ لَهُمُ അവര്‍ക്കാണു الْأَمْنُ നിര്‍ഭയത وَهُم അവരാകട്ടെ مُّهْتَدُونَ നേര്‍മാര്‍ഗ്ഗം പ്രാപിച്ചവരുമാണു

ദീര്‍ഘകാലത്തെ പഴക്കം സിദ്ധിച്ച അന്ധവിശ്വാസങ്ങള്‍ക്കും, ദുര്‍ന്നടപ്പുകള്‍ക്കും എതിരില്‍ വ്യക്തമായ തെളിവുകള്‍ സമര്‍പ്പിക്കപ്പെടുമ്പോള്‍ അവയുടെ അനുയായികള്‍ തല്‍ക്കാലം ഉത്തരം മുട്ടിയെന്നു വരും. എങ്കിലും അതവര്‍ക്ക് മാനസാന്തരം വരുത്തുക പ്രയാസമായിരിക്കും. എന്തെങ്കിലും മുടന്തന്‍ ന്യായങ്ങളോ തര്‍ക്കമോ നടത്തി തങ്ങളുടെ നിലപാടിനെ ന്യായീകരിക്കുവാന്‍ ശ്രമിക്കുകയായിരിക്കും ചെയ്യുക. ചിലപ്പോള്‍ ഭീഷണിയും അക്രമവുമായിരിക്കും ഉപയോഗിക്കുക. എല്ലാകാലത്തും കാണപ്പെടുന്ന പതിവാണിത്. ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ ജനതയും അതുതന്നെയാണു പയറ്റിയത്. അതായത്, പണ്ടുകാലം മുതല്‍ക്കേ ചോദ്യം ചെയ്യപ്പെടാതെ എല്ലാവരും അംഗീകരിച്ചുവരുന്ന നടപടിയാണിത്. ഈ ദൈവങ്ങള്‍ക്കു ഇന്നിന്ന പ്രകാരമുള്ള മഹത്വങ്ങളും ശക്തികളുമൊക്കെയുണ്ട്. അവക്കെതിരെ വിരല്‍ ചൂണ്ടിയാല്‍ അവയുടെ ശാപകോപവും നാശവുമായിരിക്കും ഫലം. എന്നിങ്ങിനെയുള്ള ന്യായങ്ങളും ഭീഷണികളും! ഇബ്രാഹീം (عليه الصلاة والسلام) നബി അവര്‍ക്ക് നല്‍കിയ മറുപടിയുടെ താല്‍പര്യം ഇതാണു: നിങ്ങളുടെ ന്യായവാദങ്ങള്‍ക്കും ഭീഷണികള്‍ക്കും ഞാനൊട്ടും വിലകല്പിക്കുന്നില്ല. അല്ലാഹു മാത്രമാണു രക്ഷിതാവും ആരാധ്യനും എന്നുള്ളതിനു സ്പഷ്ടമായ തെളിവുകള്‍ നിലവിലുണ്ട്. ആ തൗഹീദില്‍ ഉറച്ചു നില്‍ക്കുവാനുള്ള ഭാഗ്യവും മനക്കരുത്തും അവന്‍ എനിക്ക് നല്‍കിയിട്ടുമുണ്ട്. അവന്‍ ഉദ്ദേശിച്ചാല്‍ വല്ലതും സംഭവിക്കുമെന്നല്ലാതെ, നിങ്ങളുടെ ഈ ദൈവങ്ങളില്‍ നിന്ന് വല്ല ആപത്തും നാശവും സംഭവിച്ചേക്കുമെന്നുള്ള ഭയം എനിക്കില്ല. നേരെമറിച്ച് യാതൊരുതെളിവും ന്യായവുമില്ലാതെ നിങ്ങള്‍ അവയെ ദൈവങ്ങളാക്കി വെച്ചതിനാല്‍ അല്ലാഹുവിങ്കല്‍ നിന്നുണ്ടാകുന്ന ശിക്ഷകളെ ഭയപ്പെടേണ്ടിയിരിക്കുന്നതു നിങ്ങളാണ്. ആ ഭയം നിങ്ങള്‍ക്കില്ല. അവനാണെങ്കില്‍ സര്‍വ്വകാര്യങ്ങളും ശരിക്കറിയുന്നവനുമാണ്. അപ്പോള്‍, ഭയം കൂടാതെ സമാധാനപ്പെട്ടുകൊണ്ടിരിക്കുവാന്‍ അവകാശപ്പെട്ടവര്‍ നിങ്ങളാണോ? അതല്ല ഞാനോ?

82-ാം വചനത്തിലെ വാചകങ്ങള്‍ ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ പ്രസ്താവനയുടെ തുടര്‍ച്ചയായി അല്ലാഹു ഉദ്ധരിച്ചതായിരിക്കുവാനും, അല്ലാഹുവിന്റെ സ്വന്തം പ്രസ്താവനയായിരിക്കുവാനും സാധ്യതയുണ്ട്. രണ്ടായിരുന്നാലും അതിന്റെ സാരം ഇപ്രകാരമാകുന്നു; സത്യവിശ്വാസം സ്വീകരിച്ച് തൗഹീദില്‍ നിലയുറക്കുകയും, പിന്നീട് ശിര്‍ക്കുപരമായ വല്ല അക്രമങ്ങളും അതില്‍ കൂട്ടിക്കലര്‍ത്തി അതിനെ കളങ്കപ്പെടുത്താതിരിക്കുകയും ചെയ്യുന്നവര്‍ക്കാണു യഥാര്‍ത്ഥവും ശാശ്വതവുമായ സമാധാനം ലഭിക്കുക. അവരാണു യഥാര്‍ത്ഥ സന്മാര്‍ഗ്ഗികളും. ബുഖാരീ (رحمه الله) തുടങ്ങിയ പലരും പല സ്വഹാബികളില്‍ നിന്നും, താബിഉകളില്‍ നിന്നുമായി രേഖപ്പെടുത്തിയ ഹദീഥുകളില്‍ ഇപ്രകാരം വന്നിരിക്കുന്നു: ‘ഈ വചനം അവതരിച്ചപ്പോള്‍ സ്വഹാബികള്‍ക്ക് മനഃപ്രയാസം അനുഭവപ്പെട്ടു. ഒരു അക്രമവും ചെയ്യാത്തവര്‍, ആരാണു നമ്മുടെ കൂട്ടത്തിലുള്ളതു?! എന്നു അവര്‍ പറഞ്ഞു. അപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘കാര്യം നിങ്ങള്‍ ധരിക്കുന്നതു പോലെയല്ല. ആ നല്ല മനുഷ്യന്‍ (ലുഖ്മാന്‍ (عليه الصلاة والسلام)) തന്റെ മകനോടു പറഞ്ഞതു നിങ്ങള്‍ കേട്ടിട്ടില്ലേ?

يَا بُنَيَّ لَا تُشْرِكْ بِاللَّـهِ ۖ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ – لقمان ١٣

(എന്റെ കുഞ്ഞുമോനെ, നീ അല്ലാഹുവിനോടു പങ്കു ചേര്‍ക്കരുത്‌. നിശ്ചയമായും പങ്കുചേര്‍ക്കല്‍ – ശിര്‍ക്ക് – വമ്പിച്ച അക്രമമാകുന്നു.) എന്നു?! ശിര്‍ക്കാണ്‌ അതുകൊണ്ടുദ്ദേശ്യം.’ സത്യവിശ്വാസം സ്വീകരിച്ചശേഷം ശിര്‍ക്കല്ലാത്ത വല്ല പാപങ്ങളും ചെയ്തവന്‍ അതുമൂലം കുറ്റക്കാരനാകുമെങ്കിലും അതു മൂലം അവന്‍ അവിശ്വാസിയായിത്തീരുമെന്നല്ല ഈ വചനത്തിന്റെ താല്‍പര്യമെന്നത്രെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഈ ഹദീഥു മുഖേന വ്യക്തമാക്കുന്നത്.

വിഭാഗം - 10

6:83
  • وَتِلْكَ حُجَّتُنَآ ءَاتَيْنَـٰهَآ إِبْرَٰهِيمَ عَلَىٰ قَوْمِهِۦ ۚ نَرْفَعُ دَرَجَـٰتٍ مَّن نَّشَآءُ ۗ إِنَّ رَبَّكَ حَكِيمٌ عَلِيمٌ ﴾٨٣﴿
  • അവ(യൊക്കെ) നമ്മുടെ ന്യായമാകുന്നു: തന്റെ ജനതക്കെതിരില്‍ ഇബ്രാഹീമിന്നു നാം അവ നല്‍കിയിരിക്കുകയാണു. നാം ഉദ്ദേശിക്കുന്നവരെ നാം പല പദവികള്‍ ഉയര്‍ത്തുന്നു. നിശ്ചയമായും നിന്റെ റബ്ബു അഗാധജ്ഞനും, സര്‍വ്വജ്ഞനുമാകുന്നു.
  • وَتِلْكَ അതു, അവ حُجَّتُنَا നമ്മുടെ ന്യായം (തെളിവു) ആകുന്നു آتَيْنَاهَا നാം അതു (അവ) നല്‍കി إِبْرَاهِيمَ ഇബ്രാഹീമിന്നു عَلَىٰ قَوْمِهِ അദ്ദേഹത്തിന്റെ ജനതയുടെ മേല്‍ (എതിരില്‍) نَرْفَعُ നാം ഉയര്‍ത്തും دَرَجَاتٍ പല പദവികള്‍, പടികള്‍ مَّن نَّشَاءُ നാം ഉദ്ദേശിക്കുന്നവരെ إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബു حَكِيمٌ അഗാധജ്ഞനാണു, യുക്തിമാനാണു عَلِيمٌ സര്‍വ്വജ്ഞനാണ്

74 മുതല്‍ക്കുള്ള വചനങ്ങളില്‍, തൗഹീദിനെ സ്ഥാപിച്ചുകൊണ്ടും, ശിര്‍ക്കിനെ ഖണ്ഡിച്ചുകൊണ്ടും ഇബ്രാഹീം (عليه الصلاة والسلام) നബി ആ ജനതയുടെ മുമ്പില്‍ സമര്‍പ്പിച്ച തെളിവുകളെയും ന്യായങ്ങളെയും ചൂണ്ടിക്കാട്ടിക്കൊണ്ട് അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു പറയുകയാണു: അതെല്ലാം നമ്മുടെ തൗഹീദിന്റെ തെളിവുകളായി നാം ഇബ്രാഹീമിനു പഠിപ്പിച്ചു കൊടുത്തതാണ്. നാം ഉദ്ദേശിക്കുന്നവരെ ഇതുപോലെ അസാധനരമായ സ്ഥാന പദവികള്‍ നല്‍കി ഉയര്‍ത്തുന്നതാകുന്നു. ഞാന്‍ എല്ലാ കാര്യവും യുക്തിപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന അഗാധജ്ഞനും, സകല കാര്യങ്ങളും ശരിക്കറിയുന്ന സര്‍വ്വജ്ഞനുമാണല്ലോ.

തൗഹീദിനെ സ്ഥാപിക്കുന്നതില്‍ ആ പ്രവാചക പിതാവു നടത്തിയ പ്രബോധന മാര്‍ഗ്ഗങ്ങള്‍ അദ്ദേഹത്തിന്റെ കാലശേഷം ലോകാവസാനം വരെ തുടര്‍ന്നു നടക്കത്തക്കവണ്ണം അദ്ദേഹത്തിന്റെ സന്താനപരമ്പരകളിലും മറ്റുമായി പ്രവാചകത്വ ശൃംഖല അല്ലാഹു നിലനിറുത്തി അനുഗ്രഹിച്ചതിനെക്കുറിച്ചാണു തുടര്‍ന്നുള്ള വചനങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്. കൂട്ടത്തില്‍, അദ്ദേഹത്തിനു വളരെ മുമ്പുതന്നെ പ്രസ്തുത വിഷയത്തില്‍ തൊള്ളായിരത്തമ്പതു വര്‍ഷക്കാലം അശ്രാന്തപരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്ന അദ്ദേഹത്തിന്റെ പൂര്‍വ്വ പിതാവായ നൂഹ് (عليه الصلاة والسلام) നബിയെക്കുറിച്ചു പ്രത്യേകം അനുസ്മരിപ്പിച്ചുകൊണ്ടു അല്ലാഹു പറയുന്നു:-

6:84
  • وَوَهَبْنَا لَهُۥٓ إِسْحَـٰقَ وَيَعْقُوبَ ۚ كُلًّا هَدَيْنَا ۚ وَنُوحًا هَدَيْنَا مِن قَبْلُ ۖ وَمِن ذُرِّيَّتِهِۦ دَاوُۥدَ وَسُلَيْمَـٰنَ وَأَيُّوبَ وَيُوسُفَ وَمُوسَىٰ وَهَـٰرُونَ ۚ وَكَذَٰلِكَ نَجْزِى ٱلْمُحْسِنِينَ ﴾٨٤﴿
  • അദ്ദേഹത്തിനു നാം ഇസ്ഹാക്വിനെയും, യഅ്ക്വൂബിനെയും പ്രദാനം ചെയ്കയും ചെയ്തു. എല്ലാവരെയും നാം നേര്‍മാര്‍ഗ്ഗത്തിലാക്കിയിരിക്കുന്നു. മുമ്പ് നൂഹിനെയും നാം നേര്‍മാര്‍ഗ്ഗത്തിലാക്കിയിരിക്കുന്നു.
    അദ്ദേഹത്തിന്റെ സന്തതികളില്‍ നിന്നു ദാവൂദിനെയും, സുലൈമാനെയും, അയ്യൂബിനെയും, യൂസുഫിനെയും, മൂസായെയും, ഹാറൂനെയും (നേര്‍മാര്‍ഗ്ഗത്തിലാക്കി).
    അപ്രകാരം സല്‍ഗുണവാന്‍മാര്‍ക്കു നാം പ്രതിഫലം നല്‍കുന്നു.
  • وَوَهَبْنَا നാം പ്രദാനം ചെയ്കയും ചെയ്തു لَهُ അദ്ദേഹത്തിനു إِسْحَاقَ ഇസ്ഹാക്വിനെ وَيَعْقُوبَ യഅ്ക്വൂബിനെയും كُلًّا എല്ലാവരെയും هَدَيْنَا നാം നേര്‍വഴിയിലാക്കി وَنُوحًا هَدَيْنَا നൂഹിനെയും നാം നേര്‍വഴിയിലാക്കിയിരിക്കുന്നു مِن قَبْلُ മുമ്പു, മുമ്പേ وَمِن ذُرِّيَّتِهِ അദ്ദേഹത്തിന്റെ സന്തതികളില്‍ നിന്നും دَاوُودَ ദാവൂദിനെ(യും) وَسُلَيْمَانَ സുലൈമാനെയും وَأَيُّوبَ അയ്യൂബിനെയും وَيُوسُفَ യൂസുഫിനെയും وَمُوسَىٰ മൂസായെയും وَهَارُونَ ഹാറൂനെയും وَكَذَٰلِكَ അപ്രകാരം نَجْزِي നാം പ്രതിഫലം നല്‍കുന്നു الْمُحْسِنِينَ സല്‍ഗുണ (പുണ്യ) വാന്‍മാര്‍ക്കു
6:85
  • وَزَكَرِيَّا وَيَحْيَىٰ وَعِيسَىٰ وَإِلْيَاسَ ۖ كُلٌّ مِّنَ ٱلصَّـٰلِحِينَ ﴾٨٥﴿
  • സകരിയ്യായെയും, യഹ്യായെയും, ഈസായെയും, ഇല്‍യാസിനെയും (നേര്‍മാര്‍ഗ്ഗത്തിലാക്കി). എല്ലാവരും സദ്‌വൃത്തരില്‍ പെട്ടവരാകുന്നു.
  • وَزَكَرِيَّا സകരിയ്യായെയും وَيَحْيَىٰ യഹ്യായെയും وَعِيسَىٰ ഈസായെയും وَإِلْيَاسَ ഇല്‍യാസിനെയും كُلٌّ എല്ലാം, എല്ലാവരും مِّنَ الصَّالِحِينَ സദ്‌വൃത്തരില്‍ (നല്ലവരില്‍) പെട്ടവരാണ്
6:86
  • وَإِسْمَـٰعِيلَ وَٱلْيَسَعَ وَيُونُسَ وَلُوطًا ۚ وَكُلًّا فَضَّلْنَا عَلَى ٱلْعَـٰلَمِينَ ﴾٨٦﴿
  • ഇസ്മാഈലിനെയും, അല്‍യസഇനെയും, യൂനുസിനെയും, ലൂത്ത്വിനെയും (നേര്‍മ്മാര്‍ഗ്ഗത്തിലാക്കി). എല്ലാവരെയും ലോകരേക്കാള്‍ നാം ശ്രേഷ്ഠരാക്കുകയും ചെയ്തിരിക്കുന്നു.
  • وَإِسْمَاعِيلَ ഇസ്മാഈലിനെയും وَالْيَسَعَ അല്‍യസഇനെയും وَيُونُسَ യൂനുസിനെയും وَلُوطًا ലൂത്ത്വിനെയും وَكُلًّا എല്ലാവരെയും فَضَّلْنَا നാം ശ്രേഷ്ഠമാക്കി, ഉല്‍കൃഷ്ടമാക്കി عَلَى الْعَالَمِينَ ലോകരേക്കാള്‍
6:87
  • وَمِنْ ءَابَآئِهِمْ وَذُرِّيَّـٰتِهِمْ وَإِخْوَٰنِهِمْ ۖ وَٱجْتَبَيْنَـٰهُمْ وَهَدَيْنَـٰهُمْ إِلَىٰ صِرَٰطٍ مُّسْتَقِيمٍ ﴾٨٧﴿
  • അവരുടെ പിതാക്കളില്‍ നിന്നും, അവരുടെ സന്തതികളില്‍ നിന്നും, അവരുടെ സഹോദരങ്ങളില്‍ നിന്നും (പലരെയും ശ്രേഷ്ഠരാക്കിയിരിക്കുന്നു). അവരെ നാം തിരഞ്ഞെടുക്കുകയും, നേരെ (ചൊവ്വാ) യുള്ള പാതയിലേക്ക് അവരെ നാം വഴി ചേര്‍ക്കുകയും ചെയ്തിരിക്കുന്നു.
  • وَمِنْ آبَائِهِمْ അവരുടെ പിതാക്കളില്‍ നിന്നും وَذُرِّيَّاتِهِمْ അവരുടെ സന്തതികളില്‍ നിന്നും وَإِخْوَانِهِمْ അവരുടെ സഹോദരങ്ങളില്‍ നിന്നും وَاجْتَبَيْنَاهُمْ അവരെ നാം തിരഞ്ഞെടുക്കുക (തെളിയിച്ചെടുക്കുക) യും ചെയ്തു وَهَدَيْنَاهُمْ അവരെ നേര്‍വഴിയിലാക്കുകയും ചെയ്തു, അവര്‍ക്കു മാര്‍ഗ്ഗദര്‍ശനവും നല്‍കി إِلَىٰ صِرَاطٍ പാതയിലേക്ക്, വഴിയിലേക്കു مُّسْتَقِيمٍ നേരെയുള്ള, ചൊവ്വായ

ഇസ്ഹാക്വ് (عليه الصلاة والسلام) ഇബ്രാഹീം (عليه الصلاة والسلام) ന്റെ പുത്രനും, യഅ്ക്വൂബ് (عليه الصلاة والسلام) പൗത്രനുമാകുന്നു. അദ്ദേഹത്തിനും ഭാര്യ സാറാക്കും വാര്‍ദ്ധക്യം പ്രാപിച്ച കാലത്തായിരുന്നു അദ്ദേഹത്തിനു മക്കളുണ്ടാകുവാന്‍ പോകുന്നുവെന്നു അല്ലാഹു മലക്കുകള്‍ മുഖാന്തരം സന്തോഷ വാര്‍ത്ത അറിയിച്ചതു. ആ സന്തോഷവാര്‍ത്തയില്‍ തന്നെ മകള്‍ ഇസ്‌ഹാക്വ് (عليه الصلاة والسلام) നെപ്പറ്റിയും പൗത്രന്‍ യഅ്ക്വൂബ് (عليه الصلاة والسلام) നെപ്പറ്റിയും സന്തോഷമറിയിച്ചിരുന്നു (11:71). നൂഹ് (عليه الصلاة والسلام) നബി അദ്ദേഹത്തിന്റെ പൂര്‍വ്വപിതാക്കളില്‍ ഒരാളായതുകൊണ്ടാണ് അദ്ദേഹത്തെപ്പറ്റി പറഞ്ഞപ്പോള്‍ مِن قَبْلُ (മുമ്പ്) എന്നു പ്രത്യേകം പറഞ്ഞത്. തൗഹീദിന്റെ പ്രബോധന പാരമ്പര്യം ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ സന്തതികളിലും പിന്‍ഗാമികളിലും മാത്രമല്ല, പിതാക്കളിലും ഉണ്ടായിരുന്നുവെന്നത്രെ ഇതിലെ സൂചന.

وَمِن ذُرِّيَّتِهِ (അദ്ദേഹത്തിന്റെ സന്തതികളില്‍നിന്നു) എന്ന വാക്കിന്റെ ഉദ്ദേശ്യം രണ്ടു പ്രകാരത്തിലാകാവുന്നതാണ്.
(1). ഇബ്രാഹീം (عليه الصلاة والسلام) ന്റെ സന്തതികളില്‍ നിന്നു എന്നു തന്നെ. അദ്ദേഹത്തെ സംബന്ധിച്ചാണല്ലോ സംസാരം. പക്ഷെ തുടര്‍ന്നു പറയപ്പെട്ടവരില്‍, ലൂത്ത്വ് (عليه الصلاة والسلام) അദ്ദേഹത്തിന്റെ നേരെ സന്താനമല്ല. അദ്ദേഹത്തിന്റെ പിതൃവ്യപുത്രനായിരുന്നു. അപ്പോള്‍, പിതൃവ്യ പുത്രനെ സ്വന്തം പുത്രനെപ്പോലെ കണക്കാക്കി ‘സന്തതികളില്‍’ എന്നു മൊത്തത്തില്‍ പറഞ്ഞതായിരിക്കും. യൂനുസ് (عليه الصلاة والسلام) നബിയും അദ്ദേഹത്തിന്റെ സന്തതീ പരമ്പരകളില്‍പെട്ട ആളല്ലെന്നും അഭിപ്രായമുണ്ട്. ഇതു ശരിയാണെങ്കില്‍, തുടര്‍ന്നു പേരുപറയപ്പെട്ടവരില്‍ അധിക ഭാഗവും സന്തതികളില്‍ പെട്ടവരാണെന്നേ ഉദ്ദേശ്യമുണ്ടായിരിക്കൂ.

(2). നൂഹ് (عليه الصلاة والسلام) ന്റെ സന്തതികളില്‍ നിന്ന് എന്നും ഉദ്ദേശ്യമാകാം. ആ വാക്കിന്റെ തൊട്ടുമുമ്പ് അദ്ദേഹത്തെക്കുറിച്ചാണല്ലോ പറഞ്ഞിരിക്കുന്നത്. ഇതനുസരിച്ച് പിന്നീടു പേരു പറയപ്പെട്ട എല്ലാ പ്രവാചകന്‍]മാരും – ഇബ്രാഹീം (عليه الصلاة والسلام) പോലും – അദ്ദേഹത്തിന്റെ സാന്താന പരമ്പരകളില്‍ ഉള്‍പെട്ടവരാണു താനും. والله أعلم

ഈസാ (عليه الصلاة والسلام) പിതാവില്ലാതെ ജനിച്ച ആളായതുകൊണ്ട് അദ്ദേഹം മാതൃവഴിക്കു മാത്രമാണു ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ സന്താനപരമ്പരയില്‍ ഉള്‍പ്പെടുന്നത്. ഇതിനെ അടിസ്ഥാനപ്പെടുത്തി ذُرِّيَّة (സന്തതികള്‍) എന്ന വാക്കില്‍ പിതൃവഴിക്കും മാതൃവഴിക്കുമുള്ള എല്ലാ മക്കളും ഉള്‍പ്പെടുമെന്നു ചില മഹാന്മാര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു. വേറൊരു ആയത്തില്‍ അല്ലാഹു പറയുന്നു: وَلَقَدْ أَرْسَلْنَا نُوحًا وَإِبْرَاهِيمَ وَجَعَلْنَا فِي ذُرِّيَّتِهِمَا النُّبُوَّةَ وَالْكِتَابَ (നാം നൂഹിനെയും ഇബ്രാഹീമിനെയും അയച്ചിട്ടുണ്ട്. അവര്‍ രണ്ടാളുടെയും സന്തതികളില്‍ നാം പ്രവാചകത്വവും വേദഗ്രന്ഥവും ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. (സൂ: ഹദീദ്: 26).

ഇബ്രാഹീം (عليه الصلاة والسلام) നബി അടക്കം പതിനെട്ടു പ്രവാചകന്‍മാരുടെ പേരാണ് അല്ലാഹു ഈ വചനങ്ങളില്‍ എടുത്തു പറഞ്ഞത്. അവരുടെ ശ്രേഷ്ഠതകളും സവിശേഷതകളും, അവര്‍ക്കു ലഭിച്ച അനുഗ്രഹങ്ങളും ചുരുങ്ങിയ വാക്കുകളിലായി അല്ലാഹു ഇവിടെ ചൂണ്ടിക്കാട്ടുകയും ചെയ്തിരിക്കുന്നു.

(1). അല്ലാഹു അവരെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കിയിരിക്കുന്നു (هَدَيْنَا) എന്നു. ഇതിന്റെ മൂല ധാതുവായ هِدَايَة , هُدَى (ഹിദായത്ത്, ഹുദാ) എന്നീ വാക്കുകള്‍ക്കു ‘മാര്‍ഗ്ഗദര്‍ശനം നല്‍കല്‍, വഴികാട്ടല്‍, വഴിയില്‍ ചേര്‍ക്കല്‍, സന്മാര്‍ഗ്ഗത്തിലാക്കല്‍’ എന്നൊക്കെ അര്‍ത്ഥം വരാമെന്നും, ‘മാര്‍ഗ്ഗദര്‍ശനം നല്‍കുക’ എന്ന അര്‍ത്ഥത്തിലുള്ള ‘ഹിദായത്തു’ പലതരത്തിലുണ്ടെന്നും നേര്‍മ്മാര്‍ഗ്ഗത്തിലാക്കുക – വഴിചേര്‍ക്കുക – എന്ന അര്‍ത്ഥത്തിലുള്ള ‘ഹിദായത്തു’ അല്ലാഹുവില്‍ നിന്നു മാത്രം ലഭിക്കുന്നതാണെന്നും സൂറത്തുല്‍ ഫാതിഹയില്‍ വെച്ച് നാം വിശദമായി വിവരിച്ചിട്ടുണ്ട്.

(2). അവര്‍ സല്‍ഗുണവാന്‍മാരും സദ്‌വൃത്തരുമായിരുന്നുവെന്നു. മനസാ – വാചാ – കര്‍മ്മണാ അവരെല്ലാവരും പരിശുദ്ധരും നിഷ്കളങ്കരുമായിരുന്നുവെന്നും, അല്ലാഹുവിനോടും സൃഷ്ടികളോടും പാലിക്കേണ്ടുന്ന എല്ലാ കടപ്പാടുകളും മര്യാദകളും അവര്‍ പാലിച്ചിരുന്നുവെന്നുമാണ് ഇതിന്റെ സാരം.

(3). അവര്‍ക്കു ലോകരേക്കാള്‍ ശ്രേഷ്ഠത നല്‍കിയിരുന്നുവെന്നു. പ്രവാചകന്‍മാര്‍ പ്രവാചകന്‍മാരല്ലാത്ത മറ്റുള്ള എല്ലാവരെക്കാളും ശ്രേഷ്ഠന്‍മാരും ഉന്നതന്‍മാരുമായിരുന്നുവെന്നു സാരം.

(4). അവരെ അല്ലാഹു തിരഞ്ഞെടുക്കുകയും, വളവും വക്രതയുമില്ലാത്ത നേര്‍ക്കു നേരെയുള്ള മാര്‍ഗ്ഗത്തിലേക്കു വഴിചേര്‍ക്കുകയും ചെയ്തിരിക്കുന്നുവെന്നു.

ഈ അനുഗ്രഹങ്ങള്‍ക്കെല്ലാം അനുയോജ്യമായിരിക്കത്തക്കവണ്ണം അവരിലുണ്ടായിരുന്ന ഉല്‍കൃഷ്ട ഗുണങ്ങള്‍ എന്തായിരുന്നുവെന്നു തുടര്‍ന്നുള്ള വചനങ്ങളില്‍ നിന്നു സാമാന്യം മനസ്സിലാക്കാവുന്നതാണ്. അല്ലാഹു പറയുന്നു:-

6:88
  • ذَٰلِكَ هُدَى ٱللَّهِ يَهْدِى بِهِۦ مَن يَشَآءُ مِنْ عِبَادِهِۦ ۚ وَلَوْ أَشْرَكُوا۟ لَحَبِطَ عَنْهُم مَّا كَانُوا۟ يَعْمَلُونَ ﴾٨٨﴿
  • അതു അല്ലാഹുവിന്റെ (വക) മാര്‍ഗ്ഗദര്‍ശനമത്രെ-. തന്റെ അടിയാന്‍മാരില്‍ നിന്നു താന്‍ ഉദ്ദേശിക്കുന്നവരെ അതു മൂലം അവന്‍ നേര്‍മാര്‍ഗ്ഗത്തിലാക്കുന്നു. അവര്‍ (അല്ലാഹുവിനോടു) പങ്കു ചേര്‍ത്തിരുന്നു [ശിര്‍ക്കു ചെയ്തിരുന്നു] വെങ്കില്‍, അവര്‍ പ്രവര്‍ത്തിച്ചിരുന്നതു അവര്‍ക്കു (ഫലപ്പെടാതെ) പൊളിഞ്ഞുപോകുക തന്നെ ചെയ്തിരുന്നു.
  • ذَٰلِكَ അതു هُدَى اللَّـهِ അല്ലാഹുവിന്റെ മാര്‍ഗ്ഗ ദര്‍ശനമാണ്, വഴികാട്ടലാണ് يَهْدِي بِهِ അതു മൂലം (അതുവഴി) അവന്‍ വഴി കാട്ടുന്നു, നേര്‍വഴിയിലാക്കും مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ مِنْ عِبَادِهِ അവന്റെ അടിയാന്‍മാരില്‍ നിന്നു وَلَوْ أَشْرَكُوا അവര്‍ ശിര്‍ക്കു ചെയ്തിരുന്നെങ്കില്‍, പങ്കു ചേര്‍ക്കുന്ന പക്ഷം لَحَبِطَ പൊളിഞ്ഞു (ഫലശൂന്യമായി) പോക തന്നെ ചെയ്യും عَنْهُم അവര്‍ക്കു, അവരില്‍നിന്നു مَّا كَانُوا അവരായിരുന്നതു يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും
6:89
  • أُو۟لَـٰٓئِكَ ٱلَّذِينَ ءَاتَيْنَـٰهُمُ ٱلْكِتَـٰبَ وَٱلْحُكْمَ وَٱلنُّبُوَّةَ ۚ فَإِن يَكْفُرْ بِهَا هَـٰٓؤُلَآءِ فَقَدْ وَكَّلْنَا بِهَا قَوْمًا لَّيْسُوا۟ بِهَا بِكَـٰفِرِينَ ﴾٨٩﴿
  • നാം വേദഗ്രന്ഥവും, വിധികര്‍ത്തൃത്വവും (അഥവാ വിജ്ഞാനവും) പ്രവാചകത്വവും നല്‍കിയിട്ടുള്ളവരത്രെ അക്കൂട്ടര്‍. എനി, ഇക്കൂട്ടര്‍ അവയില്‍ അവിശ്വസിക്കുകയാണെങ്കില്‍, അവയില്‍ അവിശ്വസിക്കുന്നവരല്ലാത്ത ഒരു ജനതയെ നാം അവക്കു [അവയില്‍ വിശ്വസിക്കുന്നതിനു] ഭാരമേല്‍പിച്ചിട്ടുണ്ട്.
  • أُولَـٰئِكَ അക്കൂട്ടര്‍ الَّذِينَ യാതൊരുവരാണു آتَيْنَاهُمُ അവര്‍ക്കു നാം കൊടുത്തിരിക്കുന്നു الْكِتَابَ (വേദ) ഗ്രന്ഥം وَالْحُكْمَ വിധികര്‍ത്തൃത്വവും, വിജ്ഞാനവും وَالنُّبُوَّةَ പ്രവാചകത്വവും فَإِن يَكْفُرْ എനി അവിശ്വസിക്കുകയാണെങ്കില്‍ بِهَا അതില്‍, അവയില്‍ هَـٰؤُلَاءِ ഇക്കൂട്ടര്‍ فَقَدْ وَكَّلْنَا എന്നാല്‍ നാം ഏല്‍പിച്ചിട്ടുണ്ട്‌ بِهَا അതിനു, അവയെപ്പറ്റി قَوْمًا ഒരു ജനതയെ لَّيْسُوا അവരല്ല بِهَا അതില്‍, അവയില്‍ بِكَافِرِينَ അവിശ്വസിക്കുന്നവര്‍
6:90
  • أُو۟لَـٰٓئِكَ ٱلَّذِينَ هَدَى ٱللَّهُ ۖ فَبِهُدَىٰهُمُ ٱقْتَدِهْ ۗ قُل لَّآ أَسْـَٔلُكُمْ عَلَيْهِ أَجْرًا ۖ إِنْ هُوَ إِلَّا ذِكْرَىٰ لِلْعَـٰلَمِينَ ﴾٩٠﴿
  • (നബിയേ) അല്ലാഹു നേര്‍മ്മാര്‍ഗ്ഗത്തിലാക്കിയിട്ടുള്ളവരത്രെ (മേല്‍പറഞ്ഞ) അക്കൂട്ടര്‍; ആകയാല്‍, അവരുടെ (ആ) നേര്‍മ്മാര്‍ഗ്ഗത്തോട് നീ പിന്‍തുടര്‍ന്നു കൊള്ളുക. പറയുക: 'ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോടു ഒരു പ്രതിഫലവും ചോദിക്കുന്നില്ല ഇതു ലോകര്‍ക്കു (മുഴുവന്‍) വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ (മറ്റൊന്നും) അല്ല.
  • أُولَـٰئِكَ الَّذِينَ അക്കൂട്ടര്‍ യാതൊരുവരാണു هَدَى اللَّـهُ അല്ലാഹു നേര്‍മ്മാര്‍ഗ്ഗത്തിലാക്കി فَبِهُدَاهُمُ അതിനാല്‍ അവരുടെ നേര്‍മ്മാര്‍ഗ്ഗത്തോടു, മാര്‍ഗ്ഗദര്‍ശനത്തോടു اقْتَدِهْ നീ പിന്‍തുടരുക قُل പറയുക لَّا أَسْأَلُكُمْ ഞാന്‍ നിങ്ങളോടു ചോദിക്കുന്നില്ല عَلَيْهِ ഇതിന്റെ പേരില്‍, അതിനു أَجْرًا ഒരു കൂലി, പ്രതിഫലം إِنْ هُوَ ഇതു (അതു) അല്ല إِلَّا ذِكْرَىٰ ഒരുല്‍ബോധനം (സ്മരണ - ഉപദേശം) അല്ലാതെ لِلْعَالَمِينَ ലോകര്‍ക്കു

മേല്‍പറയപ്പെട്ട എല്ലാവരും പ്രവാചകത്വം നല്‍കപ്പെടുവാനും, വേദഗ്രന്ഥം പ്രബോധനം ചെയ്‌വാനും എല്ലാ നിലക്കും അനുയോജ്യരായിരുന്നുവെന്നും, അവരൊക്കെ സന്‍മാര്‍ഗ്ഗികളായിരുന്നുവെന്നും കഴിഞ്ഞ വചനങ്ങളില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നുകൊണ്ട് അതൊക്കെ അല്ലാഹുവിങ്കല്‍ നിന്നു അവര്‍ക്കു ലഭിച്ചതാണെന്നും, അവന്‍ ഉദ്ദേശിക്കുന്നവരെയാണ് അവന്‍ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുകയെന്നും അല്ലാഹു അറിയിക്കുന്നു. വളരെ പ്രധാനപ്പെട്ട ഒരു തത്വമാണിതു കാണിക്കുന്നത്. ഏതെങ്കിലും യോഗ്യതകൊണ്ടോ, പരിശ്രമം കൊണ്ടോ ലഭിക്കുന്ന കാര്യങ്ങളല്ല പ്രവാചകത്വ പദവിയും വേദഗ്രന്ഥവും. അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്കു മാത്രം അവന്‍ നല്‍കുന്ന അനുഗ്രഹമാണത്. പക്ഷെ, ഉപരിസൂചിതങ്ങളായ ഗുണങ്ങളുള്ള പരിശുദ്ധന്‍മാര്‍ക്കേ അവനതു നല്‍കുകയുള്ളുതാനും. തന്റെ ദൗത്യം എല്‍പിക്കുവാന്‍ പറ്റിയവര്‍ ആരാണെന്നു അവനു നല്ലപോലെ അറിയാമല്ലോ. (الله أعلم حيث يجعل رسالته) ഇതാണാ തത്വം. ക്വുര്‍ആന്‍ പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതാണിത്.

പ്രവാചകന്‍മാരുടെയും, വേദഗ്രന്ഥങ്ങളുടെയും, ദൗത്യത്തിനു കടക വിരുദ്ധമായതാണല്ലോ ശിര്‍ക്ക്. അതുകൊണ്ടാണ് അതോടൊപ്പം തന്നെ وَلَوْ أَشْرَكُوا لَحَبِطَ عَنْهُم مَّا كَانُوا يَعْمَلُونَ (അവര്‍ ശിര്‍ക്കു ചെയ്തിരുന്നെങ്കില്‍ അവര്‍ പ്രവര്‍ത്തിചിരുന്നതെല്ലാം പൊളിഞ്ഞു ഫല ശൂന്യമായിപ്പോകുമായിരുന്നു) എന്നു പറഞ്ഞിരിക്കുന്നത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കും, മുന്‍ പ്രവാചകന്‍മാര്‍ക്കുമെല്ലാം തന്നെ, ശിര്‍ക്കു ചെയ്യുന്നപക്ഷം നിശ്ചയമായും നിന്റെ കര്‍മ്മം പൊളിഞ്ഞു നിഷ്ഫലമായിപ്പോകുന്നതാണെന്നും, നീ നഷ്ടക്കാരില്‍പെട്ടു പോകുമെന്നും അല്ലാഹു വഹ്യു നല്‍കുകയുണ്ടായിട്ടുണ്ടെന്നു സൂ: സുമര്‍ – 65ല്‍ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. പ്രവാചകന്‍മാര്‍ ശിര്‍ക്കോ, ശിര്‍ക്കിലേക്കു കാരണമായിത്തീരുന്നതോ ഒന്നും ചെയ്കയില്ലെന്നും തീര്‍ച്ച. അങ്ങനെ വല്ലതും അവര്‍ ചെയ്തുവെന്നു സങ്കല്‍പിക്കുക: എന്നാളവരുടെ കര്‍മ്മങ്ങളെല്ലാം ഫലശൂന്യമാകുകയും, മറ്റു മുശ്രിക്കുകളെപ്പോലെ അവരും നഷ്ടക്കാരായിത്തീരുകയും ചെയ്യുമെന്നാണിതിന്റെ അര്‍ത്ഥം. ശിര്‍ക്കിന്റെ ഗൗരവവും, അതേ സമയത്തു പ്രവാചകന്‍മാരുടെ പരിശുദ്ധതയുമാണിതു കാണിക്കുന്നത്.

തൗഹീദിന്റെ പ്രബോധനത്തിനും പ്രചാരണത്തിനും നിയോഗിക്കപ്പെട്ടവരാണ് മേല്‍പറഞ്ഞവരൊക്കെ. ആ ആവശ്യാര്‍ത്ഥം അവര്‍ക്കു വേദഗ്രന്ഥങ്ങളും, ജനങ്ങള്‍ക്കിടയില്‍ വിധി കല്‍പിക്കുവാനുള്ള വിജ്ഞാനവും, പ്രവാചക പദവിയും നല്‍കപ്പെട്ടിരുന്നു. അവരെപ്പോലെ, അതേ ലക്ഷ്യത്തിനുവേണ്ടി, അതേപ്രകാരം വേദഗ്രന്ഥവും വിജ്ഞാനവും പ്രവാചകത്വവും നല്‍കപ്പെട്ട ആളാണ്‌ മുഹമ്മദ്‌ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നബിയും. അദ്ദേഹത്തെ നിഷേധിക്കുന്നതു അവരെയെല്ലാം നിഷേധിക്കലാണ്. വസ്തുത ഇതായിരുന്നിട്ടും ഈ ജനത അദ്ദേഹത്തില്‍ വിശ്വസിക്കുവാന്‍ തയ്യാറാകുന്നില്ലെങ്കില്‍ – വേണ്ടാ – അവര്‍ അവരുടെ പാട്ടിനു പോയിക്കൊള്ളട്ടെ. അവര്‍ വിശ്വസിക്കാത്തതുകൊണ്ട് ഈ ലക്‌ഷ്യം മുടങ്ങിപ്പോകുമെന്നു അവര്‍ കരുതേണ്ടാ. നിഷേധികളല്ലാത്ത – തികച്ചും വിശ്വാസികളായ – വേറൊരു കൂട്ടരെ നാം അതിനു തയ്യാറാക്കി വെച്ചിട്ടുണ്ട് എന്നിങ്ങിനെ അല്ലാഹു മക്കാ മുശ്രിക്കുകളെ താക്കീത് ചെയ്യുന്നു. മക്കീ സൂറത്തുകളില്‍ പെട്ടതാണല്ലോ ഈ സൂറത്ത്. ഇതു അവതരിച്ച് അധികം കഴിയുന്നതിനു മുമ്പായി മദീനായിലെ അന്‍സാരികളും മുഹാജിറുകളും തൗഹീദിന്റെ ദൗത്യവാഹകന്മാരായ കഥ പ്രസിദ്ധമാണല്ലോ.

അവസാനം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അഭിമുഖീകരിച്ചുകൊണ്ടു രണ്ടു കാര്യങ്ങള്‍ ഉണര്‍ത്തിയിരിക്കുന്നു:

(1) ആ പ്രവാചകവര്യന്മാര്‍ സ്വീകരിച്ചും അനുഷ്ഠിച്ചും വന്ന ആ മാര്‍ഗ്ഗം പിന്‍പറ്റണമെന്നു.

(2) അതിന്റെ പേരില്‍ യാതൊരു പ്രതിഫലവും എനിക്കാവശ്യമില്ല; ലോക ജനതയുടെ നന്മക്കുവേണ്ടിയുള്ള ഒരു പൊതു ഉല്‍ബോധനവും ഉപദേശവും മാത്രമാണിത്; എനിക്കതില്‍ യാതൊരു സ്വാര്‍ത്ഥവുമില്ല എന്നു പ്രഖ്യാപിക്കണമെന്ന്.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു പുതിയ പ്രസ്ഥാനത്തിന്റെ വക്താവൊന്നുമല്ല. പണ്ടുകാലം മുതല്‍ക്കേ മനുഷ്യലോകത്തിനു വേണ്ടി അല്ലാഹു നിശ്ചയിച്ചവതരിപ്പിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരു സാന്‍മാര്‍ഗ്ഗിക വ്യവസ്ഥയുടെ പൂര്‍ത്തീകരണമാണു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ അദ്ദേഹത്തിന്റേതായ ഒരു സ്വാര്‍ത്ഥോദ്ദേശ്യവും ഇല്ല. ഈ യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങളെ ഗ്രഹിപ്പിക്കുകയാണ് ഈ കല്‍പനയുടെ താല്‍പര്യം. മതരംഗത്തു പ്രവര്‍ത്തനം നടത്തുന്നവരെല്ലാം സദാ ഓര്‍മ്മിച്ചിരിക്കേണ്ടുന്ന രണ്ടു കാര്യങ്ങളാണിവ. അതെ, മുന്‍ഗാമികളായ മാതൃകാപുരുഷന്‍മാരുടെ സച്ചരിതങ്ങളെ പിന്‍തുടരലും, പ്രതിഫലേച്ഛയും സ്വാര്‍ത്ഥതാല്‍പര്യവും ഇല്ലാതിരിക്കലും. والله الموفق والمعين