വിഭാഗം - 14

5:104
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَسْـَٔلُوا۟ عَنْ أَشْيَآءَ إِن تُبْدَ لَكُمْ تَسُؤْكُمْ وَإِن تَسْـَٔلُوا۟ عَنْهَا حِينَ يُنَزَّلُ ٱلْقُرْءَانُ تُبْدَ لَكُمْ عَفَا ٱللَّهُ عَنْهَا ۗ وَٱللَّهُ غَفُورٌ حَلِيمٌ ﴾١٠٤﴿
  • ഹേ, വിശ്വസിച്ചവരേ, ചിലകാര്യങ്ങളെക്കുറിച്ചു നിങ്ങള്‍ ചോദിക്കരുത്: അവ നിങ്ങള്‍ക്ക് വെളിവാക്കപ്പെട്ടാല്‍ അവ നിങ്ങളെ അതൃപ്തിപ്പെടുത്തും; ക്വുര്‍ആന്‍ അവതരിക്കപ്പെടുന്ന സമയത്ത് അവയെപ്പറ്റി നിങ്ങള്‍ ചോദിക്കുന്നതായാല്‍, നിങ്ങള്‍ക്ക് അവ വെളിവാക്കപ്പെടുകയും ചെയ്യും. അവയെക്കുറിച്ചു അല്ലാഹു മാപ്പു നല്‍കിയിരിക്കുകയാണ്. അല്ലാഹുവളരെ പൊറുക്കുന്നവനാണ്; സഹനശീലനാണ്.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ لَا تَسْأَلُوا നിങ്ങള്‍ ചോദിക്കരുത് (അന്വേഷിക്കരുത്) عَنْ أَشْيَاءَ ചില (പല)കാര്യങ്ങളെക്കുറിച്ച് إِن تُبْدَ അവ വെളിവാക്ക (വ്യക്തമാക്ക)പ്പെട്ടാല്‍ لَكُمْ നിങ്ങള്‍ക്ക് تَسُؤْكُمْ അവ നിങ്ങളെ അതൃപ്തിപ്പെടുത്തും, നിങ്ങള്‍ക്ക്അനിഷ്ടം വരുത്തും وَإِن تَسْأَلُوا നിങ്ങള്‍ ചോദിക്കുന്ന പക്ഷം عَنْهَا അവയെപ്പറ്റി حِينَ يُنَزَّلُ ഇറക്ക(അവതരപ്പിക്ക)പ്പെടുന്ന സമയത്ത് الْقُرْآنُ ക്വുര്‍ആന്‍ تُبْدَ لَكُمْ അവ നിങ്ങള്‍ക്ക് വെളിവാക്കപ്പെടും عَفَا اللَّهُ അല്ലാഹു മാപ്പു ചെയ്തിരിക്കുന്നു عَنْهَا അവയെപ്പറ്റി وَاللَّهُ അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവനാണ് حَلِيمٌ സഹനശീലനാണ്
5:105
  • قَدْ سَأَلَهَا قَوْمٌ مِّن قَبْلِكُمْ ثُمَّ أَصْبَحُوا۟ بِهَا كَـٰفِرِينَ ﴾١٠٥﴿
  • നിങ്ങളുടെ മുമ്പ് ഒരു ജനത അവ (സംബന്ധിച്ച്) ചോദിക്കുകയുണ്ടായി; പിന്നീട് അവര്‍ അവയില്‍ അവിശ്വാസികളായിത്തീര്‍ന്നു.
  • قَدْ سَأَلَهَا അവ ചോദിച്ചിട്ടുണ്ട് قَوْمٌ ഒരു ജനത مِّن قَبْلِكُمْ നിങ്ങളുടെ മുമ്പ്, മുമ്പുള്ള ثُمَّ أَصْبَحُوا പിന്നീട് അവരായിത്തീര്‍ന്നു بِهَا അവയില്‍, അവയെപ്പറ്റി كَافِرِينَ അവിശ്വാസികള്‍, നിഷേധികള്‍

അനാവശ്യമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയും, ഉപകാരപ്രദമല്ലാത്ത അന്വേഷണങ്ങള്‍ നടത്തുകയും ചെയ്യുന്നതിനെയാണ് അല്ലാഹു വിരോധിക്കുന്നത്. അങ്ങിനെയുള്ള ചോദ്യങ്ങള്‍ക്ക് ലഭിക്കുന്ന മറുപടി പലപ്പോഴും ചോദ്യകര്‍ത്താവിന്‌ പോലും അതൃപ്തിയും വിഷമവും ഉളവാക്കുന്നതായിരിക്കും. എന്നാല്‍, ക്വുര്‍ആന്‍ അവത രിക്കുമ്പോള്‍അത്തരം വല്ല സംശയങ്ങളോ അവ്യക്തതയോ തോന്നുന്ന പക്ഷം, അതിനെപ്പറ്റി ചോദിച്ചറിയുകയാണെങ്കില്‍ അതിന് പരിഹാരം ലഭിക്കുകയും ചെയ്യും. ഇതിനു മുമ്പ് ഇങ്ങിനെ വല്ല ചോദ്യങ്ങളും ചോദിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് അല്ലാഹു മാപ്പാക്കിയിരിക്കുന്നു. മേലില്‍ ആരും അങ്ങിനെ ചെയ്യരുത്. മുമ്പുള്ള സമുദായക്കാര്‍-വേദക്കാര്‍-അത്തരം അനാവശ്യ ചോദ്യങ്ങള്‍ പലതും ചോദിക്കയുണ്ടായിട്ടുണ്ട്. എന്നിട്ട് ആ ചോദ്യങ്ങള്‍ക്ക്കിട്ടിയ മറുപടിക്കനുസരിച്ച് നിറവേറ്റേിയിരുന്ന ബാധ്യതകള്‍ അവര്‍ നിറവേറ്റുകയുണ്ടായില്ല. അവയെ ലംഘിക്കുകയും നിഷേധിക്കുകയുമാണവര്‍ ചെയ്തത്. അതു പോലെ സത്യവിശ്വാസികളും ആയിത്തീരാതിരിക്കുവാനാണ് ഇങ്ങനെ ഉപദേശിക്കുന്നത് എന്നൊക്കെയാണ് അല്ലാഹു പറഞ്ഞതിന്റെ താല്‍പര്യം.

ഒരു കാര്യം ഇന്നിന്ന പ്രകാരമായിരിക്കണമെന്ന് വിശദീകരിക്കപ്പെട്ടിട്ടില്ലാത്തപ്പോള്‍ ജനങ്ങള്‍ക്ക് അവരുടെ ഹിതവും സൗകര്യവും അനുസരിച്ച് അത് കൈകാര്യംചെയ്‌വാന്‍ വിഷമമുണ്ടായിരിക്കയില്ല. വിശദാംശങ്ങളെപ്പറ്റി ചോദ്യം ചെയ്യുമ്പോള്‍ ലഭിക്കുന്ന വിശദീകരണം അത് ഇന്നിന്ന പ്രകാരമായിരിക്കണമെന്നുള്ള ഒരു സുനിശ്ചിതത്വം ഉളവാക്കുന്നു. അതോടെ അതില്‍ മുമ്പുണ്ടായിരുന്ന വിശാലതയും സൗകര്യവും നീങ്ങിപ്പോകുകയും, അതില്‍ കൃത്യതയും കണിശതയും വര്‍ദ്ധിക്കുകയും ചെയ്യുന്നു. അതിന് ഇടവരുത്താതിരിക്കുകയാണ് നല്ലത് എന്നത്രെ ഈ നിരോധത്തിലടങ്ങിയ തത്വം. ഇസ്‌റാഈല്യര്‍ മൂസാ നബി (عليه السلام) യോടും, മറ്റു ചില പ്രവാചകന്മാരോടും അനാവശ്യചോദ്യങ്ങള്‍ നടത്തിക്കൊണ്ടിരുന്നതും, അവസാനം, അവര്‍ക്ക് ലഭിച്ച വിശദീകരണങ്ങള്‍ അവര്‍ക്കു തന്നെ ദോഷകരമായി കലാശിച്ചതും, അവരുടെ അനുസരണക്കേടിനും നിഷേധത്തിനും അത് വഴിവെക്കുകയുണ്ടായതുമാണ് അല്ലാഹു ചൂണ്ടിക്കാണിച്ചത്. അതിന്റെ പല ഉദാഹരണങ്ങളും സൂറത്തുല്‍ ബക്വറഃ 67 – 71 ലും മറ്റുമായി അല്ലാഹു ഉദ്ധരിച്ചിട്ടുണ്ടു താനും.

ഈ നിരോധം അവതരിക്കുവാന്‍ കാരണമാകുമാറുള്ള ചില സംഭവങ്ങള്‍ ഹദീഥുകളില്‍ വന്നിരിക്കുന്നു. ഒരിക്കല്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് പലരും പലതും ചോദിച്ചുകൊണ്ടിരുന്നു. തിരുമേനിക്ക് ദ്വേഷ്യം പിടിച്ചു. ‘ചോദിച്ചോളൂ! ചോദിച്ചോളൂ!’ എന്നു പറഞ്ഞു. സ്വഹാബികള്‍ക്ക് ഭയമായി. അവര്‍ തല മൂടിയിട്ട് കരയുവാന്‍ തുടങ്ങി. ഈ അവസരത്തില്‍ കൂട്ടത്തിലൊരാള്‍ എഴുന്നേറ്റു. അയാളുടെ സാക്ഷാല്‍ പിതാവിലേക്കു ചേര്‍ക്കപ്പെട്ടു കൊണ്ടല്ല അയാള്‍ വിളിക്കപ്പെട്ടിരുന്നത്. അയാള്‍ ചോദിച്ചു: ‘നബിയേ, എന്റെ പിതാവ് ആരാണ്?’ തിരുമേനി ഉത്തരം പറഞ്ഞു: ‘തന്റെ പിതാവ് ഹുദാഫഃ (حذافة) യാകുന്നു.’ അപ്പോള്‍, ഉമര്‍ (رَضِيَ اللهُ عَنْهُ) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കലേക്കു ചെന്നു ‘ഞങ്ങള്‍അല്ലാഹുവിനെ റബ്ബായും, അങ്ങയെ റസൂലായും, ഇസ്‌ലാമിനെ മതമായും തൃപ്തിപ്പെട്ടിരിക്കുന്നു. അങ്ങുന്ന് ഞങ്ങള്‍ക്ക് മാപ്പു തരണം’ എന്നപേക്ഷിച്ചുകൊണ്ടിരുന്നു. അങ്ങനെ തിരുമേനി സമാധാനപ്പെട്ടു. ഈ സംഭവം, ബുഖാരി, മുസ്‌ലിം (رحمهما الله) മുതലായവര്‍ഉദ്ധരിച്ചതാണ്.

ഹജ്ജ് കര്‍മം നിര്‍ബന്ധമാക്കിക്കൊണ്ട് ക്വുര്‍ആന്‍ അവതരിച്ചപ്പോള്‍ ചില സ്വഹാബികള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട്: ‘എല്ലാ കൊല്ലവും നിര്‍ബന്ധമാണോ?’ എന്ന് ചോദിച്ചു. തിരുമേനി മറുപടിയൊന്നും പറഞ്ഞില്ല. ചോദ്യകര്‍ത്താവ് ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. തിരുമേനി അപ്പോഴൊക്കെ മിണ്ടാതിരിക്കുകയാണ് ചെയ്തത്. മൂന്നാമത്തെ പ്രാവശ്യത്തില്‍ തിരുമേനി പറഞ്ഞു: ‘അതെ’ എന്നു ഞാന്‍ പറഞ്ഞാല്‍ അത് നിര്‍ബന്ധമാകുക തന്നെ ചെയ്യും. നിര്‍ബന്ധമായാല്‍ നിങ്ങള്‍ക്കതിന് സാധ്യമാകാതെയും വരും. ഞാന്‍ നിങ്ങളെ ഒഴിവാക്കി വിടുമ്പോള്‍ നിങ്ങള്‍ എന്നെ (ചോദ്യം ചെയ്യാതെ) വിട്ടേക്കണം. നിങ്ങളുടെ മുമ്പുള്ളവര്‍ നാശമടഞ്ഞത് അവരുടെ ചോദ്യത്തിന്റെ ആധിക്യവും, അവരുടെ നബിമാരോട് അവര്‍ വിയോജിപ്പ് കാണിച്ചതും നിമിത്തം തന്നെയാണ്. അതുകൊണ്ട് ഞാന്‍ നിങ്ങളോട് വല്ലതും കല്‍പിച്ചാല്‍, അതില്‍ നിന്നും കഴിയുന്നത്ര നിങ്ങള്‍ചെയ്തുകൊള്ളുക. ഞാന്‍ നിങ്ങളോട് വല്ലതും വിരോധിച്ചാല്‍ അത് നിങ്ങള്‍ (പാടെ) വിട്ടേക്കുകയും ചെയ്തു കൊള്ളുക. അഹ്മദ്, മുസ്‌ലിം, ഹാകിം (رَحِمَهُمُ الله) മുതലായവര്‍ ഉദ്ധരിച്ചതാണിത്.

ഇതുപോലെയുള്ള ചില സംഭവങ്ങള്‍ വേറെയും ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. ഇങ്ങിനെയുള്ള ചില കാരണങ്ങളാണ് ഈ വചനത്തിന്റെ അവതരണഹേതു എന്ന് ഹദീഥുകളില്‍ നിന്ന് മനസ്സിലാകുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്തതായി സഅ്ദുബ്‌നു അബീവക്ക്വാസ്വ് (റ) പ്രസ്താവിക്കുന്നു: ‘മുസ്‌ലിംകളില്‍വെച്ചു വമ്പിച്ച തെറ്റുകാരന്‍ യാതൊരുവനാകുന്നു: നിഷിദ്ധമാക്കപ്പെട്ടിട്ടില്ലാത്ത ഒരു കാര്യം, അവന്റെ ചോദ്യം നിമിത്തം നിഷിദ്ധമാക്കപ്പെട്ടു’ (ബു; മു). മറ്റൊരു നബി വചനത്തിലെ വാചകം ഇങ്ങിനെയാണ്: ‘നിങ്ങളോടുള്ള കാരുണ്യം നിമിത്തം-മറന്നു പോയതു കൊണ്ടല്ല- പല കാര്യങ്ങളെക്കുറിച്ചും അല്ലാഹു മൗനം അവലംബിച്ചിട്ടുണ്ട്. അവയെപ്പറ്റി നിങ്ങള്‍ ചോദ്യം നടത്തരുത്’.

വിവരമില്ലാത്ത കാര്യം ചോദിച്ചറിയരുതെന്നോ, സംശയത്തിനു പരിഹാരം തേടിക്കൂടാ എന്നോ അല്ല. ഇതുപോലെയുള്ള ക്വുര്‍ആന്‍ വചനങ്ങളുടെയും, നബി വചനങ്ങളുടെയും പൊരുള്‍. അനാവശ്യമായ വിശദീകരണം ആവശ്യപ്പെടുക, സങ്കല്‍പ ചോദ്യങ്ങള്‍ ഉന്നയിക്കുക, സംഭവിക്കാത്ത കാര്യങ്ങളെക്കുറിച്ച് ചോദ്യം നടത്തുക, അനുഷ്ഠിക്കുവാനല്ലാതെ -തര്‍ക്കത്തിനുവേണ്ടിയോ പരീക്ഷിക്കുവാന്‍ വേണ്ടിയോ- ചോദിക്കുക മുതലായവയാണ് വിരോധിക്കപ്പെട്ടിരിക്കുന്നത്. അറിയാത്ത കാര്യങ്ങള്‍ അന്വേഷിച്ചു മനസ്സിലാക്കണമെന്നുള്ളത് ക്വുര്‍ആനില്‍ നിന്നും ഹദീഥില്‍ നിന്നും അറിയപ്പെട്ടിട്ടുള്ളതാകുന്നു.

5:106
  • مَا جَعَلَ ٱللَّهُ مِنۢ بَحِيرَةٍ وَلَا سَآئِبَةٍ وَلَا وَصِيلَةٍ وَلَا حَامٍ ۙ وَلَـٰكِنَّ ٱلَّذِينَ كَفَرُوا۟ يَفْتَرُونَ عَلَى ٱللَّهِ ٱلْكَذِبَ ۖ وَأَكْثَرُهُمْ لَا يَعْقِلُونَ ﴾١٠٦﴿
  • 'ബഹീറത്താ'കട്ടെ, 'സാഇബത്താ'കട്ടെ, 'വസ്വീലത്താ'കട്ടെ, 'ഹാം' ആകട്ടെ (ഒന്നും തന്നെ) അല്ലാഹു ഏര്‍പ്പെടുത്തിയിട്ടില്ല; പക്ഷേ, അവിശ്വസിച്ചവര്‍ അല്ലാഹുവിന്റെ പേരില്‍ വ്യാജം കെട്ടിച്ചമക്കുകയാണ്. അവരില്‍ അധികമാളും ബുദ്ധികൊടു(ത്തു ഗ്രഹി)ക്കുന്നില്ല.
  • مَا جَعَلَ اللَّهُ അല്ലാഹു ആക്കി (ഏര്‍പ്പെടുത്തി)യിട്ടില്ല مِن بَحِيرَةٍ ഒരു ബഹീറത്തിനെയും وَلَا سَائِبَةٍ സാഇബത്തിനെയുമില്ല وَلَا وَصِيلَةٍ വസ്വീലത്തിനെയുമില്ല وَلَا حَامٍ ഹാമിനെയും ഇല്ല وَلَٰكِنَّ എങ്കിലും الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ يَفْتَرُونَ അവര്‍ കെട്ടിച്ചമക്കുന്നു عَلَى اللَّهِ അല്ലാഹുവിന്റെ മേല്‍ الْكَذِبَ കളവ്, വ്യാജം وَأَكْثَرُهُمْ അവരില്‍ അധികമാളും لَا يَعْقِلُونَ ബുദ്ധി കൊടുക്കുന്നില്ല, ഗ്രഹിക്കുന്നില്ല, ചിന്തിക്കുന്നില്ല
5:107
  • وَإِذَا قِيلَ لَهُمْ تَعَالَوْا۟ إِلَىٰ مَآ أَنزَلَ ٱللَّهُ وَإِلَى ٱلرَّسُولِ قَالُوا۟ حَسْبُنَا مَا وَجَدْنَا عَلَيْهِ ءَابَآءَنَآ ۚ أَوَلَوْ كَانَ ءَابَآؤُهُمْ لَا يَعْلَمُونَ شَيْـًٔا وَلَا يَهْتَدُونَ ﴾١٠٧﴿
  • അവരോട്: 'അല്ലാഹു ഇറക്കിയതിലേക്കും റസൂലിലേക്കും വരുവിന്‍' എന്ന് പറയപ്പെട്ടാല്‍, അവര്‍ പറയും: 'ഞങ്ങളുടെ പിതാക്കളെ ഏതൊരു പ്രകാരത്തില്‍ ഞങ്ങള്‍ കണ്ടെത്തിയോ അതുമതി ഞങ്ങള്‍ക്ക്' എന്ന്. അവരുടെ പിതാക്കള്‍ക്ക് യാതൊന്നു അറിയാതെയും, അവര്‍ സന്മാര്‍ഗം പ്രാപിക്കാതെയുമായിരുന്നാലുമോ?! [എന്നാലും അവര്‍ക്ക് അതു തന്നെ മതിയോ?!]
  • وَإِذَا قِيلَ لَهُمْ അവരോടു പറയപ്പെട്ടാല്‍ تَعَالَوْا നിങ്ങള്‍ വരുവിന്‍ إِلَىٰ مَا أَنزَلَ ഇറക്കിയതിലേക്ക് اللَّهُ അല്ലാഹു وَإِلَى الرَّسُولِ റസൂലിലേക്കും قَالُوا അവര്‍ പറയും, പറയുകയായി حَسْبُنَا ഞങ്ങള്‍ക്കു മതി مَا وَجَدْنَا عَلَيْهِ ഞങ്ങള്‍ (യാതൊരു പ്രകാരം) കണ്ടെത്തിയോ അത് آبَاءَنَا ഞങ്ങളുടെ പിതാക്കളെ أَوَلَوْ كَانَ ആയിരുന്നാലുമോ آبَاؤُهُمْ അവരുടെപിതാക്കള്‍ لَا يَعْلَمُونَ അവര്‍ അറിയാതെ, അറിയുകയില്ല شَيْئًا യാതൊന്നും وَلَا يَهْتَدُونَ അവര്‍ നേര്‍മാര്‍ഗം പ്രാപിക്കാതെയും (പ്രാപിക്കുന്നുമില്ല)

മുശ്‌രിക്കുകള്‍ അവരുടെ ദൈവങ്ങള്‍ക്ക് -വിഗ്രഹങ്ങള്‍ക്ക്- നേര്‍ച്ച വഴിപാടായി നിശ്ചയിക്കപ്പെട്ടിരുന്ന ചിലതരം മൃഗങ്ങളെപ്പറ്റിയാണ് ഈ വചനത്തില്‍ പ്രസ്താവിക്കുന്നത്. ഓരോന്നിന്റെയും നിര്‍വ്വചനത്തില്‍ പല അഭിപ്രായങ്ങളും ഉള്ളതു കൊണ്ട് ഉദാഹരണാര്‍ത്ഥം ഓരോന്നു മാത്രം വിവരിക്കാം: ഒരു ഒട്ടകം അഞ്ചു പ്രസവം കഴിഞ്ഞാല്‍അതിനെ ദൈവങ്ങള്‍ക്കായി ഉഴിഞ്ഞിടുകയും, അതിന്റെ അടയാളമായി അതിന്റെ കാതുകീറുകയും ചെയ്യുക പതിവായിരുന്നു. പിന്നീട് ആരും അതിന്റെ പാല്‍ കറക്കുകയില്ല.പാല്‍ ദൈവങ്ങള്‍ക്കാണെന്നാണ് സങ്കല്‍പം. ഇങ്ങിനെയുള്ള ഒട്ടകമാണ് ബഹീറത്ത് (بحيرة). രോഗശമനം മുതലായ വല്ല കാര്യങ്ങളെയും മുന്‍നിറുത്തി ദൈവങ്ങള്‍ക്ക് നേര്‍ച്ചയിടുകയും, അനന്തരം യഥേഷ്ടം മേഞ്ഞു നടക്കുവാന്‍ വിടുകയും ചെയ്യപ്പെടുന്ന ഒട്ടകത്തിനാണ് ‘സാഇബത്ത്’ (سائبة) എന്ന് പറയുന്നത്. പിന്നീടതിനെ വാഹനമായോ മറ്റോ ഉപയോഗിക്കുകയില്ല. ഒരു ആടിന്റെ ആദ്യത്തെ പ്രസവത്തില്‍ ജനിച്ചത് ആണ്‍കുട്ടിയായാല്‍ അത് ദൈവങ്ങള്‍ക്കും, പെണ്‍കുട്ടിയായാല്‍ അവര്‍ക്കുമായിരിക്കും. ആണിനെയും പെണ്ണിനെയും പ്രസവിച്ചാല്‍ അത് ‘വസ്വീലത്ത്’ (وصيلة) ആയിത്തീരുന്നതാണ്. ഒരു നിശ്ചിത എണ്ണം സന്താനങ്ങളുടെ പിതാവായിത്തീര്‍ന്ന ഒട്ടകക്കൂറ്റന്‍ പിന്നീട് ദൈവങ്ങള്‍ക്കായി ഒഴിച്ചു വിടപ്പെടും. അതിനു ‘ഹാം’ (حام) എന്നും പറയപ്പെടും. ഓരോന്നിന്റെയും നിര്‍വ്വചനങ്ങള്‍ വേറെ രൂപങ്ങളിലും വിവരിക്കപ്പെട്ടു കാണാം. ഓരോന്നിനെക്കുറിച്ചും ചില വിശദീകരണങ്ങള്‍ പറയപ്പെടുന്നുണ്ട്. ആയത്തിലെ ആശയം മനസ്സിലാക്കുന്നതിന് അവയൊന്നും വിസ്തരിക്കേണ്ടുന്ന ആവശ്യം കാണുന്നില്ല. മൊത്തത്തില്‍ പറഞ്ഞാല്‍, മൃഗങ്ങളെ വിഗ്രഹങ്ങള്‍ക്ക് നേര്‍ച്ചയാക്കി വിടുന്ന പലസമ്പ്രദായങ്ങളും മുശ്‌രിക്കുകള്‍ക്കിടയില്‍ ഉണ്ടായിരുന്നു. അവ ഒന്നും തന്നെ അല്ലാഹു നിയമിച്ചതോ അനുവദിച്ചതോ അല്ല. അവരാകട്ടെ, എല്ലാം അല്ലാഹു കല്‍പിച്ച പുണ്യകര്‍മങ്ങളും, ആരാധനാമുറകളുമാണെന്ന നിലക്കാണ് അതൊക്കെ ചെയ്തുവരുന്നത്. ഇത് അല്ലാഹുവിന്റെ പേരില്‍ വ്യാജം കെട്ടിച്ചമക്കലാണെന്ന് പറയേണ്ടതില്ലല്ലോ. അവരുടെ പൂര്‍വ്വികന്മാര്‍ ആചരിച്ചു വന്നതിനെ അനുകരിക്കുകയെന്നല്ലാതെ, എന്തെങ്കിലും തെളിവോ ന്യായമോ അവര്‍ക്കില്ല താനും.

അന്നത്തെ മുശ്‌രിക്കുകള്‍ സ്വീകരിച്ചിരുന്ന അതേ രൂപത്തിലും അതേ നാമത്തിലുമല്ലെങ്കിലും, അവയോട് സാമ്യമുള്ള പലതരം നേര്‍ച്ച വഴിപാടുകള്‍ ഇന്നും വിഗ്രഹാരാധകന്മാര്‍ക്കിടയില്‍ നടപ്പുണ്ട്. വിഗ്രഹാരാധകരില്‍ മാത്രമല്ല, ഇസ്‌ലാമിനെപ്പറ്റികാര്യമായൊന്നും അറിഞ്ഞുകൂടാത്ത പാമര മുസ്‌ലിംകള്‍ക്കിടയില്‍ തന്നെയും പലതും കാണാവുന്നതാണ്. മൃഗങ്ങളെ മാത്രമല്ല, ചിലര്‍ പ്രാവ്, കോഴി മുതലായ പക്ഷികളെയും വഴിപാടാക്കി വിടാറുണ്ട്. പക്ഷേ, ഇവര്‍ വിഗ്രഹങ്ങളുടെ പേരിലല്ല, വല്ല മഹാത്മാക്കളുടെ പേരിലോ, അവരുടെ ക്വബ്ര്‍സ്ഥാനങ്ങളുടെ പേരിലോ ആയിരിക്കും നേര്‍ച്ചയാക്കിയിരിക്കുക എന്നു മാത്രം. അല്ലാഹു അല്ലാത്ത ആരുടെ പേരിലായാലും എന്തിന്റെ പേരിലായാലും അത് ശിര്‍ക്കില്‍ പെട്ടതു തന്നെ. ഇങ്ങിനെ വഴിപാടാക്കപ്പെട്ട ജീവികളെ-അവനിമിത്തം ഉപദ്രവങ്ങള്‍ ഉണ്ടായിരുന്നാല്‍ പോലും- വിരട്ടുവാനോ അടിക്കുവാനോ പാടില്ലെന്നു പോലും പല വിഡ്ഢികളും കരുതി വരുന്നു.

അല്ലാമാ സ്വാവീ (റ)യുടെ ഒരു പ്രസ്താവന ഇവിടെ വളരെ ശ്രദ്ധേയമാകുന്നു. അദ്ദേഹം ഈ വചനത്തിന്റെ വിവരണത്തില്‍ പറയുകയാണ്: ‘ഹറാമിന്റെ (നിഷിദ്ധത്തിന്റെ) വിഷയത്തില്‍ ഇതുപോലെതന്നെയാണ് പൊതുജനങ്ങളിലുള്ള ചില ഭോഷന്മാര്‍ ചെയ്യാറുള്ളതും. അതായത്: ഏതെങ്കിലും ഒരു വലിയ്യിന്റെ (മഹാത്മാവിന്റെ) പേരില്‍ ഒരു മൂരിക്കുട്ടനെയോ ആട്ടിനെയോ ജനങ്ങളുടെ സ്വത്തുക്കളില്‍ നിന്ന് തിന്നുമാറ് അവര്‍ വിട്ടുകളയും. ആരും അതിന് തടസ്സം വരുത്തുവാന്‍ തുനിയുകയില്ല. ഇവര്‍ക്ക് ആരെങ്കിലും ഉപദേശം നല്‍കുകയും, അത് ഹറാമാ (നിഷിദ്ധമാ)ണെന്ന് പറയുകയും ചെയ്താല്‍, അവനെപ്പറ്റി അവര്‍ തെറ്റായ ധാരണ ധരിക്കുകയും, അവന്‍ ഔലിയാക്കളെ (മഹാത്മാക്കളെ) സ്‌നേഹിക്കുന്നില്ലെന്ന് പറയുകയും ചെയ്യും. അത് പുണ്യകര്‍മവും വഴിപാടുമാണെന്ന് അവര്‍ വിശ്വസിച്ചാല്‍ അവര്‍ അവിശ്വാസികളായി. ഇല്ലാത്ത പക്ഷം, അത് ഹറാമായ കാര്യങ്ങളില്‍ പെട്ടതുമാകുന്നു. ഒരു (നല്ല) കാര്യത്തിലാണ്തങ്ങളെന്ന് അവര്‍ വിചാരിക്കുന്നു. അറിയുക. നിശ്ചയമായും അവര്‍ വ്യാജവാദികളാകുന്നു’.(*)

പ്രമാണങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഇത്തരം ആളുകളെ ഉപദേശിക്കുന്നവരോട് ഇവര്‍ക്കും പറയുവാനുള്ള ന്യായം മുന്‍കാലത്ത് ആ മുശ്‌രിക്കുകള്‍ പറഞ്ഞു വന്നിരുന്ന അതേ വാക്കുകള്‍ തന്നെ. അതെ, ഞങ്ങളുടെ പൂര്‍വ്വികന്മാര്‍ മുതല്‍ക്കേ ആചരിച്ചു വന്ന ഈ നടപടികള്‍ ഞങ്ങള്‍ ഉപേക്ഷിക്കുവാന്‍ പോകുന്നില്ല എന്ന്. അന്ധവിശ്വാസങ്ങളുടെയും, അനാചാരങ്ങളുടെയും പൊതുവെയുള്ള ന്യായീകരണം എക്കാലത്തും പൂര്‍വ്വികന്മാരെ അന്ധമായി അനുകരിച്ചു പോരുക എന്നുള്ളതാകുന്നു. പൂര്‍വ്വികന്മാര്‍ ചെയ്തത് തെറ്റോ ശരിയോ എന്നൊന്നും അവര്‍ക്ക് ആലോചനാ വിഷയമേ അല്ല.


(*) حاشية الصاوي على تفسير الجلالين ج 1 ص 249


അതുകൊണ്ടാണ് അവരുടെ ഈ അനുകരണത്തെ അപലപിച്ചു കൊണ്ടും, അവരുടെ ബുദ്ധിയെ തട്ടി ഉണര്‍ത്തിക്കൊണ്ടും അല്ലാഹു ചോദിക്കുന്നത്: ….أَوَلَوْ كَانَ آبَاؤُهُمْ (അവരുടെ പിതാക്കള്‍ക്ക് ഒന്നും അറിഞ്ഞിരുന്നതുമില്ല, അവര്‍ നേര്‍മാര്‍ഗം പ്രാപിച്ചിരുന്നതുമില്ല, എന്നാലും അവരെ പിന്‍പറ്റുക തന്നെയാണോ അവര്‍ ചെയ്യുന്നത്?!) അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ന്യായീകരണത്തിനു ഉപയോഗപ്പെടുത്താറുള്ള മറ്റൊരു അടവ് ഭൂരിപക്ഷവാദമാണ്. ഇതിനെപ്പറ്റി 103-ാം വചനത്തിലും അതിന്റെ വിവരണത്തിലും പ്രസ്താവിച്ചുവല്ലോ. ഇത്തരം അനുകരണവാദികളും, ഭൂരിപക്ഷവാദികളും പ്രത്യേകം ശ്രദ്ധിക്കേണ്ടുന്ന ഒരു ഉപദേശമാണ് അടുത്ത വചനത്തില്‍ അല്ലാഹു നല്‍കുന്നത്:-

5:108
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ عَلَيْكُمْ أَنفُسَكُمْ ۖ لَا يَضُرُّكُم مَّن ضَلَّ إِذَا ٱهْتَدَيْتُمْ ۚ إِلَى ٱللَّهِ مَرْجِعُكُمْ جَمِيعًا فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ ﴾١٠٨﴿
  • ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ നിങ്ങളുടെ സ്വന്ത(ശരീര)ങ്ങളെ കാത്തു (സൂക്ഷിച്ചു) കൊള്ളുവിന്‍. നിങ്ങള്‍ സന്മാര്‍ഗം പ്രാപിച്ചാല്‍, വഴിപിഴച്ചവര്‍ നിങ്ങള്‍ക്ക് ഉപദ്രവം വരുത്തുന്നതല്ല. അല്ലാഹുവിങ്കലേക്കത്രെ നിങ്ങളെല്ലാവരുടെയും മടങ്ങിവരവ്. അപ്പോള്‍നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി അവന്‍ നിങ്ങളെ ബോധ്യപ്പെടുന്നതാണ്.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ عَلَيْكُمْ നിങ്ങളുടെ ബാധ്യത, നിങ്ങള്‍മുറുകെ പിടിക്കുക, കാത്തുകൊള്ളുക, സൂക്ഷിക്കുക أَنفُسَكُمْ നിങ്ങളുടെ സ്വന്തങ്ങള്‍, ദേഹങ്ങളെ, ആത്മാക്കളെ, ശരീരങ്ങളെ (സ്വന്തംകാര്യങ്ങള്‍) لَا يَضُرُّكُم നിങ്ങളെദ്രോഹിക്കയില്ല, നിങ്ങള്‍ക്ക് ഉപദ്രവം ചെയ്കയില്ല مَّن ضَلَّ വഴിപിഴച്ചവര്‍ إِذَا اهْتَدَيْتُمْ നിങ്ങള്‍ സന്മാര്‍ഗം പ്രാപിച്ചാല്‍, നേര്‍മാര്‍ഗത്തിലായാല്‍ إِلَى اللَّهِ അല്ലാഹുവിങ്കലേക്കാണ് مَرْجِعُكُمْ നിങ്ങളുടെ മടക്കം, മടങ്ങി വരവ് جَمِيعًا മുഴുവനും, എല്ലാവരും فَيُنَبِّئُكُم അപ്പോള്‍ അവന്‍ നിങ്ങളെ ബോധ്യപ്പെടുത്തും, നിങ്ങള്‍ക്ക് അറിയിച്ചു തരും بِمَا كُنتُمْ നിങ്ങള്‍ ആയിരുന്നതിനെപ്പറ്റി تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കും

നിങ്ങള്‍ ഓരോരുത്തരും അവരവരുടെ സ്വന്തം കാര്യങ്ങള്‍ -രക്ഷാമാര്‍ഗം- ശ്രദ്ധിക്കണം; മറ്റുള്ളവര്‍ വഴി പിഴച്ചുപോയതുകൊണ്ട്നിങ്ങള്‍ക്ക് ദോഷമൊന്നും വരാനില്ല; നിങ്ങള്‍ നേരായ മാര്‍ഗത്തിലാണോ അല്ലേ എന്നതാണ് നിങ്ങള്‍ ഗൗനിക്കേണ്ടത്; എല്ലാവരും അവനവന്റെ കര്‍മഫലം തന്നെ അനുഭവിക്കേണ്ടിവരും; മറ്റൊരാളുടെ പിഴവുകൊണ്ട്നിങ്ങള്‍ക്ക് ഒഴിവുകഴിവ് ലഭിക്കാന്‍ പോകുന്നില്ല; നിങ്ങളെല്ലാവരും തന്നെ അല്ലാഹുവിങ്കലേക്കാണ് അവസാനം മടങ്ങി എത്തുക; അപ്പോള്‍ ഓരോരുത്തരുടെയും ചെയ്തികളെക്കുറിച്ചു -അവ ശരിയോ തെറ്റോ എന്നും മറ്റും- അവന്‍ നിങ്ങളെ ശരിക്കും ബോധ്യപ്പെടുത്തി വേണ്ട നടപടികള്‍ എടുത്തുകൊള്ളും എന്നൊക്കെയാണ് ഈ വചനത്തിന്റെ സാരം. മറ്റുള്ളവര്‍ക്ക് വേണ്ടുന്ന ഉപദേശങ്ങള്‍ നല്‍കുക, നല്ല കാര്യങ്ങള്‍കൊണ്ട് ഉപദേശിക്കുക, ചീത്ത കാര്യങ്ങളെക്കുറിച്ചു വിരോധിക്കുക, അനാചാര ദുരാചാരങ്ങളെ നീക്കം ചെയ്‌വാന്‍ ശ്രമിക്കുക എന്നിവയൊന്നും ആവശ്യമില്ലെന്നല്ല ഇപ്പറഞ്ഞതിന്റെ താല്‍പര്യം. മറ്റുള്ളവര്‍ ചെയ്യുന്നത് ശരിയോ തെറ്റോ എന്നു നോക്കാതെ അനുകരിക്കുക, മറ്റുള്ളവര്‍ പിഴച്ചു പോയെങ്കില്‍ നാമും പിഴച്ചു പോയിക്കൊള്ളട്ടെ എന്ന നിലപാട് സ്വീകരിക്കുക, തെളിവും ന്യായവും നോക്കാതെ-ഭൂരിപക്ഷത്തിന്റെയോ നല്ലവരെന്ന് കരുതപ്പെടുന്നവരുടെയോ പ്രവൃത്തികളെ മാത്രം ആധാരമാക്കി-കാര്യങ്ങള്‍ വിലയിരുത്തുക, സ്വന്തം ഗുണദോഷങ്ങളെപ്പറ്റി ഗൗനിക്കാതെ അന്യരുടെ കാര്യത്തില്‍ ശ്രദ്ധപതിക്കുക എന്നിങ്ങനെയുള്ള സമ്പ്രദായങ്ങള്‍ ഉപേക്ഷിച്ചു സ്വന്തം രക്ഷാമാര്‍ഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയാണ് വേണ്ടത് എന്നത്രെ താല്‍പര്യം.

അബൂബക്ര്‍ സ്വിദ്ദീക്വ് (റ) അദ്ദേഹത്തിന്റെ ഒരു പ്രസംഗത്തില്‍ ഇക്കാര്യം പ്രത്യേകം ഉണര്‍ത്തുകയുണ്ടായി. അദ്ദേഹം പറഞ്ഞു: ഹേ, മനുഷ്യരേ, നിങ്ങള്‍ عَلَيْكُمْ أَنفُسَكُمْ എന്നുള്ള (ഈ) വചനം ഓതുന്നു. അതിനെ അതിന്റെ സ്ഥാനത്തല്ലാതെ നിങ്ങള്‍ വെക്കുകയും ചെയ്യുന്നു. റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങിനെ പറയുന്നത് ഞാന്‍കേട്ടിട്ടുണ്ട്: ‘ഒരു നിരോധിക്കപ്പെട്ട കാര്യം കിട്ട് ജനങ്ങള്‍ അതിന് മാറ്റം വരുത്താതിരിക്കുന്ന പക്ഷം, അല്ലാഹു അവരില്‍ പൊതുവായ വല്ല ശിക്ഷയും ഏര്‍പ്പെടുത്തുവാന്‍ ഇടയാകുന്നതാണ്’ (അ; ദാ; തി; ജ; ന;). അബൂഥഅ്‌ ലബത്തല്‍ ഖുശനീ (റ)യോടു ഈ ക്വുര്‍ആന്‍ വചനത്തെപ്പറ്റി ചോദിക്കപ്പെട്ടപ്പോള്‍, അദ്ദേഹം നല്‍കിയ മറുപടി ഇതായിരുന്നു: ‘സൂക്ഷ്മമായി അറിയുന്ന ഒരാളോട് -അതായത്, റസൂല്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട്- ഞാന്‍ അതിനെപ്പറ്റി ചോദിച്ചിരിക്കുന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘എന്നാല്‍, നിങ്ങള്‍ സദാചാരത്തെക്കുറിച്ചു ഉപദേശിക്കണം; ദുരാചാരത്തെക്കുറിച്ചു നിരോധിക്കുകയും ചെയ്യണം. അങ്ങനെ, ലുബ്ധതക്ക് വഴിപ്പെടുന്നതായും, തന്നിഷ്ടം പിന്‍പറ്റപ്പെടുന്നതായും, ഐഹിക കാര്യത്തിന് പ്രാധാന്യം നല്‍കപ്പെടുന്നതായും, ഓരോരുത്തരും അവരവരുടെ അഭിപ്രായം കൊണ്ട് തൃപ്തി അടയുന്നതായും നീ കണ്ടാല്‍, അപ്പോള്‍ നീ നിന്റെ സ്വന്തം കാര്യം നോക്കുക. പൊതുജനങ്ങളുടെ കാര്യം നീ വിട്ടേക്കുകയും ചെയ്യുക. നിങ്ങളുടെ പിന്നാലെ ചില നാളുകള്‍ വരാനിരിക്കുന്നു; അന്ന് ക്ഷമ കൈക്കൊള്ളുന്നവന്‍ തീക്കനലിന്‍മേല്‍ പിടിച്ചവനെപ്പോലെയായിരിക്കും. അന്ന് (സല്‍ക്കര്‍മം) പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിങ്ങളുടെ പ്രവൃത്തിപോലെ പ്രവര്‍ത്തിക്കുന്ന അമ്പതുപേരുടെ അത്ര പ്രതിഫലമുണ്ടായിരിക്കുന്നതാണ്.’ (തി; ദാ; ജ.)

5:109
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ شَهَـٰدَةُ بَيْنِكُمْ إِذَا حَضَرَ أَحَدَكُمُ ٱلْمَوْتُ حِينَ ٱلْوَصِيَّةِ ٱثْنَانِ ذَوَا عَدْلٍ مِّنكُمْ أَوْ ءَاخَرَانِ مِنْ غَيْرِكُمْ إِنْ أَنتُمْ ضَرَبْتُمْ فِى ٱلْأَرْضِ فَأَصَـٰبَتْكُم مُّصِيبَةُ ٱلْمَوْتِ ۚ تَحْبِسُونَهُمَا مِنۢ بَعْدِ ٱلصَّلَوٰةِ فَيُقْسِمَانِ بِٱللَّهِ إِنِ ٱرْتَبْتُمْ لَا نَشْتَرِى بِهِۦ ثَمَنًا وَلَوْ كَانَ ذَا قُرْبَىٰ ۙ وَلَا نَكْتُمُ شَهَـٰدَةَ ٱللَّهِ إِنَّآ إِذًا لَّمِنَ ٱلْـَٔاثِمِينَ ﴾١٠٩﴿
  • ഹേ, വിശ്വസിച്ചവരേ, നിങ്ങളില്‍ ഒരാള്‍ക്ക് മരണം ആസന്നമായാല്‍, 'വസ്വിയ്യത്തി'ന്റെ സമയത്ത്നിങ്ങള്‍ക്കിടയിലുള്ള സാക്ഷ്യം, നിങ്ങളില്‍ നിന്നുള്ള നീതിമാന്മാരായ രണ്ടാളുകളാകുന്നു. അല്ലെങ്കില്‍ നിങ്ങളല്ലാത്തവരില്‍ നിന്നുള്ള വേറെ രണ്ടാളുകള്‍, -നിങ്ങള്‍ ഭൂമിയില്‍ യാത്ര ചെയ്യുകയും, എന്നിട്ട് നിങ്ങള്‍ക്ക് മരണ വിപത്ത്ബാധിക്കുകയും ചെയ്തുവെങ്കില്‍. അവരെ രണ്ടാളെയും നിങ്ങള്‍ നമസ്‌കാരത്തിനു ശേഷം തടഞ്ഞു നിറുത്തണം; എന്നിട്ട് -നിങ്ങള്‍ക്ക് സന്ദേഹം ഏര്‍പ്പെട്ടാല്‍- അവര്‍ രണ്ടാളും അല്ലാഹുവില്‍ (ഇങ്ങിനെ) സത്യംചെയ്യണം. 'അടുത്ത (കുടുംബ) ബന്ധമുള്ളവനായിരുന്നാലും ഞങ്ങള്‍ ഇതിന് (പകരം) ഒരു പ്രതിഫലവും വാങ്ങുന്നതല്ല; അല്ലാഹുവിന്റെ സാക്ഷ്യം ഞങ്ങള്‍ ഒളിച്ചുവെക്കുന്നതുമല്ല;- എന്നാല്‍ [അങ്ങിനെ ചെയ്താല്‍] നിശ്ചയമായും ഞങ്ങള്‍, കുറ്റക്കാരില്‍പെട്ടവര്‍ തന്നെയായിരിക്കും'.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ شَهَادَةُ സാക്ഷ്യം بَيْنِكُمْ നിങ്ങള്‍ക്കിടയില്‍ إِذَا حَضَرَ ആസന്നമായാല്‍ أَحَدَكُمُ നിങ്ങളിലൊരാള്‍ക്ക് الْمَوْتُ മരണം حِينَ الْوَصِيَّةِ വസിയ്യത്തിന്റെ സമയത്ത് اثْنَانِ രണ്ടാളാകുന്നു ذَوَا عَدْلٍ നീതിമാന്മാരായ, മര്യാദയുള്ളവരായ مِّنكُمْ നിങ്ങളില്‍ നിന്നുള്ള أَوْ آخَرَانِ അല്ലെങ്കില്‍ വേറെ (മറ്റു) രണ്ടാള്‍ مِنْ غَيْرِكُمْ നിങ്ങളല്ലാത്തവരില്‍ നിന്ന് إِنْ أَنتُمْ നിങ്ങള്‍ (ആയി) എങ്കില്‍ ضَرَبْتُمْ നിങ്ങള്‍യാത്ര ചെയ്തു (എങ്കില്‍) فِي الْأَرْضِ ഭൂമിയില്‍ فَأَصَابَتْكُم എന്നിട്ട് നിങ്ങളെ ബാധിച്ചു(എങ്കില്‍) مُّصِيبَةُ വിപത്ത് الْمَوْتِ മരണത്തിന്റെ, മരണമാകുന്ന تَحْبِسُونَهُمَا അവരെ രണ്ടാളെയും നിങ്ങള്‍ തടഞ്ഞു നിറുത്തണം, തടഞ്ഞും കൊണ്ട് مِن بَعْدِ الصَّلَاةِ നമസ്‌കാരത്തിനു ശേഷം فَيُقْسِمَانِ എന്നിട്ടവര്‍ രണ്ടാളും സത്യം ചെയ്യണം بِاللَّهِ അല്ലാഹുവില്‍, അല്ലാഹുവിനെക്കൊണ്ട് إِنِ ارْتَبْتُمْ നിങ്ങള്‍ സന്ദേഹപ്പെട്ടാല്‍, സംശയിച്ചുവെങ്കില്‍ لَا نَشْتَرِي بِهِ അതിനു (പകരം) ഞങ്ങള്‍ വാങ്ങുകയില്ല (എന്ന്) ثَمَنًا ഒരു വില (പ്രതിഫലം) وَلَوْ كَانَ ആയിരുന്നാലും ذَا قُرْبَىٰ അടുത്ത (കുടുംബ) ബന്ധമുള്ളവന്‍ وَلَا نَكْتُمُ ഞങ്ങള്‍ ഒളിച്ചു (മൂടി) വെക്കുകയുമില്ല شَهَادَةَ اللَّهِ അല്ലാഹുവിന്റെ സാക്ഷ്യത്തെ إِنَّا നിശ്ചമായും ഞങ്ങള്‍ إِذًا അപ്പോള്‍, എന്നാല്‍ (അങ്ങിനെയെങ്കില്‍), അന്നേരം لَّمِنَ الْآثِمِينَ കുറ്റക്കാരില്‍ (പാപികളില്‍)പെട്ടവര്‍ തന്നെ
5:110
  • فَإِنْ عُثِرَ عَلَىٰٓ أَنَّهُمَا ٱسْتَحَقَّآ إِثْمًا فَـَٔاخَرَانِ يَقُومَانِ مَقَامَهُمَا مِنَ ٱلَّذِينَ ٱسْتَحَقَّ عَلَيْهِمُ ٱلْأَوْلَيَـٰنِ فَيُقْسِمَانِ بِٱللَّهِ لَشَهَـٰدَتُنَآ أَحَقُّ مِن شَهَـٰدَتِهِمَا وَمَا ٱعْتَدَيْنَآ إِنَّآ إِذًا لَّمِنَ ٱلظَّـٰلِمِينَ ﴾١١٠﴿
  • എനി, അവര്‍ രണ്ടു പേരും കുറ്റത്തിന് അവകാശപ്പെട്ടിരിക്കുന്നുവെന്ന് വെളിവാകുന്ന പക്ഷം, അപ്പോള്‍, യാതൊരു കൂട്ടര്‍ക്കെതിരെ അത് [കുറ്റം] അവകാശപ്പെട്ടുവോ അവരില്‍ നിന്ന് വേറെ രണ്ടാള്‍ - കൂടുതല്‍ ബന്ധപ്പെട്ട രണ്ടാള്‍- അവരുടെ സ്ഥാനത്ത് (സാക്ഷികളായി) നിൽക്കണം; എന്നിട്ട് അവര്‍ രണ്ടു പേരും (ഇങ്ങിനെ) സത്യം ചെയ്യണം : ഞങ്ങളുടെ സാക്ഷ്യം ഈ രണ്ടു പേരുടെ സാക്ഷ്യത്തെക്കാള്‍ യഥാര്‍ത്ഥമായുള്ളതാണ്; ഞങ്ങള്‍ ക്രമം തെറ്റുകയും ചെയ്തിട്ടില്ല; എന്നാല്‍ [അങ്ങിനെ ചെയ്താല്‍] നിശ്ചയമായും ഞങ്ങള്‍, അക്രമികളില്‍ പെട്ടവര്‍ തന്നെയായിരിക്കും'.
  • فَإِنْ عُثِرَ എനി (എന്നിട്ട്) വെളിവായെങ്കില്‍ عَلَىٰ أَنَّهُمَا അവര്‍ രണ്ടാളുമെന്ന് اسْتَحَقَّا രണ്ടാളും അവകാശപ്പെട്ടിരിക്കുന്നു, അര്‍ഹമായിരിക്കുന്നു إِثْمًا കുറ്റത്തിന്, പാപത്തിന് فَآخَرَانِ എന്നാല്‍ വേറെരാള്‍ يَقُومَانِ എഴുന്നേല്‍ക്കണം مَقَامَهُمَا അവര്‍ രണ്ടാളുടെ സ്ഥാനത്ത് مِنَ الَّذِينَ യാതൊരുവരില്‍ നിന്ന് اسْتَحَقَّ അതവകാശപ്പെട്ടു عَلَيْهِمُ അവരുടെ മേല്‍ (അവര്‍ക്കെതിരെ) الْأَوْلَيَانِ കൂടുതല്‍ ബന്ധപ്പെട്ട രണ്ടാള്‍ فَيُقْسِمَانِ എന്നിട്ട് അവര്‍ രണ്ടാളും സത്യം ചെയ്യണം بِاللَّهِ അല്ലാഹുവില്‍ لَشَهَادَتُنَا തീര്‍ച്ചയായും ഞങ്ങളുടെ സാക്ഷ്യം أَحَقُّ കൂടുതല്‍ യഥാര്‍ത്ഥ (ന്യായ)മാണ്, അധികം അര്‍ഹമായതാണ് مِن شَهَادَتِهِمَا അവര്‍ രണ്ടാളുടെയും സാക്ഷ്യത്തെക്കാള്‍ وَمَا اعْتَدَيْنَا ഞങ്ങള്‍ അതിരു വിട്ടിട്ടുമില്ല, ക്രമം തെറ്റിയിട്ടുമില്ല إِنَّا നിശ്ചയമായും ഞങ്ങള്‍ إِذًا എന്നാല്‍, അന്നേരം, അപ്പോള്‍ لَّمِنَ الظَّالِمِينَ അക്രമികളില്‍ പെട്ടവര്‍ തന്നെ
5:111
  • ذَٰلِكَ أَدْنَىٰٓ أَن يَأْتُوا۟ بِٱلشَّهَـٰدَةِ عَلَىٰ وَجْهِهَآ أَوْ يَخَافُوٓا۟ أَن تُرَدَّ أَيْمَـٰنٌۢ بَعْدَ أَيْمَـٰنِهِمْ ۗ وَٱتَّقُوا۟ ٱللَّهَ وَٱسْمَعُوا۟ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْفَـٰسِقِينَ ﴾١١١﴿
  • അത്, സാക്ഷ്യം അതിന്റെ (ശരിയായ) വിധത്തില്‍ അവര്‍കൊണ്ടുവരുവാന്‍ കൂടുതല്‍ അടുപ്പമുള്ളതാകുന്നു [ഉപകരിക്കുന്നതാണ്]; അല്ലെങ്കില്‍, തങ്ങളുടെ സത്യങ്ങള്‍ക്കുശേഷം സത്യങ്ങള്‍ (മറ്റുള്ളവരിലേക്ക്) തിരിച്ചു വിടപ്പെടുന്നതിനെ അവര്‍ ഭയപ്പെടുവാന്‍ (ഉപകരിക്കുന്നതാണ്). നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, കേള്‍ക്കുക [അനുസരിക്കുക]യും ചെയ്യുവിന്‍. അല്ലാഹു, തോന്നിയവാസികളായ ജനങ്ങളെ സന്മാര്‍ഗത്തിലാക്കുകയില്ല താനും.
  • ذَٰلِكَ أَدْنَىٰ അത് കൂടുതല്‍ അടുത്ത (അണഞ്ഞ-ഉപകരിക്കുന്ന-സൗകര്യപ്പെടുന്ന)താണ് أَن يَأْتُوا അവര്‍ വരുവാന്‍ بِالشَّهَادَةِ സാക്ഷ്യവും കൊണ്ട് عَلَىٰ وَجْهِهَا അതിന്റെ വിധത്തില്‍ (വഴിപ്രകാരം) أَوْ يَخَافُوا അല്ലെങ്കില്‍ അവര്‍ ഭയപ്പെടുവാന്‍ أَن تُرَدَّ തിരിച്ചുവിട(മടക്ക-തള്ള)പ്പെടുന്നതിനെ أَيْمَانٌ സത്യങ്ങള്‍, വല്ലസത്യങ്ങളും بَعْدَ أَيْمَانِهِمْ അവരുടെ(തങ്ങളുടെ) സത്യങ്ങള്‍ക്ക് ശേഷം وَاتَّقُوا നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍ اللَّهَ അല്ലാഹുവിനെ وَاسْمَعُوا നിങ്ങള്‍ കേള്‍ക്കുകയും ചെയ്യുവിന്‍ وَاللَّهُ അല്ലാഹു ആകട്ടെ لَا يَهْدِي അവന്‍ സന്മാര്‍ഗത്തിലാക്കുകയില്ല الْقَوْمَ ജനങ്ങളെ الْفَاسِقِينَ തോന്നിയവാസികളായ, ദുര്‍ന്നടപ്പുകാരായ, തെമ്മാടികളായ

ധനം കൈവശമുള്ളവര്‍ മരണാസന്നവേളയില്‍ വസ്വിയ്യത്ത് ചെയ്യല്‍ ആവശ്യമാണെന്ന് സൂറത്തുല്‍ ബക്വറഃ 180ല്‍ പ്രസ്താവിച്ചിരിക്കുന്നു. വസ്വിയ്യത്ത് സംബന്ധിച്ച പല വിവരവും അവിടെ കഴിഞ്ഞുപോയിട്ടുണ്ട്.വസ്വിയ്യത്തുമായി ബന്ധപ്പെട്ട മറ്റു ചിലകാര്യങ്ങളാണ് ഈ വചനങ്ങളില്‍ പ്രസ്താവിച്ചിരിക്കുന്നത്. അവ ഇങ്ങിനെ സംഗ്രഹിക്കാം:-

(1) വസ്വിയ്യത്ത് ചെയ്യുമ്പോള്‍ നീതിയും മര്യാദയുമുള്ള രണ്ടാളുകളെ സാക്ഷിനിറുത്തേണ്ടതാണ്. നിങ്ങളില്‍ നിന്നുള്ളവര്‍ (مِّنكُمْ) എന്ന് പറഞ്ഞിരിക്കകൊണ്ട്സാക്ഷികള്‍ മുസ്‌ലിംകളായിരിക്കണമെന്ന് വ്യക്തമാകുന്നു. സത്യവിശ്വാസികളെ സംബോധന ചെയ്തുകൊണ്ടാണല്ലോ അല്ലാഹു ഈ വിഷയം അവതരിപ്പിക്കുന്നത്.

(2) വല്ല യാത്രാവേളയിലുമാണ് വസ്വിയ്യത്ത് നടക്കുന്നതെങ്കില്‍ -അപ്പോള്‍ മുസ്‌ലിംകളെത്തന്നെ സാക്ഷികളായി കിട്ടുവാന്‍ പ്രയാസമായേക്കുന്നതു കൊണ്ട്- മുസ്‌ലിംകളല്ലാത്ത രണ്ടു പേരെ സാക്ഷിയാക്കാവുന്നതാണ്. നിങ്ങളല്ലാത്തവരില്‍ നിന്ന് (مِنْ غَيْرِكُمْ) എന്ന് പറഞ്ഞത് അമുസ്‌ലിംകളെ ഉദ്ദേശിച്ചാകുന്നു. എന്നാല്‍, മുസ്‌ലിംകളുമായി സമരത്തിലും ശത്രുതയിലും വര്‍ത്തിക്കുന്ന രണ്ടു പേരായാല്‍ പോരാ -മുസ്‌ലിംകളുടെ ഭരണത്തിന് കീഴൊതുങ്ങിക്കഴിയുന്ന അമുസ്‌ലിംകളായിരിക്കണം- ഇവര്‍ എന്ന്ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടു കാണുന്നു. മുസ്‌ലിംകളുമായി സമരത്തിലും ശത്രുതയിലും വര്‍ത്തിക്കുന്നവരെ മുസ്‌ലിംകള്‍ക്ക് സാക്ഷ്യം വഹിക്കുന്നതിനും തുടര്‍ന്നു പറയുന്ന നടപടികള്‍ക്കും സൗകര്യപ്പെട്ടു കിട്ടുകയില്ലെന്നും, അവരെ വിശ്വസിച്ചുകൊണ്ട്കാര്യത്തിന്റെ സത്യാസത്യം തീരുമാനിക്കുവാന്‍ നിവൃത്തിയില്ലെന്നുമുള്ളതാണ് അവര്‍ ഇതിന് പറയുന്ന കാരണം.

(3) സാക്ഷികളുടെ മൊഴികളില്‍-മരണപ്പെട്ടവന്റെ അനന്തരാവകാശികള്‍ക്കോ, വസ്വിയ്യത്ത് ആര്‍ക്കുവേണ്ടി ചെയ്യപ്പെട്ടിരിക്കുന്നുവോ അവര്‍ക്കോ- വല്ല സംശയമോ തര്‍ക്കമോ നേരിടുന്ന പക്ഷം, സാക്ഷികളെക്കൊണ്ട് സത്യം ചെയ്യിപ്പിക്കാവുന്നതാണ്. ഇത് നമസ്‌കാരാനന്തരമായിരിക്കണം. അഥവാ ജമാഅത്ത് നമസ്‌കാരം കഴിഞ്ഞ ഉടനെ പൊതുസദസ്സില്‍ വെച്ചായിരിക്കണം. നമസ്‌കാരം കഴിഞ്ഞ ഉടനെയും, പള്ളിയില്‍വെച്ചും, ജനമദ്ധ്യേ വെച്ചും ആയിരിക്കുമ്പോള്‍ കളവ് പറയുവാന്‍ സത്യവിശ്വാസികള്‍ക്ക്ധൈര്യം വരുക വളരെ പ്രയാസമായിരിക്കുന്നതാണ്.

(4) സത്യം ചെയ്യുമ്പോള്‍ തങ്ങള്‍ പറയുന്നത് ശരിയാണെന്നും, പക്ഷഭേദമോ സ്വാര്‍ത്ഥ താല്‍പര്യമോ ഒന്നും തങ്ങള്‍ക്കില്ലെന്നും, പരമാര്‍ത്ഥം മൂടിവെക്കുകയില്ലെന്നുമൊക്കെ അവര്‍ വ്യക്തമാക്കേണ്ടതാകുന്നു. സാക്ഷികള്‍ ഇങ്ങിനെ സത്യം ചെയ്തു പറയുന്നതോടെ അവര്‍ സാക്ഷ്യപ്പെടുത്തിയ പ്രകാരം ആ വസ്വിയ്യത്ത് ബലത്തില്‍വരുന്നതും, അനന്തരാവകാശികള്‍ അത് നടപ്പില്‍ വരുത്തുവാന്‍ ബാധ്യസ്ഥരുമായിത്തീരുന്നു.

(5) സാക്ഷികള്‍ ഇങ്ങിനെ സത്യം ചെയ്തിട്ടും -എതിരായ തെളിവുകളാല്‍- അവര്‍തെറ്റ് ചെയ്തിരിക്കുന്നതായി വെളിപ്പെടുന്ന പക്ഷം, വേറെ രണ്ടു സാക്ഷികള്‍മൂലം ആ തെറ്റ് സ്ഥാപിക്കേണ്ടതാണ്. ആദ്യത്തെ സാക്ഷികളുടെ മൊഴി ആര്‍ക്ക് ദോഷമായിട്ടാണോ കലാശിക്കുന്നതെങ്കില്‍ അവരുടെ ഭാഗത്ത് നിന്നായിരിക്കണം ഈ സാക്ഷികളെ കൊണ്ടുവരുന്നത്. ആദ്യത്തേവരെക്കാള്‍ സാക്ഷ്യത്തിന് കൊള്ളാവുന്ന വിധം കൂടുതല്‍ മര്യാദയും, വസ്വിയ്യത്ത് ചെയ്ത ആളുമായി കൂടുതല്‍ ബന്ധപ്പെട്ടവരുമായിരിക്കണം ഇവര്‍.

(6) ഞങ്ങള്‍ പറയുന്നതാണ് കൂടുതല്‍ ശരിയായ രൂപം, ഞങ്ങള്‍ പറയുന്നതില്‍യാതൊരു ക്രമക്കേടും ഇല്ല, ആ വസ്വിയ്യത്തിന്റെ സത്യവും കൃത്യവുമായ രൂപം ഇന്ന പ്രകാരമാണ് എന്നൊക്കെ ഇവര്‍ സത്യം ചെയ്തു പറയണം. ഇതോടുകൂടി ആദ്യേത്തവരുടെ സാക്ഷ്യം നിഷ്ഫലമായിത്തീരുന്നു. ഇവരുടെ മൊഴിയനുസരിച്ചു വസ്വിയ്യത്ത് നിറവേറ്റപ്പെടുകയും വേണം. വസ്വിയ്യത്തിന്റെ യഥാര്‍ത്ഥ രൂപം ഇന്നതാണെന്ന് ഓരോ സാക്ഷിയും വ്യക്തമാക്കേതുണ്ടെന്നും പ്രത്യേകം പറയേണ്ടതില്ല.

വേണ്ടി വന്നാല്‍ സാക്ഷികളെക്കൊണ്ട്സത്യം ചെയ്യിക്കാമെന്നും, ആദ്യത്തെ സാക്ഷികളുടെ മൊഴി ശരിയല്ലെന്ന് കണ്ടാല്‍ അവരുടെ സാക്ഷ്യം തള്ളിക്കളഞ്ഞു പുതിയ വേറെ സാക്ഷികളുടെ മൊഴി സ്വീകരിക്കാമെന്നും നിശ്ചയിച്ചതിന്റെ കാരണം അല്ലാഹു തന്നെ ചൂണ്ടിക്കാട്ടിയിരിക്കുന്നു; കള്ളവും ക്രിത്രിമവും കൂടാതെ സാക്ഷ്യം യഥാവിധി നിര്‍വഹിക്കുവാന്‍ അത് ഉപകരിക്കും; തങ്ങള്‍ സത്യം ചെയ്തു തെളിയിച്ചാലും അത് ശരിയല്ലെന്ന് കണ്ടാല്‍ തങ്ങളുടെ സാക്ഷ്യം തള്ളപ്പെടുകയും, അങ്ങിനെ തങ്ങള്‍ വഷളാകുകയും ചെയ്യുമെന്ന് അവര്‍ക്ക് ഭയം തോന്നുകയും ചെയ്യും എന്നതാണത്. അവസാനം, അല്ലാഹുവിനെ സൂക്ഷിക്കണമെന്നും, അവന്റെ കല്‍പനാ നിര്‍ദ്ദേശങ്ങള്‍ ശരിക്കും കേട്ടനുസരിക്കണമെന്നും, അങ്ങിനെ ചെയ്യാതിരിക്കുന്നത് തോന്നിയവാസമാണെന്നും, തോന്നിയവാസികള്‍ക്ക് സന്മാര്‍ഗം പ്രാപിക്കുവാന്‍ കഴിയുകയില്ലെന്നും അല്ലാഹു താക്കീതും ചെയ്തിരിക്കുന്നു. വസ്വിയ്യത്തു ചെയ്യുന്നവര്‍ക്കും അത് നടപ്പില്‍ വരുത്തുന്നവര്‍ക്കും, അതിന്റെ സാക്ഷികള്‍ക്കും വസ്വിയ്യത്ത് പ്രകാരം ധനം ലഭിക്കുവാന്‍ അവകാശപ്പെട്ട ആളുകള്‍ക്കും, അധികാരസ്ഥന്മാര്‍ക്കുമെല്ലാം തന്നെ ബാധകമായതത്രെ ഈ താക്കീത്.

വസ്വിയ്യത്തിനും, അത് യഥാവിധി നടപ്പില്‍ വരുത്തുന്നതിനും അല്ലാഹു എത്രേത്താളം പ്രാധാന്യം കല്‍പിച്ചിട്ടുണ്ടെന്ന് ഇതില്‍നിന്നൊക്കെ മനസ്സിലാക്കാവുന്നതാകുന്നു. സാക്ഷികളെ സത്യം ചെയ്യിപ്പിക്കുക, അത് ശരിയല്ലെന്ന് കണ്ടാല്‍കൂടുതല്‍നല്ലവരെ കൊണ്ടുവന്നു അവരുടെ സത്യം കേള്‍ക്കുക, മുസ്‌ലിംകളെ സാക്ഷിയായികിട്ടുവാന്‍ പ്രയാസം നേരിടുമ്പോള്‍ അമുസ്‌ലിംകളെ സാക്ഷിയായി സ്വീകരിക്കുക എന്നിങ്ങനെയുള്ള വിധികളെല്ലാം വസ്വിയ്യത്തിന്റെ വിഷയത്തിലല്ലാതെ മറ്റൊരുവിഷയത്തിലും വിശുദ്ധ ക്വുര്‍ആനില്‍ പ്രസ്താവിക്കപ്പെട്ടു കാണുകയില്ല. ഇതൊക്കെയായിട്ടും വസ്വിയ്യത്തിന്റെയും, അത് പാലിക്കുന്നതിന്റെയും വിഷയത്തില്‍ഇന്നു മുസ്‌ലിം സമുദായം സ്വീകരിച്ചുവരുന്ന നിലപാട് വളരെ പരിതാപകരമായിട്ടാണിരിക്കുന്നതെന്ന് പറയേണ്ടിയിരിക്കുന്നു. വസ്വിയ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല, അനന്തരാവകാശികള്‍ക്ക് അവരുടെ നിശ്ചിത ഓഹരികള്‍ വീതിച്ചു കൊടുക്കുന്നതിലും, സക്കാത്തിന്റെ നിയമങ്ങള്‍ പാലിക്കുന്നതിലും, കടമിടപാടുകള്‍ കൊടുത്തു തീര്‍ക്കുന്നതിലുമെല്ലാം തന്നെ ഇന്ന് മുസ്‌ലിം സമുദായം -മൊത്തമായി പറഞ്ഞാല്‍ വളരെ അനാസ്ഥയിലാണുള്ളത്. അല്ലാഹുവില്‍ ശരണം! അല്ലാഹു സമുദായത്തിന് സല്‍ബുദ്ധിയും, തന്റേടവും തോന്നിപ്പിക്കട്ടെ!

വിഭാഗം - 15

5:112
  • يَوْمَ يَجْمَعُ ٱللَّهُ ٱلرُّسُلَ فَيَقُولُ مَاذَآ أُجِبْتُمْ ۖ قَالُوا۟ لَا عِلْمَ لَنَآ ۖ إِنَّكَ أَنتَ عَلَّـٰمُ ٱلْغُيُوبِ ﴾١١٢﴿
  • അല്ലാഹു റസൂലുകളെ ഒരുമിച്ചു കൂട്ടുന്ന ദിവസം! എന്നിട്ട് അവന്‍ പറയും: 'എന്താണ് നിങ്ങള്‍ക്ക് ഉത്തരം നല്‍കപ്പെട്ടത്? 'അവര്‍ പറയും: 'ഞങ്ങള്‍ക്ക് അറിവില്ല! നിശ്ചയമായും, നീ തന്നെയാണ് അദൃശ്യകാര്യങ്ങളെ നന്നായി അറിയുന്നവന്‍'.
  • يَوْمَ يَجْمَعُ ഒരുമിച്ചു കൂട്ടുന്ന ദിവസം اللَّهُ അല്ലാഹു الرُّسُلَ റസൂലുകളെ فَيَقُولُ എന്നിട്ട് (അപ്പോള്‍) അവന്‍ പറയും (ചോദിക്കും) مَاذَا എന്താണ് أُجِبْتُمْ നിങ്ങള്‍ക്ക് ഉത്തരം (മറുപടി) നല്‍കപ്പെട്ടത് قَالُوا അവര്‍ പറയും لَا عِلْمَ അറിവില്ല لَنَا ഞങ്ങള്‍ക്ക് إِنَّكَ നിശ്ചയമായും നീ തന്നെ أَنتَ عَلَّامُ നല്ലപോലെ (വളരെ) അറിയുന്നവന്‍ الْغُيُوبِ അദൃശ്യ (മറഞ്ഞ) കാര്യങ്ങളെ

ക്വിയാമത്ത് നാളില്‍ അല്ലാഹു എല്ലാ റസൂലുകളെയും അവരുടെ സമുദായങ്ങളെയും ചോദ്യം ചെയ്യുന്നതാണ്. فَلَنَسْأَلَنَّ الَّذِينَ أُرْسِلَ إِلَيْهِمْ وَلَنَسْأَلَنَّ الْمُرْسَلِينَ (യാതൊരുകൂട്ടരിലേക്ക് റസൂലിനെ അയക്കപ്പെട്ടിരിക്കുന്നുവോ അവരോട് നിശ്ചയമായും നാം ചോദിക്കും: റസൂലായി അയക്കപ്പെട്ടവരോടും നിശ്ചയമായും നാം ചോദിക്കുന്നതാണ്. (അഅ്‌റാഫ് : 6) റസൂലുകളോട് ചോദിക്കപ്പെടുന്നതിനെക്കുറിച്ചാണ് ഈ വചനത്തില്‍ പറയുന്നത്. നിങ്ങള്‍ നിങ്ങളുടെ സമുദായത്തെ തൗഹീദിലേക്കും, സത്യദീനിലേക്കും ക്ഷണിച്ചിട്ട് അവരില്‍ നിന്നുണ്ടായ മറുപടി എന്താണെന്നത്രെ ചോദ്യത്തിന്റെ താല്‍പര്യം. ലോകാരംഭം മുതല്‍ ലോകാവസാനം വരെയുള്ള സൃഷ്ടികള്‍ ആകമാനം ഒരുമിച്ചു കൂട്ടപ്പെടുന്ന ആ മഹാസമ്മേളനത്തില്‍ പ്രവാചകന്മാര്‍ പോലും നടുങ്ങി വിറച്ചു പോകുന്നു. അവരുടെ കാലശേഷം അവരുടെ സമുദായത്തിന്റെ സ്ഥിതി എന്തായിരുന്നുവെന്ന് അവര്‍ക്കറിയുകയില്ലെന്ന് വ്യക്തമാണ്. അവരുടെ ജീവിതകാലത്ത് അവരില്‍ നിന്നുണ്ടായ പ്രതികരണം കുറെയൊക്കെ അവര്‍ കറിഞ്ഞിരിക്കുമെന്നു മാത്രം. എന്നാലും സസൂക്ഷ്മവും സാര്‍വ്വത്രികവുമായ അറിവ് അല്ലാഹുവിന് മാത്രമാണല്ലോ ഉള്ളത്. എല്ലാം തികച്ചും പരിപൂര്‍ണമായി അറിഞ്ഞും കൊണ്ട്തന്നെയാണ് അല്ലാഹു ചോദിക്കുന്നതും. ഇതെല്ലാം കാരണമായി, ഭക്തിയാദരപൂര്‍വ്വം റസൂലുകള്‍ മറുപടിപറയുന്നു: …لاعِلْمَ لَنَا (ഞങ്ങള്‍ക്ക് അറിവില്ല, നീ തന്നെയാണല്ലോ അദൃശ്യ കാര്യങ്ങളെ നന്നായി അറിയുന്നവന്‍) എന്ന്.

ക്വിയാമത്തു നാളില്‍ എല്ലാ റസൂലുകളോടും അവരുടെ സമുദായങ്ങളോടും പ്രത്യേകം പ്രത്യേകം ചോദ്യോത്തരങ്ങള്‍ നടക്കുമെന്ന് ക്വുര്‍ആനില്‍ നിന്നും നബി വചനങ്ങളില്‍ നിന്നും അറിയപ്പെട്ടതാണ്. എല്ലാ റസൂലുകളോടും പൊതുവെയുള്ള ചോദ്യവും അവരുടെ മറുപടിയുമാണ് മുകളില്‍ കാണുന്നത്. ഈസാ നബി (عليه السلام)യെ അഭിമുഖീകരിച്ചു കൊണ്ടുള്ള ഒരു പ്രസ്താവനയാണ് അടുത്ത വചനങ്ങളില്‍ കാണുന്നത്:-

5:113
  • إِذْ قَالَ ٱللَّهُ يَـٰعِيسَى ٱبْنَ مَرْيَمَ ٱذْكُرْ نِعْمَتِى عَلَيْكَ وَعَلَىٰ وَٰلِدَتِكَ إِذْ أَيَّدتُّكَ بِرُوحِ ٱلْقُدُسِ تُكَلِّمُ ٱلنَّاسَ فِى ٱلْمَهْدِ وَكَهْلًا ۖ وَإِذْ عَلَّمْتُكَ ٱلْكِتَـٰبَ وَٱلْحِكْمَةَ وَٱلتَّوْرَىٰةَ وَٱلْإِنجِيلَ ۖ وَإِذْ تَخْلُقُ مِنَ ٱلطِّينِ كَهَيْـَٔةِ ٱلطَّيْرِ بِإِذْنِى فَتَنفُخُ فِيهَا فَتَكُونُ طَيْرًۢا بِإِذْنِى ۖ وَتُبْرِئُ ٱلْأَكْمَهَ وَٱلْأَبْرَصَ بِإِذْنِى ۖ وَإِذْ تُخْرِجُ ٱلْمَوْتَىٰ بِإِذْنِى ۖ وَإِذْ كَفَفْتُ بَنِىٓ إِسْرَٰٓءِيلَ عَنكَ إِذْ جِئْتَهُم بِٱلْبَيِّنَـٰتِ فَقَالَ ٱلَّذِينَ كَفَرُوا۟ مِنْهُمْ إِنْ هَـٰذَآ إِلَّا سِحْرٌ مُّبِينٌ ﴾١١٣﴿
  • അല്ലാഹു പറയുന്ന സന്ദര്‍ഭം: 'മര്‍യമിന്റെ മകന്‍ ഈസാ, നിനക്കും നിന്റെ മാതാവിനും എന്റെ [ഞാന്‍ചെയ്ത] അനുഗ്രഹം നീ ഓര്‍ക്കുക:- (അതെ) പരിശുദ്ധാത്മാവിനെക്കൊണ്ട് ഞാന്‍ നിന്നെ ബലപ്പെടുത്തിയ സന്ദര്‍ഭം, തൊട്ടിലില്‍ വെച്ചും, മദ്ധ്യവയസ്‌കനായിക്കൊണ്ടും നീ മനുഷ്യരോട് സംസാരി ക്കുന്നനിലക്ക്;- ഗ്രന്ഥവും, വിജ്ഞാനവും, തൗറാത്തും, ഇന്‍ജീലും നിനക്ക് ഞാന്‍ പഠിപ്പിച്ചു തന്ന സന്ദര്‍ഭവും, -കളിമണ്ണില്‍ നിന്നും എന്റെ അനുമതിപ്രകാരം പക്ഷിയുടെ ആകൃതി പോലെ നീ രൂപപ്പെടുത്തുകയും, എന്നിട്ട് അതില്‍ നീ ഊതുകയും, അപ്പോള്‍ അത് എന്റെ അനുവാദംകൊണ്ട് പക്ഷിയായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭവും; - ജാത്യാന്ധനെയും, വെള്ളപ്പാണ്ഡുകാരനെയും എന്റെ അനുവാദപ്രകാരം നീ സുഖപ്പെടുത്തുന്ന (സന്ദര്‍ഭവും;- മരണപ്പെട്ടവരെ എന്റെ അനുവാദപ്രകാരം നീ (ജീവിപ്പിച്ചു) പുറത്തു വരുത്തുന്ന സന്ദര്‍ഭവും;- ഇസ്‌റാഈല്‍ സന്തതികളെ നിന്നില്‍ നിന്ന് ഞാന്‍ തടുത്തു തന്ന സന്ദര്‍ഭവും; (അതെ) അവരുടെ അടുക്കല്‍ നീ വ്യക്തമായ തെളിവുകളുമായി ചെല്ലുകയും, എന്നിട്ട് അവരില്‍നിന്നും അവിശ്വസിച്ചവര്‍ 'ഇത് വ്യക്തമായ ആഭിചാരമല്ലാതെ (മറ്റൊന്നും) അല്ല' എന്നു പറയുകയും ചെയ്തപ്പോള്‍;-
  • إِذْ قَالَ പറഞ്ഞപ്പോള്‍, പറഞ്ഞ (പറയുന്ന) സന്ദര്‍ഭം اللَّهُ അല്ലാഹു يَا عِيسَى ابْنَ مَرْيَمَ മര്‍യമിന്റെ മകന്‍ ഈസാ اذْكُرْ നീ ഓര്‍ക്കുക, സ്മരിക്കുക نِعْمَتِي എന്റെ അനുഗ്രഹം عَلَيْكَ നിനക്ക് وَعَلَىٰ وَالِدَتِكَ നിന്റെ മാതാവിനും إِذْ أَيَّدتُّكَ നിന്നെ ഞാന്‍ ബലപ്പെടുത്തിയ സന്ദര്‍ഭം بِرُوحِ الْقُدُسِ പരിശുദ്ധാത്മാവിനെക്കൊണ്ട് تُكَلِّمُ നീ സംസാരിക്കുന്ന നിലക്ക് النَّاسَ മനുഷ്യരോട് فِي الْمَهْدِ തൊട്ടിലില്‍ വെച്ച് وَكَهْلًا മദ്ധ്യവയസ്‌കനായും وَإِذْ عَلَّمْتُكَ നിനക്ക് ഞാന്‍ പഠിപ്പിച്ചു തന്ന സന്ദര്‍ഭവും الْكِتَابَ ഗ്രന്ഥം, എഴുത്ത് وَالْحِكْمَةَ വിജ്ഞാനവും وَالتَّوْرَاةَ തൗറാത്തും وَالْإِنجِيلَ ഇന്‍ജീലും وَإِذْ تَخْلُقُ നീ സൃഷ്ടിക്കു (രൂപപ്പെടുത്തു)ന്ന സന്ദര്‍ഭവും مِنَ الطِّينِ കളിമണ്ണിനാല്‍ كَهَيْئَةِ ആകൃതിപോലെ, മാതിരി الطَّيْرِ പക്ഷി (പറവ)യുടെ بِإِذْنِي എന്റെ സമ്മത (അനുമതി-ഉത്തരവ്)പ്രകാരം فَتَنفُخُ എന്നിട്ടു നീ ഊതും فِيهَا അതില്‍ فَتَكُونُ അപ്പോള്‍ അതായിത്തീരും طَيْرًا പക്ഷി, പറവ بِإِذْنِي എന്റെ സമ്മതപ്രകാരം, അനുമതികൊണ്ട് وَتُبْرِئُ നീ സുഖെപ്പടുത്തുകയും ചെയ്തിരുന്ന الْأَكْمَهَ ജാത്യാന്ധനെ (ജനനാല്‍ കാഴ്ചയില്ലാത്തവനെ) وَالْأَبْرَصَ വെള്ളപ്പാണ്ഡുകാരനെയും بِإِذْنِي എന്റെ അനുവാദം കൊണ്ട്, ഉത്തരവുപ്രകാരം وَإِذْ تُخْرِجُ നീ പുറത്തു വരുത്തുന്ന സന്ദര്‍ഭവും الْمَوْتَىٰ മരണപ്പെട്ടവരെ بِإِذْنِي എന്റെ അനുവാദം കൊണ്ട്.അനുമതി പ്രകാരം وَإِذْ كَفَفْتُ ഞാന്‍ തടുത്ത സന്ദര്‍ഭവും بَنِي إِسْرَائِيلَ ഇസ്‌റാഈല്‍ സന്തതികളെ عَنكَ നിന്നില്‍ നിന്ന് إِذْ جِئْتَهُم നീ അവരുടെ അടുക്കല്‍ ചെന്നപ്പോള്‍ بِالْبَيِّنَاتِ വ്യക്തമായ തെളിവുകളുമായി فَقَالَ അപ്പോള്‍ പറഞ്ഞു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ مِنْهُمْ അവരില്‍ നിന്ന് إِنْ هَٰذَا ഇതല്ല إِلَّا سِحْرٌ സിഹ്ര്‍ (ആഭിചാരം-മാരണം) അല്ലാതെ مُّبِينٌ വ്യക്ത(സ്പഷ്ട)മായ
5:114
  • وَإِذْ أَوْحَيْتُ إِلَى ٱلْحَوَارِيِّـۧنَ أَنْ ءَامِنُوا۟ بِى وَبِرَسُولِى قَالُوٓا۟ ءَامَنَّا وَٱشْهَدْ بِأَنَّنَا مُسْلِمُونَ ﴾١١٤﴿
  • 'ഹവാരിയ്യു'കള്‍ക്ക് എന്നിലും, എന്റെ റസൂലിലും നിങ്ങള്‍ വിശ്വസിക്കണമെന്ന് നാം 'വഹ്‌യ്' [രഹസ്യ സന്ദേശം] നല്‍കിയ സന്ദര്‍ഭവും; (അതെ) അവര്‍ പറഞ്ഞു: 'ഞങ്ങള്‍ വിശ്വസിച്ചു, ഞങ്ങള്‍ 'മുസ്‌ലിം' കളാണെന്ന് താന്‍ സാക്ഷ്യം വഹിച്ചും കൊള്ളുക' എന്ന്. [ഇതെല്ലാം ഓര്‍ക്കുക]
  • وَإِذْ أَوْحَيْتُ ഞാന്‍ വഹ്‌യ് (സ്വകാര്യ സന്ദേശം) നല്‍കിയ സന്ദര്‍ഭവും إِلَى الْحَوَارِيِّينَ ഹവാരിയ്യുകള്‍ക്ക് أَنْ آمِنُوا നിങ്ങള്‍ വിശ്വസിക്കുവിന്‍ എന്ന് بِي എന്നില്‍, എന്നെക്കൊണ്ട് وَبِرَسُولِي എന്റെ റസൂലിലും, റസൂലിനെക്കൊണ്ടും قَالُوا അവര്‍ പറഞ്ഞു آمَنَّا ഞങ്ങള്‍ വിശ്വസിച്ചു (എന്ന്) وَاشْهَدْ നീ സാക്ഷ്യം വഹിക്കുക (എന്നും) بِأَنَّنَا ഞങ്ങള്‍ (ആകുന്നു) എന്ന് مُسْلِمُونَ മുസ്‌ലിംകള്‍, കീഴൊതുങ്ങിയവര്‍

ഈസാ നബി (عليه السلام)ക്കും മാതാവിനും ചെയ്തുകൊടുത്ത അനുഗ്രഹങ്ങളെ ആദ്യം പൊതുവില്‍ ഓര്‍മിപ്പിച്ച ശേഷം, അദ്ദേഹത്തിന് പ്രത്യേകമായി ചെയ്തു കൊടുത്ത അസാധാരണങ്ങളായ പല അനുഗ്രഹങ്ങളെയും അദ്ദേഹത്തെ അല്ലാഹു ഓര്‍മിപ്പിക്കുകയാണ്. ഈ വചനത്തില്‍ പ്രസ്താവിച്ച എല്ലാ വിഷയങ്ങളെക്കുറിച്ചും ആലുഇംറാന്‍ 42 മുതല്‍ 51 വരെയുള്ള ഏതാനും വചനങ്ങളിലും, അവയുടെ വ്യാഖ്യാനത്തിലുമായി മുമ്പ് വിസ്തരിച്ചു പറഞ്ഞിട്ടുള്ളത്‌ കൊണ്ട് ഇവിടെ വീണ്ടും അതാവര്‍ത്തിക്കുന്നില്ല. അദ്ദേഹത്തിന്റെ കൈക്ക് സംഭവിച്ചതായി ഈ വചനത്തില്‍ ചൂണ്ടിക്കാട്ടിയ അമാനുഷിക ദൃഷ്ടാന്തങ്ങളെല്ലാം സിഹ്ര്‍ (ആഭിചാരം അഥവാ മാരണം) ആണെന്ന്പറഞ്ഞു ഇസ്‌റാഈല്യര്‍ -യഹൂദികള്‍- അദ്ദേഹത്തെ നിഷേധിക്കുകയും അക്രമിക്കുകയും, അവസാനം കുരിശില്‍ തറച്ചു കൊല്ലുവാന്‍ ശ്രമം നടത്തുകയും ചെയ്തതും, അദ്ദേഹത്തെ അല്ലാഹു ആകാശത്തേക്കുയര്‍ത്തി രക്ഷപ്പെടുത്തിയതും അവിടെ വിവരിച്ചിട്ടുണ്ട്. ഇതിനെപ്പറ്റിയാണ് ഇസ്‌റാഈല്യരെ തടുത്തു തന്നുവെന്ന് പറഞ്ഞത്. ഈ സംഭാഷണം നടന്നത് അദ്ദേഹത്തിന്റെ ഭൗതിക ജീവിതത്തില്‍ വെച്ചല്ലെന്നു വ്യക്തമാണ്. അദ്ദേഹം ആകാശത്തേക്കു ഉയര്‍ത്തപ്പെട്ട ശേഷം നടന്നതോ, അല്ലെങ്കില്‍ -ഇബ്‌നുകഥീര്‍ (رحمه الله) ചൂണ്ടിക്കാട്ടിയ പോലെ- പരലോകത്തു വെച്ചു ക്വിയാമത്തു നാളില്‍ നടക്കുന്നതോ ആയിരിക്കാവുന്നതാണ്. ഈ വചനത്തിലെ ക്രിയാരൂപങ്ങള്‍ ഭൂതകാല (الماضى) രൂപത്തിലായിക്കാണുന്നത് ഇതിനു തടസ്സമാകുന്നില്ലെന്നും, ഭാവിയില്‍ സംഭവിക്കുമെന്നു തിട്ടമായ കാര്യങ്ങളെക്കുറിച്ച് ഇങ്ങിനെ ഭൂതകാല രൂപത്തില്‍ പ്രസ്താവിക്കുക ക്വുര്‍ആന്റെ ഒരു പതിവാണെന്നും ഇബ്‌നു കഥീര്‍ (رحمه الله) പ്രസ്താവിച്ചിരിക്കുന്നു.

അല്ലാഹുവിങ്കലേക്കുള്ള മാര്‍ഗത്തില്‍ എന്നെ സഹായിക്കുന്നവര്‍ ആരാണുള്ളതെന്ന് ഈസാ (عليه السلام) ചോദിച്ചപ്പോള്‍ ‘ഹവാരിയ്യു’കള്‍ – അദ്ദേഹത്തിന്റെ പ്രബോധന ദൗത്യങ്ങള്‍ ലോകത്തു പ്രചരിപ്പിച്ചവരും, അപ്പോസ്തലന്മാര്‍ (ദൂതന്മാര്‍) എന്ന പേരിലറിയപ്പെടുന്ന അദ്ദേഹത്തിന്റെ പന്ത്രണ്ടു ശിഷ്യന്മാര്‍ – തങ്ങള്‍ അതിന് തയ്യാറാണെന്ന് പറഞ്ഞു മുന്നോട്ട് വന്ന സംഭവവും ആലുഇംറാനില്‍ വിവരിച്ചു കഴിഞ്ഞതാണ്. അതിനെക്കുറിച്ചാണ് 114-ാം വചനത്തില്‍ ഓര്‍മിപ്പിക്കുന്നത്. ഹവാരിയ്യുകള്‍ക്ക് വഹ്‌യ് നല്‍കി എന്ന് പറഞ്ഞതു കൊണ്ട് അവര്‍ പ്രവാചകന്മാരായിരുന്നുവെന്ന് കരുതേണ്ടതില്ല. നബിമാരല്ലാത്തവരെക്കുറിച്ചും അവര്‍ക്ക് വഹ്‌യ് നല്‍കി എന്ന പ്രയോഗം ക്വുര്‍ആനില്‍ കാണാവുന്നതാകുന്നു. മൂസാ നബിയുടെ മാതാവിന് വഹ്‌യ് നല്‍കി എന്ന് ഒരു സ്ഥലത്തും (28:7) തേനീച്ചക്ക് വഹ്‌യ് നല്‍കി എന്ന് വേറെ ഒരു സ്ഥലത്തും (16:68) പ്രസ്താവിച്ചു കാണാം. ‘സ്വകാര്യ സന്ദേശം നല്‍കി, തോന്നിപ്പിച്ചു, ബോധനം നല്‍കി’ എന്നിങ്ങിനെ ഭാഷാര്‍ത്ഥത്തിലുള്ള വഹ്‌യാണ് അവിടങ്ങളില്‍ അതുകൊണ്ടുദ്ദേശ്യം. അഥവാ നബിമാര്‍ക്ക് പ്രത്യേകമായി നല്‍കപ്പെടുന്ന സാങ്കേതികാര്‍ത്ഥത്തിലുള്ള വഹ്‌യല്ല. ഈ വഹ്‌യിനെപ്പറ്റി സൂഃശൂറാ 51ല്‍ അല്ലാഹു വിവരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരം അവിടെ നോക്കുക. ഹവാരിയ്യുകളോട് ബന്ധപ്പെട്ട ഒരു പ്രത്യേക സംഭവം അടുത്ത വചനങ്ങളില്‍ അല്ലാഹു വിവരിക്കുന്നു:-

5:115
  • إِذْ قَالَ ٱلْحَوَارِيُّونَ يَـٰعِيسَى ٱبْنَ مَرْيَمَ هَلْ يَسْتَطِيعُ رَبُّكَ أَن يُنَزِّلَ عَلَيْنَا مَآئِدَةً مِّنَ ٱلسَّمَآءِ ۖ قَالَ ٱتَّقُوا۟ ٱللَّهَ إِن كُنتُم مُّؤْمِنِينَ ﴾١١٥﴿
  • 'ഹവാരിയ്യു'കള്‍ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): 'മര്‍യമിന്റെ മകന്‍ ഈസാ, ആകാശത്തു നിന്ന് ഒരു ഭക്ഷണത്തളിക ഞങ്ങള്‍ക്ക് ഇറക്കിത്തരുവാന്‍ താങ്കളുടെ റബ്ബിന് സാധിക്കുമോ?' അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍'.
  • إِذْ قَالَ പറഞ്ഞ സന്ദര്‍ഭം الْحَوَارِيُّونَ ഹവാരിയ്യുകള്‍ يَا عِيسَى ابْنَ مَرْيَمَ മര്‍യമിന്റെ മകനായ ഈസാ هَلْ يَسْتَطِيعُ സാധിക്കുമോ, സാധ്യമാണോ رَبُّكَ നിന്റെ (താങ്കളുടെ) റബ്ബ് (റബ്ബിന്) أَن يُنَزِّلَ ഇറക്കുവാന്‍ عَلَيْنَا ഞങ്ങളുടെ മേല്‍ (ഞങ്ങള്‍ക്ക്) مَائِدَةً ഒരു ഭക്ഷണത്തളിക مِّنَ السَّمَاءِ ആകാശത്തു നിന്ന് قَالَ അദ്ദേഹം പറഞ്ഞു اتَّقُوا اللَّهَ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ إِن كُنتُم നിങ്ങളാണെങ്കില്‍ مُّؤْمِنِينَ സത്യവിശ്വാസികള്‍
5:116
  • قَالُوا۟ نُرِيدُ أَن نَّأْكُلَ مِنْهَا وَتَطْمَئِنَّ قُلُوبُنَا وَنَعْلَمَ أَن قَدْ صَدَقْتَنَا وَنَكُونَ عَلَيْهَا مِنَ ٱلشَّـٰهِدِينَ ﴾١١٦﴿
  • അവര്‍ പറഞ്ഞു: 'ഞങ്ങള്‍ അതില്‍ നിന്ന് തിന്നുവാന്‍ ഉദ്ദേശിക്കുന്നു; ഞങ്ങളുടെ ഹൃദയങ്ങള്‍ സമാധാനമടയുവാനും, താങ്കള്‍ ഞങ്ങളോട് സത്യം പറഞ്ഞിരിക്കുന്നുവെന്ന് ഞങ്ങള്‍ക്ക് അറിയുവാനും. ഞങ്ങള്‍ അതിന് [ആ ഭക്ഷണത്തളികക്ക്] സാക്ഷ്യം വഹിക്കുന്നവരില്‍ പെട്ടവരായിരിക്കുവാനും (ഉദ്ദേശിക്കുന്നു)'.
  • قَالُوا അവര്‍ പറഞ്ഞു نُرِيدُ ഞങ്ങള്‍ ഉദ്ദേശിക്കുന്നു أَن نَّأْكُلَ ഞങ്ങള്‍ തിന്നുവാന്‍ مِنْهَا അതില്‍ നിന്ന് وَتَطْمَئِنَّ സമാധാനമടയുവാനും, ശാന്തമാകുവാനും قُلُوبُنَا ഞങ്ങളുടെ ഹൃദയങ്ങള്‍ وَنَعْلَمَ ഞങ്ങള്‍ അറിയുവാനും أَن قَدْ ഉണ്ടെന്ന് صَدَقْتَنَا നീ(താങ്കള്‍) ഞങ്ങളോടു സത്യം പറഞ്ഞു (പറഞ്ഞിട്ടുണ്ടെന്ന്) وَنَكُونَ ഞങ്ങള്‍ ആയിരിക്കുവാനും عَلَيْهَا അതിന്റെമേല്‍, അതിന് مِنَ الشَّاهِدِينَ സാക്ഷ്യം വഹിക്കുന്നവരില്‍പെട്ട(വര്‍)
5:117
  • قَالَ عِيسَى ٱبْنُ مَرْيَمَ ٱللَّهُمَّ رَبَّنَآ أَنزِلْ عَلَيْنَا مَآئِدَةً مِّنَ ٱلسَّمَآءِ تَكُونُ لَنَا عِيدًا لِّأَوَّلِنَا وَءَاخِرِنَا وَءَايَةً مِّنكَ ۖ وَٱرْزُقْنَا وَأَنتَ خَيْرُ ٱلرَّٰزِقِينَ ﴾١١٧﴿
  • മര്‍യമിന്റെ മകന്‍ ഈസാ പറഞ്ഞു: 'അല്ലാഹുവേ, ഞങ്ങളുടെ റബ്ബേ, ആകാശത്തു നിന്ന് നീ ഞങ്ങള്‍ക്ക് ഒരു ഭക്ഷണത്തളിക ഇറക്കിത്തരേണമേ! ഞങ്ങള്‍ക്കും -ഞങ്ങളില്‍ ആദ്യമുള്ളവര്‍ക്കും, ഞങ്ങളില്‍ അവസാനമുള്ളവര്‍ക്കും- അതൊരു ഉല്‍സവവും, നിന്റെ പക്കല്‍ നിന്നുള്ള ഒരു (മഹത്തായ) ദൃഷ്ടാന്തവുമായിരിക്കുമാറ്. ഞങ്ങള്‍ക്ക് നീ ഉപജീവനം നല്‍കുകയും വേണമേ! നീ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റം ഉത്തമനാണല്ലോ'.
  • قَالَ പറഞ്ഞു عِيسَى ابْنُ مَرْيَمَ മര്‍യമിന്റെ മകന്‍ ഈസാ اللَّهُمَّ അല്ലാഹുവേ رَبَّنَا ഞങ്ങളുടെ റബ്ബേ, റബ്ബായ أَنزِلْ عَلَيْنَا ഞങ്ങള്‍ക്ക് ഇറക്കിത്തരേണമേ مَائِدَةً ഒരു ഭക്ഷണത്തളിക مِّنَ السَّمَاءِ ആകാശത്തു നിന്ന് تَكُونُ അതായിരിക്കുമാറ്, ആകുന്ന لَنَا ഞങ്ങള്‍ക്ക് عِيدًا ഒരു ഉല്‍സവം, പെരുന്നാള്‍ لِّأَوَّلِنَا ഞങ്ങളില്‍ ആദ്യേത്തവര്‍ക്കും وَآخِرِنَا ഞങ്ങളില്‍ അവസാനത്തേവര്‍ക്കും وَآيَةً ഒരു ദൃഷ്ടാന്തവും مِّنكَ നിന്റെ പക്കല്‍ നിന്നുള്ള وَارْزُقْنَا ഞങ്ങള്‍ക്ക് നീ ആഹാരം (ഉപജീവനം) നല്‍കുകയും ചെയ്യേണമേ وَأَنتَ നീയാകട്ടെ خَيْرُ الرَّازِقِينَ ആഹാരം (ഉപജീവനം) നല്‍കുന്നവരില്‍ ഉത്തമനുമാകുന്നു
5:118
  • قَالَ ٱللَّهُ إِنِّى مُنَزِّلُهَا عَلَيْكُمْ ۖ فَمَن يَكْفُرْ بَعْدُ مِنكُمْ فَإِنِّىٓ أُعَذِّبُهُۥ عَذَابًا لَّآ أُعَذِّبُهُۥٓ أَحَدًا مِّنَ ٱلْعَـٰلَمِينَ ﴾١١٨﴿
  • അല്ലാഹു പറഞ്ഞു: 'ഞാന്‍ നിങ്ങള്‍ക്ക് അത് ഇറക്കിത്തരാം; എന്നാല്‍, പിന്നീട് നിങ്ങളില്‍ നിന്ന് ആരെങ്കിലും അവിശ്വസിക്കുന്ന പക്ഷം, നിശ്ചയമായും ഞാന്‍, ലോകരില്‍ ഒരാളെയും ശിക്ഷിക്കാത്തതായ ഒരു (വമ്പിച്ച) ശിക്ഷ അവനെ ഞാന്‍ ശിക്ഷിക്കുന്നതാണ്.
  • قَالَ اللَّهُ അല്ലാഹു പറഞ്ഞു إِنِّي مُنَزِّلُهَا നിശ്ചയമായും ഞാന്‍ അതിനെ ഇറക്കുന്നവനാണ് (ഇറക്കിത്തരാം) عَلَيْكُمْ നിങ്ങള്‍ക്ക് فَمَن يَكْفُرْ എന്നാല്‍ ആരെങ്കിലും അവിശ്വസിക്കുന്ന പക്ഷം بَعْدُ പിന്നീട്, ശേഷം مِنكُمْ നിങ്ങളില്‍ നിന്ന് فَإِنِّي أُعَذِّبُهُ എന്നാല്‍ നിശ്ചയമായും ഞാന്‍ അവനെ ശിക്ഷിക്കും عَذَابًا ഒരു ശിക്ഷ لَّا أُعَذِّبُهُ ഞാന്‍ അതു ശിക്ഷിക്കുകയില്ല أَحَدًا ഒരാളെയും مِّنَ الْعَالَمِينَ ലോകരില്‍ നിന്ന്

ഈ സൂറത്തിനു المائدة (ഭക്ഷണത്തളിക) എന്ന് പേര്‍ പറയപ്പെടുന്നതിന് ആസ്പദമായ സംഭവത്തിന്റെ കഥയാണ് ഈ വചനങ്ങളിലെ ഉള്ളടക്കം. ഭക്ഷണസാധനങ്ങള്‍വെക്കുവാന്‍ വേണ്ടി ഉപയോഗിക്കുന്ന സുപ്ര, മേശ, തളിക മുതലായവക്കാണ് المائدة എന്ന് പറയുന്നത്. പക്ഷേ, ഭക്ഷണസാധനങ്ങള്‍ അതിലുണ്ടായിരിക്കുമ്പോള്‍ മാത്രമേ ആ വാക്ക് അതിന് ഉപയോഗിക്കാവൂ. ആകാശത്ത് നിന്ന് ഒരു ഭക്ഷണത്തളിക ഇറക്കിക്കൊടുക്കുവാന്‍ ആവശ്യപ്പെട്ടത് ഹവാരീകളാണ്. അവരാകട്ടെ- 114-ാം വചനത്തില്‍നിന്നും, ആലുഇംറാന്‍ 52ല്‍ നിന്നും വ്യക്തമാകുന്നതുപോലെ- സത്യവിശ്വാസവും ഇസ്‌ലാമിന്റെ മാര്‍ഗവും അംഗീകരിച്ചവരും, മതപ്രചാരണത്തില്‍ ഈസാ (അ)നെ സഹായിക്കാന്‍ മുന്നോട്ട് വന്നവരുമാകുന്നു. അവരെപ്പോലെ നിങ്ങളും ആയിത്തീരണമെന്നു സൂറത്തുസ്‌സ്വഫ്ഫ് 14ല്‍ അല്ലാഹു നമ്മെ ഉപദേശിച്ചിട്ടുമുണ്ട്. അല്ലാഹുവിലും, അവന്റെ സാര്‍വ്വത്രികമായ കഴിവിലും, ഈസാ നബി (അ)യിലുമൊക്കെ പരിപൂര്‍ണവിശ്വാസം ഉള്ളവരായിരിക്കും അവരെന്നു ഇതില്‍നിന്നെല്ലാം വ്യക്തമാണല്ലോ. അപ്പോള്‍, ‘താങ്കളുടെ റബ്ബിന് ആകാശത്തു നിന്ന് ഒരു ഭക്ഷണത്തളിക ഞങ്ങള്‍ക്ക് ഇറക്കിത്തരുവാന്‍ കഴിയുമോ (…هَلْ يَسْتَطِيعُ رَبُّكَ) എന്നുള്ള അവരുടെ ചോദ്യത്തിന് കാരണം എന്തായിരിക്കും? ഇതിനെപ്പറ്റി ഒന്നിലധികം പ്രകാരത്തില്‍ വിവരിക്കപ്പെട്ടു കാണാം. കൂട്ടത്തില്‍ കൂടുതല്‍ നന്നായിത്തോന്നുന്നതും അധിക വ്യാഖ്യാതാക്കളും പ്രസ്താവിച്ചു കാണുന്നതും ഇതാണ്:-

അല്ലാഹു ഞങ്ങള്‍ക്ക് അങ്ങിനെ ചെയ്തുതരുവാന്‍ സാധ്യതയുണ്ടോ, അഥവാ ഞങ്ങള്‍ക്ക്‌ വേണ്ടി അങ്ങിനെ ചെയ്തുതരുമോ, അല്ലെങ്കില്‍ താങ്കള്‍ക്ക് അല്ലാഹുവിനോട് അങ്ങിനെ ചോദിക്കാമോ? എന്നിങ്ങിനെയുള്ള ഒരര്‍ത്ഥത്തിലാണ് അവരുടെ ചോദ്യം. അതായത്, അല്ലാഹുവിന് അക്കാര്യം ചെയ്‌വാന്‍ കഴിവുണ്ടോ എന്ന ബാഹ്യമായ അര്‍ത്ഥമല്ല അവര്‍ ഉദ്ദേശിക്കുന്നത്. തങ്ങളുടെ ചോദ്യത്തിന്റെ ലക്ഷ്യം അവര്‍തന്നെ വിവരിച്ചതില്‍നിന്ന് മനസ്സിലാക്കാവുന്നതാണ്. കൂടാതെ, 113-ാം വചനത്തില്‍പ്രസ്താവിച്ചതു പോലെയുള്ള ദൃഷ്ടാന്തങ്ങള്‍ കണ്ടറിഞ്ഞ അവര്‍ക്ക് അല്ലാഹുവിന്റെ കഴിവിനെപ്പറ്റി സംശയമുണ്ടാകുവാന്‍ അവകാശവും ഇല്ലല്ലോ. ഇതനുസരിച്ച് ‘നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ (…اتَّقُوا الّلهَ) എന്ന് ഈസാ (عليه السلام) അവരോട് പറഞ്ഞതിന്റെ താല്‍പര്യം ഇങ്ങിനെയുമായിരിക്കും: നിങ്ങള്‍സത്യവിശ്വാസികളായ സ്ഥിതിക്ക് ഇതുമാതിരി ചോദ്യം ചോദിക്കുന്നത് വളരെ സൂക്ഷിക്കേണ്ടതാണ്. അല്ലാഹുവിന് എല്ലാ കാര്യത്തിനും കഴിവുണ്ടെന്ന് നിങ്ങള്‍ക്കറിയാമല്ലോ. വേണ്ടത്ര ദൃഷ്ടാന്തങ്ങള്‍ കണ്ടു കഴിഞ്ഞ സ്ഥിതിക്ക് എനിയും ദൃഷ്ടാന്തത്തിന് ആവശ്യപ്പെടുന്നത് സത്യവിശ്വാസികള്‍ക്ക് യോജിച്ചതല്ല.

ഭക്ഷണത്തളികക്ക് ആവശ്യപ്പെട്ടതിന്റെ ലക്ഷ്യമായി അവര്‍ വിവരിച്ചത് ഇവയാകുന്നു:

(1) അതില്‍ നിന്ന് ഞങ്ങള്‍ ഭക്ഷിക്കുവാന്‍ ഉദ്ദേശിക്കുന്നു. കേവലം ഭൗമികമല്ലാത്ത ഒരു ഭക്ഷ്യപദാര്‍ത്ഥം ആസ്വദിക്കുവാന്‍ ആഗ്രഹം ആര്‍ക്കും തോന്നുക സ്വാഭാവികമാണല്ലോ.

(2) ഞങ്ങളുടെ ഹൃദയങ്ങള്‍ സമാധാനമടയുവാന്‍ ഉദ്ദേശിക്കുന്നു. ദൃഷ്ടാന്തങ്ങള്‍കൂടുതല്‍ കാണും തോറും വിശ്വാസം വര്‍ദ്ധിക്കുകയും മനസ്സമാധാനം കൂടുതലാകുകയും ചെയ്യുമല്ലോ. ഇബ്‌റാഹീം നബി (عليه السلام) പോലും മനസ്സമാധാനത്തിനു വേണ്ടി ദൃഷ്ടാന്തത്തിനു അപേക്ഷിച്ച വിവരം 2:260ല്‍ അല്ലാഹു പ്രസ്താവിച്ചത് സ്മര്‍ത്തവ്യമാകുന്നു.

(3) താങ്കള്‍ -ഈസാ (عليه السلام) പറയുന്നത് സത്യമാണെന്ന് അറിയുവാന്‍ ഉദ്ദേശിക്കുന്നു. അഥവാ, അദ്ദേഹം സത്യവാനാണെന്ന് അവര്‍ അറിഞ്ഞും വിശ്വസിച്ചും വരുന്നുവെങ്കിലും ആ അറിവും വിശ്വാസവും കൂടുതല്‍ ദൃഢമായിത്തീരുവാന്‍ അത് കാരണമാകുമെന്നുദ്ദേശ്യം. അല്ലാതെ, അദ്ദേഹം സത്യവാദിയോ അസത്യവാദിയോ എന്ന് പരിശോധിക്കലല്ല അവരുടെ ലക്ഷ്യം. അദ്ദേഹത്തിന്റെ സത്യതയില്‍ നേരത്തെ വിശ്വാസം ഉറപ്പിച്ചു കഴിഞ്ഞവരാണല്ലോ അവര്‍.

(4) അതിന് തങ്ങള്‍ ദൃക്‌സാക്ഷികളായിത്തീരുവാന്‍ ഉദ്ദേശിക്കുന്നു. ഈസാ നബി (عليه السلام) യുടെ ദൗത്യ പ്രബോധനത്തില്‍ അദ്ദേഹത്തെ സഹായിക്കുവാന്‍ മുമ്പോട്ട് വന്നവരാണ് ഹവാരിയ്യുകള്‍. ആ സ്ഥിതിക്ക് മറ്റുള്ള ദൃഷ്ടാന്തങ്ങള്‍ക്ക് പുറമെ നേരില്‍ കണ്ടനുഭവിക്കുന്ന ഈയൊരു ദൃഷ്ടാന്തം കൂടി ലഭിക്കുന്നത് ആ കൃത്യം കൂടുതല്‍ ഫലപ്രദമായി നടത്തുവാന്‍ അവര്‍ക്ക് ഉപകരിക്കുമല്ലോ.

ഹവാരിയ്യുകളുടെ ഈ ചോദ്യം സദുദ്ദേശ്യപരമാണെന്ന് ഈസാ (عليه السلام) കണ്ടു. അദ്ദേഹം അല്ലാഹുവിനോട് അതിനു വേണ്ടി പ്രാര്‍ത്ഥിച്ചു. അക്കാലത്തുള്ളവര്‍ക്കും, ഭാവി തലമുറക്കും അത് ഒരു ഉല്‍സവമായിത്തീരത്തക്ക വിധമായിരിക്കണമെന്നുകൂടി അദ്ദേഹം അതിനെ വിശേഷിപ്പിക്കുകയും ചെയ്തു. പ്രാര്‍ത്ഥനക്ക് അല്ലാഹുവില്‍ നിന്നു ലഭിച്ച ഉത്തരം: ‘ശരി, ഭക്ഷണത്തളിക ഇറക്കിത്തരാം, പക്ഷേ, പിന്നെ നിങ്ങളില്‍ നിന്ന് അവിശ്വാസവും നിഷേധവും ഉണ്ടാവാന്‍ പാടില്ല, ഉണ്ടായാല്‍, മുമ്പാര്‍ക്കും ഞാന്‍ നല്‍കിയിട്ടില്ലാത്ത കഠിനശിക്ഷ അവര്‍ അനുഭവിക്കേണ്ടിവരും.

ഈ ഉപാധികള്‍ക്ക് ഹവാരിയ്യുകള്‍ സമ്മതിച്ചുവോ? ഭക്ഷണത്തളിക ഇറക്കുകയുണ്ടായോ? ഒന്നും അല്ലാഹു വ്യക്തമാക്കിയിട്ടില്ല. രണ്ടിലൊന്ന് തീര്‍ത്തു പറയത്തക്ക വേറെ തെളിവുകളുമില്ല. എങ്കിലും ക്വുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ അധികമാളുകളും ഭക്ഷണത്തളിക ഇറക്കുകയുണ്ടായിട്ടുണ്ടെന്ന അഭിപ്രായക്കാരാകുന്നു. ക്വുര്‍ആന്റെ വാക്കുകളില്‍ തന്നെ ഇതിനു ചില സൂചനകള്‍ ലഭിക്കാതെയുമില്ല. കൂടാതെ, ഇബ്‌നുഅബ്ബാസ്, അമ്മാര്‍ (റ) എന്നീ സ്വഹാബികളില്‍ നിന്നും, താബിഉകളായ ചില മഹാന്മാരില്‍ നിന്നും വന്നിട്ടുള്ള ഏതാനും രിവായത്തുകളും അവര്‍ അതിന് തെളിവായി ഉദ്ധരിക്കുന്നുമുണ്ട്. ചില രിവായത്തുകളില്‍, തളികയിലുണ്ടായിരുന്ന വിഭവങ്ങള്‍ അപ്പം, മല്‍സ്യം, ചില പഴങ്ങള്‍ എന്നിവയായിരുന്നുവെന്നും കാണാം. ചില രിവായത്തുകള്‍ അതിശയോക്തി നിറഞ്ഞതും ദുര്‍ബ്ബലങ്ങളുമാണെങ്കിലും മുഴുവന്‍ രിവായത്തുകളും തള്ളപ്പെടാവുന്നവയുമല്ല. മേല്‍കണ്ട പ്രകാരമുള്ള താക്കീത് അല്ലാഹു നല്‍കിയതോടുകൂടി ഹവാരിയ്യുകള്‍ തങ്ങളുടെ ആവശ്യം പിന്‍വലിച്ചുവെന്നും, അതുകൊണ്ട് താളിക ഇറക്കപ്പെടുകയുണ്ടായില്ലെന്നുമാണ് ഹസന്‍, മുജാഹിദ് (റ) എന്നിവരില്‍ നിന്ന് രിവായത്തു വന്നിട്ടുള്ളത്. ക്വുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ഒരു വിഭാഗം ഈ അഭിപ്രായക്കാരാകുന്നു. അധിക പക്ഷത്തിന്റെ അഭിപ്രായമാണ് ഇബ്‌നു ജരീര്‍ (رحمه الله) ശരിവെച്ചിരിക്കുന്നത്. ഇബ്‌നു കഥീര്‍ (رحمه الله) ആകട്ടെ, തളിക ഇറക്കപ്പെട്ടിട്ടില്ലെന്ന അഭിപ്രായത്തെയും ശരിവെച്ചു കാണുന്നു. الله اعلم

വിഭാഗം - 16

5:119
  • وَإِذْ قَالَ ٱللَّهُ يَـٰعِيسَى ٱبْنَ مَرْيَمَ ءَأَنتَ قُلْتَ لِلنَّاسِ ٱتَّخِذُونِى وَأُمِّىَ إِلَـٰهَيْنِ مِن دُونِ ٱللَّهِ ۖ قَالَ سُبْحَـٰنَكَ مَا يَكُونُ لِىٓ أَنْ أَقُولَ مَا لَيْسَ لِى بِحَقٍّ ۚ إِن كُنتُ قُلْتُهُۥ فَقَدْ عَلِمْتَهُۥ ۚ تَعْلَمُ مَا فِى نَفْسِى وَلَآ أَعْلَمُ مَا فِى نَفْسِكَ ۚ إِنَّكَ أَنتَ عَلَّـٰمُ ٱلْغُيُوبِ ﴾١١٩﴿
  • അല്ലാഹു പറഞ്ഞ (അഥവാ പറയുന്ന സന്ദര്‍ഭം (ഓര്‍ക്കുക): 'മര്‍യമിന്റെ മകന്‍ ഈസാ, നീയാണോ മനുഷ്യരോട് പറഞ്ഞത്: എന്നെയും, എന്റെ ഉമ്മയെയും നിങ്ങള്‍ അല്ലാഹുവിനു പുറമെ രണ്ടു ആരാധ്യന്മാരാക്കിക്കൊള്ളുവിന്‍ എന്ന്?!' അദ്ദേഹം പറഞ്ഞു (അഥവാ പറയും): 'നീ മഹാപരിശുദ്ധന്‍! [നിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു] എനിക്ക് ഒരു അവകാശവും (അഥവാ ന്യായവും) ഇല്ലാത്തത് പറയുവാന്‍ എനിക്ക് പാടില്ലല്ലോ! 'ഞാനത് പറഞ്ഞിരുന്നെങ്കില്‍, തീര്‍ച്ചയായും നീ അത് അറിഞ്ഞിട്ടുണ്ടാകും. എന്റെ സ്വന്തത്തില്‍പെട്ടത് [എന്നെ സംബന്ധിച്ചത്] നീ അറിയുന്നു; നിന്റെ സ്വന്തത്തില്‍പെട്ടത് [നിന്നെ സംബന്ധിച്ചത്] എനിക്കറിയുകയുമില്ല. നിശ്ചയമായും, നീ തന്നെയാണ് അദൃശ്യ കാര്യങ്ങളെ നന്നായറിയുന്നവന്‍.
  • وَإِذْ قَالَ പറഞ്ഞ (പറയുന്ന) സന്ദര്‍ഭവും اللَّهُ അല്ലാഹു يَا عِيسَى ابْنَ مَرْيَمَ മര്‍യമിന്റെ മകന്‍ ഈസാ أَأَنتَ നീയോ, നീയാണോ قُلْتَ പറഞ്ഞു, പറഞ്ഞത് لِلنَّاسِ മനുഷ്യരോട് اتَّخِذُونِي എന്നെ നിങ്ങള്‍ ആക്കണമെന്ന്, സ്വീകരിക്കുവിന്‍ എന്ന് وَأُمِّيَ എന്റെ ഉമ്മയെ (മാതാവിനെ)യും إِلَٰهَيْنِ രണ്ടു ഇലാഹുകള്‍ (ദൈവങ്ങള്‍-ആരാധ്യന്മാര്‍) مِن دُونِ കൂടാതെ, പുറമെ اللَّهِ അല്ലാഹുവിനെ, അല്ലാഹുവിന് قَالَ അദ്ദേഹം പറഞ്ഞു (പറയും) سُبْحَانَكَ നീ മഹാ പരിശുദ്ധന്‍, നിന്റെ പരിശുദ്ധി (ഞാന്‍ വാഴ്ത്തുന്നു) مَا يَكُونُ ആകാവതല്ല (പാടില്ല-നിവൃത്തിയില്ല) لِي എനിക്ക് أَنْ أَقُولَ ഞാന്‍ പറയല്‍, പറയുവാന്‍ مَا لَيْسَ لِي എനിക്കില്ലാത്തത് بِحَقٍّ ഒരവകാശവും, ന്യായവും إِن كُنتُ قُلْتُهُ ഞാന്‍ അത് പറഞ്ഞിരുന്നുവെങ്കില്‍ فَقَدْ عَلِمْتَهُ തീര്‍ച്ചയായും നീ അതറിഞ്ഞിരിക്കുന്നു, അറിഞ്ഞിട്ടുണ്ട് تَعْلَمُ നീ അറിയും, നിനക്കറിയാം مَا فِي نَفْسِي എന്റെ സ്വന്തത്തില്‍ (മനസ്സില്‍) ഉള്ളത് (എന്നെ സംബന്ധിച്ചത്) وَلَا أَعْلَمُ ഞാന്‍ അറിയുകയില്ല, എനിക്കറിഞ്ഞുകൂടാ مَا فِي نَفْسِكَ നിന്റെ സ്വന്തത്തിലുള്ളത് إِنَّكَ أَنتَ നിശ്ചയമായും നീ തന്നെ عَلَّامُ നന്നായി (ശരിക്കു-വളരെ) അറിയുന്നവന്‍ الْغُيُوبِ അദൃശ്യങ്ങളെ, മറഞ്ഞ കാര്യങ്ങള്‍
5:120
  • مَا قُلْتُ لَهُمْ إِلَّا مَآ أَمَرْتَنِى بِهِۦٓ أَنِ ٱعْبُدُوا۟ ٱللَّهَ رَبِّى وَرَبَّكُمْ ۚ وَكُنتُ عَلَيْهِمْ شَهِيدًا مَّا دُمْتُ فِيهِمْ ۖ فَلَمَّا تَوَفَّيْتَنِى كُنتَ أَنتَ ٱلرَّقِيبَ عَلَيْهِمْ ۚ وَأَنتَ عَلَىٰ كُلِّ شَىْءٍ شَهِيدٌ ﴾١٢٠﴿
  • 'നീ എന്നോട് എന്ത് കല്‍പ്പിച്ചുവോ അതല്ലാതെ ഞാന്‍ അവരോട് പറഞ്ഞിട്ടില്ല; അതായത് എന്റെ റബ്ബും, നിങ്ങളുടെ റബ്ബുമായ അല്ലാഹുവിനെ നിങ്ങള്‍ ആരാധിക്കണമെന്ന് (അല്ലാതെ). ഞാന്‍ അവരില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ (നോട്ടം ചെയ്യുന്ന) സാക്ഷിയായിരുന്നു; അങ്ങനെ, നീ എന്നെ പൂര്‍ണമായെടുത്തപ്പോള്‍, അവരുടെ മേല്‍ നോട്ടം വഹിക്കുന്നവന്‍ നീ തന്നെ ആയിരുന്നു. നീയാകട്ടെ, എല്ലാ കാര്യത്തിനും മേല്‍ (നോട്ടം ചെയ്യുന്ന) സാക്ഷിയുമാകുന്നു.
  • مَا قُلْتُ ഞാന്‍ പറഞ്ഞിട്ടില്ല لَهُمْ അവരോട് إِلَّا مَا യാതൊന്നല്ലാതെ أَمَرْتَنِي بِهِ അതിനു നീ എന്നോട് കല്‍പിച്ചിരിക്കുന്നു أَنِ اعْبُدُوا നിങ്ങള്‍ ആരാധിക്കുവിന്‍ എന്ന് اللَّهَ رَبِّي എന്റെ റബ്ബായ അല്ലാഹുവിനെ وَرَبَّكُمْ നിങ്ങളുടെ റബ്ബുമായ وَكُنتُ ഞാനായിരുന്നു عَلَيْهِمْ അവരുടെമേല്‍, അവരില്‍ شَهِيدًا സാക്ഷി (സാക്ഷ്യം വഹിക്കുന്നവന്‍) مَّا دُمْتُ ഞാന്‍ ആയിരുന്നപ്പോള്‍, ഉണ്ടായപ്പോഴൊക്കെ فِيهِمْ അവരില്‍ فَلَمَّا تَوَفَّيْتَنِي അങ്ങനെ നീ എന്നെ പൂര്‍ണമായെടുത്ത (പിടിച്ചെടുത്ത)പ്പോള്‍ كُنتَ أَنتَ നീ തന്നെ ആയിത്തീര്‍ന്നു, ആയിരുന്നു الرَّقِيبَ മേല്‍നോട്ടം വഹിക്കുന്നവന്‍ عَلَيْهِمْ അവരുടെ മേല്‍ وَأَنتَ നീയാകട്ടെ عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിന്റെ മേലും (കാര്യത്തിനും) شَهِيدٌ സാക്ഷ്യം (മേല്‍നോട്ടം) വഹിക്കുന്നവനാണ്
5:121
  • إِن تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ ۖ وَإِن تَغْفِرْ لَهُمْ فَإِنَّكَ أَنتَ ٱلْعَزِيزُ ٱلْحَكِيمُ ﴾١٢١﴿
  • 'നീ അവരെ ശിക്ഷിക്കുന്ന പക്ഷം, അവര്‍ നിന്റെ അടിയാന്മാരാകുന്നു [നിനക്കതിന് അര്‍ഹതയുണ്ട്]. നീ അവര്‍ക്ക് പൊറുത്തു കൊടുക്കുകയാണെങ്കില്‍, നീ തന്നെയാണല്ലോ പ്രതാപശാലിയും അഗാധജ്ഞനുമായുള്ളവന്‍. [നീ ഉദ്ദേശിച്ച പോലെ ചെയ്‌വാന്‍ നിനക്ക് യാതൊരു തടസ്സവും ഇല്ലതാനും].'
  • إِن تُعَذِّبْهُمْ നീ അവരെ ശിക്ഷിക്കുന്ന പക്ഷം فَإِنَّهُمْ എന്നാല്‍ നിശ്ചയമായും അവര്‍ عِبَادُكَ നിന്റെ അടിയാന്മാരാണ് وَإِن تَغْفِرْ നീ പൊറുക്കുന്ന പക്ഷമോ, പൊറുക്കുകയാണെങ്കില്‍ لَهُمْ അവര്‍ക്ക് فَإِنَّكَ أَنتَ എന്നാല്‍ നിശ്ചയമായും നീ തന്നെയാണ് الْعَزِيزُ പ്രതാപശാലി الْحَكِيمُ അഗാധജ്ഞന്‍, യുക്തിമാന്‍, വിജ്ഞാനി

ക്വിയാമത്ത് നാളില്‍ അല്ലാഹുവും ഈസാ നബി (عليه السلام)യും തമ്മില്‍ നടക്കുന്ന സംഭാഷണമാണിതെന്നും ഈസാ (عليه السلام)നെ ആകാശത്തേക്ക് ഉയര്‍ത്തിയശേഷം സംഭവിച്ചു കഴിഞ്ഞ സംഭാഷണമാണിതെന്നും രണ്ടഭിപ്രായം ക്വുര്‍ആന്‍ വ്യാഖ്യാതാക്കളിലുണ്ട്. ഇതനുസരിച്ചാണ് قال (ക്വാല) എന്ന ഭൂതകാല ക്രിയക്ക് ഭൂതകാലത്തെ കുറിക്കുന്ന രൂപത്തിലും ഭാവികാലത്തെ കുറിക്കുന്ന രൂപത്തിലും അര്‍ത്ഥം വരാമെന്ന് പരിഭാഷയില്‍ നാം സൂചിപ്പിച്ചത്. ഒന്നാമത്തേതാണ് ഭൂരിപക്ഷാഭിപ്രായം. ആ അഭിപ്രായത്തെയാണ് ഇബ്‌നുകഥീര്‍ (റ) ബലപ്പെടുത്തിയിരിക്കുന്നത്. ഇബ്‌നു ജരീര്‍ (റ) രണ്ടാമെത്ത അഭിപ്രായവും ശരിവെച്ചു കാണുന്നു. വാസ്തവം അല്ലാഹുവിനറിയാം.

സംഭാഷണം ഈസാ (عليه السلام) ഉയര്‍ത്തപ്പെട്ട ശേഷം നടന്നു കഴിഞ്ഞതായാലും ക്വിയാമത്ത് നാളില്‍ നടക്കുവാനിരിക്കുന്നതായാലും ശരി, ഈസാ (عليه السلام)നെയും അദ്ദേഹത്തിന്റെ മാതാവായ മര്‍യം (عليها السلام)നെയും ക്രിസ്ത്യാനികള്‍ ഇലാഹാക്കി (ദൈവമാക്കി)യെന്നുള്ള ആക്ഷേപമാണ് ഇതിലെ പ്രധാന സംഗതി. ക്രിസ്ത്യാനികളില്‍ നിലവിലില്ലാത്ത ഒരു വിശ്വാസം അവരുടെ മേല്‍ വെച്ചു കെട്ടുകയാണ് ഈ വചനം മുഖേന ക്വുര്‍ആന്‍ ചെയ്യുന്നതെന്നും, തങ്ങള്‍ മര്‍യമിനെ ദൈവമായി അംഗീകരിക്കുന്നില്ലെന്നും ചില ക്രിസ്തീയപാതിരിമാര്‍ പറഞ്ഞും പ്രചരിപ്പിച്ചും വരാറുണ്ട്. ഈ ആരോപണത്തിന് അല്ലാമാ സയ്യിദ്മഹ്മൂദ് ആലൂസി (റ) അദ്ദേഹത്തിന്റെ തഫ്‌സീറില്‍ മൂന്നു മറുപടികള്‍ ഉദ്ധരിച്ചുകാണാം. അവയില്‍ മൂന്നാമത്തെ മറുപടി ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഇങ്ങിനെ പറയുന്നു: ‘ക്രിസ്ത്യനികളില്‍ മര്‍യമിനെ ദൈവമാക്കിയ ഒരു വിഭാഗം മുന്‍കാലത്ത് ഉണ്ടായിരുന്നുവെന്നും അവര്‍ ‘മര്‍യമീ വിഭാഗം’ എന്ന് അറിയപ്പെട്ടിരുന്നുവെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഇതാണ് കൂടുതല്‍ നല്ല മറുപടി. ഇക്കാലത്തുള്ള ക്രിസ്ത്യാനികള്‍ അങ്ങിനെവിശ്വസിക്കുന്നുണ്ടെന്ന് പറയുന്നത് ശരിയല്ല’. (روح المعاني) ഇന്ന് ക്രിസ്ത്യാനികളില്‍പലരും മര്‍യം (عليها السلام) ദൈവമാണെന്ന് പറയുന്നില്ലെങ്കിലും അവരുടെ പൂര്‍വ്വീകന്മാരില്‍ആ വിശ്വാസം ഉണ്ടായിരുന്നുവെന്നും, ഈസാ (عليه السلام) നെക്കുറിച്ചു നിലവിലുള്ള ക്രിസ്ത്യാനികളുടെ വിശ്വാസപ്രകാരം തന്നെ മര്‍യമിലും അവര്‍ ദിവ്യത്വം കല്‍പിക്കുന്നതായി ഏര്‍പ്പെടുന്നുവെന്നും തീര്‍ച്ചയാണ്. ക്രിസ്തുമതത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ തത്വങ്ങള്‍പോലും ഒന്നിലധികം പ്രാവശ്യം മാറ്റത്തിരുത്തം ചെയ്യപ്പെടുകയും പൊളിച്ചെഴുത്ത് നടത്തപ്പെടുകയും ചെയ്തവയാണല്ലോ. അക്കൂട്ടത്തില്‍, ആ പഴയ വിശ്വാസ സിദ്ധാന്തം നിലവിലുള്ള ചില ക്രിസ്തീയ വിഭാഗങ്ങള്‍ കയ്യൊഴിച്ചിട്ടുണ്ടെങ്കില്‍അതില്‍ അതിശയിക്കാനൊന്നുമില്ല. ക്രിസ്ത്യാനികളില്‍ തന്നെ ചില വിഭാഗക്കാര്‍ ഇന്നു മര്‍യം (عليها السلام)ന് ദിവ്യത്വം കല്‍പിച്ചു വരുന്നുണ്ട്താനും. വേദ പുസ്തക നിഘണ്ടുവിന്റെ വാക്യങ്ങളില്‍ ഈ പരമാര്‍ത്ഥം വ്യക്തമാണ്.

‘യേശുവിന്റെ അമ്മയായ മറിയ’യെക്കുറിച്ചു നിഘണ്ടുപറയുന്നു: ‘അപ്പൊ ക്രിഫാ സുവിശേഷങ്ങളെ(*) എഴുതിയവരും അവയെ വിശ്വസിച്ചവരും ഇവളെ ആരാധ്യയായി കരുതി. ക്രിസ്ത്വബ്ദം 450 നോടു കൂടി ഇവള്‍ക്ക് ‘ദൈവത്തെ പ്രസവിച്ചവള്‍’ എന്ന സ്ഥാനപ്പേര്‍ നല്‍കി. തന്മൂലം അനേകര്‍ ഇവള്‍ക്ക് ‘ദൈവ മാതാ’ എന്ന് സംബോധന നല്‍കി. ഇവളെ ആരാധിക്കേണ്ടതാണെന്ന് നിശ്ചയിക്കയും ചെയ്തു. അതിനു ശേഷം, ഇവള്‍ പാപരഹിതയാണെന്നും, ശരീരം സ്വര്‍ഗത്തില്‍ പോയി എന്നും വിശ്വസിച്ചു തുടങ്ങി. റോമാ സഭക്കാര്‍ ഇവളെ മഹത്വപ്പെടുത്തുവാന്‍ നടത്തിയ ആരാധനാമുറകളെ നോക്കിയാല്‍ ആ സഭയില്‍ അനേകര്‍ യേശു ക്രിസ്തുവിനെപ്പോലെത്തന്നെ അവന്റെ അമ്മയായ മറിയയെയും ബഹുമാനിക്കുന്നുവെന്നു കാണാം. (വേ. പു. നി. ഭാ: 331) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കാലത്ത് റോമാ ചക്രവര്‍ത്തിയായിരുന്ന ഹിറക്വ്‌ലിയൂസിന്റെ പതാകയില്‍ ‘ദൈവമാതാവി’ന്റെ ചിത്രം ഉണ്ടായിരുന്നുവെന്നും, അതിന്റെ അനുഗ്രഹം കൊണ്ട്തന്റെ പതാക താണുപോകയില്ലെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നുവെന്നും ചില പണ്ഡിതന്മാര്‍ രേഖപ്പെടുത്തി കാണുന്നുമുണ്ട്.മേല്‍ ഉദ്ധരിച്ചതില്‍നിന്ന്, ഇക്കാലത്തെക്രിസ്ത്യാനികളില്‍ ചിലര്‍ -പ്രോട്ടസ്റ്റുകാര്‍ വിശേഷിച്ചും- മര്‍യം (عليها السلام)നെപ്പറ്റി ദൈവമെന്ന് പറയാറില്ലെങ്കിലും, അവരെ ദൈവമായിത്തന്നെ ക്രിസ്ത്യാനികള്‍ മുന്‍കാലത്ത്കരുതി വന്നിരുന്നുവെന്നും, ഇന്നും ചിലര്‍ കരുതി വരുന്നുണ്ടെന്നും, ക്വുര്‍ആന്റെ പ്രസ്താവന അക്ഷാരാര്‍ത്ഥത്തില്‍ ശരിയാണെന്നും, ഈ വാസ്തവം മൂടിവെച്ചു കൊണ്ടാണ്പ്രസ്തുത പാതിരിമാര്‍ ക്വുര്‍ആന്റെ നേരെ ആക്ഷേപം പുറപ്പെടുവിക്കുന്നതെന്നും സ്പഷ്ടമായല്ലോ. قل فلله الحجة البالغة


(*) തള്ളപ്പെട്ട വേദപുസ്തകങ്ങള്‍ (الكتب المتروكة) എന്ന് വിവക്ഷ. വേദ പുസ്തക നിഘണ്ടുവില്‍ ഇങ്ങിനെ കാണാം: ”അപ്പൊക്രിഫാ, എന്നാല്‍ ഒളിക്കപ്പെട്ടത് എന്നര്‍ത്ഥം. ആദ്യം മറ്റുള്ളവര്‍ വായിക്കാതിരിക്കുവാനായി പഴയ നിയമത്തില്‍ഉള്‍പ്പെടാതെ രഹസ്യമായി വെച്ചിരുന്ന ചില പുസ്തകങ്ങള്‍ ഉണ്ടായിരുന്നു….. ആദ്യക്രിസ്ത്യാനികള്‍ ഇവയെ ഉപയോഗിച്ചു എങ്കിലും ഈ പുസ്തകങ്ങള്‍ക്കും പഴയനിയമത്തിനുമുള്ള വ്യത്യാസം ഇവര്‍ക്ക് മനസ്സിലായി. അതു നിമിത്തം ഇവ സ്വീകാര്യങ്ങളല്ല എന്ന് അഭിപ്രായമുണ്ടായിരുന്നു. പുതിയ നിയമ പുസ്തകങ്ങള്‍ എഴുതെപ്പട്ട ശേഷം ഇവയുടെ മഹിമ ക്രമേണ കുറഞ്ഞുപോയി. ഇവയെ വിശുദ്ധ വേദത്തിലെ പുസ്തകങ്ങളോട് ചേര്‍ക്കാന്‍ പാടില്ല എന്നുള്ള അഭിപ്രായമുണ്ടായപ്പോള്‍ഇവക്ക് ‘തള്ളപ്പെട്ട പുസ്തകങ്ങള്‍’ എന്നു പേരു വന്നു….” (ഭാ:15). 


അബ്ദുല്ലാഹിബ്‌നു അംറിബ്നില്‍ ആസ്വ് (റ) പറഞ്ഞതായി ഇബ്‌നു അബീഹാതിം (റ) രിവായത്ത് ചെയ്യുന്നു: ഈസാ (عليه السلام) പറഞ്ഞ …. إِن تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ (നീഅവരെ ശിക്ഷിക്കുന്ന പക്ഷം അവര്‍ നിന്റെ അടിയാന്മാരാണ്…) എന്ന വാക്യം അതിന്റെ അവസാനം വരെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഓതുകയുണ്ടായി. എന്നിട്ട് രണ്ടു കൈയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ‘അല്ലാഹുവേ! എന്റെ സമുദായം!!’ എന്ന് പറഞ്ഞു അവിടുന്ന് കരയുകയും ചെയ്തു. അപ്പോള്‍ അല്ലാഹു ജിബ്‌രീല്‍ (അ) നോട് പറഞ്ഞു: നിന്റെ റബ്ബിന് നല്ലവണ്ണം അറിയാം, എന്നാലും നീ മുഹമ്മദിന്റെ അടുക്കല്‍ ചെന്നു കരയുവാന്‍ കാരണമെന്തെന്ന് ചോദിക്കുക’. അങ്ങനെ, ജിബ്‌രീല്‍ (അ) വന്നു ചോദിച്ചു. തിരുമേനി വിവരം അറിയിച്ചു. അപ്പോള്‍ അല്ലാഹു ജിബ്‌രീലിനോട് പറഞ്ഞു: ‘നീ മുഹമ്മദിന്റെ അടുക്കല്‍ ചെന്നു പറയുക: നിന്റെ സമുദായത്തിന്റെ കാര്യത്തില്‍ നാം നിന്നെ തൃപ്തിപ്പെടുത്തിത്തന്നേക്കും. നിന്നെ നാം അതൃപ്തിപ്പെടുത്തുകയില്ല’. ഏതാണ്ടിപ്രകാരം മുസ്‌ലിമും (رحمه الله) ഉദ്ധരിച്ചിരിക്കുന്നു.

ഇബ്‌നു അബ്ബാസ് (رحمه الله) ല്‍ നിന്ന് അബൂദാവൂദ് (رحمه الله) നിവേദനം ചെയ്യുന്ന ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങിനെ പറഞ്ഞതായി കാണാം: ക്വിയാമത്തു നാളില്‍ ആദ്യമായിവസ്ത്രം ധരിപ്പിക്കപ്പെടുന്നത് ഇബ്‌റാഹീം (عليه السلام) ന് ആയിരിക്കും. അറിയുക: എന്റെ സമുദായത്തില്‍ നിന്ന് ചില മനുഷ്യരെ കൊണ്ടുവന്ന് അവരെ ഇടത്തു വശത്തേക്ക്(അവിശ്വാസികളായ ദുര്‍ജ്ജനങ്ങളുടെ പക്ഷത്തേക്ക്) എടുക്കും. അപ്പോള്‍, ഞാന്‍: ‘എന്റെ ആള്‍ക്കാര്‍!’ എന്ന് പറയും. അപ്പോള്‍ എന്നോട് പറയപ്പെടും: ‘അവര്‍ താങ്കള്‍ക്കു ശേഷം പുതുതായി ഉണ്ടാക്കിത്തീര്‍ത്തതിനെക്കുറിച്ചു താങ്കള്‍ക്ക് അറിഞ്ഞുകൂടാ’. അപ്പോള്‍ ആ നല്ല അടിയാന്‍ (ഈസാ നബി) പറഞ്ഞതു പോലെ ഞാന്‍ പറയും: وَكُنتُ عَلَيْهِمْ شَهِيدًا (ഞാന്‍ അവരില്‍ ഉണ്ടായിരുന്നപ്പോള്‍ ഞാന്‍ അവരില്‍ സാക്ഷ്യം വഹിക്കുന്നവനായിരുന്നു…..) അപ്പോള്‍ പറയപ്പെടും: ‘താങ്കള്‍ അവരെ പിരിഞ്ഞതു മുതല്‍ അവര്‍ പിന്നോക്കം മടങ്ങിക്കൊണ്ടിരിക്കുകയായിരുന്നു’. ഈ ഹദീഥ് ബുഖാരി (رحمه الله)യും ഉദ്ധരിച്ചിട്ടുണ്ട്. ഒരു രാത്രി, നേരം പുലരുവോളം …. إِن تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ (നീ അവരെ ശിക്ഷിക്കുന്ന പക്ഷം അവര്‍ നിന്റെ അടിയാന്മാരാണ്) എന്ന് തുടങ്ങി ആയത്തിന്റെ അവസാനം വരെ ഓതിക്കൊണ്ട്നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നമസ്‌കരിച്ചതായും ഹദീഥില്‍ വന്നിരിക്കുന്നു. (അ; ന)

ഒരു സംഗതി ഇവിടെ പ്രത്യേകം ഓര്‍മിച്ചിരിക്കേണ്ടിയിരിക്കുന്നു. അതായത്: فَلَمَّاتَوَفَّيْتَنِي എന്ന വാക്കിന് ‘നീ എന്റെ ആയുസ്സ് പൂര്‍ത്തിയാക്കിയപ്പോള്‍’ എന്നും മറ്റും വാക്കര്‍ത്ഥം കല്‍പിച്ചുകൊണ്ട് അദ്ദേഹം കുരിശ് സംഭവത്തില്‍നിന്ന് രക്ഷപ്പെട്ടശേഷം പിന്നീട് മരണപ്പെട്ടുപോയിരിക്കയാണെന്നും, ഉപരിലോകത്തേക്ക് ഉയര്‍ത്തപ്പെടുകയുണ്ടായിട്ടില്ലെന്നും, കാലാവസാനത്തില്‍ അദ്ദേഹം ഭൂമിയിലേക്ക് ഇറങ്ങി വരുമെന്ന വിശ്വാസം ശരിയല്ലെന്നും, അത് ക്രിസ്ത്യാനികളില്‍ നിന്ന് മുസ്‌ലിംകളിലേക്ക്നുഴഞ്ഞു കയറിയ വിശ്വാസമാണെന്നും മറ്റും ചില വക്രതാല്‍പര്യക്കാര്‍ കുറേ വലിച്ചുനീട്ടി പ്രസ്താവിച്ചു കാണുന്നു. توفى എന്ന വാക്കിന്റെ അര്‍ത്ഥങ്ങളെയും പ്രയോഗങ്ങളെയും കുറിച്ചു സൂ: ആലുഇംറാന്‍ 55-ാം വചനത്തില്‍ വെച്ചും മറ്റും നാം വേണ്ടത്ര വിശദീകരിച്ചിട്ടുള്ളതുകൊണ്ട് ഇവിടെ ആ ഭാഗം വിട്ടു കളയുകയാണ്. ‘മരണപ്പെടുത്തുക’ എന്നല്ല ഇവിടെ അതിന് അര്‍ത്ഥമെന്നും, ഭൂമിയിലെ ജീവിതം അവസാനിപ്പിക്കുക എന്നാണ് ഉദ്ദേശ്യമെന്നും, ഭൂമിയിലെ ജീവിതം അവസാനിച്ചു ഉപരിലോകത്തേക്ക് ഉയര്‍ത്തപ്പെടുക മാത്രമാണുണ്ടായിട്ടുള്ളതെന്നും കാര്യകാരണസഹിതം നാം അവിടെ വിവരിച്ചിട്ടുമുണ്ട്. അദ്ദേഹം വീണ്ടും ഭൂമിയിലേക്ക് ഇറങ്ങി വരുമെന്നു മുസ്‌ലിംകള്‍വിശ്വസിക്കുന്നത് ബലവത്തായ പല ഹദീഥുകളെയും അടിസ്ഥാനമാക്കിയാണെന്നും -ഇവര്‍ പറയും പോലെ ക്രിസ്ത്യാനികളെ അനുകരിച്ചത് കൊണ്ടല്ലെന്നും ഒന്നിലധികം സന്ദര്‍ഭങ്ങളില്‍ നാം ചൂണ്ടിക്കാട്ടുകയും ചെയ്തിരിക്കുന്നു.

5:122
  • قَالَ ٱللَّهُ هَـٰذَا يَوْمُ يَنفَعُ ٱلصَّـٰدِقِينَ صِدْقُهُمْ ۚ لَهُمْ جَنَّـٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَآ أَبَدًا ۚ رَّضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ ﴾١٢٢﴿
  • അല്ലാഹു പറഞ്ഞു (അഥവാ പറയുന്നതാണ്): ഇത്, സത്യവാന്മാര്‍ക്ക് തങ്ങളുടെ സത്യം ഉപകരിക്കുന്ന ദിവസമാകുന്നു. അവര്‍ക്ക് അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളുണ്ടായിരിക്കും- (അവര്‍) അതില്‍എന്നെന്നും നിത്യവാസികളായ നിലയില്‍, അവരെക്കുറിച്ച് അല്ലാഹു തൃപ്തിപ്പെടുന്നതാണ്: അവനെക്കുറിച്ച് അവരും തൃപ്തിപ്പെടുന്നതാണ്. അതത്രെ വമ്പിച്ച വിജയം!
  • قَالَ اللَّهُ അല്ലാഹു പറഞ്ഞു, പറയും هَٰذَا يَوْمُ ഇതു ദിവസമാകുന്നു يَنفَعُ ഉപകരിക്കുന്ന, ഫലം ചെയ്യുന്ന الصَّادِقِينَ സത്യവാന്മാര്‍ക്ക്, സത്യം പറയുന്നവര്‍ക്ക് صِدْقُهُمْ തങ്ങളുടെ സത്യം لَهُمْ അവര്‍ക്കുണ്ട്, ഉണ്ടായിരിക്കും جَنَّاتٌ (ചില) സ്വര്‍ഗങ്ങള്‍ تَجْرِي നടക്കും(ഒഴുകും) مِن تَحْتِهَا അവയുടെ അടിയിലൂടെ الْأَنْهَارُ അരുവികള്‍, നദികള്‍ خَالِدِينَ സ്ഥിര(നിത്യ) വാസികളായിക്കൊണ്ട് فِيهَا അതില്‍, അവയില്‍ أَبَدًا എന്നെന്നും, സ്ഥിരമായും,എക്കാലവും رَّضِيَ اللَّهُ അല്ലാഹു തൃപ്തിപ്പെടുന്നതാണ് عَنْهُمْ അവരെപ്പറ്റി وَرَضُوا അവരും തൃപ്തിപ്പെടുന്നതാണ് عَنْهُ അവനെപ്പറ്റി ذَٰلِكَ الْفَوْزُ അതത്രെ വിജയം الْعَظِيمُ വമ്പിച്ച, മഹത്തായ

കഴിഞ്ഞ വചനങ്ങളില്‍ പ്രസ്താവിച്ച സംഭാഷണം അധിക വ്യാഖ്യാതാക്കളും പറയുന്നതുപോലെ, ക്വിയാമത്ത് നാളില്‍ നടക്കുന്നതായാലും, ഇബ്‌നുജരീറും (رحمه الله) മറ്റു ചിലരും അഭിപ്രായപ്പെട്ടതു പോലെ ഈസാ (عليه السلام) ഉയര്‍ത്തപ്പെട്ടശേഷം നടന്നിട്ടുള്ളതായാലും -രണ്ടായാലും- ഈ വചനത്തില്‍ പ്രസ്താവിക്കുന്നത് ക്വിയാമത്തുനാളിനെക്കുറിച്ചു തന്നെയാകുന്നു. പക്ഷേ, -ഇ്‌നുജരീര്‍ (رحمه الله) ചൂണ്ടിക്കാട്ടിയതു പോലെ- ആദ്യത്തെ അഭിപ്രായ പ്രകാരം ഈ വചനത്തിലെ വാക്യങ്ങള്‍, ഈസാ നബി (عليه السلام)യുടെ മറുപടിയെ തുടര്‍ന്നു അല്ലാഹു പറയുന്നതായിരിക്കും. രണ്ടാമത്തെ അഭിപ്രായ പ്രകാരം ആ മറുപടിയും ഈ വചനവുമായി ഒരു പ്രത്യേക ബന്ധം ഉണ്ടായിരിക്കയില്ല.

സത്യവാന്‍മാര്‍ക്ക് അവരുടെ സത്യം ഉപകരിക്കുമെന്ന് പറഞ്ഞതിന്റെ താല്‍പര്യം, ഇഹത്തില്‍ വെച്ച് സത്യം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് പരലോകത്ത് അതുമൂലം പ്രയോജനം -വമ്പിച്ച പ്രതിഫലം- ലഭിക്കുമെന്നത്രെ. അല്ലാതെ, ഇഹത്തില്‍വെച്ച് സത്യം പാലിച്ചില്ലെങ്കിലും പരലോകത്ത് വിചാരണാവേളയില്‍ സത്യം തുറന്നു പറഞ്ഞതു കൊണ്ട് രക്ഷ നേടാമെന്നല്ല എന്ന് പറയേണ്ടതില്ല. ശാശ്വതമായ സ്വര്‍ഗീയ ജീവിതം സിദ്ധിക്കുകയെന്നത് മഹാഭാഗ്യം തന്നെ. എന്നാല്‍ അതിനെക്കാള്‍വമ്പിച്ച ഭാഗ്യമത്രെ അല്ലാഹുവിന്റെ പ്രീതി ലഭിക്കല്‍ (وَرِضْوَانٌ مِّنَ اللَّهِ أَكْبَر) അതുകൊണ്ടാണ് അവര്‍ക്ക് സ്ഥിരമായ സ്വര്‍ഗീയ ജീവിതമുണ്ടെന്ന് പറഞ്ഞ ശേഷം അല്ലാഹുവിന്റെ തൃപ്തിയും അവര്‍ക്ക് ലഭിക്കുമെന്ന് പ്രത്യേകം പറഞ്ഞിരിക്കുന്നത്. അല്ലാഹു അവരെക്കുറിച്ച് തൃപ്തിപ്പെടുമ്പോള്‍ അവര്‍ക്കവന്‍ നല്‍കുന്ന അവര്‍ണനീയങ്ങളായ അനുഗ്രഹങ്ങള്‍ അവര്‍ക്ക് മതിവരുവോളം ഉണ്ടായിരിക്കുമല്ലോ. അതുകൊണ്ട് അവര്‍ക്ക് അല്ലാഹുവിനെക്കുറിച്ചും പരിപൂര്‍ണമായ തൃപ്തിയായിരിക്കും ഉണ്ടായിരിക്കുക. ഇതില്‍പരം ഭാഗ്യം മറ്റെന്തുണ്ട്? ഇല്ല. ഒന്നുമില്ല. അതുതന്നെ ഏറ്റവും മഹത്തായഭാഗ്യം! ذَلِكَ هُوَ الْفَوْزُ الْعَظِيمُ

5:123
  • لِلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا فِيهِنَّ ۚ وَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌۢ ﴾١٢٣﴿
  • അല്ലാഹുവിനാണ് ആകാശങ്ങളുടെയും ഭൂമിയുടെയും അവയിലുള്ളതിന്റെയും രാജത്വം. അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനുമാകുന്നു.
  • لِلَّهِ അല്ലാഹുവിനാണ് مُلْكُ രാജത്വം السَّمَاوَاتِ ആകാശങ്ങളുടെ وَالْأَرْضِ ഭൂമിയുടെയും وَمَا فِيهِنَّ അവയിലുള്ളതിന്റെയും وَهُوَ അവന്‍ ആകട്ടെ عَلَىٰ كُلِّ شَيْءٍ എല്ലാകാര്യത്തിനും, വസ്തുവിന്റെ മേലും قَدِيرٌ കഴിവുള്ളവനാണ്

എല്ലാ സനാതന നിയമങ്ങളുടെയും, എല്ലാ ധാര്‍മിക വ്യവസ്ഥകളുടെയും, ഇസ്‌ലാമികമായ എല്ലാ വിശ്വാസാചാരാനുഷ്ഠാന മുറകളുടെയും അടിത്തറ ചൂണ്ടിക്കാട്ടുന്നതാണ് ഈ വചനം. അല്‍പമാത്രം വാക്കുകള്‍. അര്‍ത്ഥപുഷ്ടിയും വ്യാപ്തിയും നോക്കുമ്പോള്‍ സര്‍വ്വ വ്യാപകവും! ഈ വചനത്തോടെ അല്ലാഹു ഈ മഹത്തായ സൂറത്ത് അവസാനിപ്പിക്കുന്നു.