വിഭാഗം - 9

4:60
  • أَلَمْ تَرَ إِلَى ٱلَّذِينَ يَزْعُمُونَ أَنَّهُمْ ءَامَنُوا۟ بِمَآ أُنزِلَ إِلَيْكَ وَمَآ أُنزِلَ مِن قَبْلِكَ يُرِيدُونَ أَن يَتَحَاكَمُوٓا۟ إِلَى ٱلطَّـٰغُوتِ وَقَدْ أُمِرُوٓا۟ أَن يَكْفُرُوا۟ بِهِۦ وَيُرِيدُ ٱلشَّيْطَـٰنُ أَن يُضِلَّهُمْ ضَلَـٰلًۢا بَعِيدًا ﴾٦٠﴿
  • (നബിയേ) നീ (നോക്കി)ക്കണ്ടില്ലേ? - നിനക്കു ഇറക്കപ്പെട്ടതിലും, നിന്‍റെ മുമ്പ് ഇറക്കപ്പെട്ടതിലും തങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവെന്ന് ജല്‍പിക്കുന്ന ഒരു കൂട്ടരെ! അവര്‍ 'ത്വാഗൂത്തി'ന്‍റെ [ദുര്‍മൂര്‍ത്തിയുടെ] അടുക്കലേക്ക് (കേസ്സ് കൊടുത്ത്) വിധിതേടുവാന്‍ ഉദ്ദേശിക്കുന്നു: അതില്‍ [ത്വാഗൂത്ത്] അവിശ്വസിക്കുവാന്‍ അവരോട് കല്‍പിക്കപ്പെട്ടിട്ടുണ്ട് താനും; അവരെ വിദൂരമായ ഒരു വഴി പിഴവു പിഴപ്പിക്കുവാന്‍ പിശാചും ഉദ്ദേശിക്കുന്നു.
  • أَلَمْ تَرَ നീ കണ്ടില്ലേ, നോക്കുന്നില്ലേ إِلَى الَّذِينَ യാതൊരുകൂട്ടരെ, ഒരു കൂട്ടരിലേക്ക് يَزْعُمُونَ അവര്‍ ജല്‍പിക്കുന്നു, (വൃഥാ) പറയുന്നു, ഉരുവിടുന്നു أَنَّهُمْ آمَنُوا തങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവെന്ന് بِمَا أُنزِلَ ഇറക്കപ്പെട്ടതില്‍ إِلَيْكَ നിനക്ക്, നിന്നിലേക്ക് وَمَا أُنزِلَ ഇറക്കപ്പെട്ടതിലും مِن قَبْلِكَ നിന്‍റെ മുമ്പ് يُرِيدُونَ അവര്‍ ഉദ്ദേശിക്കുന്നുأَن يَتَحَاكَمُوا അവര്‍ കേസ്‌കൊടുക്കുവാന്‍, വിധി തേടിച്ചെല്ലുവാന്‍ إِلَى الطَّاغُوتِ ത്വാഗൂത്തിങ്കലേക്ക്, ദുര്‍മൂര്‍ത്തിയിലേക്ക് وَقَدْ أُمِرُوا അവരോട് കല്‍പിക്കപ്പെട്ടിട്ടുണ്ട്താനും, കല്‍പിക്കപ്പെട്ടിരിക്കെ أَن يَكْفُرُوا അവര്‍ അവിശ്വസിക്കുവാന്‍ بِهِ അതില്‍, അവനില്‍ وَيُرِيدُ ഉദ്ദേശിക്കുകയും ചെയ്യുന്നു الشَّيْطَانُ പിശാച് أَن يُضِلَّهُمْ അവരെ വഴി പിഴപ്പിക്കുവാന്‍ ضَلَالًا ഒരു വഴി പിഴവ് بَعِيدًا വിദൂരമായ
4:61
  • وَإِذَا قِيلَ لَهُمْ تَعَالَوْا۟ إِلَىٰ مَآ أَنزَلَ ٱللَّهُ وَإِلَى ٱلرَّسُولِ رَأَيْتَ ٱلْمُنَـٰفِقِينَ يَصُدُّونَ عَنكَ صُدُودًا ﴾٦١﴿
  • 'അല്ലാഹു ഇറക്കിയതിലേക്കും, റസൂലിലേക്കും വരുവിന്‍' എന്ന് അവരോട് പറയപ്പെട്ടാല്‍, നിന്നെ വിട്ട് (ആ) കപട വിശ്വസികള്‍ ഒരു (തരം) തിരിഞ്ഞു പോക്കു പോകുന്നതായി നിനക്ക് കാണാം.
  • وَإِذَا قِيلَ പറയപ്പെട്ടാല്‍ لَهُمْ അവരോട് تَعَالَوْا നിങ്ങള്‍ വരുവിന്‍ إِلَىٰ مَا أَنزَلَ ഇറക്കിയതിലേക്ക് اللَّهُ അല്ലാഹു وَإِلَى الرَّسُولِ റസൂലിലേക്കും رَأَيْتَ നീ കാണും, നിനക്ക് കാണാം الْمُنَافِقِينَ കപട വിശ്വാസികളെ يَصُدُّونَ അവര്‍ തിരിഞ്ഞു (തട്ടി നീങ്ങി) പോകുന്നതായി عَنكَ നിന്നെ വിട്ട്, നിന്നില്‍ നിന്ന് صُدُودًا ഒരു(തട്ടി)തിരിയല്‍
4:62
  • فَكَيْفَ إِذَآ أَصَـٰبَتْهُم مُّصِيبَةٌۢ بِمَا قَدَّمَتْ أَيْدِيهِمْ ثُمَّ جَآءُوكَ يَحْلِفُونَ بِٱللَّهِ إِنْ أَرَدْنَآ إِلَّآ إِحْسَـٰنًا وَتَوْفِيقًا ﴾٦٢﴿
  • എന്നാല്‍, അവരുടെ കരങ്ങള്‍ മുന്‍ ചെയ്തുവെച്ചതു നിമിത്തം അവര്‍ക്ക് വല്ല വിപത്തും ബാധിച്ചാല്‍ എങ്ങിനെയിരിക്കും? പിന്നീട് 'ഞങ്ങള്‍ നന്മ വരുത്തലും, യോജിപ്പിക്കലുമല്ലാതെ (മറ്റൊന്നും) ഉദ്ദേശിച്ചിട്ടില്ലെ'ന്നു അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്തു (പറഞ്ഞു) കൊണ്ട് അവര്‍ നിന്‍റെ അടുക്കല്‍ വരുകയും (ചെയ്താല്‍ എങ്ങിനെയിരിക്കും)?!
  • فَكَيْفَ എന്നാല്‍ (അപ്പോള്‍) എങ്ങിനെ (യായിരിക്കും) إِذَا أَصَابَتْهُم അവര്‍ക്കു ബാധിച്ചാല്‍ مُّصِيبَةٌ വല്ല ബാധയും, വിപത്തും بِمَا قَدَّمَتْ മുമ്പ്‌ചെയ്തു വെച്ചതുകൊണ്ട് (നിമിത്തം) أَيْدِيهِمْ അവരുടെ കൈകള്‍ ثُمَّ جَاءُوكَ പിന്നെ അവര്‍ നിന്‍റെ അടുക്കല്‍വരുകയും يَحْلِفُونَ സത്യം ചെയ്തു (പറഞ്ഞു) കൊണ്ട് بِاللَّهِ അല്ലാഹുവി(ന്‍റെ പേരി)ല്‍, അല്ലാഹുവിനെത്തന്നെ (എന്ന്) إِنْ أَرَدْنَا ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല إِلَّا إِحْسَانًا നന്മ ചെയ്യലല്ലാതെ وَتَوْفِيقًا യോജിപ്പിക്കലും, ഒപ്പിക്കലും
4:63
  • أُو۟لَـٰٓئِكَ ٱلَّذِينَ يَعْلَمُ ٱللَّهُ مَا فِى قُلُوبِهِمْ فَأَعْرِضْ عَنْهُمْ وَعِظْهُمْ وَقُل لَّهُمْ فِىٓ أَنفُسِهِمْ قَوْلًۢا بَلِيغًا ﴾٦٣﴿
  • അവരുടെ ഹൃദയങ്ങളിലുള്ളത് (എന്താണെന്ന്) അല്ലാഹുവിന് അറിയാവുന്നവരത്രെ അക്കൂട്ടര്‍. ആകയാല്‍ (നബിയേ) അവരെ വിട്ടുതിരിഞ്ഞു കളയുക; അവര്‍ക്ക് സദുപദേശം നല്‍കുകയും ചെയ്യുക; അവരുടെ സ്വന്തങ്ങളില്‍ [മനസ്സില്‍] തട്ടുന്ന വാക്ക് അവരോട് പറയുകയും ചെയ്യുക.
  • أُولَٰئِكَ അക്കൂട്ടര്‍ الَّذِينَ യാതൊരുവരാണ് يَعْلَمُ اللَّهُ അല്ലാഹു അറിയുന്നു مَا فِي قُلُوبِهِمْ അവരുടെ ഹൃദയങ്ങളിലുള്ളത് فَأَعْرِضْ അതിനാല്‍ നീ തിരിഞ്ഞു കളയുക, അവഗണിക്കുക عَنْهُمْ അവരെപ്പറ്റി وَعِظْهُمْ അവര്‍ക്ക് സദുപദേശവും ചെയ്യുക وَقُل لَّهُمْ അവരോട് പറയുകയും ചെയ്യുക فِي أَنفُسِهِمْ അവരുടെ സ്വന്തങ്ങളില്‍ قَوْلًا വാക്ക് بَلِيغًا (മനസ്സില്‍) തട്ടുന്ന - എത്തുന്ന (സാരവത്തായ - അര്‍ഥവത്തായ)

ക്വുര്‍ആനിലും മുന്‍വേദ ഗ്രന്ഥങ്ങളിലും വിശ്വസിച്ചിരിക്കുന്നുവെന്ന് വായകൊണ്ട് ഉരുവിടുകയും, മുസ്‌ലിം വേഷമണിഞ്ഞു നടക്കുകയും ചെയ്യുന്ന കപടവിശ്വാസികളുടെ ചില ചെയ്തികളും, അവയെക്കുറിച്ചുള്ള ആക്ഷേപവുമാണ് ഈ വചനങ്ങളില്‍ കാണുന്നത്. ആക്ഷേപത്തിനു ഹേതുവായിത്തീര്‍ന്ന ചില കാരണങ്ങള്‍ ചില ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഉദ്ധരിച്ചു കാണുന്നു. അന്‍സ്വാരികളില്‍പെട്ട ഒരാളും ഒരു യഹൂദിയും തമ്മില്‍ ഒരു വഴക്കുണ്ടായി. മുഹമ്മദിന്‍റെ തീരുമാനത്തിനു വെക്കാമെന്ന് യഹൂദിയും, കഅ്ബുബ്‌നുല്‍ അശ്‌റഫ് എന്ന യഹൂദീ തലവന്‍റെ തീരുമാനത്തിനു വെക്കാമെന്നു അന്‍സ്വാരിക്കാരനും പറഞ്ഞു. ഇതാണ് അവയില്‍ ഒന്ന്. കപടവിശ്വാസികളില്‍ ചിലര്‍ തങ്ങളുടെ കേസുകളില്‍ ജാഹിലിയ്യത്തിലെ ചില വിധികര്‍ത്താക്കളെയും പ്രശ്‌നക്കാരെയും സമീപിച്ചു പരിഹാരമുണ്ടാക്കുവാന്‍ ശ്രമിച്ചിരുന്നുവെന്നാണ് മറ്റൊന്ന്. അവതരണഹേതു ഇവയില്‍ ഏതെങ്കിലുമായിരുന്നാലും അല്ലെങ്കിലും ശരി, അല്ലാഹുവിന്‍റെയും റസൂലിന്‍റെയും – അഥവാ ക്വുര്‍ആന്‍റെയും സുന്നത്തിന്‍റെയും – തീരുമാനത്തിനു വഴങ്ങുവാന്‍ തയ്യാറില്ലാതെ, അവിശ്വാസികളായ ദുശ്ശക്തികളുടെ തീരുമാനത്തില്‍ തൃപ്തിപ്പെടുന്ന എല്ലാ കപട മുസ്‌ലിംകളും ഈ വചനങ്ങളിലെ ആക്ഷേപത്തിനു വിധേയരാണെന്നു തീര്‍ച്ചതന്നെ. طاَغُوت (ത്വാഗൂത്ത്)ന്‍റെ അര്‍ഥവും ഉദ്ദേശ്യവും സംബന്ധിച്ച് ഒന്നിലധികം പ്രാവശ്യം മുമ്പു വിവരിച്ചു കഴിഞ്ഞതാണ്. അല്ലാഹുവിന്‍റെ വിധിനിയമങ്ങളെ ധിക്കരിക്കുന്ന എല്ലാ ദുശ്ശക്തികളും അതില്‍ ഉള്‍പ്പെടും. ഈ വചനങ്ങള്‍ മുമ്പില്‍ വെച്ചു കൊണ്ട് പരിശോധിച്ചാല്‍, ഇന്നത്തെ മുസ്‌ലിം സമൂഹത്തില്‍ വലിയൊരു വിഭാഗം ഇത്തരം കപടവിശ്വാസികളില്‍ പെടുന്നതായി കാണാവുന്നതാണ്. എന്തെങ്കിലും പ്രശ്‌നമോ, കക്ഷിവഴക്കോ നേരിടുമ്പോള്‍ തങ്ങള്‍ക്ക് അനുകൂലമായ വിധി എവിടെ നിന്നു ലഭിക്കുമെന്നുള്ളതല്ലാതെ, സത്യവും ന്യായവും ഏതു ഭാഗത്താണെന്നോ, അല്ലാഹുവും റസൂലും കല്‍പിക്കുന്ന വിധിയെന്താണെന്നോ അവര്‍ക്ക് ചിന്താവിഷയമേ അല്ല. ഒരു പക്ഷേ, ഇസ്‌ലാമിലെ വിധിയായിരിക്കും തങ്ങള്‍ക്കും അനുകൂലമായിരിക്കുകയെന്നു കണ്ടാല്‍, അപ്പോഴവര്‍ വലിയ മതഭക്തരായി പ്രത്യക്ഷപ്പെടുകയും ചെയ്യും. നേരെ മറിച്ച് ഇസ്‌ലാമിക നിയമങ്ങളുമായി യാതൊരു പൊരുത്തവുമില്ലാത്ത ഏതെങ്കിലും സര്‍ക്കാര്‍ നിയമത്തെയോ, കോടതി വിധിയെയോ, മദ്ധ്യസ്ഥ തീരുമാനത്തെയോ അനുസരിക്കുന്നതിലാണ് തങ്ങള്‍ക്ക് ഗുണമുണ്ടായിരിക്കുകയെന്നു കണ്ടാല്‍, അവിടെ പിന്നെ തങ്ങള്‍ സ്വീകരിക്കുവാന്‍ ബാധ്യസ്ഥരായ ഇസ്‌ലാമിന്‍റെ വിധിവിലക്കുകള്‍ അവരുടെ ദൃഷ്ടിയില്‍ അപ്രായോഗികവുമായിരിക്കും. ഒരു മതേതര രാഷ്ട്രമായ നമ്മുടെ രാജ്യത്ത് ജനാധിപത്യ വ്യവസ്ഥയുടെയും, ജനക്ഷേമത്തിന്‍റെയും പേരില്‍ നിര്‍മിക്കപ്പെടുന്ന പല നിയമങ്ങളും – അവയുടെ ലക്ഷ്യം പ്രത്യക്ഷത്തില്‍ പ്രശംസനീയം തന്നെയായിരുന്നു കൊള്ളട്ടെ – ഇസ്‌ലാമിന്‍റെ തത്വസിദ്ധാന്തങ്ങള്‍ക്ക് നിരക്കാത്തവയായിരിക്കും. അന്യരുടെ സ്വത്തോ അവകാശങ്ങളോ അവയുടെ യഥാര്‍ഥ ഉടമസ്ഥന്മാര്‍ക്ക് വിട്ടുകൊടുക്കാതെ സ്വായ

4:64
  • وَمَآ أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ ٱللَّهِ ۚ وَلَوْ أَنَّهُمْ إِذ ظَّلَمُوٓا۟ أَنفُسَهُمْ جَآءُوكَ فَٱسْتَغْفَرُوا۟ ٱللَّهَ وَٱسْتَغْفَرَ لَهُمُ ٱلرَّسُولُ لَوَجَدُوا۟ ٱللَّهَ تَوَّابًا رَّحِيمًا ﴾٦٤﴿
  • ഒരു റസൂലിനെയും (തന്നെ) അല്ലാഹുവിന്‍റെ ഉത്തരവു പ്രകാരം അനുസരിക്കപ്പെടുവാന്‍ വേണ്ടിയല്ലാതെ, നാം അയച്ചിട്ടില്ല. അവര്‍ തങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍, അവര്‍ നിന്‍റെയടു ക്കല്‍ വന്നിരുന്നുവെങ്കില്‍, എന്നിട്ട് അവര്‍ അല്ലാഹുവിനോട് പാപമോചനം തേടുകയും അവര്‍ക്ക് വേണ്ടി റസൂലും പാപമോചനം തേടുകയും (ചെയ്തിരുന്നെങ്കില്‍) അല്ലാഹുവിനെ വളരെ പശ്ചാത്താപം സ്വീകരിക്കുന്നവനായും, കരുണാനിധിയായും അവര്‍ കണ്ടെത്തുക തന്നെ ചെയ്യുമായിരുന്നു.
  • مِن رَّسُولٍ നാം അയച്ചിട്ടില്ല وَمَا أَرْسَلْنَا ഒരു റസൂലിനെയും, റസൂലില്‍ നിന്നും (ഒരാളെയും) إِلَّا لِيُطَاعَ അദ്ദേഹം അനുസരിക്കപ്പെടുവാന്‍ വേണ്ടിയല്ലാതെ بِإِذْنِ اللَّهِ അല്ലാഹുവിന്‍റെ ഉത്തരവു (സമ്മത) പ്രകാരം وَلَوْ أَنَّهُمْ അവര്‍ ആയിരുന്നെങ്കില്‍ إِذ ظَّلَمُوا അവര്‍ അക്രമം ചെയ്തപ്പോള്‍ أَنفُسَهُمْ തങ്ങളുടെ സ്വന്തങ്ങളോട് جَاءُوكَ നിന്‍റെ അടുക്കല്‍ വന്നു (എങ്കില്‍) فَاسْتَغْفَرُوا എന്നിട്ട് അവര്‍ പാപമോചനം (പൊറുതി) തേടുകയും ചെയ്തു اللَّهَ അല്ലാഹുവിനോട് وَاسْتَغْفَرَ لَهُمُ അവര്‍ക്കു വേണ്ടി പാപമോചനം തേടുകയും ചെയ്തു الرَّسُولُ റസൂല്‍ لَوَجَدُوا അവര്‍ കണ്ടെത്തുക തന്നെ ചെയ്തിരിക്കുന്നു اللَّهَ അല്ലാഹുവിനെ تَوَّابًا വളരെ പശ്ചാത്താപം സ്വീകരിക്കുന്നവനായി رَّحِيمًا കരുണാനിധിയായി
4:65
  • فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا۟ فِىٓ أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا۟ تَسْلِيمًا ﴾٦٥﴿
  • (നബിയേ,)എന്നാല്‍, ഇല്ല - നിന്‍റെ റബ്ബിനെത്തന്നെയാണ (സത്യം!) - അവര്‍ വിശ്വസിക്കുകയില്ല, അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധി കര്‍ത്താവാക്കുന്നതു വരേക്കും, പിന്നെ (അതിനു പുറമെ), നീ തീരുമാനിച്ചതിനെക്കുറിച്ച് അവരുടെ മനസില്‍ ഒരു വിഷമവും അവര്‍ക്കനുഭവപ്പെടാതിരിക്കുകയും, ഒരു (ശരിയായ) കീഴൊതുക്കം അവര്‍ ഒതുങ്ങുകയും (ചെയ്യുന്നത് വരേക്കും)
  • فَلَا എന്നാല്‍ ഇല്ല وَرَبِّكَ നിന്‍റെ റബ്ബിനെത്തന്നെയാണ لَا يُؤْمِنُونَ അവര്‍ വിശ്വസിക്കയില്ല حَتَّىٰ يُحَكِّمُوكَ നിന്നെ അവര്‍ വിധി കര്‍ത്താവാക്കുന്നതുവരെ فِيمَا شَجَرَ ഭിന്നിപ്പുണ്ടായതില്‍, പിണക്കമുണ്ടായതില്‍ بَيْنَهُمْ അവര്‍ക്കിടയില്‍ ثُمَّ لَا يَجِدُوا പിന്നെ അവര്‍ കണ്ടെത്താതെ (അനുഭവിക്കാതെ)യും فِي أَنفُسِهِمْ അവരുടെ മനസ്സുകളില്‍, സ്വന്തങ്ങളില്‍ حَرَجًا ഒരു വിഷമവും مِّمَّا قَضَيْتَ നീ തീരുമാനിച്ചതിനെപ്പറ്റി وَيُسَلِّمُوا അവര്‍ കീഴൊതുങ്ങുക (സമ്മതിക്കുക)യും تَسْلِيمًا ഒരു ഒതുങ്ങല്‍, സമ്മതിച്ചു കൊടുക്കല്‍

തമ്മില്‍ ഭിന്നിപ്പും വഴക്കും വരുമ്പോള്‍ റസൂല്‍ തിരുമേനി (صلّى الله عليه وسلّم)യുടെ തീരുമാനത്തിനു വെക്കുവാന്‍ ശ്രമിക്കാതെ, ത്വാഗൂത്തുകളെ സമീപിക്കുന്ന കപടവിശ്വസികളെപ്പറ്റി കഴിഞ്ഞ വചനങ്ങളില്‍ പ്രസ്താവിച്ചതിന്‍റെ തുടര്‍ച്ചയാണ് ഈ വചനങ്ങളും. എന്നാല്‍, ഈ വചനങ്ങളിലടങ്ങിയ തത്വങ്ങള്‍ അങ്ങിനെയുള്ളവരെമാത്രം ബാധിക്കുന്നവയല്ല. സത്യവിശ്വാസിയാണെന്ന് അവകാശപ്പെടുന്ന ഓരോ മുസ്‌ലിമും തന്‍റെ മതജീവിതത്തിന്‍റെ അടിസ്ഥാനമായി അംഗീകരിക്കേണ്ടവയത്രെ അവ.

പരമമായ അനുസരണം യഥാര്‍ത്ഥത്തില്‍ അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണ്. എന്നാല്‍, അവന്‍റെ സന്ദേശനിര്‍ദ്ദേശങ്ങളും, വിധിവിലക്കുകളുമെല്ലാം ജനങ്ങള്‍ക്ക് അവന്‍ എത്തിക്കുന്നത് അവന്‍ അതിനായി നിയോഗിക്കുന്ന അവന്‍റെ ദൂതന്‍മാര്‍ (റസൂലുകള്‍) മുഖേനയാണ്. ആ നിലക്ക് അല്ലാഹുവിനെ അനുസരിക്കല്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്നത് അവന്‍റെ ആ ദൂതന്‍മാരെ നിരുപാധികം അനുസരിക്കുന്നതു വഴിയാകുന്നു. അവരാണെങ്കില്‍, അവന്‍റെ ഉത്തരവും ആജ്ഞയും അനുസരിച്ചേ എന്തും പ്രവര്‍ത്തിക്കുകയുമുള്ളൂ. അതുകൊണ്ട് ഓരോ ദൈവദൂതനും അവരവരുടെ സമുദായത്താല്‍ അനുസരിക്കപ്പെടുവാന്‍ അല്ലാഹു അനുമതി നല്‍കുകയും, ഓരോ വ്യക്തിയും അവരെ നിരുപാധികം അനുസരിക്കല്‍ നിര്‍ബ്ബന്ധമാക്കുകയും ചെയ്തിരിക്കുകയാണ്. അപ്പോള്‍ റസൂല്‍ (صلّى الله عليه وسلّم) നിലവിലുള്ളപ്പോള്‍, അവിടുത്തെ വിധി അനുസരിക്കാതെ, അവിടുത്തെ എതിരാളികളായ ത്വാഗൂത്തുകളെ അനുസരിക്കല്‍ റസൂലിനെ നിഷേധിക്കലായിത്തീരുന്നു. (റസൂലിന്‍റെ കാലശേഷം അവിടുത്തെ സുന്നത്തിനെതിരായ വിധികള്‍ സ്വീകരിക്കുന്നതും അതുപോലെത്തന്നെ.) എനി, അങ്ങിനെ ഒരക്രമം – അതാകട്ടെ അവനവനോടു തന്നെ ചെയ്യുന്ന വമ്പിച്ച അക്രമവുമാണ് – ചെയ്തു കഴിഞ്ഞാല്‍, പിന്നെ വേണ്ടത് അതിനു ന്യായീകരണമുണ്ടാക്കുകയോ, ഒഴികഴിവുകള്‍ സമര്‍പ്പിക്കുകയോ അല്ല. മറിച്ച് റസൂല്‍ തിരുമേനി (صلّى الله عليه وسلّم) യുടെ അടുക്കല്‍ ചെന്നു തന്‍റെ പക്കല്‍ വന്നുപോയ അപരാധത്തെക്കുറിച്ചു ഖേദം പ്രകടിപ്പിക്കുകയും, അല്ലാഹുവിനോടു പാപമോചനത്തിനുവേണ്ടി പ്രാര്‍ഥിക്കുകയും, തങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവാന്‍ തിരുമേനിയോടു അപേക്ഷിക്കുകയുമാണ് അവര്‍ ചെയ്യേണ്ടത്. അതോടുകൂടി അവര്‍ക്കുവേണ്ടി ശുപാര്‍ശചെയ്തുകൊണ്ട് റസൂലും അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നപക്ഷം, നിശ്ചയമായും അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുമായിരുന്നു എന്നൊക്കെയാണ് ഈ വചനത്തില്‍ അല്ലാഹു അറിയിക്കുന്നത്.

ഇപ്പറഞ്ഞത് റസൂല്‍ തിരുമേനി (صلّى الله عليه وسلّم) യുടെ കാലത്തുള്ളവരെ സംബന്ധിച്ചാണെന്ന് വളരെ വ്യക്തമാണ്. റസൂല്‍ തിരുമേനി (صلّى الله عليه وسلّم) യുടെ അടുക്കല്‍ ചെല്ലലും, അവിടുന്നു പാപമോചനം തേടലും അവിടുത്തെ ജീവിതകാലത്തു മാത്രമാണല്ലോ സാധ്യമാകുക. എന്തു പാപം ചെയ്താലും റസൂല്‍ തിരുമേനി (صلّى الله عليه وسلّم) യുടെ ക്വബ്‌റിങ്കല്‍ ചെന്നു സങ്കടം പറഞ്ഞാല്‍ മതിയെന്നും മറ്റുമുള്ള ചില അന്ധവിശ്വാസങ്ങള്‍ക്കും, അനാചാരങ്ങള്‍ക്കും നീതീകരണമുണ്ടാക്കുവാന്‍ വേണ്ടി ചില തല്‍പരകക്ഷികള്‍ ഈ വചനം ഉപയോഗപ്പെടുത്താറുണ്ട്. നബി (صلّى الله عليه وسلّم) യുടെ കാലശേഷം തിരുമേനിയുടെ ക്വബ്‌റിങ്കല്‍ ചെല്ലുന്നതും, ജീവിത കാലത്തു അവിടുത്തെ സന്നിധിയില്‍ ചെല്ലുന്നതും ഒരുപോലെയാണെന്നും അവര്‍ ജല്‍പിക്കുന്നു. ഇത് തികച്ചും നിരര്‍ഥമാണെന്നുള്ളതിരിക്കട്ടെ, അങ്ങനെ സങ്കല്‍പിച്ചാല്‍ തന്നെയും റസൂല്‍ തിരുമേനി (صلّى الله عليه وسلّم) ഇവര്‍ക്കുവേണ്ടി പാപമോചനം തേടുകയെന്ന ഉപാധി ജീവിതകാലത്തേ പൂര്‍ത്തിയാകൂ എന്നു പറയേണ്ടതില്ല. റസൂല്‍ തിരുമേനി (صلّى الله عليه وسلّم) ജീവിച്ചിരിക്കുമ്പോള്‍, അവിടുത്തോട് ബന്ധപ്പെട്ട് ജീവിക്കുന്ന ആളുകള്‍ അവിടുത്തോട് കാണിക്കുന്ന അനുസരണക്കേട് കൂടുതല്‍ ഗുരുതരമായ പാതകമായിരിക്കും. അതുപോലെ അവിടുന്ന് ചെയ്യുന്ന പ്രാര്‍ഥന നേരില്‍ ലഭിക്കുവാന്‍ ഭാഗ്യമുണ്ടാകുന്നത് അതിമഹത്തായ ഒരു അനുഗ്രഹവുമാകുന്നു. ഇതാണിവിടെ പ്രത്യേകം മനസ്സിരുത്തേണ്ടിയിരിക്കുന്നത്. സമുദായത്തിന്‍റെ നന്മക്കുവേണ്ടി അല്ലാഹു നിയോഗിച്ചയച്ച റസൂല്‍ (صلّى الله عليه وسلّم) അവനോട് അവര്‍ക്കു വേണ്ടി ചെയ്യുന്ന പ്രാര്‍ഥന മറ്റാരുടെതിനെക്കാളും അവന്‍റെ അടുക്കല്‍ സ്വീകാര്യമാവാതിരിക്കുവാന്‍ തരമില്ലല്ലോ.

നബി (صلّى الله عليه وسلّم) യെ അഭിമുഖീകരിച്ചുകൊണ്ട് ഈ വചനത്തില്‍ സ്വീകരിക്കപ്പെട്ട സംസാരശൈലി നോക്കുമ്പോള്‍ وَأَسْتَغْفَرْتَ لَهُمْ (നീ അവര്‍ക്കുവേണ്ടി പാപമോചനം തേടുകയും) എന്നായിരുന്നു പറയേണ്ടിയിരുന്നത്. ആ ശൈലിവിട്ടേച്ചുകൊണ്ട് وَاسْتَغْفَرَ لَهُمُ الرَّسُولُ (അവര്‍ക്കുവേണ്ടി റസൂല്‍ പാപമോചനം തേടുകയും) എന്നാണ് അല്ലാഹു പറഞ്ഞത്. പ്രസ്തുത യഥാര്‍ഥ്യമാണ് ഇതു സൂചിപ്പിക്കുന്നത്. الّله اعلم

റസൂലിനെ അയക്കുന്നത് റസൂലിനെ അനുസരിക്കുവാനാണെന്ന് പറഞ്ഞുവല്ലോ. അപ്പോള്‍, അഭിപ്രായ വ്യത്യാസമോ, ഭിന്നിപ്പോ, കക്ഷിവഴക്കോ ഉളവാകുന്ന അവസരങ്ങളില്‍ റസൂലിന്‍റെ വിധി ആ വിഷയത്തില്‍ എന്താണെന്നേ ഒരു സത്യവിശ്വാസിക്കു നോക്കുവാന്‍ അവകാശമുള്ളൂ. റസൂല്‍ (صلّى الله عليه وسلّم) തിരുമേനി ജീവിച്ചിരിക്കുന്ന കാലത്തുള്ളവര്‍ക്ക് നേരിട്ടുതന്നെ വിധി തേടുകയും അന്വേഷിക്കുകയും ചെയ്യാം. അവിടുത്തെ വിയോഗത്തിനു ശേഷം, അവിടുന്നു നമ്മെ ഏല്‍പിച്ചു പോയിട്ടുള്ള അല്ലാഹുവിന്‍റെ കിതാബില്‍ നിന്നും, അവിടുത്തെ ചര്യയാകുന്ന സുന്നത്തില്‍ നിന്നുമല്ലാതെ മറ്റൊന്നില്‍ നിന്നും അതിനു നിവൃത്തിയില്ല. അവിടുത്തെ വിയോഗത്തിനു ശേഷം ക്വുര്‍ആനെ മാത്രമേ ആശ്രയിക്കേതുള്ളൂവെന്ന് വാദിക്കുന്നവര്‍, യഥാര്‍ഥത്തില്‍ റസൂലിനെയും ക്വുര്‍ആനിനെയും വ്യാജമാക്കുകയും നിഷേധിക്കുകയുമാണ് ചെയ്യുന്നത്. റസൂലിന്‍റെ വിധികളെ സ്വീകരിക്കുന്നതിന്‍റെ നിര്‍ബ്ബന്ധം എത്ര കണിശമായിട്ടാണ് അല്ലാഹു ഇവിടെ പ്രസ്താവിച്ചതെന്ന് ഒന്നു ചിന്തിച്ചു നോക്കുക:-

ആദ്യമായി: فَلا എന്നു നിഷേധരൂപത്തിലുള്ള ഒരവ്യയം! ‘കാര്യം മേല്‍ പറഞ്ഞതുപോലെയാണെന്നിരിക്കെ ഇല്ല…..’ എന്നര്‍ഥം, രണ്ടാമതായി: وَرَبِّكَ എന്നൊരു സത്യവാചകം! ‘നിന്‍റെ റബ്ബിനെത്തന്നെയാണ – ഞാനിതാ സത്യം ചെയ്തു പറയുന്നു’ എന്നര്‍ഥം. മൂന്നാമതായി: വീണ്ടും നിഷേധത്തിന്‍റെ അവ്യയം ആവര്‍ത്തിച്ചുകൊണ്ട് لاَ يُؤْمِنوُنَ حَتَّى… (നിന്നെ വിധികര്‍ത്താവാക്കാതെ അവര്‍ വിശ്വസിക്കുകയില്ല) എന്നു പറഞ്ഞുകൊണ്ടാണ് വിഷയം അവതരിപ്പിക്കുന്നത് . വിധി കര്‍ത്താവാക്കല്‍ നിര്‍ബ്ബന്ധമാണെന്നോ, ഇല്ലെങ്കില്‍ ശിക്ഷയുണ്ടെന്നോ മറ്റോ പറയാതെ, വിധി കര്‍ത്താവാക്കാത്ത കാലത്തോളം സത്യവിശ്വാസം തന്നെ ശരിയാകുകയില്ലെന്നു പറഞ്ഞത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നാലാമതായി: വിധികര്‍ത്താവാക്കി ആ വിധി നടപ്പില്‍ വരുത്തിയാലും പോരാ, ആ വിധിയെപ്പറ്റി മനസ്സില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും വേണം (ثُمَّ لا يَجِدُوا) എന്നു പറഞ്ഞിരിക്കുന്നു. അതും പോരാ, അതിനു കീഴൊതുങ്ങുകയും വേണം (وَيُسَلِّمُوا) എന്ന് അഞ്ചാമതും പറയുന്നു. അവസാനം, കീഴൊതുങ്ങിയാലും പോരാ, തികച്ചും ശരിവെച്ചു സമ്മതിച്ചുകൊണ്ടുള്ള ഒരു കീഴൊതുക്കമായിരിക്കണം (تَسْلِيمًا) എന്ന് ആറാമതൊരു തറപ്പിച്ചു പറയലും! ഇതൊക്കെ, നബി (صلّى الله عليه وسلّم) യുടെ കാലത്തേക്ക് മാത്രം ബാധകമായതാണെന്ന് അല്‍പമെങ്കിലും സത്യവിശ്വാസം ഹൃദയത്തില്‍ സ്ഥലം പിടിച്ചിട്ടുള്ള വല്ലവര്‍ക്കും പറയുവാന്‍ സാധിക്കുമോ? ഈ വചനത്തിലെ ആശയം ഉള്‍ക്കൊള്ളുന്ന ചില നബി വചനങ്ങള്‍ കൂടി കാണുക:-

(a) لا يؤمن أحدكم حتى أكون أحب إليه من والده وولده والناس أجمعين – متفق عليه
(b) لا يؤمن أحدكم حتى يكون هواه تبعا لما جئت به – شرح السنة
(c) ذاق طعم الإيمان من رضي بالله ربا وبالإسلام دينا وبمحمد نبيا
(d) عن عابس بن ربيعة قال رأيت عمربن الخطابَ يَقبِّاَ الحجرً – يعْني الاسْوَذَ – ويِقُولُ اَعْلَمُ انَّكَ حجرٌ ما تَنْفعُ ولاَ تضُرُّ وَلَوْ لاَ اَنِّي رَأيْتُ رَسواَ الله ص يُقَبَّلُكَ مَا قبَّلْتُكَ – متفق عليه

സാരം:- റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞിരിക്കുന്നു:

(a) ‘നിങ്ങളില്‍ ഒരാള്‍ക്ക് അവന്‍റെ മാതാപിതാക്കളെയും, മക്കളെയും, എല്ലാ മനുഷ്യരെയുംകാള്‍ അധികം ഇഷ്ടപ്പെട്ടവന്‍ ഞാനായിത്തീരുന്നതുവരെ അവന്‍ വിശ്വാസിയാകുകയില്ല.’ (ബു:മു,) ഏറ്റവും ഇഷ്ടപ്പെട്ടയാള്‍ നബി (صلّى الله عليه وسلّم) ആയിരിക്കുമ്പോള്‍ അവിടുത്തെ വിധിക്കെതിരില്‍ മറ്റാരുടെ വിധിയും സ്വീകരിക്കപ്പെടുകയില്ലല്ലോ.

(b) നിങ്ങളില്‍ ഒരുവന്‍റെ ഇച്ഛ ഞാന്‍ കൊണ്ടുവന്നിട്ടുള്ളതിനെ അനുകരിച്ചുകൊണ്ടാകുന്നതുവരെ അവന്‍ വിശ്വാസിയായിരിക്കുകയില്ല.’ (ശറഹുസ്സുന്നഃ) തിരുമേനി കാണിച്ചുതന്നതിനെതിരായ ഇച്ഛകള്‍ പോലും സത്യവിശ്വാസികള്‍ക്ക് യോജിക്കുകയില്ലെന്നു താല്പര്യം.

(c) അല്ലാഹുവിനെ റബ്ബായും, ഇസ്‌ലാമിനെ മതമായും, മുഹമ്മദിനെ പ്രവാചകനായും തൃപ്തിപ്പെടുന്നവന്‍ ആരോ അവന്‍ സത്യവിശ്വാസത്തിന്‍റെ സ്വാദ് ആസ്വദിക്കുന്നതാണ്.’ (മു.)

വിശ്വസിക്കുകയും സമ്മതിക്കുകയും ചെയ്താല്‍ പോരാ, മനസ്സിനു സംതൃപ്തിതോന്നുകകൂടി വേണം, എന്നാലേ സത്യവിശ്വാസത്തിന്‍റെ മെച്ചം അനുഭവപ്പെടുകയുള്ളൂ എന്നുദ്ദേശ്യം.

(d) ആബിസുബ്‌നു റബീഅഃ (റ) പറയുന്നു: ഉമര്‍ (റ) ഹജറുല്‍ അസ്‌വദ് ചുംബിക്കുന്നത് ഞാന്‍ കണ്ടു. അദ്ദേഹം ഇങ്ങിനെ പറയുകയും ചെയ്തിരുന്നു. ‘നീ, ഉപകാരം ചെയ്യുവാനോ, ഉപദ്രവം ചെയ്യുവാനോ കഴിയാത്ത ഒരു കല്ലാണെന്ന് എനിക്കറിയാം. റസൂല്‍ തിരുമേനി (صلّى الله عليه وسلّم) നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ നിന്നെ ചുംബിക്കുമായിരുന്നില്ല.’ (ബു; മു.)

റസൂല്‍ (صلّى الله عليه وسلّم) വല്ലതും ചെയ്യുകയോ പറയുകയോ ചെയ്താല്‍, അതിന്‍റെ കാരണവും യുക്തിയും നമുക്ക് മനസ്സിലായിട്ടില്ലെങ്കില്‍ പോലും നാമത് അനുസരിക്കുകയും, അനുകരിക്കുകയും വേണമെന്നത്രെ ഉമര്‍ (റ) പറഞ്ഞതിന്‍റെ താല്‍പര്യം

4:66
  • وَلَوْ أَنَّا كَتَبْنَا عَلَيْهِمْ أَنِ ٱقْتُلُوٓا۟ أَنفُسَكُمْ أَوِ ٱخْرُجُوا۟ مِن دِيَـٰرِكُم مَّا فَعَلُوهُ إِلَّا قَلِيلٌ مِّنْهُمْ ۖ وَلَوْ أَنَّهُمْ فَعَلُوا۟ مَا يُوعَظُونَ بِهِۦ لَكَانَ خَيْرًا لَّهُمْ وَأَشَدَّ تَثْبِيتًا ﴾٦٦﴿
  • നിങ്ങള്‍ നിങ്ങളുടെ സ്വന്ത [ദേഹ]ങ്ങളെ കൊല്ലുവിന്‍, അല്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ വസതികളില്‍ നിന്ന് പുറത്തു പോകുവിന്‍ എന്ന് അവരുടെമേല്‍ നാം നിയമിച്ചിരുന്നെങ്കില്‍, അവര്‍ - (അതെ) അവരില്‍ നിന്ന് അല്‍പം ആളുകളൊഴികെ - അത് ചെയ്യുന്നതല്ല. അവരോട് സദുപദേശം ചെയ്യപ്പെടുന്ന കാര്യം അവര്‍ ചെയ്തിരുന്നെങ്കില്‍, അതവര്‍ക്ക് ഏറ്റം ഉത്തമവും, കൂടുതല്‍ ശക്തമായി (സത്യത്തില്‍ അവരെ) ഉറപ്പിക്കുന്നതുമാകുമായിരുന്നു.
  • وَلَوْ أَنَّا നാം ആയിരുന്നെങ്കില്‍ كَتَبْنَا നാം നിയമിച്ചിരുന്നു(വെങ്കില്‍) عَلَيْهِمْ അവരുടെ മേല്‍, അവരില്‍ أَنِ اقْتُلُوا നിങ്ങള്‍ കൊല്ലുവിന്‍ എന്ന് أَنفُسَكُمْ നിങ്ങളുടെ സ്വന്തങ്ങളെ, ദേഹങ്ങളെ أَوِ اخْرُجُوا അല്ലെങ്കില്‍ നിങ്ങള്‍ പുറത്തുപോകുവിന്‍ مِن دِيَارِكُم നിങ്ങളുടെ വസതി (വീടു-പാര്‍പ്പിടം)കളില്‍ നിന്ന് مَّا فَعَلُوهُ അതവര്‍ ചെയ്കയില്ല إِلَّا قَلِيلٌ കുറച്ചു (അല്‍പം) ആളുകളൊഴികെ مِّنْهُمْ അവരില്‍ നിന്ന് وَلَوْ أَنَّهُمْ അവരായിരുന്നെങ്കില്‍ فَعَلُوا അവര്‍ ചെയ്തിരുന്നു (വെങ്കില്‍) مَا يُوعَظُونَ അവര്‍ക്ക് സദുപദേശം ചെയ്യപ്പെടുന്ന കാര്യം بِهِ അതുകൊണ്ട്, അതിനെ لَكَانَ അതാകുമായിരുന്നു خَيْرًا لَّهُمْ അവര്‍ക്കു ഏറ്റം ഉത്തമം, കൂടുതല്‍ ഗുണം وَأَشَدَّ കൂടുതല്‍ ശക്തമായതും, കെട്ടുറപ്പായതും تَثْبِيتًا ഉറപ്പിക്കല്‍, സ്ഥിരപ്പെടുത്തലില്‍
4:67
  • وَإِذًا لَّـَٔاتَيْنَـٰهُم مِّن لَّدُنَّآ أَجْرًا عَظِيمًا ﴾٦٧﴿
  • (മാത്രമല്ല) അന്നേരം നമ്മുടെ വകയായി വമ്പിച്ച പ്രതിഫലം അവര്‍ക്കു നാം നല്‍കുന്നതുമാണ്.
  • وَإِذًا അന്നേരം, അപ്പോള്‍, എന്നാല്‍ لَّآتَيْنَاهُم നാമവര്‍ക്ക് കൊടുക്കുകയും ചെയ്യും مِّن لَّدُنَّا നമ്മുടെ അടുക്കല്‍ നിന്ന് (നമ്മുടെ വക) أَجْرًا പ്രതിഫലം عَظِيمًا വമ്പിച്ച, മഹത്തായ
4:68
  • وَلَهَدَيْنَـٰهُمْ صِرَٰطًا مُّسْتَقِيمًا ﴾٦٨﴿
  • ചൊവ്വായ [നേരെയുള്ള] പാതയില്‍ നാം അവരെ വഴി നടത്തുകയും തന്നെ ചെയ്യുന്നതാണ്.
  • وَلَهَدَيْنَاهُمْ അവരെ നാം നടത്തുക (നയിക്കുക - ചേര്‍ക്കുക)യും ചെയ്യും صِرَاطًا പാതയില്‍, മാര്‍ഗത്തില്‍ مُّسْتَقِيمًا ചൊവ്വായ, നേരെയുള്ള

കഴിഞ്ഞ വചനത്തില്‍ കപടവിശ്വാസികളെ സംബന്ധിച്ചു ചെയ്ത പ്രസ്താവനകളോട് ബന്ധപ്പെട്ട വചനങ്ങള്‍തന്നെയാണ് ഇവയും. ആത്മഹത്യ മുഖേനയോ, തമ്മതമ്മില്‍ കൊലചെയ്‌തോ സ്വന്തം ജീവനെ നശിപ്പിക്കണമെന്നോ, സ്വന്തം വാസസ്ഥലം ത്യജിച്ചു നാടുവിടണമെന്നോ പോലെയുള്ള അസഹ്യമായ ശാസനകളൊന്നും അല്ലാഹു മനുഷ്യരുടെ മേല്‍ ചുമത്തിയിട്ടില്ല. അവര്‍ക്കു ചെയ്‌വാന്‍ സാധ്യമാകുന്നതും, അവരുടെ നന്മക്കും രക്ഷക്കും ആവശ്യമായതും മാത്രമേ അല്ലാഹു നിയമിച്ചിട്ടുള്ളൂ. അഥവാ അത്തരം വല്ല കര്‍ശന നിയമങ്ങളും നിര്‍ദ്ദേശിച്ചാല്‍ അത് അനുസരിക്കുവാന്‍ വളരെ കുറഞ്ഞ ആളുകളേ തയ്യാറാവുകയുള്ളൂ. അങ്ങിനെ വന്നാല്‍, യഥാര്‍ഥ വിശ്വാസികളും, കപടവിശ്വാസികളും വ്യക്തമായി വേര്‍തിരിയുകയും ചെയ്യും. പക്ഷേ, അങ്ങിനെയുള്ള കടുത്ത നിയമങ്ങളൊന്നും തന്നെ അല്ലാഹു നിര്‍ദ്ദേശിച്ചിട്ടില്ല. അതുകൊണ്ട് അവര്‍ക്ക് നല്‍കപ്പെടുന്ന ഉപദേശങ്ങള്‍ യഥാവിധി സ്വീകരിക്കുന്നതാണ് ഇഹത്തിലും പരത്തിലും അവര്‍ക്ക് നല്ലത്. അവരുടെ വിശ്വാസവും സത്യസന്ധതയും അതുമൂലം കൂടുതല്‍ ദൃഢപ്പെടുകയും ചെയ്യും. മാത്രമല്ല, അല്ലാഹുവിങ്കല്‍ നിന്ന് വമ്പിച്ച പ്രതിഫലം ലഭിക്കുവാനും, നേര്‍മാര്‍ഗം തെറ്റാതെ അതില്‍ സ്ഥിരമായി ഉറച്ചു നില്‍ക്കുമാറ് അല്ലാഹുവിന്‍റെ സഹായം ലഭിക്കുവാനും അത് കാരണമായിത്തീരുന്നതാണ്. ഇതാണ് ചുരുക്കത്തില്‍ ഈ വചനങ്ങളുടെ താല്‍പര്യം.

ഈ വചനങ്ങള്‍ അവതരിച്ചപ്പോള്‍, കൊല്ലപ്പെടുവാനോ, രാജ്യം ത്യജിച്ചു പോകുവാനോ അല്ലാഹു കല്‍പിച്ചിരുന്നാല്‍ അത് അനുഷ്ഠിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് പല സ്വഹാബികളും സന്നദ്ധത പ്രകടിപ്പിക്കുകയുണ്ടായെന്നും, നബി (صلّى الله عليه وسلّم) അവരെ പ്രശംസിക്കുകയുണ്ടായെന്നും രിവായത്തു ചെയ്യപ്പെട്ടിരിക്കുന്നു. ചില സ്വഹാബികളെ ചൂണ്ടിക്കാട്ടിക്കൊണ്ട് അങ്ങിനെ നിയമിക്കപ്പെട്ടിരുന്നെങ്കില്‍ അതനുസരിക്കുന്ന ആ അല്‍പം ആളുകളില്‍പെട്ട ആളാകുമായിരുന്നു ഇദ്ദേഹമെന്ന് നബി (صلّى الله عليه وسلّم) പറഞ്ഞതായും ചില രിവായത്തുകളില്‍ വന്നിരിക്കുന്നു. അല്ലാഹു തുടരുന്നു:-

4:69
  • وَمَن يُطِعِ ٱللَّهَ وَٱلرَّسُولَ فَأُو۟لَـٰٓئِكَ مَعَ ٱلَّذِينَ أَنْعَمَ ٱللَّهُ عَلَيْهِم مِّنَ ٱلنَّبِيِّـۧنَ وَٱلصِّدِّيقِينَ وَٱلشُّهَدَآءِ وَٱلصَّـٰلِحِينَ ۚ وَحَسُنَ أُو۟لَـٰٓئِكَ رَفِيقًا ﴾٦٩﴿
  • ആര്‍ അല്ലാഹുവിനെയും, റസൂലിനെയും അനുസരിക്കുന്നു വോ, അക്കൂട്ടര്‍, യാതൊരുവരുടെ മേല്‍ അല്ലാഹു അനുഗ്രഹം ചെയ്തി രിക്കുന്നുവോ അവരോടു കൂടെ യായിരിക്കും. (അതെ)'നബി'മാരും, 'സ്വിദ്ദീക്വു'കളും, 'ശഹീദു'കളും, 'സ്വാലിഹു'കളുമാകുന്ന (അനുഗൃ ഹീതരുടെകൂടെ) അക്കൂട്ടര്‍ വളരെ നല്ല സുഹൃത്തുക്കളും!
  • وَمَن ആര്‍, വല്ലവനും يُطِعِ അനുസരിക്കുന്നു(വോ) اللَّهَ അല്ലാഹുവിനെ وَالرَّسُولَ റസൂലിനെയും فَأُولَٰئِكَ എന്നാല്‍ അക്കൂട്ടര്‍ مَعَ الَّذِينَ യാതൊരുവരോടു കൂടെയായിരിക്കും أَنْعَمَ اللَّهُ അല്ലാഹു അനുഗ്രഹം ചെയ്തിട്ടുള്ള عَلَيْهِم അവരുടെ മേല്‍ مِّنَ النَّبِيِّينَ നബിമാരാകുന്ന, നബിമാരായിട്ട് وَالصِّدِّيقِينَ സ്വിദ്ദീക്വുകളും (സത്യസന്ധരും) وَالشُّهَدَاءِ ശഹീദു (രക്ത സാക്ഷി)കളും وَالصَّالِحِينَ സ്വാലിഹു (സല്‍ക്കര്‍മി)കളും وَحَسُنَ വളരെ (എത്രയോ) നന്നായിരിക്കുന്നു, നന്നുതാനും أُولَٰئِكَ അക്കൂട്ടര്‍ رَفِيقًا സുഹൃത്തു(ക്കള്‍), സുഹൃത്തായിട്ട്
4:70
  • ذَٰلِكَ ٱلْفَضْلُ مِنَ ٱللَّهِ ۚ وَكَفَىٰ بِٱللَّهِ عَلِيمًا ﴾٧٠﴿
  • ആ അനുഗ്രഹം (അഥവാ ഔദാര്യം) അല്ലാഹുവില്‍ നിന്നാകുന്നു. (എല്ലാം) അറിയുന്നവനായി അല്ലാഹു (തന്നെ) മതിതാനും!
  • ذَٰلِكَ الْفَضْلُ ആ അനുഗ്രഹം, ഔദാര്യം, ദയവ് مِنَ اللَّهِ അല്ലാഹുവില്‍നിന്നാകുന്നു وَكَفَىٰ മതിതാനും بِاللَّهِ അല്ലാഹു, അല്ലാഹുതന്നെ عَلِيمًا അറിയുന്നവനായി

അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്നതിന്‍റെ ആവശ്യകതയും, ധിക്കരിക്കുന്നതിന്‍റെ ഭവിഷ്യത്തും സംബന്ധിച്ചു പ്രസ്താവിച്ചതിനുശേഷം, അവരെ അനുസരിക്കുന്നതുമൂലം ലഭിക്കുവാനിരിക്കുന്ന അന്തിമ നേട്ടത്തെക്കുറിച്ചാണ് ഈ വചനങ്ങളില്‍ പ്രസ്താവിക്കുന്നത്. അനുസരണംമൂലം ഇഹത്തിലും പരത്തിലും ലഭിക്കുവാനുള്ള നേട്ടങ്ങളെക്കാളെല്ലാം ഭാഗ്യകരമായ നേട്ടവും അതുതന്നെ. അതായത് അല്ലാഹുവിന്‍റെ അതിമഹത്തായ അനുഗ്രഹങ്ങള്‍ക്ക് പാത്രങ്ങളായിത്തീര്‍ന്ന – എല്ലാ മനുഷ്യരിലുംവെച്ച് ഏറ്റവും ഉന്നതപദവിക്കാരായ – നബിമാര്‍ വരെയുള്ള അനുഗൃഹീതരുമായി സുഹൃല്‍ബന്ധവും സമ്പര്‍ക്കവും പുലര്‍ത്തിക്കൊണ്ടുള്ള സ്വര്‍ഗീയ ജീവിതം! ഇതില്‍പരം ഭാഗ്യകരമായി മറ്റെന്തുണ്ട്?! അതാകട്ടെ, അല്ലാഹുവിന്‍റെ അനുഗ്രഹവും ഔദാര്യവും കൊണ്ടുമാത്രം ലഭിക്കുന്നതാകുന്നു. ആര്‍ക്കാണ്, എന്തൊക്കെയാണ് നല്‍കേണ്ടത് എന്നു തുടങ്ങിയ സകലകാര്യങ്ങളും അല്ലാഹുവിനറിയാം. അതനുസരിച്ചു കൈകാര്യം ചെയ്‌വാന്‍ അവന്‍ തന്നെ മതി. മറ്റാരുടെയും സഹായമോ തുണയോ അവന്നാവശ്യമില്ല എന്നു സാരം. ആ അനുഗൃഹീതര്‍ ആരൊക്കെയാണെന്ന് അല്ലാഹു വിവരിക്കുന്നു:

(1) നബിമാര്‍(പ്രവാചകന്മാര്‍).

(2) സ്വിദ്ദീക്വുകള്‍ (സത്യസന്ധന്മാര്‍).

(3) ശഹീദുകള്‍ (സത്യസാക്ഷികള്‍).

(4) സ്വാലിഹുകള്‍ (സദ്‌വൃത്തര്‍)

ഇവരാണത്. അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പ്രത്യേകം പ്രദാനം ചെയ്യുന്ന ഉന്നത പദവിയാണ് പ്രവാചകത്വം. അത് മനുഷ്യന്‍റെ യോഗ്യതകൊണ്ടോ പ്രയത്‌നം കൊണ്ടോ സിദ്ധിക്കുന്നതല്ല. മനുഷ്യരില്‍ വെച്ച് ഏറ്റവും ഉല്‍കൃഷ്ട സ്ഥാനമുള്ളവരും പ്രവാചകന്മാര്‍തന്നെ. അവരെക്കഴിച്ചാല്‍ പിന്നീട് ക്രമപ്രകാരം സ്വിദ്ദീക്വുകളും, ശഹീദുകളും, സ്വാലിഹുകളും. ഈ മൂന്നു സ്ഥാനങ്ങള്‍ക്കും കൃത്യമായ ഒരു നിര്‍വ്വചനം നല്‍കുക സാധ്യമല്ല. വിശ്വാസത്തിലും, വാക്കിലും, പ്രവൃത്തിയിലും സത്യത്തില്‍ അടിയുറച്ചു നില്‍ക്കുകയും, സത്യത്തിനെതിരില്‍ നേരിടുന്ന ഏതു പ്രതിസന്ധിയിലും ചാഞ്ചല്യമോ പതറലോ വരാതെ സൂക്ഷിക്കുകയും ചെയ്യുന്ന സത്യസന്ധന്മാര്‍ക്ക് സ്വിദ്ദീക്വു (الصديق)കള്‍ എന്നും, സത്യത്തിനുവേണ്ടി ജീവന്‍ പോലും ബലിയര്‍പ്പിക്കുന്നതുവരെയുള്ള ത്യാഗങ്ങള്‍ വഴി സത്യത്തിനു സാക്ഷ്യം വഹിച്ചവര്‍ക്ക് ശഹീദു (الشھيد)കള്‍ എന്നും സാമാന്യമായി പറയാം. ശഹീദുകളെ അപേക്ഷിച്ച് ഉന്നത സ്ഥാനമുള്ളവര്‍ സ്വിദ്ദീക്വുകളാണെങ്കിലും, രണ്ടുംപദവികളും ലഭിക്കുന്നത് അല്ലാഹുവിനെയും റസൂലുകളെയും അനുസരിക്കുന്നതില്‍നിന്നുതന്നെയാകുന്നു. അല്ലാഹു പറയുന്നു: ‘യാതൊരുകൂട്ടര്‍ അല്ലാഹുവിലും അവന്‍റെ റസൂലുകളിലും വിശ്വസിച്ചുവോ അക്കൂട്ടര്‍ തന്നെയാണ് അവരുടെ റബ്ബിന്‍റെ അടുക്കല്‍ സ്വിദ്ദീക്വുകളും ശഹീദുകളും.’ (സൂ: ഹദീദ് : 19) സത്യവിശ്വാസം സ്വീകരിച്ചു സന്മാര്‍ഗത്തില്‍ നിലകൊള്ളുകയും, സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് പൊതുവെ പറയപ്പെടുന്ന വാക്കാണ് സ്വാലിഹു (الصالح)കള്‍. അല്ലാഹു പറയുന്നു: ‘വിശ്വസിക്കുകയും, സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ തീര്‍ച്ചയായും നാം സ്വാലിഹുകളില്‍ ഉള്‍പെടുത്തുന്നതാണ്.’ (അന്‍കബൂത്ത് : 9) നബിമാരെക്കുറിച്ചും സ്വാലിഹുകള്‍ എന്നു അല്ലാഹു ക്വുര്‍ആനില്‍ ചില സ്ഥലങ്ങളില്‍ വിശേഷിപ്പിച്ചു കാണാം. അപ്പോള്‍, നബിമാരുടെയും സ്വിദ്ദീക്വുകളുടെയും ശഹീദുകളുടെയും സ്ഥാനം പ്രാപിച്ചിട്ടില്ലാത്ത സദ്‌വൃത്തരാണ് ഇവിടെ സ്വാലിഹുകള്‍കൊണ്ടുദ്ദേശ്യമെന്നു മനസ്സിലാക്കാം.

റബീഅത്തുബ്‌നു കഅ്ബില്‍അസ്‌ലമീ (റ) പറയുന്നു: ‘ഞാന്‍ റസൂല്‍ തിരുമേനി (صلّى الله عليه وسلّم) യുടെ അടുക്കല്‍ രാത്രി താമസിച്ചിരുന്നു. അവിടുത്തേക്ക് വുദ്വൂഇനുള്ള വെള്ളം മുതലായ ആവശ്യങ്ങള്‍ ഞാന്‍ കൊണ്ടുചെന്നു കൊടുത്തപ്പോള്‍ അവിടുന്നു പറഞ്ഞു: ‘(വേണ്ടത്) ചോദിച്ചുകൊള്ളുക’. ഞാന്‍ പറഞ്ഞു: ‘സ്വര്‍ഗത്തില്‍ അങ്ങയോടൊപ്പമുള്ള സഹവാസമാണ് എനിക്ക് അങ്ങയോട് ചോദിക്കുവാനുള്ളത്.’ തിരുമേനി പറഞ്ഞു: ‘മറ്റു വല്ലതുമുണ്ടോ? ‘ഞാന്‍ പറഞ്ഞു: ‘അതുതന്നെയാണുള്ളത്.’ അപ്പോള്‍ തിരുമേനി പറഞ്ഞു: ‘എന്നാല്‍ സുജൂദ്(നമസ്‌കാരം) വര്‍ദ്ധിപ്പിക്കല്‍ വഴി നിന്‍റെ കാര്യത്തില്‍ നീ എന്നെ സഹായിച്ചു കൊള്ളുക.’ (മുസ്‌ലിം) പല സ്വഹാബികളില്‍ നിന്നും പല മാര്‍ഗങ്ങളിലൂടെയും നിവേദനം ചെയ്യപ്പെട്ടിട്ടുള്ള ഒരു ഹദീഥ് ഇപ്രകാരമാകുന്നു: ‘ഒരാള്‍ ഒരു കൂട്ടരെ സ്‌നേഹിക്കുന്നു: അയാള്‍ അവരോടൊപ്പം (പദവിയില്‍) എത്തിച്ചേര്‍ന്നിട്ടുമില്ല. ഇങ്ങിനെയുള്ള ആളെപ്പറ്റി നബി (صلّى الله عليه وسلّم) യോട് ചോദിക്കപ്പെട്ടു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘മനുഷ്യന്‍ അവന്‍ സ്‌നേഹിക്കുന്നവരോടു കൂടെയായിരിക്കും.’ (പ്രധാനപ്പെട്ട ഹദീഥു പണ്ഡിതന്മാരെല്ലാം നിവേദനം ചെയ്തതാണിത്.) അനസ് (റ) പറയുകയാണ്: (തിരുമേനി പറഞ്ഞ) ഈ വര്‍ത്തമാനം നിമിത്തം സന്തോഷിച്ചത്ര സന്തോഷം മുസ്‌ലിംകള്‍ മറ്റൊരിക്കലും സന്തോഷിച്ചിട്ടില്ല.’ നബി തിരുമേനി (صلّى الله عليه وسلّم) യൊന്നിച്ചു എല്ലാ സുഖദുഃഖങ്ങളിലും പങ്കുകൊണ്ടു വന്നിരുന്ന പല സ്വഹാബികളും അവിടുത്തോട് : ‘അങ്ങുന്ന് സ്വര്‍ഗത്തില്‍ അത്യുന്നത പദവിയിലായിരിക്കുമെന്നിരിക്കെ ഞങ്ങള്‍ സ്വര്‍ഗം പ്രാപിച്ചാല്‍ തന്നെയും ഞങ്ങള്‍ക്ക് അങ്ങയെ കാണുവാനും സഹവസിക്കുവാനും കഴിയുകയില്ലല്ലോ’ എന്നു പറഞ്ഞതായും, ഈ വചനം മുഖേന അവര്‍ക്ക് മനസ്സമാധാനം വന്നതായും പല രിവായത്തുകളിലും വന്നിട്ടുണ്ട്. നബിമാര്‍, സ്വിദ്ദീക്വുകള്‍, ശഹീദുകള്‍, സ്വാലിഹുകള്‍ എന്നിവരൊന്നിച്ചു സമ്പര്‍ക്കം പുലര്‍ത്തിക്കൊണ്ട് സ്വര്‍ഗീയ ജീവിതം ആസ്വദിക്കുവാന്‍ അല്ലാഹു നമ്മെ ആഗ്രഹിക്കട്ടെ. آمين

വിഭാഗം - 10

4:71
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ خُذُوا۟ حِذْرَكُمْ فَٱنفِرُوا۟ ثُبَاتٍ أَوِ ٱنفِرُوا۟ جَمِيعًا ﴾٧١﴿
  • ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ നിങ്ങളുടെ ജാഗ്രത കൈക്കൊള്ളുവിന്‍. അങ്ങനെ, (പല) കൂട്ടങ്ങളായി (യുദ്ധത്തിനു) പുറപ്പെട്ടു കൊള്ളുക; അല്ലെങ്കില്‍ എല്ലാവരും (ഒരുമിച്ച്) പുറപ്പെട്ടു കൊള്ളുക.
  • يَا أَيُّهَا الَّذِينَ آمَنُوا വിശ്വസിച്ചവരേ خُذُوا നിങ്ങള്‍ എടുക്കുവിന്‍, കൈക്കൊള്ളുവിന്‍ حِذْرَكُمْ നിങ്ങളുടെ ജാഗ്രത, ശ്രദ്ധ, കാവല്‍ فَانفِرُوا അങ്ങനെ (അതിനാല്‍) നിങ്ങള്‍ പുറപ്പെട്ടു പോകുവിന്‍ (യുദ്ധത്തിന്) ثُبَاتٍ പല കൂട്ടങ്ങളായി أَوِ انفِرُوا അല്ലെങ്കില്‍ നിങ്ങള്‍ പുറപ്പെട്ടു പോകുവിന്‍ جَمِيعًا എല്ലാവരുമായി

മതപരവും, വ്യക്തിപരവും, സാമൂഹ്യവുമായ പല തുറകളിലും വളരെ നിയമനിര്‍ദ്ദേശങ്ങളും, ഉപദേശങ്ങളും കഴിഞ്ഞ വചനങ്ങളില്‍ അല്ലാഹു വിവരിച്ചു. തുടര്‍ന്നുള്ള വചനങ്ങളില്‍, ഇസ്‌ലാമിന്‍റെ നിലനില്‍പിനും പ്രചരണത്തിനും വിഘാതം സൃഷ്ടിക്കുന്ന ശത്രുക്കളുമായി നേരിടുന്നതിലും മറ്റുമായി സത്യവിശ്വാസികള്‍ അറിഞ്ഞിരിക്കേണ്ടുന്ന പല കാര്യങ്ങളും വിവരിക്കുന്നു. അല്ലാഹു പറയുന്നു:-

ശത്രുക്കളെക്കുറിച്ചു സത്യവിശ്വാസികള്‍ സദാ ജാഗരൂകരായിരിക്കണം. അഥവാ, എപ്പോള്‍ ആവശ്യം നേരിടുന്നുവോ അപ്പോള്‍ നേരിടുവാന്‍ തക്കവണ്ണം ആളും സന്നാഹവും ഒരുക്കി തയ്യാറായിക്കൊണ്ടിരിക്കുകയും, ഓര്‍ക്കാപ്പുറത്ത് അവരില്‍നിന്നുണ്ടായേക്കാവുന്ന ആക്രമണങ്ങളെ കരുതിയിരിക്കുകയും വേണം. സന്ദര്‍ഭമനുസരിച്ചു സംഘം സംഘമായോ, എല്ലാവരും ചേര്‍ന്ന് ഒരുമിച്ചോ ആവാം അവരുടെ നേരെ പുറപ്പെടുന്നതും, അവരുമായി ഏറ്റുമുട്ടുന്നതും എന്ന് സാരം.

4:72
  • وَإِنَّ مِنكُمْ لَمَن لَّيُبَطِّئَنَّ فَإِنْ أَصَـٰبَتْكُم مُّصِيبَةٌ قَالَ قَدْ أَنْعَمَ ٱللَّهُ عَلَىَّ إِذْ لَمْ أَكُن مَّعَهُمْ شَهِيدًا ﴾٧٢﴿
  • നിശ്ചയമായും, മടിച്ചു (പിന്നോക്കം) നില്‍ക്കുന്ന ചിലര്‍ നിങ്ങളില്‍ തന്നെയുണ്ട്. അങ്ങനെ, നിങ്ങള്‍ക്ക് വല്ല വിപത്തും ബാധിച്ചുവെങ്കില്‍ അവന്‍ പറയും; 'ഞാന്‍ അവരോടൊപ്പം ഹാജറു ള്ളവനല്ലാതിരുന്ന സ്ഥിതിക്ക് തീര്‍ച്ചയായും എന്‍റെ മേല്‍ അല്ലാഹു അനുഗ്രഹം ചെയ്തിരിക്കുന്നു.'
  • وَإِنَّ مِنكُمْ നിശ്ചയമായും നിങ്ങളില്‍ (തന്നെ) ഉണ്ട് لَمَن ചിലര്‍, ഒരുവന്‍ لَّيُبَطِّئَنَّ മടിച്ചു നില്ക്കുക തന്നെ ചെയ്യുന്ന, അവന്‍ മന്ദീഭവിപ്പിക്കും فَإِنْ أَصَابَتْكُم എന്നിട്ടു (അങ്ങനെ) നിങ്ങളെ ബാധിച്ചുവെങ്കില്‍ مُّصِيبَةٌ വല്ല ബാധയും, വിപത്തും قَالَ അവന്‍ പറയും, പറയുകയായി قَدْ أَنْعَمَ അനുഗ്രഹം ചെയ്തിട്ടുണ്ട്, തീര്‍ച്ചയായും അനുഗ്രഹിച്ചു اللَّهُ അല്ലാഹു عَلَيَّ എനിക്ക് إِذْ لَمْ أَكُن ഞാന്‍ ആയിട്ടില്ലാത്ത സ്ഥിതിക്ക്, ആകാത്തതിനാല്‍ مَّعَهُمْ അവരോടൊപ്പം (കൂടെ) شَهِيدًا ഹാജറുള്ളവന്‍, സന്നദ്ധന്‍
4:73
  • وَلَئِنْ أَصَـٰبَكُمْ فَضْلٌ مِّنَ ٱللَّهِ لَيَقُولَنَّ كَأَن لَّمْ تَكُنۢ بَيْنَكُمْ وَبَيْنَهُۥ مَوَدَّةٌ يَـٰلَيْتَنِى كُنتُ مَعَهُمْ فَأَفُوزَ فَوْزًا عَظِيمًا ﴾٧٣﴿
  • അല്ലാഹുവിങ്കല്‍ നിന്നു വല്ല അനുഗ്രഹവും (അഥവാ മെച്ചവും) നിങ്ങള്‍ക്കു കിട്ടിയെങ്കിലാകട്ടെ, നിങ്ങള്‍ക്കും അവനുമിടയില്‍ ഒരു സ്‌നേഹബന്ധവും ഉണ്ടായിട്ടില്ലാത്തതുപോലെ - അവര്‍ പറയുകതന്നെ ചെയ്യും: 'അയ്യോ! ഞാന്‍ അവരോടു കൂടെയായിരുന്നുവെങ്കില്‍ നന്നായേനേ! എന്നാലെനിക്ക് വമ്പിച്ച ഭാഗ്യം പ്രാപിക്കാമായിരുന്നു!'
  • وَلَئِنْ أَصَابَكُمْ നിങ്ങള്‍ക്ക് ബാധിച്ചുവെങ്കിലോ, കിട്ടിയാലാകട്ടെ فَضْلٌ വല്ല അനുഗ്രഹവും, മെച്ചവും, ഔദാര്യം مِّنَ اللَّهِ അല്ലാഹുവിങ്കല്‍നിന്ന് لَيَقُولَنَّ തീര്‍ച്ചയായും അവന്‍ പറയും, പറയുക തന്നെ ചെയ്യും كَأَن لَّمْ تَكُن ഉണ്ടായിരുന്നില്ലാത്തപോലെ, ഇല്ലാത്ത മാതിരി بَيْنَكُمْ നിങ്ങള്‍ക്കിടയില്‍ وَبَيْنَهُ അവന്നിടയിലും مَوَدَّةٌ ഒരു താല്‍പര്യവും, സ്‌നേഹബന്ധവും يَا لَيْتَنِي كُنتُ ഹാ (അയ്യോ) ഞാനായെങ്കില്‍ (നന്നായേനേ) مَعَهُمْ ഞാന്‍ അവരോടുകൂടെ ആയിരുന്നു(വെങ്കില്‍) فَأَفُوزَ എന്നാല്‍ ഞാന്‍ ഭാഗ്യം പ്രാപിക്കുമായിരുന്നു فَوْزًا عَظِيمًا വമ്പിച്ച ഭാഗ്യം

മുസ്‌ലിംകളുടെ കൂട്ടത്തില്‍ കഴിഞ്ഞുകൂടുന്ന അബ്ദുല്ലാഹിബ്‌നു ഉബയ്യ് പോലെയുള്ള കപടവിശ്വാസികളെ സംബന്ധിച്ചാണ് പ്രസ്താവിക്കുന്നത്. യുദ്ധങ്ങളില്‍ പങ്കെടുക്കാതെ തക്കത്തില്‍ ഒഴിഞ്ഞുമാറലും, മറ്റുള്ളവരെ പിന്‍തിരിപ്പിക്കുവാന്‍ ശ്രമിക്കലും അവരുടെ പതിവായിരുന്നു. വല്ല സംഘട്ടനങ്ങളിലും മുസ്‌ലിംകള്‍ക്ക് പരാജയമോ, വിഷമങ്ങളോ നേരിട്ടാല്‍, തങ്ങള്‍ അവരൊന്നിച്ചു പോകാതിരുന്നത് അല്ലാഹു തങ്ങള്‍ക്കു ചെയ്തു തന്നെ ഒരു വലിയ അനുഗ്രഹമായി അവര്‍ സമര്‍ഥിക്കും. മറിച്ചു മുസ്‌ലിംകള്‍ക്ക് വിജയം സിദ്ധിക്കുകയോ, ഗനീമത്ത് ലഭിക്കുകയോ മറ്റോ ഉണ്ടായാല്‍, അവരോടൊപ്പം പങ്കെടുത്ത് ആ നേട്ടങ്ങളില്‍ ഭാഗഭാക്കാകുവാന്‍ കഴിയാത്തതില്‍ വിലാപം പറയുകയും ചെയ്യും. ഇത് കണ്ടാല്‍ തോന്നും, അവരും മുസ്‌ലിംകളും തമ്മില്‍ ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്ന്.

4:74
  • فَلْيُقَـٰتِلْ فِى سَبِيلِ ٱللَّهِ ٱلَّذِينَ يَشْرُونَ ٱلْحَيَوٰةَ ٱلدُّنْيَا بِٱلْـَٔاخِرَةِ ۚ وَمَن يُقَـٰتِلْ فِى سَبِيلِ ٱللَّهِ فَيُقْتَلْ أَوْ يَغْلِبْ فَسَوْفَ نُؤْتِيهِ أَجْرًا عَظِيمًا ﴾٧٤﴿
  • എന്നാല്‍, പരലോകത്തിനു (പകരം) ഐഹിക ജീവിതത്തെ വില്‍ക്കു(വാന്‍ തയ്യാറാകു)ന്നവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തുകൊള്ളട്ടെ. ആരെങ്കിലും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തിട്ട് അവന്‍ കൊല്ലപ്പെടുകയോ, അല്ലെങ്കില്‍ വിജയിക്കുകയോ ചെയ്യുന്നതായാല്‍ - അവന് നാം വഴിയെ വമ്പിച്ച പ്രതിഫലം നല്‍കുന്നതാണ്.
  • فَلْيُقَاتِلْ എന്നാല്‍ യുദ്ധം ചെയ്യട്ടെ فِي سَبِيلِ മാര്‍ഗത്തില്‍ اللَّهِ അല്ലാഹുവിന്‍റെ الَّذِينَ يَشْرُونَ വില്‍ക്കുന്നവര്‍ الْحَيَاةَ الدُّنْيَا ഐഹിക ജീവിതത്തെ بِالْآخِرَةِ പരലോകത്തിന് وَمَن يُقَاتِلْ വല്ലവനും യുദ്ധം ചെയ്യുന്നതായാല്‍ فِي سَبِيلِ اللَّهِ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ فَيُقْتَلْ എന്നിട്ടവന്‍ കൊല്ലപ്പെട്ടാല്‍ أَوْ يَغْلِبْ അല്ലെങ്കില്‍ വിജയിച്ചാല്‍ فَسَوْفَ എന്നാല്‍ വഴിയെ (പിറകെ) نُؤْتِيهِ നാം അവന് നല്‍കും أَجْرًا عَظِيمًا വമ്പിച്ച പ്രതിഫലം
4:75
  • وَمَا لَكُمْ لَا تُقَـٰتِلُونَ فِى سَبِيلِ ٱللَّهِ وَٱلْمُسْتَضْعَفِينَ مِنَ ٱلرِّجَالِ وَٱلنِّسَآءِ وَٱلْوِلْدَٰنِ ٱلَّذِينَ يَقُولُونَ رَبَّنَآ أَخْرِجْنَا مِنْ هَـٰذِهِ ٱلْقَرْيَةِ ٱلظَّالِمِ أَهْلُهَا وَٱجْعَل لَّنَا مِن لَّدُنكَ وَلِيًّا وَٱجْعَل لَّنَا مِن لَّدُنكَ نَصِيرًا ﴾٧٥﴿
  • നിങ്ങള്‍ക്കെന്താണ്, നിങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യാതെ (ഇരിക്കുവാന്‍)? പുരുഷന്മാരും, സ്ത്രീകളും, കുട്ടികളുമാകുന്ന ബലഹീനരായുള്ളവരുടെ വിഷയത്തിലും (യുദ്ധം ചെയ്യാതിരിക്കുവാന്‍)? (അതെ, ഇങ്ങിനെ) പറയുന്നവരുടെ: 'ഞങ്ങളുടെ റബ്ബേ, ആള്‍ക്കാര്‍ അക്രമികളായുള്ള ഈ രാജ്യത്തില്‍ നിന്ന് ഞങ്ങളെ നീ പുറപ്പെടുവിച്ചു (മോചിപ്പിച്ചു) തരേണമേ! നിന്‍റെ വകയായി, ഞങ്ങള്‍ക്ക് ഒരു രക്ഷാകര്‍ത്താവിനെ ഏര്‍പ്പെടുത്തിത്തരുകയും വേണമേ! നിന്‍റെ വകയായി ഞങ്ങള്‍ക്ക് ഒരു സഹായകനെ ഏര്‍പ്പെടുത്തിത്തരുകയും ചെയ്യേണമേ!'
  • وَمَا لَكُمْ നിങ്ങള്‍ക്കെന്താണ് لَا تُقَاتِلُونَ നിങ്ങള്‍ യുദ്ധം ചെയ്യാതെ, യുദ്ധം ചെയ്യുന്നില്ല فِي سَبِيلِ اللَّهِ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ وَالْمُسْتَضْعَفِينَ ബലഹീനരായവരിലും, ദുര്‍ബ്ബലരായി ഗണിക്കപ്പെടുന്നവരുടെ കാര്യത്തിലും مِنَ الرِّجَالِ പുരുഷന്മാരാകുന്ന, പുരുഷന്മാരില്‍ നിന്നും وَالنِّسَاءِ സ്ത്രീകളും وَالْوِلْدَانِ കുട്ടികളും الَّذِينَ يَقُولُونَ പറഞ്ഞുകൊണ്ടിരിക്കുന്നവരായ رَبَّنَا أَخْرِجْنَا റബ്ബേ ഞങ്ങളെ നീ പുറത്താക്കിത്തരേണമേ مِنْ هَٰذِهِ الْقَرْيَةِ ഈ രാജ്യത്തു നിന്ന് الظَّالِمِ അക്രമി(കള്‍) ആയ أَهْلُهَا അതിലെ ആള്‍ക്കാര്‍ وَاجْعَل لَّنَا ഞങ്ങള്‍ക്ക് നീ ആക്കി (ഏര്‍പ്പെടുത്തി - ഉണ്ടാക്കി)ത്തരുകയും വേണമേ مِن لَّدُنكَ നിന്‍റെ പക്കല്‍ നിന്ന് (നിന്‍റെ വകയായി) وَلِيًّا ഒരു രക്ഷകനെ, ബന്ധുവെ, കൈകാര്യക്കാരനെ, മിത്രത്തെ وَاجْعَل لَّنَا ഞങ്ങള്‍ക്ക് നീ ആക്കിത്തരുകയും വേണമേ مِن لَّدُنكَ നിന്‍റെ പക്കല്‍ നിന്ന് نَصِيرًا ഒരു സഹായകനെ

ഐഹിക സുഖസൗകര്യങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടിരിക്കുന്നതുകൊണ്ടാണ് കപടവിശ്വാസികള്‍ കഴിഞ്ഞ വചനത്തില്‍ പ്രസ്താവിച്ച നിലപാട് സ്വീകരിക്കുവാന്‍ കാരണം. എന്നാല്‍, പാരത്രിക നേട്ടങ്ങള്‍ ലക്ഷ്യംവെക്കുകയും, അതിനുവേണ്ടി ഐഹിക സുഖസൗകര്യങ്ങള്‍ ത്യജിക്കുവാന്‍ തയ്യാറാവുകയും ചെയ്യുന്നവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്‌വാന്‍ ഒട്ടും മടിക്കേണ്ടതില്ല. യുദ്ധത്തില്‍ കൊല്ലപ്പെട്ടാലും, വിജയം വരിച്ചാലും – രണ്ടായാലും, ശരി – അല്ലാഹു അവര്‍ക്ക് വമ്പിച്ച പ്രതിഫലം നല്‍കുകതന്നെ ചെയ്യും എന്നത്രെ ആദ്യത്തെ വചനത്തിന്‍റെ താല്പര്യം. അല്ലാഹുവിന്‍റെ ദീനിനെ നിലനിറുത്തുന്ന വിഷയത്തിലും, ശത്രുക്കളുടെ അക്രമ മര്‍ദ്ദനങ്ങളില്‍നിന്ന് രക്ഷപ്പെടുവാന്‍ മാര്‍ഗമില്ലാതെ സങ്കടപ്പെട്ടുകൊണ്ടിരിക്കുന്ന ദുര്‍ബ്ബരായ സ്ത്രീപുരുഷന്മാരുടെയും കുട്ടികളുടെയും കാര്യത്തിലും യുദ്ധം ചെയ്‌വാന്‍ നിങ്ങള്‍ എന്തിനു മടിക്കണം! അതിനു സ്വയം മുന്നോട്ടു വരേണ്ടവരല്ലേ നിങ്ങള്‍? എന്നിങ്ങിനെ സത്യവിശ്വാസികള്‍ക്ക് യുദ്ധാവേശവും പ്രചോദനവും നല്‍കുന്നതാണ് രണ്ടാമത്തെ വചനം.

സത്യവിശ്വാസം സ്വീകരിക്കുകയും, അതിന്‍റെ പേരില്‍ മുശ്‌രിക്കുകളുടെ അക്രമമര്‍ദ്ദനങ്ങള്‍ക്ക് ഇരയായിത്തീരുകയും ചെയ്തിരുന്ന കുറേ ആളുകള്‍ മക്കയിലുണ്ടായിരുന്നു. മദീനയിലേക്കു ഹിജ്‌റഃ പോരുവാനോ, രാജ്യം ത്യജിച്ചു പോകുവാനോ ക്വുറൈശികള്‍ അവരെ അനുവദിച്ചിരുന്നില്ല. അവരെക്കുറിച്ചാണ് ദുര്‍ബ്ബലര്‍ എന്നിവിടെ പറഞ്ഞത്. നിസ്സാഹായരും അവശരുമായിരുന്ന അവരുടെ ഹൃദയം നൊന്തുകൊണ്ട് തങ്ങള്‍ക്ക് രക്ഷ നല്‍കുവാന്‍ വേണ്ടി അവര്‍ ചെയ്തുകൊണ്ടിരുന്ന പ്രാര്‍ഥനകളാണ് അല്ലാഹു ഉദ്ധരിച്ചത്. വളരെയൊന്നും താമസിയാതെത്തന്നെ അല്ലാഹു ആ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുകയും ചെയ്തു. മക്കാ വിജയത്തോടുകൂടി അവര്‍ക്ക് മക്കായില്‍ തന്നെ സ്വതന്ത്രമായി സ്വൈരജീവിതം നയിക്കുവാന്‍ സാധ്യമായിത്തീര്‍ന്നു.

4:76
  • ٱلَّذِينَ ءَامَنُوا۟ يُقَـٰتِلُونَ فِى سَبِيلِ ٱللَّهِ ۖ وَٱلَّذِينَ كَفَرُوا۟ يُقَـٰتِلُونَ فِى سَبِيلِ ٱلطَّـٰغُوتِ فَقَـٰتِلُوٓا۟ أَوْلِيَآءَ ٱلشَّيْطَـٰنِ ۖ إِنَّ كَيْدَ ٱلشَّيْطَـٰنِ كَانَ ضَعِيفًا ﴾٧٦﴿
  • വിശ്വസിച്ചവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു; അവിശ്വസിച്ചവരാകട്ടെ, 'ത്വാഗൂത്തി'ന്‍റെ [പിശാചാകുന്ന ദുര്‍മൂര്‍ത്തിയുടെ] മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. അതിനാല്‍, നിങ്ങള്‍ പിശാചിന്‍റെ മിത്രങ്ങളോട് യുദ്ധം ചെയ്യുവിന്‍. നിശ്ചയമായും, പിശാചിന്‍റെ തന്ത്രം ദുര്‍ബ്ബലമായതാകുന്നു.
  • الَّذِينَ آمَنُوا വിശ്വസിച്ചവര്‍ يُقَاتِلُونَ അവര്‍ യുദ്ധം ചെയ്യുന്നു, ചെയ്യും فِي سَبِيلِ اللَّهِ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ وَالَّذِينَ كَفَرُوا അവിശ്വസിച്ചവരാകട്ടെ يُقَاتِلُونَ അവര്‍ യുദ്ധം ചെയ്യുന്നു فِي سَبِيلِ മാര്‍ഗത്തില്‍ الطَّاغُوتِ ത്വാഗൂത്തിന്‍റെ, ദുര്‍മൂര്‍ത്തിയുടെ (പിശാചിന്‍റെ) فَقَاتِلُوا അതിനാല്‍ (എന്നാല്‍) നിങ്ങള്‍ യുദ്ധം ചെയ്യുവിന്‍ أَوْلِيَاءَ ബന്ധുക്കളോട്, മിത്രങ്ങളോട് الشَّيْطَانِ പിശാചിന്‍റെ إِنَّ كَيْدَ നിശ്ചയമായും തന്ത്രം (ചതി - കെണി) الشَّيْطَانِ പിശാചിന്‍റെ كَانَ ആകുന്നു. ആയിരിക്കുന്നു ضَعِيفًا ദുര്‍ബ്ബലമായത്, അശക്തമായത്

അല്ലാഹുവിന്‍റെ ശത്രുവായ പിശാചിന്‍റെ കക്ഷിക്ക് എത്രതന്നെ പിന്‍ബലവും പ്രതാപവുമുണ്ടെങ്കിലും അല്ലാഹുവിന്‍റെ കക്ഷിക്കാണ് അവസാനം വിജയവും ശക്തിയും കൈവരുക എന്നു സാരം. ത്വാഗൂത്തി (طاغوت) ന്‍റെ അര്‍ഥങ്ങളെക്കുറിച്ചു മുമ്പ് വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. പിശാചുക്കളും, ആരാധ്യവസ്തുക്കളുമടക്കമുള്ള എല്ലാ ദുര്‍മൂര്‍ത്തികളുമാണുദ്ദേശ്യമെന്ന് മുമ്പ് ചൂണ്ടിക്കാട്ടുകയും ചെയ്തിരിക്കുന്നു.

വിഭാഗം - 11

4:77
  • أَلَمْ تَرَ إِلَى ٱلَّذِينَ قِيلَ لَهُمْ كُفُّوٓا۟ أَيْدِيَكُمْ وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ فَلَمَّا كُتِبَ عَلَيْهِمُ ٱلْقِتَالُ إِذَا فَرِيقٌ مِّنْهُمْ يَخْشَوْنَ ٱلنَّاسَ كَخَشْيَةِ ٱللَّهِ أَوْ أَشَدَّ خَشْيَةً ۚ وَقَالُوا۟ رَبَّنَا لِمَ كَتَبْتَ عَلَيْنَا ٱلْقِتَالَ لَوْلَآ أَخَّرْتَنَآ إِلَىٰٓ أَجَلٍ قَرِيبٍ ۗ قُلْ مَتَـٰعُ ٱلدُّنْيَا قَلِيلٌ وَٱلْـَٔاخِرَةُ خَيْرٌ لِّمَنِ ٱتَّقَىٰ وَلَا تُظْلَمُونَ فَتِيلًا ﴾٧٧﴿
  • യാതൊരു കൂട്ടരെ നീ (നോക്കി) ക്കണ്ടില്ലേ? അവരോട് 'നിങ്ങളുടെ കൈകളെ (യുദ്ധത്തില്‍ നിന്നും) നിങ്ങള്‍ തടഞ്ഞു വെക്കുവിന്‍; നിങ്ങള്‍ നമസ്‌കാരം നിലനിറുത്തുകയും, സകാത്ത് കൊടുക്കുകയും ചെയ്യുവിന്‍' എന്ന് പറയപ്പെട്ടു; അങ്ങനെ, അവരുടെമേല്‍ യുദ്ധം നിയമിക്കപ്പെട്ടപ്പോള്‍, അപ്പോള്‍ (അതാ), അവരില്‍നിന്ന് ഒരു വിഭാഗം, അല്ലാഹുവിനെ ഭയപ്പെടുന്നതുപോലെ - അഥവാ (അതിലും) കൂടുതല്‍ ശക്തിമത്തായ ഭയപ്പാട് - മനുഷ്യരെ ഭയപ്പെടുന്നു! അവര്‍ പറയുകയും ചെയ്തു: 'ഞങ്ങളുടെ റബ്ബേ, എന്തിനാണ് നീ ഞങ്ങളുടെ മേല്‍ യുദ്ധം നിയമിച്ചത്?! അടുത്ത ഒരവധിവരേക്ക് ഞങ്ങളെ നീ പിന്തിച്ചു (ഒഴിവാക്കി) തന്നുകൂടേ!' പറയുക: 'ഇഹത്തിലെ (സുഖത്തിന്‍റെ) അനുഭവം തുച്ഛമായതാണ്. പരലോകമാകട്ടെ, സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് ഏറ്റവും ഉത്തമവുമാകുന്നു. നിങ്ങള്‍ ഒരു തരിമ്പോളം അക്രമിക്കപ്പെടുന്നതുമല്ല.
  • أَلَمْ تَرَ നീ കണ്ടില്ലേ, നോക്കുന്നില്ലേ إِلَى الَّذِينَ യാതൊരു കൂട്ടരെ (കൂട്ടരിലേക്ക്) قِيلَ لَهُمْ അവരോട് പറയപ്പെട്ടു كُفُّوا നിങ്ങള്‍ തടഞ്ഞുവെക്കുവിന്‍, ഒതുക്കി നിറുത്തുവിന്‍ أَيْدِيَكُمْ നിങ്ങളുടെ കൈകളെ وَأَقِيمُوا നിങ്ങള്‍ നിലനിറുത്തുകയും ചെയ്യുവിന്‍ الصَّلَاةَ നമസ്‌കാരം وَآتُوا നിങ്ങള്‍ കൊടുക്കുകയും ചെയ്യുവിന്‍ الزَّكَاةَ സകാത്ത് فَلَمَّا كُتِبَ അങ്ങനെ (എന്നിട്ട്) നിയമിക്ക (നിര്‍ബ്ബന്ധമാക്ക)പ്പെട്ടപ്പോള്‍ عَلَيْهِمُ അവരുടെമേല്‍ الْقِتَالُ യുദ്ധം إِذَا فَرِيقٌ അപ്പോള്‍ (അതാ) ഒരു വിഭാഗം (കൂട്ടര്‍ - സംഘം) مِّنْهُمْ അവരില്‍നിന്ന് يَخْشَوْنَ അവര്‍ ഭയപ്പെടുന്നു النَّاسَ മനുഷ്യരെ كَخَشْيَةِ ഭയപ്പാടു (ഭയപ്പെടുന്നതു) പോലെ اللَّهِ അല്ലാഹുവിനെ أَوْ أَشَدَّ അല്ലെങ്കില്‍ കൂടുതല്‍ കടുത്ത, ശക്തമായ خَشْيَةً ഭയപ്പാട് وَقَالُوا അവര്‍ പറയുകയും ചെയ്തു رَبَّنَا ഞങ്ങളുടെ റബ്ബേ لِمَ كَتَبْتَ എന്തിനാണു നീ നിയമിച്ചത്, നിര്‍ബന്ധമാക്കി عَلَيْنَا ഞങ്ങളുടെ മേല്‍ الْقِتَالَ യുദ്ധം لَوْلَا أَخَّرْتَنَا നീ (നിനക്ക്) ഞങ്ങളെ പിന്തിച്ചു (ഒഴിവാക്കി)ക്കൂടേ إِلَىٰ أَجَلٍ ഒരവധിവരെ قَرِيبٍ അടുത്തതായ قُلْ നീ പറയുക مَتَاعُ الدُّنْيَا ഇഹത്തിലെ വിഭവം (അനുഭവം, സുഖം, സാമഗ്രികള്‍) قَلِيلٌ അല്‍പമായതാണ് وَالْآخِرَةُ പരലോകമാകട്ടെ خَيْرٌ (ഏറ്റം) ഉത്തമമാണ് لِّمَنِ اتَّقَىٰ സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് وَلَا تُظْلَمُونَ നിങ്ങള്‍ അക്രമം (അനീതി) ചെയ്യപ്പെടുകയുമില്ല فَتِيلًا ഒരു തരിമ്പും, ഒരളവും
4:78
  • أَيْنَمَا تَكُونُوا۟ يُدْرِككُّمُ ٱلْمَوْتُ وَلَوْ كُنتُمْ فِى بُرُوجٍ مُّشَيَّدَةٍ ۗ وَإِن تُصِبْهُمْ حَسَنَةٌ يَقُولُوا۟ هَـٰذِهِۦ مِنْ عِندِ ٱللَّهِ ۖ وَإِن تُصِبْهُمْ سَيِّئَةٌ يَقُولُوا۟ هَـٰذِهِۦ مِنْ عِندِكَ ۚ قُلْ كُلٌّ مِّنْ عِندِ ٱللَّهِ ۖ فَمَالِ هَـٰٓؤُلَآءِ ٱلْقَوْمِ لَا يَكَادُونَ يَفْقَهُونَ حَدِيثًا ﴾٧٨﴿
  • 'നിങ്ങള്‍ എവിടെ(ത്തന്നെ) ആയിരുന്നാലും മരണം നിങ്ങള്‍ക്ക് പിടിപെടുന്നതാണ് ; നിങ്ങള്‍ (ഭദ്രമായി) കെട്ടി ഉയര്‍ത്തപ്പെട്ട കൊത്തളങ്ങളിലായിരുന്നാലും ശരി.' (നബിയേ) അവര്‍ക്ക് വല്ല നന്മയും ബാധിക്കുന്നുവെങ്കില്‍ അവര്‍ പറയും: 'ഇതു അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതാണ്' എന്ന്. അവര്‍ക്ക് വല്ല തിന്മയും ബാധിക്കുന്നുവെങ്കിലോ, അവര്‍ പറയും; 'ഇത് നിന്‍റെ പക്കല്‍ നിന്നുള്ളതാണ്' എന്ന്. പറയുക: 'എല്ലാം (തന്നെ) അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതാണ്.' എന്നാല്‍, ഈ ജനങ്ങള്‍ക്കെ ന്താണ് - അവര്‍ ഒരു വിഷയവും ഗ്രഹിക്കുമാറാകുന്നില്ല?!
  • أَيْنَمَا എവിടെത്തന്നെ تَكُونُوا നിങ്ങളായിരുന്നാലും يُدْرِككُّمُ നിങ്ങളെ പിടിപെടും, കണ്ടുമുട്ടും, നിങ്ങളെ പ്രാപിക്കും الْمَوْتُ മരണം وَلَوْ كُنتُمْ നിങ്ങള്‍ ആയിരുന്നാലും ശരി فِي بُرُوجٍ കൊത്തളങ്ങളില്‍, കോട്ടകളില്‍, മണിമാളികകളില്‍ مُّشَيَّدَةٍ കെട്ടിപ്പൊക്കപ്പെട്ട وَإِن تُصِبْهُم അവര്‍ക്കു ബാധിക്കുന്നുവെങ്കില്‍ حَسَنَةٌ വല്ല നന്മയും, ഒരു നന്മ يَقُولُوا അവര്‍ പറയും هَٰذِهِ ഇത് مِنْ عِندِ اللَّهِ അല്ലാഹുവിന്‍റെ അടുക്കല്‍നിന്നാണ് وَإِن تُصِبْهُمْ അവര്‍ക്കു ബാധിക്കുന്നുവെങ്കിലോ سَيِّئَةٌ വല്ല (ഒരു) തിന്മയും يَقُولُوا അവര്‍ പറയും هَٰذِهِ ഇത് مِنْ عِندِكَ നിന്‍റെ അടുക്കല്‍ നിന്നാണ് قُلْ നീ പറയുക كُلٌّ എല്ലാം (തന്നെ) مِّنْ عِندِ اللَّهِ അല്ലാഹുവിന്‍റെ അടുക്കല്‍നിന്നാണ് فَمَالِ എന്നാല്‍ എന്താണ് هَٰؤُلَاءِ ഈ കൂട്ടര്‍ക്ക് الْقَوْمِ (ഈ) ജനത(യായ) لَا يَكَادُونَ അവര്‍ ആകുമാറാകുന്നില്ല يَفْقَهُونَ ഗ്രഹിക്കു(മാറാകുന്നില്ല) حَدِيثًا ഒരു വിഷയവും, വൃത്താന്തവും
4:79
  • مَّآ أَصَابَكَ مِنْ حَسَنَةٍ فَمِنَ ٱللَّهِ ۖ وَمَآ أَصَابَكَ مِن سَيِّئَةٍ فَمِن نَّفْسِكَ ۚ وَأَرْسَلْنَـٰكَ لِلنَّاسِ رَسُولًا ۚ وَكَفَىٰ بِٱللَّهِ شَهِيدًا ﴾٧٩﴿
  • നന്മയായിട്ട് നിനക്ക് എന്തു (തന്നെ) ബാധിച്ചാലും (അത്) അല്ലാഹുവിങ്കല്‍ നിന്നത്രെ; തിന്മയായിട്ട് നിനക്ക് എന്തു (തന്നെ) ബാധിച്ചാലൂം (അതു) നിന്നില്‍ നിന്നുമത്രെ (ഉണ്ടാകുന്നത്). നിന്നെ നാം മനുഷ്യര്‍ക്ക് റസൂലായി [ദൂതനായി] അയക്കുകയും ചെയ്തിരിക്കുന്നു. സാക്ഷിയായി അല്ലാഹു (തന്നെ) മതി താനും.
  • مَّا أَصَابَكَ നിനക്കു ബാധിച്ചത് (എന്തും) مِنْ حَسَنَةٍ നന്‍മയായിട്ട് فَمِنَ اللَّهِ അല്ലാഹുവിങ്കല്‍ നിന്നാണ് وَمَا أَصَابَكَ നിനക്ക് ബാധിച്ചതോ, എന്തു ബാധിച്ചാലുംمِن سَيِّئَةٍ തിന്മയായിട്ട് فَمِن نَّفْسِكَ നിന്‍റെ സ്വന്തത്തില്‍നിന്നാണ്, നിന്നില്‍ നിന്നു തന്നെ وَأَرْسَلْنَاكَ നിന്നെ നാം അയക്കുകയും ചെയ്തിരിക്കുന്നു لِلنَّاسِ മനുഷ്യര്‍ക്ക് رَسُولًا റസൂലായി, ദൂതനായി وَكَفَىٰ മതി താനും بِاللَّهِ അല്ലാഹു തന്നെ شَهِيدًا സാക്ഷിയായി

ഇസ്‌ലാമിന്‍റെ ആരംഭകാലത്ത് – മുസ്‌ലിംകള്‍ മക്കായിലായിരുന്നപ്പോള്‍ – തന്നെ നമസ്‌കാരവും സകാത്തും മുസ്‌ലിംകള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടിരുന്നു. ഇന്നു നിലവിലുള്ള പ്രത്യേക രീതിയിലായിരുന്നില്ല അന്നത്തെ സകാത്ത് എന്നുമാത്രം. എന്നാല്‍, ശത്രുക്കളുമായി യുദ്ധം ചെയ്‌വാനുള്ള അനുവാദം അവര്‍ക്ക് നല്‍കപ്പെട്ടിരുന്നില്ല. ശത്രുക്കളുടെ അക്രമ മര്‍ദ്ദനങ്ങള്‍ക്കെതിരില്‍ കഴിയുന്ന ശക്തി ഉപയോഗിച്ചു യുദ്ധം നടത്തിയാല്‍ കൊള്ളാമെന്ന് സത്യവിശ്വാസികള്‍ക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, തല്‍ക്കാലം ക്ഷമയും സഹനവും കൈക്കൊള്ളുവാനായിരുന്നു കല്‍പന. പല നിലക്കും അന്നത്തെ പരിതഃസ്ഥിതി യുദ്ധത്തിന അനുകൂലമായിരുന്നില്ല. മുസ്‌ലിംകളുടെ എണ്ണവും ശക്തിയും കുറവായിരുന്നതും, ഇരു കൂട്ടരും മക്കാ പരിസരങ്ങളില്‍ നിവസിച്ചു വരുന്ന സ്ഥിതിക്ക് ഹറമില്‍ വെച്ചു യുദ്ധവും സംഘട്ടനവും നടക്കുവാന്‍ ഇടയായിത്തീരുമെന്നതും അതിന് കാരണമായിരുന്നു. മുസ്‌ലിംകള്‍ മദീനായില്‍ ചെന്നശേഷം, അനുകൂലമായ ഒരന്തരീക്ഷം സംജാതമായപ്പോള്‍, അവര്‍ മുമ്പ് ആഗ്രഹിച്ചും ആവശ്യപ്പെട്ടുകൊണ്ടുമിരുന്ന പ്രകാരം യുദ്ധം ചെയ്തുകൊള്ളുവാനുള്ള കല്‍പന അവതരിച്ചു.

കപടവിശ്വാസികളും ദുര്‍ബ്ബലവിശ്വാസികളുമായ ആളുകളില്‍ ഈ കല്‍പന വളരെ അസ്വാസ്ഥ്യം ഉളവാക്കി. ശത്രുക്കളെ നേരിടുന്നതിലുള്ള ഭയവും, മരണഭീതിയും അവരെ അലട്ടി. റബ്ബേ! എന്തിന് ഈ യുദ്ധം നിര്‍ബന്ധമാക്കി? ഞങ്ങളുടെ സ്വാഭാവികമായ മരണത്തിനു മുമ്പ് തന്നെ ശത്രുക്കളുടെ കൈക്ക് ഞങ്ങള്‍ മരിക്കേണ്ടിവരുമല്ലോ! ഞങ്ങളെ കുറേ കാലം കൂടി ജീവിക്കുവാന്‍ വിട്ടു തന്നുകൂടേ?! എന്നൊക്കെ അവര്‍ക്ക് പരാതിയും ആക്ഷേപവുമായി. ഇതിനു മറുപടി നല്‍കുവാന്‍ അല്ലാഹു നബി (صلّى الله عليه وسلّم) യോട് കല്‍പിക്കുന്നു. മറുപടിയുടെ സാരം ഇതാണ്: ഇഹലോകത്തു എത്രതന്നെ സുഖജീവിതം ലഭിച്ചാലും പരലോകത്തെ അപേക്ഷിച്ചു അത് വളരെ തുച്ഛം മാത്രമാണ്. അല്ലാഹുവിന്‍റെ ആജ്ഞകള്‍ അനുസരിച്ചുകൊണ്ട് അവനെ സൂക്ഷിച്ച് പോരുന്നവര്‍ക്ക് അതിനെക്കാള്‍ ഏറ്റവും നല്ല ജീവിതം പരലോക ജീവിതമാകുന്നു. അത് അനശ്വരവും സുഖസമ്പൂര്‍ണവുമായിരിക്കും. അവന്‍റെ ആജ്ഞയനുസരിച്ച് നിങ്ങള്‍ ചെയ്യുന്ന കര്‍മങ്ങളോ, അതില്‍ നിങ്ങള്‍ വരിക്കേണ്ടിവരുന്ന ത്യാഗങ്ങളോ ഒന്നുംതന്നെ നിങ്ങള്‍ക്ക് തരിമ്പു പോലും നഷ്ടപ്പെടുകയില്ല. മരണമാകട്ടെ, അത് എപ്പോഴാണ്, എങ്ങിനെയാണ് എന്നൊക്കെ ഓരോരുത്തരുടേതും അല്ലാഹു കണക്കാക്കിയിട്ടുണ്ട്. അത് അപ്രകാരം തന്നെ സംഭവിക്കാതിരിക്കയില്ല. യുദ്ധത്തിലൊന്നും പങ്കെടുക്കാതെ നിങ്ങള്‍ വമ്പിച്ച കോട്ടകള്‍ക്കുള്ളില്‍ അടച്ചിരുന്നാലും അത് സംഭവിക്കുക തന്നെ ചെയ്യും. യുദ്ധം മൂലം നിങ്ങളുടെ ആയുഷ്‌കാലത്തില്‍ കുറവോ, യുദ്ധം ചെയ്യാത്തതുമൂലം അതില്‍ വര്‍ദ്ധനവോ ഉണ്ടാകുമെന്നു കരുതേണ്ട. ആകയാല്‍, നിങ്ങളുടെ ഒഴികഴിവുകളും വേവലാതികളും അസ്ഥാനത്താകുന്നു. അല്ലാഹുവിന്‍റെ കല്‍പനക്ക് വഴങ്ങുകയാണ് നിങ്ങള്‍ക്ക് ഉത്തമം. അല്ലാത്തപക്ഷം, നിങ്ങള്‍ നിങ്ങള്‍ക്കുതന്നെ തീരാനഷ്ടം വരുത്തിവെക്കലായിരിക്കും അതിന്‍റെ ഫലം.

കപടവിശ്വാസികളുടെ മറ്റൊരു ആരോപണവും അതിനുള്ള മറുപടിയും ഈ വചനങ്ങളില്‍ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. കപടവിശ്വാസികള്‍ മാത്രമല്ല യഹൂദികളും ഈ ആരോപണത്തില്‍ പങ്കു വഹിച്ചിരുന്നതായും പറയപ്പെടുന്നു. ക്ഷേമം, സൗഖ്യം പോലെയുള്ള സന്തോഷകരമായ വല്ല അനുഭവങ്ങളും വരുമ്പോള്‍ അത് അല്ലാഹുവിന്‍റെ വകയായി തങ്ങള്‍ക്ക് ലഭിച്ച നന്മയാണെന്ന് പറഞ്ഞു അവര്‍ അഭിമാനം കൊള്ളും. മറിച്ച് ക്ഷാമം, ദുഃഖം മുതലായ വല്ല അനിഷ്ട കാര്യങ്ങളും ബാധിക്കുമ്പോള്‍ അത് നബി (صلّى الله عليه وسلّم) നിമിത്തം സംഭവിച്ച ദോഷമാണെന്ന് അവര്‍ ജല്‍പിക്കുകയും ചെയ്യും. നബി (صلّى الله عليه وسلّم) മദീനയില്‍ ചെന്ന ഉടനെ കുറച്ചുകാലം അവിടെ ക്ഷാമം ബാധിക്കുകയുണ്ടായെന്നും, അതാണ് അവര്‍ ഇങ്ങനെ പറയുവാന്‍ കാരണമെന്നും ചില വ്യാഖ്യാതാക്കള്‍ പറഞ്ഞു കാണുന്നു. (അല്ലാഹുവിനറിയാം). ഈ ആരോപണത്തിനും മറുപടി നല്‍കുവാന്‍ നബി (صلّى الله عليه وسلّم) യോട് കല്‍പിക്കുന്നു. നന്മയാകട്ടെ, തിന്മയാകട്ടെ എല്ലാം അല്ലാഹു കണക്കാക്കുന്നതും സൃഷ്ടിക്കുന്നതുമാണ്. ഓരോന്നിനും ചില കാരണങ്ങളും സന്ദര്‍ഭങ്ങളും അവന്‍ നിശ്ചയിച്ചിട്ടുണ്ട്. അത്തരം കാര്യങ്ങളൊന്നും ഇവര്‍ ഗ്രഹിക്കുകയോ മനസ്സിലാക്കുകയോ ചെയ്യുന്നില്ല. വാസ്തവത്തില്‍ എല്ലാം അല്ലാഹുവിങ്കല്‍ നിന്നുള്ളത് തന്നെയാണെങ്കിലും നന്മയും തിന്മയും തമ്മില്‍ വ്യത്യാസമുണ്ട്. നന്മ അല്ലാഹുവിങ്കല്‍ നിന്നാണ് ഉത്ഭവിക്കുന്നത്. അതെ, അവന്‍റെ അനുഗ്രഹവും ഔദാര്യവും കൊണ്ടാണതുണ്ടാകുന്നത്. തിന്മയുടെ ഉത്ഭവം മനുഷ്യരില്‍ നിന്നുതന്നെയാണ്. അതായത്, അവരുടെ പ്രവൃത്തിദോഷവും അനുസരണക്കേടുമാണതിന് കാരണം. എന്നിങ്ങിനെയാണ് മറുപടിയുടെ താല്‍പര്യം.

നന്മയും തിന്മയും അല്ലാഹുവിങ്കല്‍ നിന്നുതന്നെയാണ് സംഭവിക്കുന്നതെങ്കിലും രണ്ടുംതമ്മിലുള്ള ഈ വ്യത്യാസമാണ് 79-ാം വചനത്തിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതില്‍ مَا أَصَابَكَ (നിനക്ക് ബാധിച്ചത്) എന്നു നബി (صلّى الله عليه وسلّم)യെ അഭിമുഖീകരിച്ചു കൊണ്ടാണ് പറഞ്ഞിട്ടുള്ളതെന്ന് വെച്ച് മറ്റുള്ളവര്‍ക്ക് ബാധിക്കുന്നതൊന്നും അങ്ങിനെയല്ലെന്ന് ധരിക്കേണ്ടതില്ല. മറ്റൊരു സ്ഥലത്ത് കുറേകൂടി വ്യക്തമാക്കിക്കൊണ്ട് അല്ലാഹു പറയുന്നു:

وَمَا أَصَابَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُو عَن كَثِيرٍ

(നിങ്ങള്‍ക്ക് എന്തൊരു വിപത്തു ബാധിച്ചാലും അത് നിങ്ങളുടെ കൈകള്‍ ചെയ്തുവെച്ചതു നിമിത്തമാകുന്നു. പലതിനെക്കുറിച്ചും അവന്‍ മാപ്പു നല്‍കുകയും ചെയ്യുന്നു.) (ശൂറാ – 30.) തുടര്‍ന്നു കൊണ്ട് നന്മയും തിന്മയും ഉണ്ടാക്കുന്നതില്‍ നബി (صلّى الله عليه وسلّم)ക്ക് പങ്കില്ല എന്നും, നബി (صلّى الله عليه وسلّم)യെ അല്ലാഹു അവന്‍റെ റസൂലാക്കി അയച്ചിരിക്കുകയാണ് – അവന്‍റെ ഭൗത്യങ്ങള്‍ പ്രബോധനം ചെയ്യല്‍ മാത്രമാണ് അവിടുത്തെ ചുമതല – എന്നും, അത് ആര്‍ സമ്മതിച്ചാലും ഇല്ലെങ്കിലും അതിന് മറ്റാരുടെയും തെളിവും സ്ഥിരീകരണവും ആവശ്യമില്ല എന്നും, അല്ലാഹുവിന്‍റെ സാക്ഷ്യം തന്നെ മതി എന്നും ചൂണ്ടിക്കാട്ടുന്നു.

ഈ വചനം, മറ്റു ചില ക്വുര്‍ആന്‍ വചനങ്ങളും ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് ‘ക്വദ്വാക്വദ്‌റി’നെ (അല്ലാഹുവിന്‍റെ വിധിവ്യവസ്ഥയെ) നിഷേധിക്കുന്ന ചില യുക്തിവാദക്കാര്‍ തങ്ങളുടെ പുതിയ വാദങ്ങള്‍ക്ക് ന്യായീകരണം നല്‍കാറുണ്ട്. ഇത് സംബന്ധിച്ച് സൂ: ഹദീദിന് ശേഷമുള്ള വ്യാഖ്യാനക്കുറിപ്പില്‍ വേണ്ടത്ര വിവരിച്ചിട്ടുണ്ട്. കൂടുതല്‍ അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ അവിടെ നോക്കുക.

4:80
  • مَّن يُطِعِ ٱلرَّسُولَ فَقَدْ أَطَاعَ ٱللَّهَ ۖ وَمَن تَوَلَّىٰ فَمَآ أَرْسَلْنَـٰكَ عَلَيْهِمْ حَفِيظًا ﴾٨٠﴿
  • റസൂലിനെ ആര്‍ അനുസരിക്കുന്നുവോ അവന്‍ തീര്‍ച്ചയായും, അല്ലാഹുവിനെ അനുസരിച്ചു; ആരെങ്കിലും (അനുസരിക്കാതെ) തിരിഞ്ഞു കളയുന്ന പക്ഷം, (നബിയേ) അവരുടെ മേല്‍ കാവല്‍ക്കാരനായി നിന്നെ നാം അയച്ചിട്ടില്ല.
  • مَّن ആര്‍, വല്ലവനും يُطِعِ അനുസരിക്കുന്ന(തായാല്‍) الرَّسُولَ റസൂലിനെ فَقَدْ أَطَاعَ അവന്‍ തീര്‍ച്ചയായും അനുസരിച്ചു, അനുസരിച്ചു കഴിഞ്ഞു اللَّهَ അല്ലാഹുവിനെ وَمَن ആര്‍, വല്ലവനും تَوَلَّىٰ തിരിഞ്ഞു കളഞ്ഞു (വോ) فَمَا أَرْسَلْنَاكَ എന്നാല്‍ നിന്നെ നാം അയച്ചിട്ടില്ല عَلَيْهِمْ അവരുടെ മേല്‍, അവരില്‍ حَفِيظًا കാവല്‍ക്കാര (പാറാവുകാര - സൂക്ഷിച്ചു കാക്കുന്നവ)നായി

റസൂലിനെ അനുസരിക്കല്‍ അല്ലാഹുവിനെ അനുസരിക്കല്‍തന്നെയാണെന്ന് പറഞ്ഞതിന്‍റെ താല്‍പര്യം 59-ാം വചനത്തിന്‍റെയും തുടര്‍ന്നുള്ള പല വചനങ്ങളുടെയും വ്യാഖ്യാനത്തില്‍ മുമ്പ് വേണ്ടത്ര വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇവിടെ അതാവര്‍ത്തിക്കേണ്ടതില്ല. റസൂലിനെ അനുസരിക്കുവാന്‍ തയ്യാറില്ലാത്തവരെ അനുസരിപ്പിക്കേണ്ടുന്ന ചുമതല അദ്ദേഹത്തിനില്ല; അല്ലാഹുവിന്‍റെ ദൗത്യം നിറവേറ്റലും, അതു ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കലും മാത്രമേ റസൂലിന് കടമയുള്ളൂ എന്നാണ് പിന്നീട് പറഞ്ഞതിന്‍റെ ഉദ്ദേശ്യം.

4:81
  • وَيَقُولُونَ طَاعَةٌ فَإِذَا بَرَزُوا۟ مِنْ عِندِكَ بَيَّتَ طَآئِفَةٌ مِّنْهُمْ غَيْرَ ٱلَّذِى تَقُولُ ۖ وَٱللَّهُ يَكْتُبُ مَا يُبَيِّتُونَ ۖ فَأَعْرِضْ عَنْهُمْ وَتَوَكَّلْ عَلَى ٱللَّهِ ۚ وَكَفَىٰ بِٱللَّهِ وَكِيلًا ﴾٨١﴿
  • അവര്‍ പറയും; 'അനുസരണം' എന്ന്! എന്നിട്ട് നിന്‍റെ അടുക്കല്‍ നിന്ന് അവര്‍ വെളിയില്‍ പോയാല്‍, അവരില്‍ നിന്ന് ഒരു കൂട്ടര്‍ തങ്ങള്‍ (ആദ്യം) പറയുന്നതല്ലാത്തതിനു രാത്രി പരിപാടിയിടുക [ഗൂഢാലോചന നടത്തുക]യായി അല്ലാഹുവാകട്ടെ, അവര്‍ രാത്രി പരിപാടിയിടുന്ന [ഗൂഢാലോചന നടത്തുന്ന]ത് രേഖപ്പെടുത്തുകയും ചെയ്യുന്നു. ആകയാല്‍, അവരെ ക്കുറിച്ച് നീ അവഗണിച്ചേക്കുക; അല്ലാഹുവിന്‍റെ മേല്‍ നീ ഭരമേല്‍പിക്കുകയും ചെയ്തുകൊള്ളുക. ഭരമേല്‍പിക്കപ്പെടുന്നവനായി അല്ലാഹു (തന്നെ) മതി.
  • وَيَقُولُونَ അവര്‍ പറയും; പറയുകയും ചെയ്യുന്നു طَاعَةٌ അനുസരണം فَإِذَا بَرَزُوا എന്നിട്ടവര്‍ വെളിയില്‍ പോയാല്‍ مِنْ عِندِكَ നിന്‍റെ അടുക്കല്‍ നിന്ന് بَيَّتَ രാത്രി പരിപാടിയിടും, ഗൂഢാലോചന നടത്തുകയായി طَائِفَةٌ ഒരു വിഭാഗം, കൂട്ടര്‍ مِّنْهُمْ അവരില്‍ നിന്ന് غَيْرَ الَّذِي യാതൊന്നല്ലാത്തതിന് تَقُولُ അത് (അവര്‍) പറയുന്നു وَاللَّهُ അല്ലാഹുവാകട്ടെ يَكْتُبُ രേഖപ്പെടുത്തുന്നു, എഴുതിവെക്കും مَا يُبَيِّتُونَ അവര്‍ രാപരിപാടിയിടുന്നത് فَأَعْرِضْ അതിനാല്‍ നീ തിരിഞ്ഞു കളയുക (അവഗണിക്കുക) عَنْهُمْ അവരെപ്പറ്റി وَتَوَكَّلْ ഭരമേല്‍പിക്കുകയും ചെയ്യുക عَلَى اللَّهِ അല്ലാഹുവിന്‍റെ മേല്‍ وَكَفَىٰ بِاللَّهِ അല്ലാഹു മതി وَكِيلًا ഭരമേല്‍പിക്കപ്പെടുന്നവനായി, ഭരമേല്‍ക്കുന്നവന്‍

കപടവിശ്വാസികളുടെ ഒരു ദുഃസ്വഭാവമാണിതും. നബി (صلّى الله عليه وسلّم) വല്ലതും കല്‍പിക്കുകയോ, വല്ല ദൈവീക സന്ദേശങ്ങളും കേള്‍പ്പിക്കുകയോ ചെയ്യുമ്പോള്‍, അത് ശരിക്കും അനുസരിക്കുവാന്‍ തങ്ങള്‍ തയ്യാറാണെന്നു പറഞ്ഞു സന്നദ്ധത പ്രകടിപ്പിക്കും. അവിടം വിട്ടുപോയാല്‍, അവര്‍ പരസ്പരം ഗൂഢാലോചന നടത്തി അതിനെതിരായ പരിപാടികള്‍ ആസൂത്രണം ചെയ്കയും ചെയ്യും. അതൊക്കെ അല്ലാഹു അറിയുകയും, രേഖപ്പെടുത്തി വെക്കുകയും ചെയ്യുന്നുണ്ടെന്നും, അതിന്‍റെ ഫലം വഴിയെ അവര്‍തന്നെ അനുഭവിക്കേണ്ടി വരുമെന്നും അവരെ അല്ലാഹു താക്കീത് ചെയ്യുന്നു. എന്നാല്‍, അവരെപ്പറ്റി അവരുടെ ഇത്തരം ചെയ്തികള്‍ നബി (صلّى الله عليه وسلّم) മനസ്സിലാക്കി വെച്ചാല്‍ മതി. അല്ലാതെ അതിന് വല്ല വിലയും കല്‍പിക്കുകയോ നടപടിയെടുക്കുകയോ വേണ്ടതില്ല, അല്ലാഹുവിന്‍റെമേല്‍ ഭരമേല്‍പിക്കുകയേ വേണ്ടൂ, വേണ്ടുന്ന നടപടികള്‍ അവന്‍തന്നെ എടുത്തുകൊള്ളും, എന്നൊക്കെ നബി (صلّى الله عليه وسلّم) യെ ഉണര്‍ത്തുകയും ചെയ്യുന്നു.

4:82
  • أَفَلَا يَتَدَبَّرُونَ ٱلْقُرْءَانَ ۚ وَلَوْ كَانَ مِنْ عِندِ غَيْرِ ٱللَّهِ لَوَجَدُوا۟ فِيهِ ٱخْتِلَـٰفًا كَثِيرًا ﴾٨٢﴿
  • എന്നാല്‍, അവര്‍ ക്വുര്‍ആനെക്കുറിച്ച് ഉറ്റാലോചിക്കുന്നില്ലേ?! അത്, അല്ലാഹു അല്ലാത്ത (മറ്റുവല്ല) വരുടെ അടുക്കല്‍ നിന്നുമായിരുന്നുവെങ്കില്‍, വളരെ പരസ്പര വ്യത്യാസം അതില്‍ അവര്‍ കണ്ടെത്തുകതന്നെ ചെയ്യുമായിരുന്നു.
  • أَفَلَا يَتَدَبَّرُونَ അപ്പോള്‍ അവര്‍ ഉറ്റാലോചിക്കുന്നില്ലേ الْقُرْآنَ ക്വുര്‍ആനെ وَلَوْ كَانَ അതായിരുന്നെങ്കില്‍ مِنْ عِندِ അടുക്കല്‍ നിന്ന് غَيْرِ اللَّهِ അല്ലാഹു അല്ലാത്തവരുടെ لَوَجَدُوا അവര്‍ കണ്ടെത്തുകതന്നെ ചെയ്യുമായിരുന്നു فِيهِ അതില്‍ اخْتِلَافًا പരസ്പരവ്യത്യാസം, ഭിന്നിപ്പ്, വിയോജിപ്പ് كَثِيرًا വളരെ, ധാരാളം

ക്വുര്‍ആന്‍റെ പ്രസ്താവനകളെക്കുറിച്ച് ഉറ്റാലോചിച്ചു ചിന്തിക്കാത്തതാണ് അങ്ങിനെയുള്ള വികൃത മനഃസ്ഥിതി അവരിലുണ്ടാവാന്‍ കാരണമെന്നും, അതുകൊണ്ട് ക്വുര്‍ആന്‍ മനസ്സിരുത്തി ചിന്തിക്കുകയാണ് വേണ്ടതെന്നും അവരെ അല്ലാഹു ഓര്‍മിപ്പിക്കുന്നു. അന്നത്തെ കപടവിശ്വാസികള്‍ക്കോ, അക്കാലത്തുള്ള ആളുകള്‍ക്കോ മാത്രം ബാധകമായ ഒരറിയിപ്പല്ല ഇത്. ഏത് കാലത്തുമുള്ള എല്ലാവരെയും ബാധിക്കുന്ന അറിയിപ്പാണിത്. ഈ ഗ്രന്ഥം അല്ലാഹുവില്‍നിന്ന് അവതരിച്ചതല്ല – മറ്റാരുടെയെങ്കിലും കൃതിയാണ് – എന്നുവരികില്‍, നിശ്ചയമായും അതില്‍ പല വ്യത്യാസങ്ങളും വിയോജിപ്പുകളും കാണാവുന്നതാണ് എന്നുള്ള അല്ലാഹുവിന്‍റെ വാക്യം നിഷ്പക്ഷ ബുദ്ധിയും, സത്യാന്വേഷണ മനഃസ്ഥിതിയുമുള്ള ഏവരെയും ഇരുത്തിച്ചിന്തിപ്പിക്കുവാന്‍ പോരുന്നതാണ്. ഒരു രാഷ്ട്രത്തിലെ ഏറ്റവും വലിയ ബുദ്ധിശാലികളും, അറിവിലും പരിജ്ഞാനത്തിലും ഉച്ചകോടിയിലെത്തിയവരുമായ ഒരു സംഘം ആളുകള്‍ ഒത്തുചേര്‍ന്ന് മാസക്കണക്കിലും കൊല്ലക്കണക്കിലും കാലം തലപുകഞ്ഞാലോചിച്ചു സര്‍വ്വസമ്മതമായി രൂപീകരിക്കപ്പെടുന്ന ഭരണഘടനകളും നിയമവ്യവസ്ഥകളും അധികം താമസിയാതെ തന്നെ – പരസ്പര വൈരുദ്ധ്യവും അപ്രായോഗികതയും കാരണമായി – തല്‍കര്‍ത്താക്കളുടെ കൈക്കുതന്നെ മാറ്റേണ്ടിവരുന്ന ഗതികേട് മിക്ക രാജ്യങ്ങളിലും നാം ഇന്നു കണ്ടുകൊണ്ടിരിക്കുന്ന അനുഭവമാണല്ലോ.

ക്വുര്‍ആനെ സംബന്ധിച്ച് അത് വിഭാവനം ചെയ്യുന്ന തത്വങ്ങളിലോ, അതിന്‍റെ സിദ്ധാന്തങ്ങളിലോ, ആ തത്വ സിദ്ധാന്തങ്ങളെ യഥാര്‍ഥീകരിക്കുന്ന അതിന്‍റെ നിയമ നിര്‍ദ്ദേശങ്ങളിലോ – ഒന്നും തന്നെ – ഇന്നു ഇക്കാലം വരെ അങ്ങിനെയുള്ള ഒരു ഗതികേടും സംഭവിച്ചിട്ടില്ല. മേലില്‍ സംഭവിക്കുകയുമില്ലെന്ന് തീര്‍ത്തു പറയാം. എന്നാല്‍, ക്വുര്‍ആനോട് പ്രത്യക്ഷമായോ പരോക്ഷമായോ ശത്രുതയും പകയും പുലര്‍ത്തിപ്പോരുന്നവര്‍ക്കും അതിന്‍റെ തത്വസിദ്ധാന്തങ്ങളില്‍ ചിലത് തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് യോജിക്കായ്കനിമിത്തം അവയോട് അവജ്ഞതോന്നുന്നവര്‍ക്കും ഭൗതിക താല്പര്യങ്ങള്‍ക്ക് മുന്തൂക്കം നല്‍കുന്നവര്‍ക്കുമൊക്കെ ഈ യാഥാര്‍ഥ്യം അംഗീകരിക്കുവാന്‍ മനഃപ്രയാസമുണ്ടാകുക സ്വാഭാവികമത്രെ. വേണമെങ്കില്‍, അത്തരക്കാര്‍ ക്വുര്‍ആനില്‍ ചില പരസ്പര വ്യത്യാസങ്ങളോ, വിയോജിപ്പോ ഉള്ളതായി ചിത്രീകരിക്കുകയും ചെയ്യും. വാസ്തവത്തില്‍ അതിന്‍റെ ഉത്തരവാദിത്വം അവരുടെ വക്രമായ ചിന്താഗതിക്ക് തന്നെയാണുള്ളത്. ഒരു കാര്യം നമുക്ക് ഉറപ്പിച്ചു പറയുവാന്‍ കഴിയും. അതായത്:

ക്വുര്‍ആന്‍റെ സ്പഷ്ടമായ ഒരു പ്രസ്താവന മറ്റൊരു സ്പഷ്ടമായ പ്രസ്താവനക്ക് ഒരിക്കലും എതിരാകുകയോ വിരുദ്ധമാകുകയോ ചെയ്യുന്നതായി ആരാലും ചൂണ്ടിക്കാട്ടപ്പെടുക സാധ്യമല്ല. ഒരു പ്രസ്താവന സ്പഷ്ടമായിരിക്കുകയും മറ്റൊന്ന് അത്ര സ്പഷ്ടമല്ലാതിരിക്കുകയും ചെയ്യുക, ഒന്ന് വിശദരൂപത്തിലും മറ്റേത് സാമാന്യ രൂപത്തിലുമായിരിക്കുക പോലെയുള്ള ചില സന്ദര്‍ഭങ്ങളിലായിരിക്കും പ്രത്യക്ഷത്തില്‍ വല്ല പരസ്പര വ്യത്യാസവും ഉള്ളതായി ആര്‍ക്കെങ്കിലും തോന്നുവാന്‍ ഇടയാകുന്നത്. വ്യക്തത കുറവുള്ള ഭാഗത്തെ കൂടുതല്‍ വ്യക്തമായ ഭാഗം കൊണ്ട് വ്യാഖ്യാനിക്കുക എന്നതാണ് ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ കരണീയവും നിര്‍ബ്ബന്ധവും. നേരെ മറിച്ചു വ്യക്തത കുറഞ്ഞ ഭാഗത്തെ അടിസ്ഥാനമാക്കുകയും, അതിന് അവരവര്‍ കാണുന്ന – അല്ലെങ്കില്‍ ഇഷ്ടപ്പെടുന്ന – വ്യാഖ്യാനം നിര്‍ണയിക്കുകയും ചെയ്തശേഷം, കൂടുതല്‍ വ്യക്തമായ പ്രസ്താവനകളെ അതിനൊപ്പിച്ചു വ്യാഖ്യാനിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ യഥാര്‍ഥത്തില്‍ ആ വൈരുദ്ധ്യം അനുഭവപ്പെടുകയുള്ളൂ. എന്തെങ്കിലും ഒരു ആദര്‍ശമോ താല്‍പര്യമോ മുന്‍കൂട്ടി മനസ്സില്‍വെച്ചുകൊണ്ട് ക്വുര്‍ആനെ സമീപിക്കുന്നവര്‍ക്കാണ് ഈ അനുഭവം ഉണ്ടാവാറുള്ളത്. ഇത് ക്വുര്‍ആന്‍റെ ദോഷമല്ലെന്ന് സ്പഷ്ടമാണല്ലോ. (ഈ വിഷയത്തെപ്പറ്റി മുഖവുരയിലും, ആലുഇംറാന്‍ -7ലും അതിന്‍റെ വ്യാഖ്യാനത്തിലും മുമ്പ് വിവരിച്ചത് ഓര്‍ക്കുക.)

4:83
  • وَإِذَا جَآءَهُمْ أَمْرٌ مِّنَ ٱلْأَمْنِ أَوِ ٱلْخَوْفِ أَذَاعُوا۟ بِهِۦ ۖ وَلَوْ رَدُّوهُ إِلَى ٱلرَّسُولِ وَإِلَىٰٓ أُو۟لِى ٱلْأَمْرِ مِنْهُمْ لَعَلِمَهُ ٱلَّذِينَ يَسْتَنۢبِطُونَهُۥ مِنْهُمْ ۗ وَلَوْلَا فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُۥ لَٱتَّبَعْتُمُ ٱلشَّيْطَـٰنَ إِلَّا قَلِيلًا ﴾٨٣﴿
  • സമാധാനത്തെയോ , ഭയത്തെയോ സംബന്ധിക്കുന്ന വല്ല കാര്യവും അവര്‍ക്ക് വന്നാല്‍, അവര്‍ അതിനെ പ്രചരിപ്പിക്കുന്നതാണ്. അവര്‍ അതിനെ റസൂലിലേക്കും, അവരില്‍ നിന്ന് കാര്യ(വിവര) മുള്ളവരിലേക്കും മടക്കിയിരുന്നെങ്കില്‍. അവരില്‍ നിന്ന് അതിനെ നിരീ ക്ഷിച്ചെടുക്കുന്നവര്‍ അതിനെക്കുറിച്ചു (വേണ്ടത്) അറിയുമായിരുന്നു. നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും (അഥവാ ഔദാര്യവും) അവന്‍റെ കാരുണ്യവും ഇല്ലായിരുന്നു വെങ്കില്‍, നിങ്ങള്‍ - അല്‍പം ആളുകളൊഴികെ - പിശാചിനെ പിന്‍പറ്റിക്കളയുമായിരുന്നു.
  • وَإِذَا جَاءَهُمْ അവര്‍ക്ക് വന്നാല്‍ أَمْرٌ വല്ല കാര്യവും مِّنَ الْأَمْنِ അഭയത്തെ (സമാധാനത്തെ) സംബന്ധിച്ച് أَوِ الْخَوْفِ അല്ലെങ്കില്‍ ഭയത്തെ أَذَاعُوا അവര്‍ പ്രചരിപ്പിക്കും, പരത്തുകയായി بِهِ അതിനെ, അത് സംബന്ധിച്ച് وَلَوْ رَدُّوهُ അതിനെ അവര്‍ മടക്കി(ആക്കി)യെങ്കില്‍ إِلَى الرَّسُولِ റസൂലിലേക്ക് وَإِلَىٰ أُولِي ഉള്ളവരിലേക്കും الْأَمْرِ കാര്യം (കാര്യവിവരം) مِنْهُمْ അവരിലുള്ള, അവരില്‍ നിന്ന് لَعَلِمَهُ അതിനെ അറിയുമായിരുന്നു, അറിയുകതന്നെ ചെയ്യും الَّذِينَ യാതൊരുകൂട്ടര്‍ يَسْتَنبِطُونَهُ അതിനെ ആരാഞ്ഞെടുക്കുന്ന (പുറത്ത് കൊണ്ടുവരുന്ന) നിരീക്ഷിച്ചെടുക്കുന്ന مِنْهُمْ അവരില്‍നിന്ന് وَلَوْلَا ഇല്ലായിരുന്നെങ്കില്‍, ഇല്ലെങ്കില്‍ فَضْلُ اللَّهِ അല്ലാഹുവിന്‍റെ അനുഗ്രഹം, ഔദാര്യം عَلَيْكُمْ നിങ്ങളുടെമേല്‍ وَرَحْمَتُهُ അവന്‍റെ കാരുണ്യവും لَاتَّبَعْتُمُ നിങ്ങള്‍ പിന്‍പറ്റുകതന്നെ ചെയ്യും الشَّيْطَانَ പിശാചിനെ إِلَّا قَلِيلًا അല്‍പം (ആളുകള്‍) ഒഴികെ

കപടവിശ്വാസികളില്‍നിന്നും, കാര്യവിവരമില്ലാത്ത ചില സാത്വികന്മാരില്‍ നിന്നും ഉണ്ടാകാറുള്ള ഒരു ദോഷമാണ് അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. ജനങ്ങള്‍ക്ക് സമാധാനം നല്‍കുന്നതോ ഭീതിയുളവാക്കുന്നതോ ആയ വല്ല വിവരങ്ങളും കേട്ടാല്‍, അതിന്‍റെ സത്യാവസ്ഥയും, അത് പരസ്യപ്പെടുത്തിയാലുണ്ടായേക്കുന്ന ഭവിഷ്യത്തും ആലോചിക്കാതെ -അല്ലെങ്കില്‍ അറിയാതെ- അത് പ്രചരിപ്പിക്കുക. നാനാ ഭാഗത്തും ഇസ്‌ലാമിന്‍റെ ശത്രുക്കള്‍ തഞ്ചം പാര്‍ത്തു കൊണ്ടിരിക്കുന്ന അന്നത്തെ ചുറ്റുപാടില്‍ അത്തരം പല വാര്‍ത്തകളും കിംവദന്തികളും കേള്‍ക്കുക സ്വാഭാവികമാണല്ലോ. അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതുകൊണ്ടുണ്ടാകുന്ന ഭവിഷ്യത്ത് ചിലപ്പോള്‍ ഭയങ്കരമായിരിക്കും. കപടവിശ്വാസികള്‍ അറിഞ്ഞുകൊണ്ട് മനഃപൂര്‍വ്വം അതിന് മുതിര്‍ന്നേക്കും. എന്നാല്‍, സത്യവിശ്വാസികളായ സാത്വികന്മാര്‍ ഭവിഷ്യത്തിനെപ്പറ്റി അറിയാത്തതുകൊണ്ടായിരിക്കും അങ്ങിനെ ചെയ്യുന്നത്. രണ്ടായാലും ഫലം ഒന്നുതന്നെയാണല്ലോ. അങ്ങിനെയുള്ള വാര്‍ത്തകള്‍ വല്ലതും കേട്ടാല്‍ അത് റസൂല്‍ (صلّى الله عليه وسلّم) തിരുമേനിയെയും, അതിന്‍റെ ഗുണദോഷങ്ങള്‍ മനസ്സിലാക്കുവാന്‍ തക്ക കാര്യവിവരമുള്ള നേതാക്കളെയും അറിയിക്കുന്ന പക്ഷം, അവര്‍ വിഷയം വേണ്ടപോലെ കൈകാര്യം ചെയ്യുകയും, അതിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ ഏര്‍പ്പാട് ചെയ്യുകയും ചെയ്യും. അങ്ങിനെ ചെയ്യാതെ, കേട്ടമാത്രയില്‍ അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെപ്പറ്റിയാണ് അല്ലാഹു ആക്ഷേപിക്കുന്നത്. ഈ സമ്പ്രദായം കേവലം പൈശാചിക പ്രേരിതമാണെന്നും, അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ മിക്കവാറും ആളുകള്‍ പിശാചിന്‍റെ ദുഷ്‌പ്രേരണകള്‍ക്ക് വശംവദരാകുമായിരുന്നുവെന്നും ഉണര്‍ത്തുകയും ചെയ്യുന്നു.

സത്യാവസ്ഥയും, ഭവിഷ്യത്തും ആലോചിക്കാതെ, കേട്ട വാര്‍ത്തകളെല്ലാം പരസ്യപ്പെടുത്തലും പ്രചരിപ്പിക്കലും എല്ലായ്‌പോഴും വളരെ സൂക്ഷിക്കേണ്ടുന്ന ഒരു സംഗതിയാണ്. ചില സന്ദര്‍ഭങ്ങളില്‍ അടിസ്ഥാനരഹിതമായ ചെറിയൊരു വാര്‍ത്ത നിമിത്തം അതിഭയങ്കരമായ ഭവിഷ്യത്തുകളായിരിക്കും സംഭവിക്കുക. സംഭവിച്ചു കഴിഞ്ഞശേഷം, പിന്നീട് ആ വാര്‍ത്ത ശരിയായിരുന്നില്ലെന്ന് അറിഞ്ഞത് കൊണ്ട് പ്രയോജനമില്ലല്ലോ. അതേ സമയത്ത് ആ വാര്‍ത്തപ്രചരിപ്പിച്ചവരെല്ലാം ആ പാതകത്തിന് അരുളിച്ചെയ്യുന്നു: ‘കേട്ടതെല്ലാം പറയുന്നത് തന്നെ മതി, ഒരു മനുഷ്യനില്‍ വ്യാജം ഉണ്ടായിരിക്കുവാന്‍.’ (മു;ദാ.) മുഗീറത്തുബ്‌നു ശുഅ്ബഃ (റ) ഉദ്ധരിച്ച ഒരു ഹദീഥില്‍, ‘നബി (صلّى الله عليه وسلّم) ‘ക്വീല’യും ‘ക്വാല’യും വിരോധിച്ചിരിക്കുന്നു’ എന്ന് കാണാം. (ബു; മു.) ‘ആരോ പറഞ്ഞു, അങ്ങിനെ പറയപ്പെടുന്നു. ആളുകള്‍ പറഞ്ഞുകേള്‍ക്കുന്നു’ എന്നിങ്ങിനെയുള്ള പ്രയോഗങ്ങളാണ് ‘ക്വീല (قِيلَ) കൊണ്ടുദ്ദേശ്യം. അവന്‍ പറഞ്ഞു, ഇവന്‍ പറഞ്ഞു’ എന്നിങ്ങിനെയുള്ള പ്രയോഗങ്ങളാണ് ‘ക്വാല’ (قَالَ) കൊണ്ടുദ്ദേശ്യം. അതായത് സത്യാവസ്ഥയും ഗുണദോഷവും നോക്കാതെ ‘കണ്ടതും കേട്ടതു’മൊക്കെ പറയുന്നത് നബി (صلّى الله عليه وسلّم) വിരോധിച്ചിരിക്കുന്നുവെന്നര്‍ഥം. അബൂദാവൂദ് (റ) ഉദ്ധരിച്ച ഒരു നബിവചനത്തിലെ വാചകം ഇതാണ്: بئس مطية الرجل زعموا (‘അവര്‍ പറയുന്നു’ എന്നുള്ളത് മനുഷ്യന്‍റെ വളരെ ദുഷിച്ച ഒരു വാഹനമാണ്.’) അതായത്, വാര്‍ത്തകള്‍ ഉദ്ധരിക്കുമ്പോള്‍ ‘അവര്‍ പറഞ്ഞു, ഇവര്‍ പറഞ്ഞു ‘ എന്നൊക്കെ പ്രസ്താവിക്കുന്ന സമ്പ്രദായം ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുവാന്‍ വേണ്ടി മനുഷ്യന്‍ ഉപയോഗിക്കുന്ന ഒരു ദുഷിച്ച അടവാണ് എന്ന് താല്‍പര്യം.

4:84
  • فَقَـٰتِلْ فِى سَبِيلِ ٱللَّهِ لَا تُكَلَّفُ إِلَّا نَفْسَكَ ۚ وَحَرِّضِ ٱلْمُؤْمِنِينَ ۖ عَسَى ٱللَّهُ أَن يَكُفَّ بَأْسَ ٱلَّذِينَ كَفَرُوا۟ ۚ وَٱللَّهُ أَشَدُّ بَأْسًا وَأَشَدُّ تَنكِيلًا ﴾٨٤﴿
  • എന്നാല്‍, (നബിയേ) നീ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തു കൊള്ളുക. നിന്നോട് നിന്‍റെ സ്വന്തത്തെക്കുറിച്ചല്ലാതെ ശാസിക്കപ്പെടുന്നതല്ല; സത്യവിശ്വാസികളെ (അതിന്) പ്രേരിപ്പിക്കുകയും ചെയ്തുകൊള്ളുക. അവിശ്വസിച്ചവരുടെ (സമര) ശൗര്യത്തെ അല്ലാഹു തടുത്ത് തന്നേക്കാം. അല്ലാഹുവാകട്ടെ, അതികഠിനമായ ശൗര്യമുള്ളവനും, അതി കഠിനമായ (മാതൃകാ) ശിക്ഷ നല്‍കുന്നവനുമാകുന്നു.
  • فَقَاتِلْ എന്നാല്‍ (ആകയാല്‍) നീ യുദ്ധം ചെയ്യുക فِي سَبِيلِ اللَّهِ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ لَا تُكَلَّفُ നീ (നിന്നോട്) ശാസിക്ക (നിര്‍ബ്ബന്ധിക്ക)പ്പെടുകയില്ല, ഹേമിക്കപ്പെടുന്നില്ല إِلَّا نَفْسَكَ നിന്‍റെ സ്വന്തത്തെ (ദേഹത്തെ)ക്കുറിച്ചല്ലാതെ وَحَرِّضِ നീ പ്രേരിപ്പിക്കുക (പ്രോത്സാഹിപ്പിക്കുക)യും ചെയ്യുക الْمُؤْمِنِينَ സത്യവിശ്വാസികളെ عَسَى اللَّهُ അല്ലാഹു ആയേക്കാം أَن يَكُفَّ അവന്‍ തടുക്കുവാന്‍, തടയുവാന്‍ بَأْسَ ശൗര്യം, സമരശക്തി الَّذِينَ كَفَرُوا അവിശ്വസിച്ചവരുടെ وَاللَّهُ അല്ലാഹുവാകട്ടെ أَشَدُّ ഏറ്റവും കഠിനമായവനാണ് بَأْسًا ശൗര്യം, സമരശക്തിയില്‍ وَأَشَدُّ അധികം കഠിനമായവനുമാണ് تَنكِيلًا (മാതൃകാ)ശിക്ഷനല്‍കല്‍, ശിക്ഷ നല്‍കുന്നതില്‍
4:85
  • مَّن يَشْفَعْ شَفَـٰعَةً حَسَنَةً يَكُن لَّهُۥ نَصِيبٌ مِّنْهَا ۖ وَمَن يَشْفَعْ شَفَـٰعَةً سَيِّئَةً يَكُن لَّهُۥ كِفْلٌ مِّنْهَا ۗ وَكَانَ ٱللَّهُ عَلَىٰ كُلِّ شَىْءٍ مُّقِيتًا ﴾٨٥﴿
  • ആരെങ്കിലും ഒരു നല്ലതായ ശുപാര്‍ശ ശുപാര്‍ശചെയ്യുന്ന പക്ഷം. അവന് അതില്‍നിന്ന് ഒരു ഓഹരിയുണ്ടായിരിക്കും. ആരെങ്കിലും ഒരു ദുഷിച്ചതായ ശുപാര്‍ശ ശുപാര്‍ശചെയ്യുന്ന പക്ഷം, അവന് അതില്‍ നിന്ന് ഒരു പങ്കും ഉണ്ടായിരിക്കും. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവനുമാകുന്നു. (അഥവാ മേല്‍നോട്ടം വഹിക്കുന്നവനാകുന്നു).
  • مَّن يَشْفَعْ ആരെങ്കിലും (വല്ലവരും) ശുപാര്‍ശ ചെയ്യുന്നപക്ഷം شَفَاعَةً ശുപാര്‍ശ حَسَنَةً നല്ലതായ, നന്മയായ يَكُن لَّهُ അവന്നുണ്ടായിരിക്കും نَصِيبٌ ഒരു ഓഹരി, പങ്ക്, ഭാഗം مِّنْهَا അതില്‍ നിന്ന് وَمَن يَشْفَعْ ആരെങ്കിലും ശുപാര്‍ശ ചെയ്യുന്ന പക്ഷം شَفَاعَةً ഒരു ശുപാര്‍ശ سَيِّئَةً ദുഷിച്ച, തിന്മയായ يَكُن لَّهُ അവന്നുണ്ടായിരിക്കും كِفْلٌ ഒരുപങ്ക്, ഓഹരി مِّنْهَا അതില്‍നിന്ന് وَكَانَ اللَّهُ അല്ലാഹു ആകുന്നു عَلَىٰ كُلِّ شَيْءٍ എല്ലാകാര്യത്തിനും مُّقِيتًا കഴിവുറ്റവന്‍, മേല്‍നോട്ടം ചെയ്യുന്നവന്‍, സൂക്ഷിച്ചു പോരുന്നവന്‍

സത്യവിശ്വാസികളെ യുദ്ധത്തിന് പ്രേരിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യലാണ് നബി (صلّى الله عليه وسلّم)യുടെ കടമ. അവര്‍ യുദ്ധത്തില്‍ പങ്കെടുക്കുന്നില്ലെങ്കില്‍ എന്തുകൊണ്ട് പങ്കെടുത്തില്ല എന്ന് നബി (صلّى الله عليه وسلّم)യോട് ചോദിക്കപ്പെടുകയില്ല. സ്വന്തം ദേഹത്തിന്‍റെ കാര്യം മാത്രമേ ചോദിക്കപ്പെടുകയുള്ളൂ എന്ന് അല്ലാഹു നബി (صلّى الله عليه وسلّم)യെ ഉണര്‍ത്തുന്നു. ശത്രുക്കളുടെ സമരശക്തിയും വീര്യവും അധികം താമസിയാതെ അല്ലാഹു ക്ഷയിപ്പിച്ചു കളഞ്ഞേക്കുമെന്നും, അങ്ങനെ സത്യവിശ്വാസികള്‍ക്ക് വിജയം കൈവന്നേക്കുമെന്നും സമാധാനിപ്പിക്കുകയും ചെയ്യുന്നു.

ഒരാള്‍ ഒരാള്‍ക്ക് നല്ല തരത്തിലുള്ള വല്ല ശുപാര്‍ശയും ചെയ്താല്‍ അതിന്‍റെ നന്മയില്‍ നിന്നൊരു വിഹിതവും, ചീത്തയായ വല്ല ശുപാര്‍ശയും ചെയ്താല്‍ അതിന്‍റെ തിന്മയില്‍ നിന്നൊരു പങ്കും ആ ശുപാര്‍ശകന് ലഭിക്കുമെന്ന് രണ്ടാമത്തെ വചനത്തില്‍ അറിയിക്കുന്നു. എല്ലാ നല്ല കാര്യങ്ങള്‍ക്ക് വേണ്ടിയും നടത്തപ്പെടുന്ന ഉപദേശങ്ങള്‍, പ്രോത്സാഹനങ്ങള്‍, പ്രാര്‍ഥനകള്‍ ആദിയായവ നല്ല ശുപാര്‍ശയിലും, എല്ലാ ചീത്തകാര്യങ്ങള്‍ക്ക് വേണ്ടിയും നടത്തപ്പെടുന്ന ഉപദേശങ്ങളും പ്രോത്സാഹനങ്ങളും, അപേക്ഷകളും ചീത്ത ശുപാര്‍ശയിലും ഉള്‍പ്പെടുന്നു. സന്ദര്‍ഭം നോക്കുമ്പോള്‍, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള നല്ല ശുപാര്‍ശകളും, അതിനെതിരെ നടത്തപ്പെടുന്ന ചീത്ത ശുപാര്‍ശകളുമാണ് പ്രധാനമായും ഇവിടെ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്ന് കരുതാം. والله أعلم

4:86
  • وَإِذَا حُيِّيتُم بِتَحِيَّةٍ فَحَيُّوا۟ بِأَحْسَنَ مِنْهَآ أَوْ رُدُّوهَآ ۗ إِنَّ ٱللَّهَ كَانَ عَلَىٰ كُلِّ شَىْءٍ حَسِيبًا ﴾٨٦﴿
  • നിങ്ങള്‍ക്ക് [സത്യവിശ്വാ സികള്‍ക്ക്] വല്ല അഭിവാദ്യവും അര്‍പ്പിക്കപ്പെട്ടാല്‍, അതിനെക്കാള്‍ നല്ലതിനെ (അങ്ങോട്ടും) അഭിവാദ്യമര്‍പ്പിക്കുവിന്‍; അല്ലെങ്കില്‍ അത് (പ്രകാരം തന്നെ) മടക്കുവിന്‍. നിശ്ചയമായും, അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും കണക്ക് നോക്കുന്നവനാകുന്നു.
  • وَإِذَا حُيِّيتُم നിങ്ങള്‍ക്ക് അഭിവാദ്യം നല്‍കപ്പെട്ടാല്‍, കാഴ്ചവെക്കപ്പെട്ടാല്‍ بِتَحِيَّةٍ വല്ല ഉപചാരത്തെയും, കാഴ്ചയെയും فَحَيُّوا എന്നാല്‍ നിങ്ങള്‍ അഭിവാദ്യം ചെയ്‌വിന്‍, കാഴ്ച്ചവെക്കുവിന്‍ بِأَحْسَنَ مِنْهَا അതിനെക്കാള്‍ നല്ലതിനെ (നല്ലതുമായി) أَوْ رُدُّوهَا അല്ലെങ്കില്‍ അത് മടക്കുവിന്‍ إِنَّ اللَّهَ നിശ്ചയമായും അല്ലാഹു كَانَ ആകുന്നു, ആയിരിക്കുന്നു عَلَىٰ كُلِّ شَيْءٍ എല്ലാകാര്യത്തെപ്പറ്റിയും حَسِيبًا കണക്കുനോക്കുന്നവന്‍
4:87
  • ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ۚ لَيَجْمَعَنَّكُمْ إِلَىٰ يَوْمِ ٱلْقِيَـٰمَةِ لَا رَيْبَ فِيهِ ۗ وَمَنْ أَصْدَقُ مِنَ ٱللَّهِ حَدِيثًا ﴾٨٧﴿
  • അല്ലാഹു - അവനല്ലാതെ ആരാധ്യനേ ഇല്ല. തീര്‍ച്ചയായും, അവന്‍ നിങ്ങളെ ക്വിയാമത്ത് നാളിലേക്ക് ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും - അതില്‍ സന്ദേഹമേ ഇല്ല. ആരാണ് അല്ലാഹുവിനെക്കാള്‍ വര്‍ത്തമാനത്തില്‍ സത്യം പറയുന്നവന്‍!? [ഇല്ല, ആരുമില്ല.]
  • اللَّهُ അല്ലാഹു لَا إِلَٰهَ ഒരു ഇലാഹുമില്ല, ആരാധ്യനേ ഇല്ല, ദൈവമില്ല إِلَّا هُوَ അവനല്ലാതെ لَيَجْمَعَنَّكُمْ തീര്‍ച്ചയായും അവന്‍ നിങ്ങളെ ഒരുമിച്ചു കൂട്ടും إِلَىٰ يَوْمِ الْقِيَامَةِ ക്വിയാമത്ത് നാളിലേക്ക് لَا رَيْبَ സന്ദേഹമേ ഇല്ല, സംശയമില്ല فِيهِ അതില്‍ وَمَنْ ആര്‍, ആരാണ് أَصْدَقُ അധികം സത്യവാന്‍, സത്യം പറയുന്നവന്‍ مِنَ اللَّهِ അല്ലാഹുവിനെക്കാള്‍ حَدِيثًا വര്‍ത്തമാനം, വര്‍ത്തമാനത്തില്‍

‘അഭിവാദ്യം’ എന്ന് അര്‍ഥം കല്‍പിക്കപ്പെട്ട تَحِيَّة (തഹിയ്യത്ത്) എന്ന വാക്കിന് ദീര്‍ഘായുസ്സിനുവേണ്ടി പ്രാര്‍ഥിക്കുക എന്നാണ് സാക്ഷാല്‍ അര്‍ഥം. അഭിവാദ്യം അര്‍പ്പിക്കുക – അഥവാ സലാം പറയുക – എന്ന ഉദ്ദേശ്യത്തിലാണ് അത് സാധാരണ ഉപയോഗിക്കപ്പെട്ടുവരുന്നത്. അതാണിവിടെയും ഉദ്ദേശ്യം. ഒരാള്‍ ഇങ്ങോട്ട് സലാം പറഞ്ഞാല്‍, അതിനെക്കാള്‍ നല്ല രൂപത്തില്‍ അങ്ങോട്ടും പറയുകയാണ് വേണ്ടത്. ചുരുങ്ങിയ പക്ഷം, ഇങ്ങോട്ട് പറഞ്ഞ അതേ രൂപത്തിലെങ്കിലും അങ്ങോട്ട് മടക്കണം എന്ന് അല്ലാഹു കല്‍പിക്കുന്നു. ശത്രുക്കളുടെ ഭാഗത്ത് നിന്ന് ഇങ്ങോട്ട് അഭിവാദ്യം ചെയ്യപ്പെട്ടാല്‍, കൂടുതല്‍ മാന്യമായും ഉദാരമായും അങ്ങോട്ട് പെരുമാറണമെന്നുകൂടി ഇതില്‍ സൂചനയുണ്ട്.

മുസ്‌ലിംകള്‍ക്കിടയില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള സലാമിന്‍റെ വാചകം ‘അസ്സലാമു അലൈക്കും (السَّلاَمُ عَلَيكمْ)’ എന്നാണല്ലോ. നിങ്ങള്‍ക്ക് സമാധാന രക്ഷയുണ്ടാവട്ടെ എന്നര്‍ഥം. ഒരാള്‍ السَّلاَمُ عَلَيكمْ എന്ന് സലാം പറഞ്ഞാല്‍ وَعَلَيْكُمْ السلَّام وَرَحْمَةُ لله (നിങ്ങള്‍ക്ക് സമാധാന രക്ഷയും അല്ലാഹുവിന്‍റെ കാരുണ്യവും ഉണ്ടാവട്ടെ) എന്നും السَّلاَمُ عَلَيكمْ وَرَحْمَةُ لله എന്ന് സലാം പറഞ്ഞാല്‍, അതോടുകൂടി وَبَرَكَاتُھُ (അവന്‍റെ ആശീര്‍വാദങ്ങളും ഉണ്ടാവട്ടെ) എന്നുകൂടി ചേര്‍ത്തുകൊണ്ട് السَّلاَمُ عَلَيكمْ وَرَحْمَةُ لله وَبَرَكَاتُھُ എന്നും മടക്കേണ്ടതാണ് എന്ന് ഹദീഥുകളില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ആദ്യമായി സലാം പറഞ്ഞവന്‍ ഉപയോഗിച്ചതിനെക്കാള്‍ കൂടുതല്‍ വാക്കുകള്‍ അങ്ങോട്ട് മടക്കുന്നതിന് പുറമെ നല്ല മുഖഭാവവും, പ്രസന്നതയും പ്രകടിപ്പിക്കുന്നതും ആവശ്യമാകുന്നു. ആദ്യം പറയുന്നവന്‍ السَّلاَمُ عَلَيكمْ എന്നോ السَّلاَمُ عَلَيكمْ وَرَحْمَةُ لله എന്നോ പറഞ്ഞു മതിയാക്കുകയാണ് വേണ്ടതെന്നും, അത് മടക്കുന്നവന് وَبَرَكَاتُھُ എന്നുകൂടി വര്‍ദ്ധിപ്പിക്കുവാന്‍ എന്നാലെ സൗകര്യപ്പെടുകയുള്ളൂവെന്നും ചില ഹദീഥുകളില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. السَّلاَمُ عَلَيكمْ എന്നു പറയുന്നത് പത്ത് നന്മയും وَرَحْمَةُ لله എന്ന് ചേര്‍ക്കുമ്പോള്‍ ഇരുപത് നന്മയും, وَبَرَكَاتُھُ എന്നു കൂടി ചേര്‍ക്കുമ്പോള്‍ മുപ്പത് നന്മയുമായിരിക്കും അത് എന്നും ഒരു നബി വചനത്തില്‍ വന്നിരിക്കുന്നു. (അ; ദാ; തി; ബ.)

ഇങ്ങോട്ട് പറഞ്ഞ സലാമില്‍ കുറയാത്ത രൂപത്തിലെങ്കിലും അങ്ങോട്ട് സലാം മടക്കല്‍ നിര്‍ബ്ബന്ധമാകുന്നു. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിനെ കണ്ടുമുട്ടുമ്പോള്‍ തമ്മില്‍ സലാം പറയല്‍ – നിയമപരമായ വീക്ഷണത്തില്‍ നോക്കുമ്പോള്‍ – കേവലം ഒരു നിര്‍ബ്ബന്ധ കല്‍പനയാണെന്ന് പറഞ്ഞു കൂടാ. പക്ഷേ, ധാര്‍മികമായി ഒരു പ്രധാന കടമയാണത്. സലാം മടക്കലാകട്ടെ, നിയമപരമായിത്തന്നെ നിര്‍ബ്ബന്ധവുമാകുന്നു എന്നത്രെ പണ്ഡിന്മാരുടെ പൊതുവായ അഭിപ്രായം. ഈ വചനത്തില്‍ നിന്ന് മനസ്സിലാകുന്നതും അങ്ങിനെത്തന്നെ. ഒരാള്‍ മറ്റെയാള്‍ക്ക് അയക്കുന്ന കത്തുകളിലും, സമ്മാനാദി ഉപചാരങ്ങളിലും ഇപ്രകാരം മര്യാദ പാലിക്കേതുണ്ടെന്ന് ചില മഹാന്മാര്‍ ഈ വചനത്തെ അടിസ്ഥാനമാക്കി അഭിപ്രായപ്പെട്ടിരിക്കുന്നു. تَحِيَّة എന്ന വാക്കിന്‍റെ അര്‍ഥത്തില്‍ സലാം മാത്രമല്ല, എല്ലാതരം ഉപചാര കര്‍മങ്ങളും ഉള്‍പെടുമെന്നാണ് അവര്‍ അതിന് പറയുന്ന ന്യായം. ഇസ്‌ലാമില്‍ സലാമിന് പ്രാധാന്യം, അതിന്‍റെ ആചരണത്തില്‍ ഗൗനിക്കപ്പെടേുന്ന മര്യാദകള്‍, ആദിയായവയെക്കുറിച്ച് ധാരാളം ഹദീഥുകള്‍ നിലവിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹദീഥ് ഗ്രന്ഥങ്ങളെയും, മറ്റ് ഇസ്‌ലാമിക നിയമഗ്രന്ഥങ്ങളെയും സമീപിക്കേണ്ടതാണ്.

ഇസ്‌ലാമിന്‍റെ ഒരു പ്രത്യേക ചിഹ്നമാണ് സലാം. മുസ്‌ലിം സഹോദരന്മാര്‍ പരസ്പരം നിത്യവും ആചരിക്കേണ്ടുന്ന ഒരു മുഖ്യ കടമയുമാണത്. ഈ സംഗതി പൊതുവെ എല്ലാവര്‍ക്കും അറിയാവുന്നതാണെങ്കിലും, ഇന്നത്തെ മുസ്‌ലിംകളില്‍ പലരും – നമ്മുടെ രാജ്യങ്ങളില്‍ പ്രത്യേകിച്ചും – ഇക്കാര്യത്തില്‍ വേണ്ടത്ര ഗൗനിക്കാറില്ലെന്നുള്ളത് വളരെ വ്യസനകരം തന്നെ! മുസ്‌ലിംകളില്‍ അനിസ്‌ലാമിക സംസ്‌കാരങ്ങളുടെ അതിപ്രസരം നിമിത്തം ഉളവായ അനേകം ഭവിഷ്യത്തുകളില്‍ ചിലതത്രെ സലാം പറയുന്നതില്‍ മുസ്‌ലിംകള്‍ക്കിടയില്‍ കടന്നുകൂടിയ വൈമുഖ്യവും അനിസ്‌ലാമികമായ ഉപചാര വാക്യങ്ങളുടെ പ്രയോഗവും.

അവിശ്വാസികളും, കപടവിശ്വാസികളും എന്തു നിലപാടുതന്നെ സ്വീകരിച്ചാലും ശരി, അല്ലാഹു മാത്രമാണ് ആരാധ്യന്‍ എന്ന വസ്തുതയും, മരണാനന്തരം എല്ലാവരെയും അല്ലാഹു ക്വിയാമത്തുനാളില്‍ ഒരുമിച്ചുകൂട്ടി വിചാരണ ചെയ്തു നടപടി എടുക്കുമെന്നുള്ള വസ്തുതയും യഥാര്‍ഥമായിത്തന്നെ അവശേഷിക്കുന്നുവെന്നുള്ള താക്കീതാണ് രണ്ടാമത്തെ വചനത്തില്‍ അടങ്ങിയിരിക്കുന്നത്.